നിക്കോളാസ് മദൂറോ- ഫയൽ ചിത്രം നിക്കോളാസ് മദൂറോ- ഫയൽ ചിത്രം  (AFP or licensors)

വെനസ്വേലയിലെ തിരഞ്ഞെടുപ്പ് പ്രശ്നങ്ങൾ: സഹിഷ്ണുതയ്ക്കും പരസ്പരബഹുമാനത്തിനും ആഹ്വാനം ചെയ്‌ത്‌ മെത്രാൻസമിതി

ആഹ്വാനം ചെയ്‌ത്‌ മെത്രാൻസമിതി തെക്കേ അമേരിക്കൻ രാജ്യമായ വെനസ്വേലയിൽ നടന്ന തിരഞ്ഞെടുപ്പിൽ നിക്കോളാസ് മദൂറോ വീണ്ടും പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതിനെതിരെ നടന്ന പ്രക്ഷോഭങ്ങളിൽ മൂന്ന് പേർ മരണമടയുകയും നാല്പത്തിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്ത സാഹചര്യത്തിൽ, ജനാധിപത്യത്തിലേക്കുള്ള വെനസ്വേലയുടെ വിളിയെക്കുറിച്ച് സംസാരിച്ച രാജ്യത്തെ മെത്രാൻസമിതി, പരസ്പരബഹുമാനത്തോടും സഹിഷ്ണുതയോടും കൂടിയുള്ള പ്രവർത്തനങ്ങൾക്കും എന്നാൽ ശുദ്ധമായ രാഷ്ട്രീയനയങ്ങൾക്കും ആഹ്വാനം ചെയ്തു.

മിക്കേലെ രവിയാർത്ത്, മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

അടുത്തിടെ നടന്ന തിരഞ്ഞടുപ്പിൽ വെനസ്വേലയുടെ പ്രസിഡന്റായി നിക്കോളാസ് മദൂറോ മൂന്നാം വട്ടവും തിരഞ്ഞെടുക്കപ്പെട്ടതിനെതിരെ ഉണ്ടായ പ്രക്ഷോഭങ്ങളിൽ നിരവധി ആളുകൾക്ക് പരിക്കേൽക്കുകയും, മൂന്നോളം ആളുകൾ മരണമടയുകയും ചെയ്ത സാഹചര്യത്തിൽ, രാജ്യത്ത് സമാധാനം സ്ഥാപിക്കപ്പെടുന്നതിനായി, പരസ്പരബഹുമാനത്തോടെയും സഹിഷ്ണുതയോടെയും ഇടപെടാൻ ഏവരെയും ആഹ്വാനം ചെയ്‌ത്‌ രാജ്യത്തെ മെത്രാൻ സമിതി.

കഴിഞ്ഞ ഞായറാഴ്ച നടന്ന വോട്ടെടുപ്പിന് ശേഷം, താൻ അൻപത്തിയൊന്ന് ശതമാനം വോട്ടുകളോടെ വിജയിച്ചതായി മദൂറോ അവകാശപ്പെട്ടെങ്കിലും, തിരഞ്ഞെടുപ്പുഫലത്തിനെതിരെ പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. പ്രതിപക്ഷപാർട്ടിയുടെ നേത്രാവ മരിയ കൊറീന മച്ചാഡോ, തങ്ങളുടെ പാർട്ടി സ്ഥാനാർഥി എദ്മുണ്ടോ ഗോൺസാലസ് എഴുപത്തിമൂന്ന് ശതമാനം വോട്ടുകളോടെ വിജയിച്ചതായി അവകാശപ്പെട്ടു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നിരവധി ബാലറ്റുപേപ്പറുകൾ ആളുകൾ ഇന്റർനെറ്റിൽ പ്രസിദ്ധീകരിച്ചതിനെ അടിസ്ഥാനമാക്കിയായിരുന്നു ഈ അവകാശവാദം.

തിരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച കൃത്യമായ വിവരങ്ങൾ പരസ്യപ്പെടുത്താനും, വെനസ്വേലയിലെ ആളുകളുടെ ഹിതമംഗീകരിക്കാനും, അമേരിക്ക, യൂറോപ്യൻ യൂണിയൻ, വിവിധ തെക്കേ അമേരിക്കൻ രാജ്യങ്ങൾ തുടങ്ങി അന്താരാഷ്ട്രതലത്തിൽ നിരവധി പേർ ആവശ്യപ്പെട്ടു. അന്താരാഷ്ട്ര സമൂഹത്തിന് പുറമെ, വെനസ്വേലയിലെ മെത്രാൻസമിതിയും, ജനങ്ങളുടെ ആവശ്യത്തെ പിന്തുണച്ചു. തിരഞ്ഞെടുപ്പ് ഫലത്തിന്റെ സത്യസന്ധത തെളിയിക്കാനുള്ള എല്ലാവരുടെയും ആവശ്യത്തെ തങ്ങളും അംഗീകരിക്കുന്നുവെന്ന് വ്യക്തമാക്കിയ മെത്രാൻസമിതി, എന്നാൽ ഇപ്പോഴുള്ള സംഘർഷങ്ങൾ അവസാനിപ്പിക്കാനും, സമാധാനപരമായും, പരസ്പരബഹുമാനത്തോടെയും, സഹിഷ്ണുതയോടെയും പെരുമാറാനും ഏവരെയും ആഹ്വാനം ചെയ്തു.

സംഘർഷങ്ങളിൽ നാൽപ്പതിലധികം ആളുകൾക്ക് പരിക്കേറ്റതായി വെനിസ്വെലയിലുള്ള ഒരു മെഡിക്കൽസംഘം അറിയിച്ചു. രാജ്യത്ത് മദൂറോയുടെയും ഹുഗോ ചാവെസിന്റെയും നിരവധി പ്രതിമകൾ തകർക്കപ്പെട്ടു.

ഇലക്ഷനുമായി ബന്ധപ്പെട്ട് സുതാര്യത ആവശ്യപ്പെട്ട യൂറോപ്യൻ യൂണിയൻ, രാഷ്ട്രീയത്തടവുകാരെ ഉടൻ വിട്ടയ്ക്കാനും, സമാധാനപരമായി ഒത്തുചേരാനുള്ള അവകാശമുൾപ്പെടെയുള്ള മനുഷ്യാവകാശങ്ങൾ ഉറപ്പാക്കാനും ആവശ്യപ്പെട്ടു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

31 July 2024, 15:40