യേശു നിയമജ്ഞർക്കും ഫരിസേയർക്കുമിടയിൽ യേശു നിയമജ്ഞർക്കും ഫരിസേയർക്കുമിടയിൽ 

അടിമയാക്കുന്ന സാത്താനും സ്വാതന്ത്ര്യമേകുന്ന ദൈവവും

സീറോ മലബാർ സഭാ ആരാധനാക്രമത്തിൽ കൈത്താക്കാലം അഞ്ചാം ഞായറാഴ്ചയിലെ വിശുദ്ധഗ്രന്ഥവായനകളെ അടിസ്ഥാനമാക്കിയ വചനവിചിന്തനം. സുവിശേഷഭാഗം - ലൂക്ക 11 14-26
അടിമയാക്കുന്ന സാത്താനും സ്വാതന്ത്ര്യമേകുന്ന ദൈവവും - ശബ്ദരേഖ

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

വിശുദ്ധ മത്തായിയുടെ സുവിശേഷം പന്ത്രണ്ടാം അദ്ധ്യായത്തിലും (മത്തായി 12, 22-30; 43-45) വിശുദ്ധ മർക്കോസിന്റെ സുവിശേഷം മൂന്നാം അദ്ധ്യായത്തിലും (മർക്കോസ് 3, 20-27) വിശുദ്ധ ലൂക്കായുടെ സുവിശേഷം പതിനൊന്നാം അദ്ധ്യായത്തിലും (ലൂക്ക 11, 14-26) യേശു ഒരു മനുഷ്യനെ പിശാചിന്റെ ബന്ധനത്തിൽനിന്ന് മോചിപ്പിക്കുന്ന ഒരു സംഭവം നാം കാണുന്നുണ്ട്. യേശുവിന്റെ പ്രവൃത്തികളെ വിലകുറച്ചു കാണിക്കുകയും, അവനെ സാത്താന്റെ കൂട്ടുകാരനാക്കി ചിത്രീകരിക്കാൻ ശ്രമിക്കുകയും ചെയ്യുന്ന ചിലരെയും നാം ഇവിടെ കാണുന്നുണ്ട്. പിശാചുക്കളുടെ തലവനായ ബേൽസെബൂലിനെകൊണ്ടാണ് യേശു പിശാചുക്കളെ ബഹിഷ്‌കരിക്കുന്നത് എന്ന, സാധാരണ മനുഷ്യർക്ക് പോലും ദഹിക്കാത്ത ഒരു കുറ്റമാണ് ഈ ആളുകൾ യേശുവിൽ ആരോപിക്കുന്നത്.

പ്രാർത്ഥനയും തിന്മയുടെ ശക്തിയും

യേശു പ്രാർത്ഥനയുടെ ശക്തിയെക്കുറിച്ച് പഠിപ്പിച്ചതിനെക്കുറിച്ചാണ് വിശുദ്ധ ലൂക്കായുടെ സുവിശേഷം പതിനൊന്നാം അദ്ധ്യായത്തിന്റെ ആദ്യഭാഗത്ത് നാം വായിക്കുന്നത്. തുടർന്നാണ് ഊമനായ ഒരു പിശാചിനെ ഒരു മനുഷ്യനിൽനിന്ന് യേശു ബഹിഷ്‌കരിച്ചുകഴിയുമ്പോൾ ആ മനുഷ്യൻ സംസാരിക്കാൻ തുടങ്ങുന്നതിനെക്കുറിച്ച് ലൂക്കാ സുവിശേഷകൻ എഴുതുന്നത്. ദൈവത്തിന്റെ ഛായയിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ട്, ദൈവത്തോടും സഹോദരങ്ങളോടും ചേർന്ന്, നന്മ പ്രവർത്തിക്കാനും, പറയാനും, ദൈവസ്‌തുതികൾ അർപ്പിക്കാനുമുള്ള ഒരു മനുഷ്യന്റെ സ്വാതന്ത്ര്യത്തെയാണ് പിശാച് തടസ്സപ്പെടുത്തിയതെങ്കിൽ, വീണ്ടും സ്വാതന്ത്ര്യത്തിലേക്കുള്ള തിരിച്ചുപോകലാണ് യേശു ഈ മനുഷ്യന് സാധിച്ചുകൊടുക്കുന്നത്. പ്രാർത്ഥനയും നന്മയും ദൈവമക്കളുടെ യഥാർത്ഥ സ്വാതന്ത്ര്യത്തിലേക്കും ആനന്ദത്തിലേക്കും മനുഷ്യരെ നയിക്കുമ്പോൾ, തിന്മയിലേക്കും അതിന്റെ അടിമത്തത്തിലേക്കും, ദൈവത്തിൽനിന്നും മനുഷ്യറിൽനിന്നുമുള്ള അകൽച്ചയിലേക്കുമാണ് സാത്താൻ മനുഷ്യരെ നയിക്കുന്നത്.

അപരനിലെ നന്മ അംഗീകരിക്കാനാകാത്ത ജനം

പിശാച് ബാധിച്ച ഒരു മനുഷ്യനെ സ്വാതന്ത്രനാക്കുകയും സൗഖ്യപ്പെടുത്തുകയും, അവന്റെ അന്തസ്സ് തിരികെ നൽകുകയും ചെയ്യുമ്പോൾ, ഈയൊരു നന്മയെ സ്വീകരിക്കാനോ, അത് ചെയ്‌ത ക്രിസ്തുവിനെ അംഗീകരിക്കാനോ തയ്യാറാകാത്ത ഒരുകൂട്ടം മനുഷ്യരെക്കുറിച്ച് നാം സുവിശേഷത്തിൽ കാണുന്നുണ്ട്. നന്മയെ അംഗീകരിക്കാത്ത, പിശാചിന്റെ അടിമത്തത്തിൽ കഴിയുന്ന ഒരു മനുഷ്യന്റെ സ്വാതന്ത്ര്യത്തെ സ്വാഗതം ചെയ്യാൻ സാധിക്കാത്ത ഒരുകൂട്ടം മനുഷ്യർ. അവർ പറയുന്നത്, പിശാചുക്കളുടെ തലവനായ ബേൽസെബൂലിനെകൊണ്ടാണ് യേശു പിശാചിനെ പുറത്താക്കിയത് എന്നാണ്. വിശുദ്ധ മത്തായി, ഫരിസേയരാണ് ഇങ്ങനെ യേശുവിനെക്കുറിച്ച് കുറ്റപ്പെടുത്തി സംസാരിച്ചത് എന്ന് എഴുതുമ്പോൾ, വിശുദ്ധ മർക്കോസ്, നിയമജ്ഞരാണ് യേശുവിനെക്കുറിച്ച് അപവാദം പറഞ്ഞത് എന്നാണ് എഴുതുന്നത്. എന്നാൽ ലൂക്കാ സുവിശേഷകൻ ജനങ്ങളിൽ ചിലർ എന്ന് മാത്രമാണ് എഴുതുക.

യേശുവിനെ കുറ്റം പറയുന്ന ജനത്തിന്റെ വായടപ്പിക്കുന്ന ഒരു ചോദ്യമാണ് യേശു തിരികെ ചോദിക്കുന്നത്. അവൻ ചോദിക്കുന്നു, ഞാൻ പിശാചുക്കളുടെ തലവനെക്കൊണ്ടാണ് പിശാചുക്കളെ പുറത്താക്കുന്നതെങ്കിൽ, നിങ്ങളുടെ പുത്രന്മാർ ഇത്തരം പ്രവൃത്തികൾ ചെയ്യുന്നത് ആരെക്കൊണ്ടാണ്? ദൈവത്തിന്റെ ശക്തിയിൽ ആശ്രയിച്ച്, തിന്മയുടെ ശക്തിയെ പരാജയപ്പെടുത്തുകയെന്നത് യഹൂദപാരമ്പര്യത്തിലും നാം കാണുന്ന ഒന്നാണ്. നമ്മുടെ സമൂഹങ്ങളിലും, സഭയിലുമൊക്കെ പലപ്പോഴും നാം കാണുന്ന ഒരു പ്രവണതയെക്കുറിച്ച് ഈയവസരത്തിൽ ചിന്തിക്കാതിരിക്കാനാകില്ല. ഞാനും, എന്റെ കൂട്ടുകാരും, എന്റെ ആളുകളും ചെയ്യുന്നതിന് മാത്രമേ മൂല്യമുള്ളൂ, അത് മാത്രമേ നല്ലതുള്ളൂ എന്ന് ചിന്തിക്കുന്ന ഒരുകൂട്ടം ആളുകൾ നമുക്ക് ചുറ്റുമുണ്ട്. എന്നേക്കാൾ പതിന്മടങ്ങ് നന്മ ചെയ്യുന്ന മനുഷ്യർ എനിക്ക് ചുറ്റുമുണ്ടാകാം, എന്നാൽ അവരെ അംഗീകരിക്കാനോ, അവരെ മറ്റുള്ളവരുടെ മുന്നിൽ ബഹുമാനിക്കാനോ കഴിയാത്തത്ര ചെറിയ മനുഷ്യരായി, വിലകുറഞ്ഞ മനുഷ്യരായി നാം പലപ്പോഴും ചുരുങ്ങിപ്പോകാറുണ്ട്. ഒരു പരീക്ഷയിൽ എന്റെ മകൻ അല്ലെങ്കിൽ മകൾ പത്തിൽ അഞ്ചു വിഷയത്തിന് A+ മാർക്ക് സ്വന്തമാക്കിയാൽ, അത് അവർ ഉറക്കമൊഴിഞ്ഞ് പഠിച്ചതിന്റെ, അവരുടെ അധ്വാനത്തിന്റെ ഫലമാണ് എന്ന് നാം അവകാശപ്പെടും. എന്നാൽ നമുക്ക് താൽപ്പര്യമില്ലാത്ത മറ്റൊരു കുട്ടി പത്തിൽ പത്ത് വിഷയത്തിനും A+ മാർക്ക് സ്വന്തമാക്കിയാൽ, ഇതിലൊക്കെ എന്തിരിക്കുന്നു, എന്നായിരിക്കും നാം ചോദിക്കുക. നന്മ പ്രവർത്തിക്കുന്നവർ ആരാണെങ്കിലും, അവർ നമുക്ക് വേണ്ടപ്പെട്ടവരാണെങ്കിലും അല്ലെങ്കിലും, അവരെ അംഗീകരിക്കാൻ മനസ്സുണ്ടാവുക എന്നത് എല്ലായിടങ്ങളിലും, പ്രത്യേകിച്ച് ക്രൈസ്തവജീവിതത്തിൽ ഏറെ പ്രധാനപ്പെട്ടതാണ്.

ഐക്യവും അന്തശ്ചിദ്രവും

ഐക്യത്തിന്റെ പ്രാധാന്യം നമ്മെ ഈ സുവിശേഷഭാഗത്തിലൂടെ യേശു ഓർമ്മിപ്പിക്കുന്നുണ്ട്: "അന്തശ്ചിദ്രമുള്ള രാജ്യം നശിച്ചുപോകും, അന്തശ്ചിദ്രമുള്ള  ഭവനവും വീണുപോകും" (ലൂക്കാ 11, 17). ഒരുമിച്ചു നിൽക്കുന്നത് വഴി നാം ശക്തിയാർജ്ജിക്കുമെന്ന്, ഒരുമിച്ചുനിന്നാൽ നമ്മെ ആർക്കും തകർക്കാനാകില്ലെന്ന് ക്രിസ്തു ഓർമ്മിപ്പിക്കുന്നു. ക്രൈസ്തവവിശ്വാസികൾ എന്ന നിലയിൽ നമ്മുടെ സഭയിലും കുടുംബങ്ങളിലും ഈയൊരു ഐക്യത്തിന്റെ ആവശ്യം തിരിച്ചറിയാൻ ഇന്നത്തെ സുവിശേഷഭാഗം നമ്മെ സഹായിക്കുന്നുണ്ട്. യേശുക്രിസ്തുവിലുള്ള വിശ്വാസത്തിൽ, പരസ്പരമുള്ള സഹവർത്തിത്വത്തിലും സ്നേഹത്തിലും, നന്മ ചെയ്യാനുള്ള ആഗ്രഹത്തിലും ഒക്കെ നാം ഒരുമിച്ച് നിൽക്കാൻ വിളിക്കപ്പെട്ടവരാണ്. നമുക്കിടയിൽ ഐക്യമില്ലെങ്കിൽ, നമുക്കിടയിൽ സ്നേഹമില്ലെങ്കിൽ, പരസ്പരവും, മറ്റുള്ളവർക്കും നന്മ ചെയ്യുന്നതിൽ ഒരുമിച്ച് മുന്നോട്ടുവരാൻ സാധിക്കുന്നില്ലെങ്കിൽ ഏതു ക്രൈസ്തവികതയാണ് നാം ജീവിക്കുന്നതെന്ന്, ആരിലാണ് നാം വിശ്വാസമർപ്പിച്ചിരിക്കുന്നതെന്ന് നന്നായൊന്ന് ചിന്തിക്കുന്നത് ഉചിതമായിരിക്കും.

തിന്മയ്‌ക്കെതിരെ നിൽക്കുന്നതിലും ഒരുമയുണ്ടാകേണ്ടതുണ്ടെന്ന് നാം മറന്നുപോകരുത്. ദൈവവിശ്വാസത്തിൽ അധിഷ്ഠിതമായ ജീവിതം നയിക്കുന്ന നമുക്ക് തിന്മയോട് സമരസപ്പെട്ടുപോകാനോ, അതിനേക്കാൾ, തിന്മയിൽ ജീവിക്കണോ സാധിക്കില്ല. നന്മയും കരുണയും സ്നേഹവുമായ ദൈവത്തിന്റെ നാമത്തിൽ, മറ്റുള്ളവർക്കെതിരെ ചിന്തിക്കുകയോ പ്രവർത്തിക്കുകയോ ചെയ്യുന്നവർ തങ്ങളെത്തന്നെ വിഡ്ഢികളാക്കാൻ ശ്രമിക്കുന്നവരാണെന്ന്, ദൈവനാമത്തെ അപകീർത്തിപ്പെടുത്തുന്നവരാണെന്ന് മറക്കാതിരിക്കാം.

നന്മയിൽനിന്ന് പിന്നോക്കം പോകരുത്

ദൈവത്താൽ വിളിക്കപ്പെട്ട്, ദൈവമക്കളായിത്തീർന്ന നാം ഒരിക്കലും തിന്മയുടെ, പിശാചിന്റെ അടിമത്തത്തിന് നമ്മെത്തന്നെ വിട്ടുകൊടുക്കരുതെന്ന് സുവിശേഷം ഓർമ്മിപ്പിക്കുന്നുണ്ട്. ക്രിസ്തുവിനാലും, ദൈവത്തിന്റെ ആത്മാവിനാലും വിശുദ്ധീകരിക്കപ്പെടുകയും, സ്വാതന്ത്രരാക്കപ്പെടുകയും ചെയ്ത നാം ഒരിക്കലും വീണ്ടും പാപത്തിലേക്ക് തിരികെപ്പോകരുതെന്ന്, സാത്താന്റെ അടിമകളാക്കരുതെന്ന് യേശു ഉദ്ബോധിപ്പിക്കുന്നു. ആദ്യത്തേതിനേക്കാൾ, മറ്റുള്ളവരെക്കാൾ മോശം വ്യക്തിയായി ഒരു ക്രൈസ്തവവിശ്വാസിയും മാറരുത്. ദൈവം വസിക്കുന്ന, ക്രിസ്തുവിന്റെ സ്വന്തമായ, ആത്മാവിനാൽ നയിക്കപ്പെടുന്ന, നന്മയും സ്നേഹവും കരുണയുമായ ദൈവത്തിന്റെ ഛായയും സാദൃശ്യവും നമ്മിൽ ജീവിക്കാൻ വിളിക്കപ്പെട്ടവരാണ് നാം.

യാക്കോബിന്റെ സഹോദരൻ യൂദാസ് തന്റെ ലേഖനം ഒന്നാം അദ്ധ്യായത്തിൽ (യൂദാ 1, 8-13), വിശേഷബുദ്ധിയില്ലാത്ത മൃഗങ്ങളെപ്പോലെ നമ്മെത്തന്നെ അശുദ്ധരും മലിനരുമാക്കാതെയും, തിന്മയിൽ വീഴാതെയും, നന്മയിൽ ജീവിക്കാനും, ദൈവത്തിൽ വിശ്വാസമർപ്പിച്ച് ജീവിക്കാനും നമ്മെ ഓർമ്മിപ്പിക്കുന്നുണ്ട്. പൈശാചികതന്ത്രങ്ങളെ തിരിച്ചറിഞ്ഞ്, അവയിൽനിന്ന് അകന്നുമാറി വിവേകപൂർവ്വം സംസാരിക്കാനും, പ്രവർത്തിക്കാനും നമുക്ക് സാധിക്കണം. ക്രിസ്തുവിലുള്ള ആഴമേറിയ വിശ്വാസമാണ് ഇത്തരമൊരു ജീവിതം നയിക്കാൻ നമുക്ക് തുണയാകേണ്ടത്. അവനോടു കൂടെയായിരുന്നുകൊണ്ട്, ദൈവാത്മാവിനാൽ നയിക്കപ്പെട്ട്, നന്മ പ്രവർത്തിക്കുന്നവരും, മറ്റുള്ളവരിലെ നന്മയെ അംഗീകരിക്കുന്നവരും പ്രോത്സാഹിപ്പിക്കുന്നവരുമാകാം. സ്നേഹത്തിന്റെ ഐക്യത്തിൽ, വിശ്വാസത്തിന്റെ ശക്തിയിൽ, അനുദിനജീവിതത്തിലെ പ്രവൃത്തികളിലെയും വാക്കുകളിലെയും വിശുദ്ധിയിൽ, ആഴമേറിയ ക്രൈസ്തവവിശ്വാസത്തിന് സാക്ഷ്യം വഹിക്കാം.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

03 August 2024, 12:05