നന്മയ്ക്കായി ജീവിതത്തില്‍ മൗലികമായ മാറ്റങ്ങള്‍ വരുത്താം
- ഫാദര്‍ വില്യം നെല്ലിക്കല്‍
1. വിശ്വാസം പ്രത്യാശയ്ക്ക് ആധാരം
നവംബര്‍ 18-Ɔο തിയതി ബുധനാഴ്ച യൂറോപ്യന്‍ സ്ഥാപനങ്ങള്‍ക്കും അംഗരാഷ്ട്രങ്ങള്‍ക്കും അയച്ച സന്ദേശത്തിലാണ് യൂറോപ്പ് ഭൂഖണ്ഡത്തിലെ മെത്രാന്മാരുടെ സമിതി പ്രത്യാശയുടെയും കൂട്ടായ്മയുടെയും സന്ദേശം പങ്കുവച്ചത്. ഭൂഖണ്ഡത്തിന് സമാധാനവും ഐക്യവും ആര്‍ജ്ജിച്ച യൂറോപ്യന്‍ യൂണിയന്‍റെ നിര്‍മ്മിതിയെ സംബന്ധിച്ച് തങ്ങള്‍ക്കുള്ള സമര്‍പ്പണത്തെ മെത്രാന്മാര്‍ സന്ദേശത്തില്‍ അടിവരയിട്ടു പ്രസ്താവിച്ചു. തിന്മയായി തലപൊക്കുന്നവപോലും നന്മയാക്കി മാറ്റാന്‍ ഉത്ഥാനംചെയ്ത ക്രിസ്തുവിലുള്ള യൂറോപ്യന്‍ ജനതയുടെ വിശ്വാസം പ്രത്യാശപകരുന്നതായും, ഈ പ്രത്യാശയ്ക്കും വിശ്വസാഹോദര്യത്തിനുമായുള്ള അടിസ്ഥാനം വിശ്വാസമാണെന്നും, അതിനാല്‍ യൂറോപ്പിലെ ഇതര സഭാ കൂട്ടായ്മകളോടും മതങ്ങളോടും കൈകോര്‍ത്തു തങ്ങള്‍ പ്രവര്‍ത്തിക്കുമെന്നും മെത്രാന്മാര്‍ സന്ദേശത്തില്‍ ആവര്‍ത്തിച്ചു പ്രസ്താവിച്ചു. അതിരുകള്‍ക്ക് അപ്പുറവും കടന്ന് വേദനിക്കുകയും ക്ലേശിക്കുകയും ചെയ്യുന്ന സഹോദരങ്ങളെ സഹായിക്കുവാനും ജീവന്‍ സമര്‍പ്പിക്കുവാനും വിശ്വാസം തങ്ങള്‍ക്ക് പ്രചോദനമേകുന്നതായി മെത്രാന്മാര്‍ സന്ദേശത്തില്‍ വ്യക്തമാക്കി.
2. മഹാമാരി മാനവികതയുടെ വ്രണിതഭാവം
ലോകത്തെ ഇന്നു പിടിച്ചുകുലുക്കുന്ന മഹാമാരി യൂറോപ്പിന്‍റെ മാത്രമല്ല മാനവികതയുടെ തന്നെ വ്രണിതഭാവം വെളിപ്പെടുത്തുമ്പോള്‍, നാമെല്ലാവരും ഒരേ ബോട്ടിലാണെന്നും, ഒരുമയോടെനിന്ന് പ്രതിസന്ധിയെ നേരിടുവാനും ഐക്യദാര്‍ഢ്യത്തോടെ മുന്നേറിയാല്‍ രക്ഷപ്പെടാനാവുമെന്നുമുള്ള പാപ്പാ ഫ്രാന്‍സിസിന്‍റെ വാക്കുകള്‍ മെത്രാന്‍സംഘം നന്ദിയോടെ സ്വീകരിക്കുന്നതായും അനുസ്മരിക്കുന്നതായും പ്രസ്താവിച്ചു. യൂറോപ്യന്‍ യൂണിയന്‍റെ ഭാവിക്ക് സമ്പത്തിനെക്കാളും നവമായൊരു അരൂപിയും പുതിയ മനസ്സുമാണാവശ്യമെന്ന് (Common Spirit & New mind set) സന്ദേശം ചൂണ്ടിക്കാട്ടി. പ്രതിസന്ധികള്‍ മാനസാന്തരത്തിനുള്ള ആത്മീയ അവസരമാണ്. പഴമയുടെ പാതയിലേയ്ക്കു തിരിച്ചു പോകുവാനല്ല, മറിച്ച് പ്രതിസന്ധിയെ മുതലെടുത്തും മറികടന്നും, കൂടുതല്‍ നന്മയ്ക്കായുള്ള മൗലികമായ മാറ്റങ്ങള്‍ വരുത്താന്‍ പ്രതിജ്ഞാബദ്ധരാവുകയാണു ലക്ഷ്യമെന്ന് മെത്രാന്മാര്‍ വെളിപ്പെടുത്തി.
3. എല്ലാവരെയും ആശ്ലേഷിക്കുന്ന
നവമായ സാമ്പത്തിക ഉടമ്പടി
ആഗോളവത്ക്കരണത്തിന്‍റെ നിജസ്ഥിതിയെ പുനര്‍വിചിന്തനം ചെയ്യുകയും പുനരാവിഷ്ക്കരിക്കുകയും ചെയ്യുമ്പോള്‍ പരിസ്ഥിതിയോടുള്ള ആദരവ്, ജീവനോടുള്ള തുറവ്, കുടുംബം, സാമൂഹിക സമത്വം, തൊഴിലാളികളുടെ അന്തസ്സ്, ഭാവി തലമുറകളുടെ അവകാശങ്ങള്‍ എന്നിവയെക്കുറിച്ചു തങ്ങള്‍ക്ക് വ്യക്തമായ ധാരണകളുണ്ടെന്ന് മെത്രാന്മാര്‍ പ്രസ്താവിച്ചു. ഇതിനായി പാപ്പാ ഫ്രാന്‍സിസിന്‍റെ "എല്ലാവരും സഹോദരങ്ങള്‍" Fratelli tutti… ഉള്‍പ്പെടെയുള്ള സാമൂഹിക പ്രബോധനങ്ങള്‍ മുന്നോട്ടുവയ്ക്കുന്ന പാവങ്ങളോടുള്ള പ്രതിപത്തി, സുസ്ഥിതി വികസനം, എല്ലാവരെയും ആശ്ലേഷിക്കുന്ന നവമായ സാമ്പത്തിക ഉടമ്പടിയുടെ സംസ്കാരത്തില്‍ യൂറോപ്പിനെ നയിക്കുവാനും നഷ്ടമായതൊക്കെ പുനരാര്‍ജ്ജിക്കുവാനുള്ള പദ്ധതികളെ ശ്ലാഘിക്കുകയുംചെയ്യുന്നതായി പ്രസ്താവന വ്യക്തമാക്കി.
4. ലോകത്തെ സാഹോദര്യത്തിലേയ്ക്കു നയിക്കും
മഹാമാരി കാരണമാക്കിയിട്ടുള്ള സാമൂഹിക പ്രതിസന്ധിയില്‍നിന്നും കൂടുതല്‍ കരുത്തരായും വിവേകത്തോടെയും ഐക്യദാര്‍ഢ്യത്തോടെയും പൊതുഭവനമായ ഭൂമിയെ കൂടുതല്‍ കരുതലോടെ പരിപോഷിപ്പിച്ചുകൊണ്ടും മുഴുവന്‍ ലോകത്തെയും കൂടുതല്‍ സാഹോദര്യത്തിലും നീതിയിലും സമാധാനത്തിലും സമത്വത്തിലും നയിക്കാനാവുമെന്ന പ്രത്യാശയിലുമാണു തങ്ങളെന്നു പ്രസ്താവിച്ചുകൊണ്ടാണ് സന്ദേശം ഉപസംഹരിച്ചത്.
യൂറോപ്യന്‍ യൂണിയനിലെ 25 രാജ്യങ്ങളിലെയും മെത്രാന്‍ സംഘങ്ങളുടെ തലവന്മാര്‍ സന്ദേശത്തില്‍ ഒപ്പുവച്ചിരുന്നു.
(Note : message translated is partial and for full message in English refer the cite of COMECE, the catholic hcurch in the European Union, Regaining Hope and solidarity 18-11-2020).
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: