
കുടിയേറ്റക്കാരോടു ഉത്തരവാദിത്വവും ഐക്യദാര്‍ഢ്യവും കാട്ടുക!
ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി
കുടിയേറ്റനിയന്ത്രണവുമായി ബന്ധപ്പെട്ട ആഗോള ഉടമ്പടി അന്താരാഷ്ട്രതലത്തില്‍ അംഗീകരിക്കപ്പെട്ടതില്‍ മാര്‍പ്പാപ്പാ സന്തുഷ്ടി പ്രകടിപ്പിച്ചു.
ഞായറാഴ്ച (16/12/18) മദ്ധ്യാഹ്നത്തില്‍, വത്തിക്കാനില്‍ പൊതുവായ ത്രികാലപ്രാര്‍ത്ഥനയില്‍ പങ്കെടുത്തവരെ, സമാപനാശീര്‍വാദാനന്തരം, പ്രത്യേകം അഭിവാദ്യം ചെയ്യുകയായിരുന്ന ഫ്രാന്‍സീസ് പാപ്പാ, സുരക്ഷിതവും ക്രമനിബദ്ധവും നിയമാനുസൃതവുമായ ഒരു കുടിയേറ്റത്തെ സംബന്ധിച്ച ആഗോള ഉടമ്പടി, അന്താരാഷ്ട്ര സമൂഹത്തിന് ഒരു സംശോധക രേഖയെന്നവിധം, കഴിഞ്ഞയാഴ്ച മൊറോക്കൊയിലെ മറാക്കെച്ചില്‍ വച്ച് അംഗീകരിക്കപ്പെട്ടത് അനുസ്മരിച്ചുകൊണ്ടാണ് ഈ സംതൃപ്തി രേഖപ്പെടുത്തിയത്.
വിവിധങ്ങളായ കാരണങ്ങളാല്‍ സ്വദേശം വിട്ടു പോകാന്‍ നിര്‍ബന്ധിതരാകുന്നവരുടെ കാര്യത്തില്‍ ഉത്തരവാദിത്വത്തോടും ഐക്യദാര്‍ഢ്യത്തോടും സഹാനുഭൂതിയോടും കൂടെ പ്രവര്‍ത്തിക്കുന്നതിനുള്ള ഒരു ഉപകരണമായി ഈ ഉടമ്പടി ഭവിക്കട്ടെയെന്ന് പാപ്പാ ആശംസിക്കുകയും ഈ നിയോഗം എല്ലാവരുടെയും പ്രാര്‍ത്ഥനയ്ക്ക് സമര്‍പ്പിക്കുകയും ചെയ്തു.
ത്രികാലപ്രാര്‍ത്ഥനാവേളയില്‍ ഉണ്ണിയേശുവിന്‍റെ രൂപങ്ങള്‍ തന്നെക്കൊണ്ട് ആശീര്‍വ്വദിപ്പിക്കുന്നതിനായി കൊണ്ടുവന്ന റോമാക്കാരായ കുട്ടികളെയും പാപ്പാ പ്രത്യേകം അഭിവാദ്യം ചെയ്തു.
സ്വഭവനങ്ങളില്‍ പുല്‍ക്കൂടിനു മുന്നില്‍ ഉണ്ണിയേശുവിനെ നോക്കി പ്രാര്‍ത്ഥനയോടെ നില്ക്കുമ്പോള്‍, ദൈവം മനുഷ്യനായവതരിച്ച മഹാരഹസ്യത്തിന്‍റെ ആ വിസ്മയം അനുഭവവേദ്യമാകുമെന്ന് പാപ്പാ കുട്ടികളോടു പറഞ്ഞു.
യേശുവിന്‍റെ എളിമയും ആര്‍ദ്രതയും നന്മയും പരിശുദ്ധാരൂപി കുഞ്ഞുങ്ങളുടെ ഹൃദയത്തില്‍ നിക്ഷേപിക്കുമെന്നും ഇതാണ് യഥാര്‍ത്ഥ തിരുപ്പിറവിയെന്നും ഉദ്ബോധിപ്പിച്ച പാപ്പാ കുഞ്ഞുങ്ങള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും തിരുപ്പിറവി അപ്രകാരം ആയിരിക്കട്ടെയെന്ന് ആശംസിക്കുകയും ചെയ്തു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: