ഫ്രാൻസീസ് പാപ്പാ സകല വിശുദ്ധരുടെയൂം തിരുന്നാൾ ദിനത്തിൽ, ഞായറാഴ്ച വത്തിക്കാനിൽ നയിച്ച ത്രികാലപ്രാർത്ഥനയിൽ പങ്കെടുക്കുന്ന വിശ്വാസികൾ 01/11/2020 ഫ്രാൻസീസ് പാപ്പാ സകല വിശുദ്ധരുടെയൂം തിരുന്നാൾ ദിനത്തിൽ, ഞായറാഴ്ച വത്തിക്കാനിൽ നയിച്ച ത്രികാലപ്രാർത്ഥനയിൽ പങ്കെടുക്കുന്ന വിശ്വാസികൾ 01/11/2020 

ഈ ലോകത്തിൻറെ മനോഭാവത്തിനെതിരെ നീങ്ങുക, പാപ്പാ!

സകലവിശുദ്ധരുടെയും തിരുന്നാൾ വിശുദ്ധിയിലേക്കുള്ള വൈക്തികവും സാർവ്വത്രികവുമായ വിളിയെക്കുറിച്ച് ഓർമ്മിപ്പിക്കുന്നു, ഫ്രാൻസീസ് പാപ്പാ ഞായറാഴ്ച നല്കിയ മദ്ധ്യാഹ്ന പ്രാർത്ഥനാ സന്ദേശത്തിൽ നിന്ന്.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

തെളിമായാർന്ന ഒരു ദിനമായിരുന്ന ഈ ഞായറാഴ്ച (01/11/20), സകലവിശുദ്ധരുടെയും തിരുന്നാൾ ദിനത്തിൽ,  വത്തിക്കാനിൽ ഫ്രാൻസീസ് പാപ്പാ നയിച്ച മദ്ധ്യാഹ്ന പ്രാർത്ഥനയിൽ പങ്കുകൊള്ളുന്നതിന്, വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ ചത്വരത്തിൽ പതിവുപോലെ വിശ്വാസികൾ സമ്മേളിച്ചിരുന്നു. കോവിദ് 19 മഹാമാരിയുടെ സംക്രമണം വീണ്ടും ശക്തിപ്രാപിച്ചിരിക്കുന്നതിനാൽ പൊതുവെ, തീർത്ഥാടകരുടെയും സന്ദർശകരുടെയും എണ്ണത്തിൽ അനുഭവപ്പെടുന്ന കുറവ് ത്രികാലപ്രാർത്ഥനയ്ക്കെത്തിയിരുന്നുവരുടെ എണ്ണത്തിലും പ്രതിഫലിച്ചു. ഉച്ചയ്ക്ക്, റോമിലെ സമയം, 12 മണിയോടെ, പാപ്പാ ജാലകത്തിങ്കൽ പ്രത്യക്ഷനായപ്പോൾ വിശ്വാസികളുടെ ആനന്ദാരവങ്ങൾ ഉയർന്നു.ത്രികാലപ്രാർത്ഥന നയിക്കുന്നതിനു മുമ്പ് പാപ്പാ പതിവുപോലെ ഒരു വിചിന്തനം നടത്തി. സകലവിശുദ്ധരുടെയും തിരുന്നാൾ ദിനമായിരുന്ന   ഈ ഞായറാഴ്ച (01/11/20) ലത്തീൻ റീത്തിൻറെ ആരാധനാക്രമമനുസരിച്ച് ദിവ്യബലിമദ്ധ്യേ വായിക്കപ്പെട്ട, മത്തായിയുടെ സുവിശേഷം 5,1-12a വരെയുള്ള വാക്യങ്ങൾ, അതായത്, സുവിശേഷഭാഗ്യങ്ങൾ, ആയിരുന്നു  പാപ്പായുടെ പരിചിന്തനത്തിന് ആധാരം. 

പാപ്പാ  ഇറ്റാലിയൻ ഭാഷയിൽ നടത്തിയ വിചിന്തനം :

പ്രത്യാശയെക്കുറിച്ച് ചിന്തിക്കുക

പ്രിയ സഹോദരീസഹോദരന്മാരേ, ശുഭദിനം!

എല്ലാ വിശുദ്ധരുടെയും ഈ മഹോത്സവത്തിൽ, സഭ നമ്മെ ക്ഷണിക്കുന്നത് ക്രിസ്തുവിന്റെ പുനരുത്ഥാനത്തിൽ അധിഷ്ഠിതമായ മഹത്തായ പ്രത്യാശയെക്കുറിച്ച് ചിന്തിക്കാനാണ്: ക്രിസ്തു ഉയിർത്തെഴുന്നേറ്റു, നമ്മളും അവനോടൊപ്പമായിരിക്കും. ക്രിസ്തീയ പ്രത്യാശയുടെ ഏറ്റവും ആധികാരിക സാക്ഷികളാണ് വിശുദ്ധരും വാഴ്ത്തപ്പെട്ടവരും, എന്തെന്നാൽ അവർ പ്രസ്തുത പ്രത്യാശ അതിൻറെ പൂർണ്ണതയിൽ അവരുടെ അസ്തിത്വത്തിൽ, സന്തോഷസഹനങ്ങൾക്കു മദ്ധ്യേ ജീവിച്ചവരാണ്. യേശു പ്രഘോഷിച്ചതും ഇന്നത്തെ തിരുക്കർമ്മത്തിൽ മാറ്റൊലികൊണ്ടതുമായ സുവിശേഭാഗ്യങ്ങൾ അവർ സമൂർത്തമാക്കിത്തീർത്തു (മത്തായി 5,1-12a). വാസ്തവത്തിൽ സുവിശേഷഭാഗ്യങ്ങൾ വിശുദ്ധിയുടെ പാതയാണ്. രണ്ടു സുവിശേഷഭാഗ്യങ്ങൾ, അതായത്, രണ്ടാമാത്തെയും മൂന്നാമത്തെയും, ആണ് ഇന്ന് ഞാൻ പരിചിന്തനം വിഷയമാക്കുന്നത്.

“കരയുന്നവർ ഭാഗ്യവാന്മാർ, അവർക്ക് ആശ്വാസം ലഭിക്കും”

സുവിശേഷഭാഗ്യങ്ങളിൽ രണ്ടാമത്തേത് ഇതാണ്: “കരയുന്നവർ ഭാഗ്യവാന്മാർ, അവർക്ക് ആശ്വാസം ലഭിക്കും” (മത്തായി 5,4). ഇവ പരസ്പര വിരുദ്ധമായ വാക്കുകളാണെന്ന ഒരു പ്രതീതിയാണ് ഉളവാകുന്നത്. കാരണം, രോദനം ആനന്ദത്തിൻറെയും ഹർഷാതിരേകത്തിൻറെയും അടയാളമല്ല. വിലാപത്തിൻറെയും സഹനത്തിൻറെയും കാരണങ്ങൾ മരണം, രോഗം, ധാർമ്മികവിപത്ത്, പാപം, തെറ്റുകൾ എന്നിവയാണ്. ലോലവും ദുർബ്ബലവും പ്രയാസങ്ങളാൽ മുദ്രിതവുമാണ് കേവലം ദൈനംദിന ജീവിതം. നന്ദികേടിനാലും തെറ്റിദ്ധാരണകളാലും ചിലപ്പോൾ വ്രണിതവും പരീക്ഷിക്കപ്പെടുന്നതുമായ ഒരു ജീവിതം. ഈ യാഥാർത്ഥ്യങ്ങളെ പ്രതി കരയുകയും, ഇവയെക്കെല്ലാമുപരിയായി, കർത്താവിൽ ശരണം ഗമിക്കുകയും അവിടത്തെ തണലിലായിരിക്കുകയും ചെയ്യുന്നവരെ യേശു ഭാഗ്യവാന്മാരായി പ്രഖ്യാപിക്കുന്നു. അവർ നിസ്സംഗരല്ല, വേദനയിൽ ഹൃദയം കഠിനമാക്കുന്നുമില്ല, അവർ ദൈവത്തിൻറെ സമാശ്വാസം ക്ഷമയോടെ പ്രത്യാശിക്കുന്നു. ഈ സാന്ത്വനം അവർ ഈ ജീവിതത്തിൽ തന്നെ അനുഭവിച്ചറിയുന്നു. 

 “സൗമ്യശീലർ ഭാഗ്യവാന്മാർ”

മൂന്നാമത്തെ സൗഭാഗ്യത്തിൽ യേശു പ്രഖ്യാപിക്കുന്നു: “സൗമ്യശീലർ ഭാഗ്യവാന്മാർ, എന്തെന്നാൽ, അവർ ഭൂമി അവകാശമാക്കും” (മത്തായി 5,5). സഹോദരീ സഹോദരന്മാരേ, സൗമ്യത! യേശുവിൻറെ സവിശേഷതയാണ് സൗമ്യത. അവിടന്നു പറയുന്നു: “നിങ്ങൾ എന്നിൽനിന്നു പഠിക്കുവിൻ, ഞാൻ ശാന്തശീലനും വിനീതഹൃദയനുമാണ്” (മത്തായി 11,29). ആത്മനിയന്ത്രണമുള്ളവരാണ് സൗമ്യശീലർ, അവർ മറ്റുള്ളവർക്ക് ഇടം നല്കുകയും അവരെ ശ്രവിക്കുകയും അവരുടെ ജീവിതശൈലിയെയും ആവശ്യങ്ങളെയും അഭ്യർത്ഥനകളെയും ആദരിക്കുകയും ചെയ്യുന്നു. മറ്റുള്ളവരുടെമേൽ ആധിപത്യമുറപ്പിക്കാനൊ അവരെ ഇകഴ്ത്താനൊ അവർക്ക് ഹാനികരമായി, അവരുടെമേൽ സ്വന്തം ആശയങ്ങളും താൽപ്പര്യങ്ങളും അടിച്ചേൽപ്പിക്കാനൊ ശ്രമിക്കുന്നില്ല. ലൗകിക മനോഭാവത്തെ തിരസ്ക്കരിക്കുന്ന ഇക്കൂട്ടർ, ദൈവതിരുമുമ്പിലാകട്ടെ വിലപ്പെട്ടവരാണ്, അവിടന്ന് അവർക്ക് വഗ്ദത്തഭൂമി, അതായത്, നത്യജീവൻ, അവകാശമായി നല്കുന്നു. ഈ സൗഭാഗ്യവും ഇഹത്തിൽ തന്നെ ആരംഭിക്കുകയും സ്വർഗ്ഗത്തിൽ, ക്രിസ്തുവിൽ നിറവേറുകയും ചെയ്യുന്നു. സൗമ്യത. ഈ ജീവിതത്തിൻറെ ഈ നിമിഷത്തിൽ, അക്രമങ്ങൾ നിരവധിയായിട്ടുള്ള ഈ ലോകത്തിൽ..... അനുദിനജിവിതത്തിൽ ആവശ്യമാണ്. എന്നാൽ നമ്മിൽ നിന്ന് ആദ്യം പുറത്തുവരുന്നത് ആക്രമണോത്സുകത, പ്രതിരോധം ആണ്. വിശുദ്ധിയുടെ പാതയിൽ മുന്നേറുന്നതിന് നമുക്ക് ശാന്തത ആവശ്യമാണ്. ശ്രവിക്കുക, ആദരിക്കുക, ആക്രമിക്കാതിരിക്കുക, ഇതാണ് സൗമ്യത. 

വിശുദ്ധിയും സൗമ്യതയും കരുണയും തിരഞ്ഞെടുക്കുക  

പ്രിയ സഹോദരീസഹോദരന്മാരേ, വിശുദ്ധിയും സൗമ്യതയും കരുണയും തിരഞ്ഞെടുക്കുക; ദാരിദ്ര്യാരൂപിയിലും സഹനത്തിലും കർത്താവിന് സ്വയം സമർപ്പിക്കുന്നതിന് തീരുമാനിക്കുക. സമാധാനത്തിനും നീതിക്കും വേണ്ടി പരിശ്രമിക്കുക. ഇതെല്ലാം അർത്ഥമാക്കുന്നത്, ഈ ലോകത്തിൻറെ മനോഭാവത്തിനെതിരെ, എല്ലാം കൈവശപ്പെടുത്തുന്ന സംസ്കാരത്തിനെതിരെ, അർത്ഥശൂന്യമായ ഉല്ലാസത്തിനെതിരെ, ഏറ്റം ബലഹീനരായവരോടുള്ള അഹന്തയ്ക്കെതിരെ നീന്തുക എന്നാണ്. വിശുദ്ധരും വാഴ്ത്തപ്പെട്ടവരുമെല്ലാം സഞ്ചരിച്ചത് ഈ പാതയിലൂടെയാണ്. ഇന്ന് ആഘോഷിക്കുന്ന സകലവിശുദ്ധരുടെയും തിരുന്നാൾ വിശുദ്ധിയിലേക്കുള്ള വൈക്തികവും സാർവ്വത്രികവുമായ വിളിയെക്കുറിച്ച് ഓർമ്മിപ്പിക്കുകയും അദ്വിതീയവും അനാവർത്തിതവുമാം വിധം ഒരോരുത്തരും നടത്തുന്ന ഈ യാത്രയ്ക്ക് ഉറപ്പുള്ള മാതൃകകളെ ചൂണ്ടിക്കാട്ടുകയും ചെയ്യുന്നു. വിശുദ്ധന്മാരും  വിശുദ്ധകളുമായവരുടെ വൈവിധ്യമാർന്ന അക്ഷയ ദാനങ്ങളെയും യഥാർത്ഥ ജീവിതത്തെയും കുറിച്ചൊന്നു ചിന്തിച്ചാൽ മതി. അവർ എല്ലാവരും ഒരു പോലുള്ളവരല്ല, തനതായ വ്യക്തിത്വത്തിന് ഉടമകളാണ് അവർ. അവനവൻറെ വ്യക്തിത്വത്തിനനുസൃതം ജീവിതം വിശുദ്ധിയിൽ വളർത്തിയെടുത്തു. ആ സരണിയിലൂടെ സഞ്ചരിക്കാൻ നമുക്കും സാധിക്കും. സൗമ്യത, അതുണ്ടായിരിക്കണം, അങ്ങനെ വിശുദ്ധിയിലേക്കു നടന്നു നീങ്ങാൻ സാധിക്കും.

പരിശുദ്ധ മറിയം

ക്രിസ്തുവിന്റെ വിശ്വസ്ത ശിഷ്യന്മാരുടെ ഈ മഹാകുടുംബത്തിന് ഒരു അമ്മയുണ്ട്, കന്യകാ മറിയം. സകല വിശുദ്ധരുടെയും രാജ്ഞി എന്ന അഭിധാനത്തിൽ നാം അവളെ വണങ്ങുന്നു, എന്നാൽ, സർവ്വോപരി അവൾ സ്വപുത്രനെ സ്വീകരിക്കാനും അവിടത്തെ അനുഗമിക്കാനും നമ്മെ ഒരോരുത്തരെയും പഠിപ്പിക്കുന്ന അമ്മയാണ്  . സുവിശേഷസൗഭാഗ്യങ്ങളുടെ പാതയിലൂടെ നടന്ന് വിശുദ്ധിക്കായുള്ള അഭിവാഞ്ഛ പരിപോഷിപ്പിക്കാൻ അവൾ നമ്മെ സഹായിക്കട്ടെ.

ഈ വാക്കുകളെതുടർന്ന് പാപ്പാ “കർത്താവിൻറെ മാലാഖ” എന്നാരംഭിക്കുന്ന മരിയൻ പ്രാർത്ഥന നയിക്കുകയും. പ്രാർത്ഥനയുടെ അവസാനം ആശീർവ്വാദം നല്കുകയും ചെയ്തു.

നവവാഴ്ത്തപ്പെട്ട വൈദികൻ മൈക്കിൾ മാക്ഗിവെനി

ആശീർവ്വാദാനന്തരം പാപ്പാ, അമേരിക്കൻ ഐക്യനാടുകളിലെ ഹാർട്ട്ഫോഡിൽ (Hartford) ശനിയാഴ്ച (31/10/20) നൈറ്റ്സ് ഓഫ് കൊളമ്പസ് എന്ന കത്തോലിക്കാ ഭ്രാതൃസംഘടനയുടെ സ്ഥാപകനായ ഇടവക വൈദികൻ മൈക്കിൾ മാക്ഗിവെനി വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കപ്പെട്ടത് അനുസ്മരിച്ചു.

സുവിശേഷവത്ക്കരണത്തിൽ മുഴുകിയ അദ്ദേഹം പാവപ്പെട്ടവരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിന് പരിശ്രമിക്കുകയും പരസ്പര സഹായം പരിപോഷിപ്പിക്കുകയും ചെയ്തുവെന്ന് പാപ്പാ വിശദീകരിച്ചു.

ഉപവിയുടെ സുവിശേഷത്തിന് എന്നും കൂടുതൽ സാക്ഷ്യം നല്കുന്നതിന് നവവാഴ്ത്തപ്പെട്ട മൈക്കിൾ മാക്ഗിവെനിയുടെ മാതൃക പ്രചോദനം പകരട്ടെയെന്ന് പാപ്പാ ആശംസിച്ചു.

നാഗോർണൊ-കരബാക് പ്രദേശത്ത് സംഘർഷം അവസാനിക്കുന്നതിനായി പ്രാർത്ഥിക്കുക

 പാപ്പാ അർമേനിയയും അസെർബൈജാനും തമ്മിൽ നാഗോർണൊ-കരബാക് (Nagorno-Karabakh) പ്രദേശത്തെച്ചൊല്ലി നടക്കുന്ന സായുധ പോരാട്ടത്തെക്കുറിച്ചും ത്രികാലപ്രാർത്ഥനാവേളയിൽ അനുസ്മരിച്ചു.

അവിടെ സംഘർഷം തുടരുകയും, ജീവൻ പൊലിയുന്നവരുടെയും തകരുന്ന ഭവനങ്ങളുടെയും, ആരാധനായിടങ്ങളുടെയും ഒക്കെ എണ്ണം കൂടിക്കൂടി വരികയാണെന്നും അതു ദാരുണമാണെന്നും പാപ്പാ പറഞ്ഞു.

നിരപരാധികളുടെ രക്തം ചിന്തുന്നത് എത്രയും വേഗം അവസാനപ്പിക്കുന്നതിനു വേണ്ടി അടിയന്തരമായ ഇടപെടുന്നതിന് പാപ്പാ സംഘർഷത്തിലേർപ്പെട്ടിരിക്കുന്ന വിഭാഗങ്ങളുടെ ഉത്തരവാദിത്വമുള്ളവരോടുള്ള തൻറെ അഭ്യർത്ഥന നവീകരിച്ചു.

അക്രമം കൊണ്ട് പ്രശ്നത്തിന് പരിഹാരം കാണാമെന്നു കരുതരെന്ന് ഓർമ്മിപ്പിക്കുന്ന പാപ്പാ അന്താരാഷ്ട്രസമൂഹത്തിൻറെ സഹായത്തോടെയുള്ള ആത്മാർത്ഥമായ ചർച്ചകൾ ഇതിനാവാശ്യമാണെന്ന് വ്യക്തമാക്കുന്നു.

ദുരിതമനുഭവിക്കുന്ന എല്ലാവരുടെയും ചാരെ താനുണ്ടെന്ന്  ഉറപ്പു നല്കുന്ന പാപ്പാ  ആ പ്രദേശത്ത് സ്ഥായിയായ സമാധാനം സംജാതമാകുന്നതിനു വേണ്ടി വിശുദ്ധരുടെ മാദ്ധ്യസ്ഥ്യം പ്രാർത്ഥിക്കാൻ എല്ലാവരെയും ക്ഷണിക്കുകയും ചെയ്യുന്നു.

ഭൂകമ്പ ബാധിത പ്രദേശങ്ങൾക്കായി   പ്രാർത്ഥന

രണ്ട് ദിവസം മുമ്പ് ശക്തമായ ഭൂകമ്പം ഉണ്ടായ ഈജിയൻ കടൽ പ്രദേശത്തെ ജനങ്ങൾക്കുവേണ്ടിയും പാപ്പാ പ്രാർത്ഥന ക്ഷണിച്ചു.

നവമ്പർ 2-ന് താൻ പരേതാത്മാക്കൾക്കുവേണ്ടി    വത്തിക്കാനിലെ ടെവുടോണിക് സെമിത്തേരിയിൽ വിശുദ്ധ കുർബ്ബാന അർപ്പിക്കുമെന്നും പാപ്പാ വെളിപ്പെടുത്തി.

സമാപനാഭിവാദ്യം

വിശുദ്ധരുടെ ആത്മീയ കൂട്ടായ്മയിൽ എല്ലാവർക്കും നല്ലൊരു തിരുന്നാൾ ആശംസിച്ച പാപ്പാ തനിക്കുവേണ്ടി പ്രാർത്ഥിക്കാൻ മറക്കരുതെന്ന പതിവഭ്യർത്ഥന നവീകരിക്കുകയും ചെയ്തു. അതിനു ശേഷം പാപ്പാ എല്ലാവർക്കും നല്ല ഒരു ഉച്ചവിരുന്നു നേരുകയും, വീണ്ടും കാണാം എന്ന് പറയുകയും ചെയ്തുകൊണ്ട്, കൈകൾ വീശി ജാലകത്തിങ്കൽ നിന്ന് പിൻവാങ്ങി.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

02 November 2020, 15:49