പാപ്പായുടെ മാൾട്ട അജപാലന സന്ദർശനം പര്യവസാനിച്ചു!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
ഫ്രാൻസീസ് പാപ്പായുടെ മുപ്പത്തിയാറാം വിദേശ അപ്പൊസ്തോലിക പര്യടനത്തിന് തിരശ്ശീല വീണു. മാൾട്ട സന്ദർശന വേദിയായിരുന്ന ഈ ദ്വിദിന ഇടയസന്ദർശനം ഏപ്രിൽ മൂന്നാം തീയതി ഞായറാഴ്ച (03/04/22) ആണ് സമാപിച്ചത്. “ഞങ്ങളോട് അനന്യസാധാരണമായ കാരുണ്യത്തോടെ അവർ പെരുമാറി” എന്ന അപ്പൊസല്തോല പ്രവർത്തനം, ഇരുപത്തിയെട്ടാം അദ്ധ്യായത്തിലെ രണ്ടാം വാക്യത്തിൽ നിന്ന് അടർത്തിയെടുത്ത ഈ വാക്കുകളായിരുന്നു ഈ ഇടയസന്ദർശനത്തിൻറെ പ്രമേയം.
പാപ്പായുടെ മടക്കയാത്ര
എയർ മാൾട്ടയുടെ എയർബസ് 320-ത്തിലായിരുന്നു പാപ്പായുടെ മടക്കയാത്ര. നിശ്ചിതസമയത്തെക്കാളും ഒരു മണിക്കൂർ വൈകിയാണ് പാപ്പാ മാൾട്ടയിൽ നിന്നു യാത്ര ആരംഭിച്ചത്. പാപ്പായെയും അനുചരരെയും വഹിച്ചുകൊണ്ടുള്ള വിമാനം റോമിലെ ലെയൊണാർദൊ ദ വിഞ്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ താണിറങ്ങിയപ്പോൾ പ്രാദേശിക സമയം രാത്രി 8.30 കഴിഞ്ഞിരുന്നു. അപ്പോൾ ഇന്ത്യയിൽ അർദ്ധരാത്രിയായിരുന്നു. പാപ്പാ വിമാനത്താവളത്തിൽ നിന്നു നേരെ പോയത് “റോമൻ ജനതയുടെ രക്ഷ”, അഥവാ, “സാളൂസ് പോപുളി റൊമാനി” (Salus Populi Romani) എന്ന അഭിധാനത്തിൽ പരിശുദ്ധ കന്യകാമറിയം വണങ്ങപ്പെടുന്ന, റോമിലെ വിശുദ്ധ മേരി മേജർ ബസിലിക്കയിലേക്കാണ്. അവിടെ എത്തിയ പാപ്പാ മതാവിൻറെ സവിധത്തിൽ കൃതജ്ഞതാ മഞ്ജരി അർപ്പിച്ച് പ്രാർത്ഥിച്ചതിനു ശേഷമാണ് വത്തിക്കാനിൽ താൻ വസിക്കുന്ന “ദോമൂസ് സാംക്തെ മാർത്തെ” മന്ദിരത്തിലേക്കു മടങ്ങിയത്.
കുടിയേറ്റക്കാർക്കായുള്ള കേന്ദ്രത്തിൽ
പാപ്പായുടെ മാൾട്ട സന്ദർശനത്തിൻറെ സമാപന ദിനമായിരുന്ന ഞായറാഴ്ച ഉച്ചതിരിഞ്ഞുള്ള അവസാനത്തെ പരിപാടി കുടിയേറ്റക്കാർക്കായുള്ള കേന്ദ്രത്തിൽ വച്ച് അവരുമായുള്ള കൂടിക്കാഴ്ചയായിരുന്നു.
ഈ കൂടിക്കാഴ്ചയുടെ വേദി അപ്പൊസ്തോലിക് നൺഷിയേച്ചറിൽ നിന്ന് 14 കിലോമീറ്റർ അകലെ സ്ഥിതിചെയ്യുന്ന ഹൽ ഫാറിലെ “ഇരുപത്തിമൂന്നാം യോഹന്നാൻ സമാധാന ശാല” (John XXIII Peace Lab) എന്ന പേരിൽ കുടിയേറ്റക്കാർക്കായുള്ള കേന്ദ്രമായിരുന്നു.
1971-ൽ ഫ്രാൻസിസ്ക്കൻ വൈദികൻ ഡയൊനീഷ്യസ് മിൻറോഫ് ആണ് ഈ കേന്ദ്രം സ്ഥാപിച്ചത്. ഇന്ന് ഇത് നടത്തിക്കൊണ്ടു പോകുന്നത് ഒരു സന്നദ്ധ സേവന സംഘടനയാണ്. അമ്പതോളം കുടിയേറ്റക്കാരെ ഉൾക്കൊള്ളാനുള്ള സൗകര്യം ഈ കേന്ദ്രത്തിനുണ്ട്. ഇവിടെ ഏത്തുന്നവരിൽ കൂടുതലും സൊമാലിയ, എരിത്രേയ, സുഡാൻ തുടങ്ങിയ നാടുകളിൽ നിന്നുള്ളവരാണ്.
ഈ കേന്ദ്രത്തിൻറെ പ്രവേശന കവാടത്തിനരികെ ഒരു വെളുത്ത കാറിൽ വന്നിറങ്ങിയ പാപ്പായെ കുടിയേറ്റക്കാർക്കായുള്ള അജപാലന വിഭാഗത്തിൻറെ മേധാവിയും ഈ കേന്ദ്രത്തിൻറെ സ്ഥാപകനായ വൈദികൻ ഡയൊനീഷ്യസ് മിൻറോഫും ചേർന്നു സ്വീകരിച്ച് അകത്തേക്കാനയിച്ചു. ഈ കേന്ദത്തിൻറെ വളപ്പിനുള്ളിൽ തുറസ്സായ സ്ഥലത്ത് ഇരൂനൂറോളം കുടിയേറ്റക്കാർ പാപ്പായെ കാത്തു നില്പുണ്ടായിരുന്നു. കുടിയേറ്റക്കാർ താമസിക്കുന്ന ഭവനങ്ങളിലൊന്ന് പാപ്പാ സന്ദർശിക്കുകയും ചെയ്തു.
തുറസ്സായ സ്ഥലത്ത് ഒരുക്കിയിരുന്ന കൂടിക്കാാഴ്ചാവേദിയിൽ എത്തിയ പാപ്പാ രണ്ടു കുടിയേറ്റക്കാരുടെ സാക്ഷ്യങ്ങൾക്കു ശേഷം സന്നിഹിതരായിരുന്നവരെ സംബോധന ചെയ്തു.
പാപ്പായുടെ പ്രഭാഷണത്തിൻറെ സംഗ്രഹം
തനിക്കേകിയ വരവേൽപിന് പാപ്പാ വൈദികൻ ഡയൊനീഷ്യസ് മിൻറോഫിനും സാക്ഷ്യങ്ങളേകിയ ഡാനിയേൽ, സിറിമാൻ എന്നിവർക്കും നന്ദി പ്രകാശിപ്പിച്ചുകൊണ്ടാണ് തൻറെ പ്രസംഗം ആരംഭിച്ചത്.
സാക്ഷ്യം നല്കിയ രണ്ടു പേരും അവരുടെ ഹൃദയവും ജീവിതവും നമ്മുടെ മുന്നിൽ തുറന്നു വയ്ക്കുകയും സുരക്ഷിത സങ്കേതം തേടി സ്വന്തം നാട്ടിൽ നിന്ന് പലായനം ചെയ്യാൻ നിർബന്ധിതരായ നിരവധി സഹോദരങ്ങളുടെ വക്താക്കളാകുകയും ചെയ്തുവെന്ന് പാപ്പാ പറഞ്ഞു. കുടിയേറ്റക്കാരുടെ ചാരെ താനുണ്ടെന്ന് ആവർത്തിച്ചു വ്യക്തമാക്കാനും പാപ്പാ ഈ അവസരം വിനിയോഗിച്ചു.
ഇക്കഴിഞ്ഞ ആണ്ടുകളിൽ മദ്ധ്യധരണ്യാഴിയിൽ അപകടത്തിൽ പെട്ട ആയിരക്കണക്കിന് സ്ത്രീപുരുഷന്മാരെയും കുട്ടികളെയും പാപ്പാ അനുസ്മരിച്ചു. രണ്ടാം തീയതി ശനിയാഴ്ച ലിബിയയുടെ തീരത്തുവച്ച് മദ്ധ്യധരണ്യാഴിയിൽ കുടിയേറ്റക്കാർ സഞ്ചരിച്ച ഒരു ബോട്ടു തകർന്നതും അതിലുണ്ടായിരുന്ന 90 പേരിൽ 4 പേരെ മാത്രം രക്ഷിക്കാൻ കഴിഞ്ഞതുമായ സംഭവത്തെക്കുറിച്ചും സൂചിപ്പിച്ച പാപ്പാ കടലിൽ ജീവൻ പൊലിഞ്ഞവർക്കായി പ്രാർത്ഥിക്കാൻ എല്ലാവരെയും ക്ഷണിക്കുകയും ചെയ്തു.
കടലിൽ കപ്പൽ മുങ്ങിത്തകരുന്ന അപകടത്തെപ്പോലെതന്നെ മറ്റൊരു അപകടമുണ്ടെന്നും അത് നാഗരികതയുടെ തകർച്ചയാണെന്നും പാപ്പാ പറഞ്ഞു. നമ്മുടെ നാഗരിക നൗകയുടെ ഈ തകർച്ച അഭയാർത്ഥികൾക്കു മാത്രമല്ല നമുക്കെല്ലാവർക്കും ഭീഷണിയാണെന്നും അതിൽ നിന്ന് എങ്ങനെ രക്ഷപ്പെടാമെന്ന് ചിന്തിക്കേണ്ടത് ആവശ്യമാണെന്നും പാപ്പാ കൂട്ടിച്ചേർത്തു.
മാനവികതയോടുകൂടിയ പെരുമാറ്റമാണ്, വ്യക്തികളെ സംഖ്യയായിട്ടല്ല, അവരായിരിക്കുന്ന രീതിയിൽ കാണുകയാണ് ഇവിടെ വേണ്ടതെന്ന് പാപ്പാ വിശദീകരിച്ചു.
അനീതിപരവും കാട്ടാളത്തപരവുമായ യുദ്ധം മൂലം ഉക്രയിനിൽ നിന്ന് പലായനം ചെയ്യുന്നവരെയും അതു പോലെതന്നെ സുരക്ഷിതസ്ഥാനം തേടി ഏഷ്യയിലും ആഫ്രിക്കയിലും അമേരിക്കകകളിലും നിന്നും സ്വന്തം വീടു വിടേണ്ടി വരുന്നവരെയും റൊഹീംഗ്യൻ വംശജരെയും പാപ്പാ അനുസ്മരിച്ചു. അഭയാർത്ഥി കേന്ദ്രങ്ങൾ മനുഷ്യത്വത്തിൻറെ ഇടങ്ങളായിരിക്കേണ്ടതിൻറെ പ്രാധാന്യവും പാപ്പാ ഊന്നിപ്പറഞ്ഞു. ഇത് അത്ര എളുപ്പമുള്ള കാര്യമല്ലെന്നും പിരിമുറുക്കങ്ങൾക്കും കാർക്കാശ്യത്തിനും കാരണമാകുന്ന നിരവധി ഘടകങ്ങളുണ്ടെന്നുമുള്ള വസ്തുതയും പാപ്പാ അനുസ്മരിച്ചു. അപരനെ സ്വീകരിക്കലിൻറെയും സാഹോദര്യത്തിൻറെയും സാക്ഷികളും സജീവ പ്രവർത്തകരുമാകാൻ എല്ലാവർക്കും കഴിയട്ടെയെന്ന് പാപ്പാ ആശംസിച്ചു.
അന്തസ്സുള്ളതും സാഹോദര്യപരവുമായ ഒരു ജീവിതത്തിന് അനിവാര്യമായ മാനുഷിക മൂല്യങ്ങളുടെ സാക്ഷികളായി കുടിയേറ്റക്കാർ മാറുന്നത്, ഇന്നത്തെ ലോകത്ത്, വളരെ പ്രധാനമാണെന്ന തൻറെ ബോധ്യം വെളിപ്പെടുത്തിയ പാപ്പാ ഇപ്രകാരം തുടർന്നു:
അവ നിങ്ങൾ ഉള്ളിൽ സംവഹിക്കുന്ന മൂല്യങ്ങളാണ്, അവ നിങ്ങളുടെ വേരുകളിലുള്ളതാണ്. ഒരിക്കൽ പറിച്ചെടുക്കലിൻറെ, സമൂലം പിഴുതെറിഞ്ഞതിൻറെ മുറിവ് ഉണങ്ങിക്കഴിഞ്ഞാൽ, നിങ്ങൾ ഉള്ളിൽ പേറുന്ന ഈ സമ്പന്നത, മാനവികതയുടെ വളരെ വിലയേറിയ പൈതൃകം പുറത്തെടുക്കാനും, നിങ്ങളെ സ്വാഗതം ചെയ്യുന്ന സമൂഹങ്ങൾക്കും നിങ്ങൾ താമസിക്കുന്ന ചുറ്റുപാടുകൾക്കും പൊതുവായി സമർപ്പിക്കാനും കഴിയും. ഇതാണ് വഴി! സാഹോദര്യത്തിൻറെയും സാമൂഹിക സൗഹൃദത്തിൻറെയും പാത. ആഗോളവൽക്കരിക്കപ്പെട്ട ലോകത്തിലെ മാനവകുടുംബത്തിൻറെ ഭാവി ഇതാ. നിങ്ങൾ നിങ്ങളുടെ സാക്ഷ്യങ്ങളിൽ, നിങ്ങളുടെ സ്വപ്നങ്ങൾ എന്നോടൊപ്പം പങ്കുവയ്ക്കുന്നതുപോലെ, ഇന്ന് ഈ സ്വപ്നം നിങ്ങളുമായി പങ്കിടാൻ കഴിഞ്ഞതിൽ എനിക്ക് സന്തോഷമുണ്ട്!
കുടിയേറ്റക്കാർക്കായുള്ള കേന്ദ്രത്തിൻറെ നാമഹേതുകനായ യോഹന്നാൻ ഇരുപത്തിമൂന്നാമൻ പാപ്പാ “പാചെം ഇൻ തേരിസ്” (Pacem in terris) എന്ന ചാക്രികലേഖനത്തിൽ കുറിച്ചതും പാപ്പാ ഉദ്ധരിച്ചു:
“കർത്താവേ, സമാധാനത്തെ അപായപ്പെടുത്തുന്നവയെ മാനവഹൃദയങ്ങളിൽ നിന്ന് നീ നീക്കിക്കളയേണമേ.; മാനവരെ സത്യത്തിൻറെയും നീതിയുടെയും സഹോദര സ്നേഹത്തിൻറെയും സാക്ഷികളാക്കി മാറ്റുക. അങ്ങനെ, ജനനേതാക്കൾ അവരുടെ പൗരന്മാരുടെ ന്യായമായ ക്ഷേമത്തിനായുള്ള ഉത്കണ്ഠയ്‌ക്കൊപ്പം, അവർ സമാധാനമെന്ന മഹത്തായ ദാനം ഉറപ്പുനൽകുകയും അതിനെ സംരക്ഷിക്കുകയും ചെയ്യുന്നതിനായി അവരെ പ്രബുദ്ധരാക്കുക; ഭിന്നിപ്പുകളുടെ വേലിക്കെട്ടുകളെ മറികടക്കാനും പരസ്പര സ്നേഹബന്ധങ്ങൾ വർദ്ധിപ്പിക്കാനും മറ്റുള്ളവരെ മനസ്സിലാക്കാനും മുറിവേൽപ്പിച്ചവരോട് ക്ഷമിക്കാനുമുള്ള എല്ലാവരുടെയും ആഗ്രഹത്തെ ജ്വലിപ്പിക്കേണമേ; അവിടത്തെ പ്രവർത്തനത്താൽ, ഭൂമിയിലെ എല്ലാ ജനങ്ങളും സഹോദരങ്ങളെപ്പോലെ കഴിയുകയും, അവർ ഏറ്റവുമധികം ആഗ്രഹിക്കുന്ന സമാധാനം അവരിൽ പുഷ്പിക്കുകയും വാഴുകയും ചെയ്യട്ടെ "(Pacem in Terris, 91).
താൻ പരിശുദ്ധ അമ്മയുടെ ചിത്രത്തിനു മുന്നിൽ മെഴുകു തിരി തെളിക്കാൻ പോകുന്നതിനെക്കുറിച്ചു സൂചിപ്പിച്ചുകൊണ്ട് പാപ്പാ അതൊരു ലളിതമായ ചടങ്ങാണെന്നും എന്നാൽ സാരസാന്ദ്രമാണെന്നും പറഞ്ഞു. ക്രിസ്തീയ പാരമ്പര്യത്തിൽ ആ ചെറുനാളം ദൈവത്തിലുള്ള വിശ്വാസത്തിൻറെയും അതുപോലെ തന്നെ പ്രത്യാശയുടെയും അടയാളമാണെന്ന് പറഞ്ഞു. നമ്മുടെ അമ്മയായ മറിയത്തെ ഏറ്റം ക്ലേശകരമായ വേളകളിൽ താങ്ങിനിറുത്തിയ പ്രത്യാശയാണ് അതെന്നും പാപ്പാ കൂട്ടിച്ചേർത്തു.
പ്രഭാഷണാന്തരം പാപ്പാ നേരത്തെ സൂചിപ്പിച്ചതു പോലെ, പരിശുദ്ധ മറിയത്തിൻറെ തിരുച്ചിത്രത്തിനു മുന്നിൽ ഒരു മെഴുകുതിരി അഞ്ചു മക്കളും മാതാപിതാക്കളുമടങ്ങിയ കുടിയേറ്റകുടുംബത്തോടൊപ്പം തെളിയിച്ചു. അതിനു ശേഷം സാർവ്വത്രിക പ്രാർത്ഥന ആയിരുന്നു.
പ്രാർത്ഥന
കർത്താവായ ദൈവമേ, പ്രപഞ്ച സ്രഷ്ടാവേ,
സ്വാതന്ത്ര്യത്തിൻറെയും സമാധാനത്തിൻറെയും
സ്നേഹത്തിൻറെയും സാഹോദര്യത്തിൻറെയും ഉറവിടമേ,
നിൻറെ കൂട്ടായ്മയിൽ ഞങ്ങളെ പങ്കുചേർക്കാൻ
നീ നിൻറെ ഛായയിൽ ഞങ്ങളെ സൃഷ്ടിക്കുകയും
നിൻറെ ജീവശ്വാസം ഞങ്ങളിലേക്കു പകരുകയും ചെയ്തു.
ഞങ്ങൾ നിൻറെ ഉടമ്പടി ലംഘിച്ചപ്പോഴും
മരണത്തിൻറെ ശക്തിക്ക് നീ ഞങ്ങളെ വിട്ടുകൊടുത്തില്ല, മറിച്ച്,
നിൻറെ അനന്തമായ കാരുണ്യത്തിൽ നീ എന്നും ഞങ്ങളെ,
നിന്നിലേക്ക് മടങ്ങാനും നിൻറെ മക്കളെപ്പോലെ ജീവിക്കാനും വിളിച്ചു.
നിൻറെ പരിശുദ്ധാത്മാവിനാൽ നീ ഞങ്ങളെ നിറയ്ക്കണമേ
ഭവനത്തിൻറെയും സ്വന്തം നാടിൻറെയും ഊഷ്മളത നഷ്ടപ്പെട്ട
ഞങ്ങളുടെ സഹോദരീസഹോദരന്മാരുടെ, പലപ്പോഴും നിശബ്ദമായ,
രോദനം കേൾക്കാൻ കഴിവുറ്റ ഒരു പുത്തൻ ഹൃദയം ഞങ്ങൾക്കു നൽകേണമേ,
മനുഷ്യത്വത്തിൻറെ ഭാവങ്ങളും പ്രവർത്തികളും കൊണ്ട്
അവർക്ക് പ്രത്യാശ പകരാൻ ഞങ്ങളെ പ്രാപ്തരാക്കേണമേ.
ഞങ്ങളെ സമാധാനത്തിൻറെയും മൂർത്ത സോദരസ്നേഹത്തിൻറെയും
ഉപകരണങ്ങളാക്കേണമേ.
ഭയങ്ങളിലും മുൻവിധികളിലും നിന്ന് ഞങ്ങളെ മുക്തരാക്കുക,
അങ്ങനെ അവരുടെ കഷ്ടപ്പാടുകൾ ഞങ്ങളുടേതാക്കാനും
അനീതിക്കെതിരെ ഒരുമിച്ച് പോരാടാനും ഞങ്ങൾക്കു സാധിക്കട്ടെ.
പിതാവേ, നീ ഞങ്ങൾക്കു പ്രദാനം ചെയ്യുകയും നിൻറെ പുത്രൻ
എന്നന്നേക്കുമായി വിശുദ്ധീകരിക്കുകയും ചെയ്ത അലംഘനീയ
ഔന്നത്യത്തിൽ ഓരോ വ്യക്തിയും ആദരിക്കപ്പെടുന്ന ഒരു ലോകം അങ്ങനെ വളരട്ടെ.
ആമേൻ.
ഈ പ്രാർത്ഥനയോടെ കൂടിക്കാഴ്ച സമാപിച്ചു. പാപ്പാ ഉണ്ണിയേശുവിനെ കൈയ്യിലേന്തിയ പരിശുദ്ധ മറിയത്തിൻറെ ഒരു സെറാമിക് രൂപം കുടിയേറ്റക്കാർക്കായുള്ള കേന്ദ്രത്തിന് സമ്മാനിച്ചു.
കൂടിക്കാഴ്ച കഴിഞ്ഞതിനു ശേഷം പാപ്പാ കുടിയേറ്റക്കാരുമൊത്ത് അല്പസമയം ചിലവഴിച്ചു. തദ്ദനന്തരം പാപ്പാ അവിടെ നിന്ന് നാലുകിലോമീറ്ററിലേറെ അകലെയുള്ള ലൂക്കാ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് കാറിൽ യാത്രയായി.
വിമാനത്താവളത്തിൽ യാത്രയയപ്പും വിടവാങ്ങലും
പാപ്പായെ യാത്രയായ്ക്കാൻ മാൾട്ടയുടെ പ്രസിഡൻറ് ജോർജ്ജ് വില്യം വേല്ലയും പത്നി മിറിയം വേല്ലയും ഇതര രാഷ്ട്ര സഭാ പ്രതിനിധികളും സന്നിഹിതരായിുന്നു. കാറിൽ നിന്നിറങ്ങിയ പാപ്പാ വിശിഷ്ടാതിഥികൾക്കുള്ള ശാലയിലേക്കു പ്രവേശിച്ചപ്പോൾ പ്രസിഡൻറും പത്നിയും ചേർന്ന് പാപ്പായെ സ്വീകരിച്ചു. അൽപനേരത്തെ സൗഹൃദ സംഭാഷണത്തിനു ശേഷം പ്രസിഡൻറ് പാപ്പായെ വ്യോമയാനത്തിനടുത്തേക്കാനയിച്ചു. ഔദ്യോഗിക യാത്രയയപ്പിൻറെ ഭാഗമായി വത്തിക്കാൻറെയും മാൾട്ടയുടെയും ദേശീയ ഗാനങ്ങൾ സൈനിക ബാൻറ് വാദനം ചെയ്തു. സൈനികോപചാരം സ്വീകരിച്ചതിനെ തുടർന്ന് പാപ്പാ, പ്രസിഡൻറിനാൽ അനുഗതനായി, ചുവന്ന പരവതാനിയിലുടെ നടന്ന് എയർ മാൾട്ടയുടെ എയർ ബസിനടുത്തേക്കു നീങ്ങുകയും എല്ലാവരോടും വിട ചൊല്ലിയതിനു ശേഷം വ്യോമയാനപ്പടവുകളേറുകയും ചെയ്തു. തുടർന്ന് വിമാനം റോം ലക്ഷ്യമാക്കി പറന്നുയർന്നു.
ആകാശനൗകയിൽ നിന്ന് ആശംസാ സന്ദേശങ്ങൾ:
വിമാനം മാൾട്ടയുടെ മണ്ണിൽ നിന്നു പറന്നുയർന്നപ്പോൾ പാപ്പാ അന്നാടിൻറെ പ്രസിഡൻറ് ജോർജ്ജ് വില്ല്യം വേല്ലയക്ക് ആശംസാ-പ്രാർത്ഥനാ സന്ദേശം അയച്ചു.
പ്രസിൻറിനും പൗരാധികാരികൾക്കും അന്നാട്ടിലെ ജനങ്ങൾക്കു മുഴുവനും തൻറെ അഗാധമായ നന്ദി പാപ്പാ ഈ സന്ദേശത്തിൽ അറിയിക്കുകയും ദൈവം അന്നാടിനെ പൗലോശ്ലീഹായിലൂടെ സമൃദ്ധമായി അനുഗ്രഹിക്കട്ടെയെന്ന് പ്രാർത്ഥിക്കുകയും ചെയ്യുന്നു.
വ്യോമയാനം ഇറ്റലിയുടെ വ്യോമപാതയിലേക്കു കടന്നപ്പോൾ പാപ്പാ അന്നാടിൻറെ പ്രസിഡൻറ് സേർജൊ മത്തരേല്ലയക്ക് ഒരു സന്ദേശം അയച്ചു.
പ്രത്യാശയുടെ തുടിപ്പ് നിലനിറുത്തുന്നതിലും ജീവൻറെ പരിപാലനത്തിലും നൈയമികതയിലും അപരനെ സ്വാഗതം ചെയ്യുന്നതിലും സാമാധാനത്തിനായി ദാഹിക്കുന്നതിലും തളരാതിരിക്കാൻ മദ്ധ്യധരണ്യാഴിപ്രദേശത്തിൻറെ ഹൃദയമായ മാൾട്ടയിലെ ഇടയസന്ദർശനവേളയിൽ താൻ നടത്തിയ ക്ഷണം പാപ്പാ സന്ദേശത്തിൽ അനുസ്മരിക്കുകയും പ്രസിഡൻറിനും ഇറ്റലിക്കും, ഇറ്റലിയിലെ ജനങ്ങൾക്കും ക്ഷേമാശംസകൾ നേരുകയും ചെയ്യുന്നു.
മാദ്ധ്യമപ്രവർത്തകരുമൊത്ത് അല്പനേരം.......
വിമാനത്തിൽ വച്ച് മാദ്ധ്യമപ്രവർത്തകരുമായി പാപ്പാ നടത്തിയ സംഭാഷണത്തിൻറെ മുഖ്യ വിഷയം ഉക്രയിനിൽ നടക്കുന്ന യുദ്ധ ദുരന്തമായിരുന്നു.
നാം ഒരിക്കലും പാഠം പഠിക്കുന്നില്ലെന്നും യുദ്ധങ്ങളോടും കായേൻറെ മനോഭാവത്തോടും നാം പ്രണയത്തിലാണെന്നും പാപ്പാ തദ്ദവസരത്തിൽ കുറ്റപ്പെടുത്തി. യുദ്ധം എന്നും മൃഗീയമായ ഒരു ക്രൂരതയാണെന്നും ഉക്രയിൻ യുദ്ധം അവസാനിപ്പിക്കുന്നതിനു വേണ്ടി ചെയ്യേണ്ടതെല്ലാം, ചെയ്യാൻ താനും പരിശുദ്ധസിംഹാസനവും തയ്യാറാണെന്നും പാപ്പാ പറഞ്ഞു.
ഉക്രയിനിലേക്കുള്ള ഒരു യാത്രയെക്കുറിച്ചുള്ള ചോദ്യത്തിനും പാപ്പാ അനുകൂലമായി പ്രത്യുത്തരിച്ചു.
തനിക്ക് അവിടേയ്ക്കു പോകണമെന്ന ആത്മാർത്ഥമായ ആഗ്രഹമുണ്ട് അത് പരിഗണനയിലാണ് എന്നാൽ അതു നടക്കുമോ ഇല്ലയൊ എന്നറിയില്ല എന്ന് പാപ്പാ വ്യക്തമാക്കുകയും ചെയ്തു.
യുദ്ധത്തെക്കുറിച്ചുള്ള ചോദ്യത്തിന് പാപ്പാ, ഏതൊരു യുദ്ധവും പൊട്ടിപ്പുറപ്പെടുന്നത് അനീതിയിൽ നിന്നാണെന്നും കാരണം യുദ്ധത്തിൻറെതായൊരു ചട്ടക്കൂട് ഉണ്ടെന്നും യുദ്ധപദ്ധതികൾ പ്രബലപ്പെടുന്നുവെന്നും പറഞ്ഞു.
തെറ്റുകാരായ നാമെല്ലാവരോടും കാരുണ്യം കാണിക്കാൻ കർത്താവിനോടു പ്രാർത്ഥിച്ചുകൊണ്ടാണ് പാപ്പാ വിമാനയാത്രയിൽ മാദ്ധ്യമപ്രവർത്തകരുമായുള്ള തൻറെ സംഭാഷണം അവസാനിപ്പിച്ചത്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: