ഇന്തൊനേഷ്യയുടെ പുത്തൻ തലസ്ഥാന നഗരിയിൽ ഒരു കത്തോലിക്കാ ബസിലിക്ക ഉയരും!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
പാപ്പായുടെ സന്ദർശനം പാർത്തിരിക്കുന്ന ഇന്തൊനേഷ്യയിൽ വിശുദ്ധ ഫ്രാൻസീസ് സേവ്യറിൻറെ നാമത്തിൽ ഒരു ബസിലിക്ക നിർമ്മിക്കപ്പെടും.
ആഗസ്റ്റ് 17-ന് ഉദ്ഘാടനം ചെയ്യപ്പെടുന്ന പുതിയ തലസ്ഥാന നഗരിയായ നുസന്തറായിലാണ് ഈ ദേവാലയം ഉയരുക.
മുസ്ലീങ്ങൾ ബഹുഭൂരിപക്ഷം വരുന്ന ഇന്തോനേഷ്യയുടെ മതകാര്യമന്ത്രാലയത്തിൻറെ കീഴിൽ കത്തോലിക്കാ സമൂഹത്തിനുവേണ്ടിയുള്ള വിഭാഗമാണ് ഈ വിവരം നല്കിയതെന്ന് പ്രേഷിത വാർത്താ എജൻസിയായ ഫീദെസ് വെളിപ്പെടുത്തി. ഈ ബസിലിക്കയുടെ പ്രഥമ ശിലാസ്ഥാപന കർമ്മം ഒക്ടോബറിൽ നടക്കും എന്നു കരുതപ്പെടുന്നു.
1546, ഫെബ്രുവരി 14-ന്, ഇന്തൊനേഷ്യയുടെ ഭാഗമായ മൊളുക്കെ ദ്വീപിൽ കപ്പലിറങ്ങിൽ ഇശോസഭാ പ്രേഷിതനായ വിശുദ്ധ ഫ്രാൻസീസ് സേവ്യറിന് ആദരവവർപ്പിക്കുന്നതിനാണ് ഈ വിശുദ്ധ പേരിൽ ഈ ദേവാലയം പണിയുന്നത്. ഈ ദേവലായ സമുച്ചയത്തിൽ മെത്രാസന മന്ദിരവും ഉൾപ്പെടുത്തിയിട്ടുണ്ട്.
ഇന്തൊനേഷ്യയിൽ ഫ്രാൻസീസ് പാപ്പായുടെ ഇടയസന്ദർശനം സെപറ്റംബർ 3-6 വരെയായരിക്കും. അന്നാട്ടിലെ 28 കോടിയോളം വരുന്ന ജനസംഖ്യയുടെ 3.1 ശതമാനം മാത്രമാണ് കത്തോലിക്കർ. ഇത് 80 ലക്ഷത്തോളം വരും.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: