ഫ്രാൻസീസ് പാപ്പാ മാൾട്ടയിൽ- മുപ്പത്തിയാറാം വിദേശ ഇടയസന്ദർശനം!

പാപ്പായുടെ ദ്വിദിന വിദേശ അജപാലന സന്ദർശനത്തിന് ഏപ്രിൽ രണ്ടിന്, ശനിയാഴ്ച, തുടക്കമായി.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ഫ്രാൻസീസ് പാപ്പാ യൂറോപ്യൻ നാടായ മാൾട്ടയിൽ ഇടയസന്ദർശനം നടത്തുന്നു.  ഇറ്റലിക്കും ആഫ്രിക്കയ്ക്കുമിടയിൽ മദ്ധ്യധരണ്യാഴിയിൽ (മെഡിറ്ററേനിയൻ കടൽ) സ്ഥിതിചെയ്യുന്ന ദ്വീപുരാജ്യമായ മാൾട്ടയിൽ പാപ്പാ ശനിയാഴ്ചയാണ് (02/04/22) എത്തിയത്. ഈ ദ്വദിന അജപാലനസന്ദർശനം പാപ്പായുടെ മുപ്പത്തിയാറാമാത്തെ വിദേശ അപ്പൊസ്തോലിക യാത്രയാണ്. “ഞങ്ങളോട് അനന്യസാധാരണമായ മനുഷ്യത്വത്തോടെ അവർ പെരുമാറി” എന്ന അപ്പൊസ്തോല പ്രവർത്തനം, ഇരുപത്തിയെട്ടാം അദ്ധ്യായത്തിലെ രണ്ടാം വാക്യത്തിൽ നിന്ന് അടർത്തിയെടുത്ത ഈ വാചകമാണ് ഈ ഇടയസന്ദർശനത്തിൻറെ മുദ്രാവാക്യം. തടവുകാരായിരുന്ന പൗലോസിനെയും കൂട്ടരേയും റോമിലേക്കു കൊണ്ടുപോകവെ അപകടത്തിൽ തകർന്ന കപ്പലിൽ നിന്ന് രക്ഷപ്പെട്ട് നീന്തി മാൾട്ടയുടെ കരയിലെത്തിയ അപ്പൊസ്തോലനുൾപ്പടെയുള്ളവരോട് സ്ഥലനിവാസികൾ കാണിച്ച കാരുണ്യത്തെ പ്രകീർത്തിക്കുന്നതാണ് ഈ വാക്യം.

മാറ്റിവച്ച യാത്രയുടെ സാക്ഷാൽക്കാരം

മാൾട്ടയുടെ പ്രസിഡൻറിൻറെയും സർക്കാരിൻറെയും പ്രാദേശിക സഭയുടെയും ക്ഷണം സ്വീകരിച്ചുകൊണ്ട് അന്നാട്ടിൽ എത്തിയിരിക്കുന്ന പാപ്പായുടെ സന്ദർശന വേദികൾ ല വല്ലേത്ത, റബാത്ത്, ഫ്ലൊറിയാന, ഗോത്സൊ ദ്വീപ് (La Valletta, Rabat, Floriana Gozo)  എന്നിവിടങ്ങളാണ്.  ഈ സന്ദർശനം പാപ്പാ 2020 മെയ് 31-ന് നടത്താൻ നിശ്ചിച്ചിരുന്നതാണ്. എന്നാൽ കോവിദ് 19 മഹാമാരി പൊട്ടിപ്പുറപ്പെട്ടതിനെ തുടർന്ന് അത് റദ്ദു ചെയ്യുകയായിരുന്നു.

മുൻ പാപ്പാമാരുടെ മാൾട്ട സന്ദർശനം

ഇക്കഴിഞ്ഞ മൂന്നു പതിറ്റാണ്ടിനുള്ളിൽ മാൾട്ടയുടെ മണ്ണിൽ പാദമൂന്നിയ മൂന്നാമത്തെ മാർപ്പാപ്പായണ് ഫ്രാൻസീസ്. വിശുദ്ധ രണ്ടാം ജോൺ പോൾ മാർപ്പാപ്പാ 1990, 2001 എന്നീ വർഷങ്ങളിലായി രണ്ടു പ്രാവശ്യം മാൾട്ട ദ്വീപിൽ ഇടയസന്ദർശനം നടത്തിയിട്ടുണ്ട്. ഇപ്പോൾ വത്തിക്കാനിൽ വിശ്രമജീവിതം നയിച്ചുവരുന്ന “എമെരിത്തൂസ്” പാപ്പാ ബെനെഡിക്ട് പതിനാറാമൻ 2010-ൽ അന്നാട്ടിലെത്തിയിരുന്നു.

മാൾട്ട

316 ചതുരശ്ര കിലോമീറ്റർ മാത്രം വസ്തൃതിയുള്ള മാൾട്ടയുടെ തലസ്ഥാനം വല്ലേത്തയാണ്. അന്നാട്ടിലെ ഏറ്റവും വലിയ നഗരമാകട്ടെ ബിർകിർകാരയും. അന്നാട്ടിലെ ജനസംഖ്യയെക്കുറിച്ചു പറയുകയാണെങ്കിൽ നിവാസികളുടെ എണ്ണം ഏതാണ്ട് 4 ലക്ഷത്തി 78000 ആണ്. ഇവർ ഉപയോഗിക്കുന്ന ഔദ്യോഗിക ഭാഷകൾ മാൾട്ടീസും ഇംഗ്ലീഷുമാണ്. കത്തോലിക്കരാണ് ജനങ്ങളിൽ 85 ശതമാനവും.

1800 മുതൽ ബ്രിട്ടൻറെ ആധിപത്യത്തിലായിരുന്ന മാൾട്ട 1964-ലാണ് സ്വതന്ത്രമായത്. 1973 ഡിസമ്പർ 13-ന് അന്നാട്  പാർലിമെൻററി റിപ്പബ്ലിക്കായി. കോമൺവെൽത്ത് അംഗരാഷ്ട്രമായ മാൾട്ട യൂറോപ്യൻ സമിതിയിലും ഐക്യരാഷ്ട്രസഭയിലും അംഗമാണ്. യൂറോപ്യൻ പാർലിമെൻറിൻറെ അദ്ധ്യക്ഷസ്ഥാനം വഹിക്കുന്നത് ഇപ്പോൾ മാൾട്ട സ്വദേശിനി റൊബോർത്ത മെത്സോളയാണ്. 

1965 ഡിസമ്പർ 15-ന് മാൾട്ട പരിശുദ്ധസിംഹാസനവുമായി നയതന്ത്രബന്ധം സ്ഥാപിച്ചു. മദ്ധ്യധരണ്യാഴിയുടെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്നതിനാൽ തന്ത്രപ്രാധാന്യമുള്ള ഒരു രാജ്യവും ഭ്രൂണഹത്യ പൂർണ്ണമായി നിരോധിക്കപ്പെട്ടിട്ടുള്ള ഏക യൂറോപ്യൻ നാടുമാണ് മാൾട്ട. എന്നാൽ 2011-ൽ അന്നാട് വിവാഹമോചനത്തിന് നൈയമിക അംഗീകാരം നല്കി.

സഹസ്രാബ്ദങ്ങൾ പഴക്കമുള്ള സഭ 

അന്നാട്ടിലെ സഭയുടെ ചരിത്രം അറുപതാം ആണ്ടുവരെ, അതായത്, അപ്പസ്തോല പ്രവർത്തനങ്ങളിൽ വിവരിക്കപ്പെട്ടിരിക്കുന്ന കപ്പലപകട സംഭവം വരെ, പിന്നോട്ടുപോകുന്നതാണ്. തടവുകാരായിരുന്ന പൗലോസിനെയും ഇതരയാളുകളെയും കയറ്റിയ കപ്പൽ റോമിലേക്കുള്ള യാത്രാ വേളയിൽ കൊടുങ്കാറ്റിൽ തകർന്നു. നീന്തി കരപറ്റിയ പൗലോസും കൂട്ടരും എത്തിച്ചേർന്നത് മാൾട്ടയിലാണ്. അങ്ങനെ ആ സംഭവമാണ് അന്നാട്ടിൽ സുവിശേഷവത്ക്കരണത്തിന് തുടക്കമാകുന്നത്.

പാപ്പായുടെ മാൾട്ടാ സന്ദർശനം

ഫ്രാൻസീസ് പാപ്പാ തൻറെ ഈ യാത്രയിൽ വ്യോമ-കര-ജലമാർഗ്ഗങ്ങളിലായി മൊത്തം 1370-ലേറെ കിലോമീറ്റർ സഞ്ചരിക്കും, ആറു പ്രഭാഷണങ്ങൾ നടത്തും. ശനിയാഴ്‌ച രാവിലെ മാൾട്ടയിൽ വിമാനമിറങ്ങിയ പാപ്പാ ഞായറാഴ്ച രാത്രി വത്തിക്കാനിൽ തിരിച്ചെത്തും.

പാപ്പാ പരിശുദ്ധ അമ്മയുടെ സവിധത്തിൽ 

ഏപ്രിൽ 1-ന് വെള്ളിയാഴ്‌ച (01/04/22) പാപ്പാ, തൻറെ ഇടയസന്ദർശനങ്ങൾക്കു മുമ്പുള്ള പതിവനുസരിച്ച്, റോമൻ ജനതയുടെ സംരക്ഷകയായി “സാളുസ് പോപുളി റൊമാനി” (Salus Populi Romani) എന്ന അഭിധാനത്തിൽ, റോമിലെ വിശുദ്ധ മേരി മേജർ ബസിലിക്കയിൽ വണങ്ങപ്പെടുന്ന, പരിശുദ്ധ കന്യകാനാഥയുടെ പവിത്ര സന്നിധാനത്തിലെത്തി ഈ അപ്പൊസ്തോലിക യാത്ര പരിശുദ്ധ അമ്മയ്ക്ക് സമർപ്പിച്ചു.

ഇടയസന്ദർശനത്തിനു തുടക്കം

രണ്ടാം തീയതി, ശനിയാഴ്‌ച, പ്രാദേശിക സമയം, രാവിലെ 7.40-തോടെ, ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് മുമ്പ് 11.10-ന്, റോമിലെ  അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക്, അതായത്, വത്തിക്കാനിൽ നിന്ന് മുപ്പതോളം കിലോമീറ്റർ അകലെ, ഫ്യുമിച്ചീനൊയിൽ സ്ഥിതിചെയ്യുന്ന, ലെയൊണാർദൊ ദ വിഞ്ചി, വിമാനത്താവളത്തിലേക്ക്, പാപ്പാ കാറിൽ യാത്രയായി. ഈ വിമാനത്താവളം പോർത്തൊ സാന്ത റുഫീന രൂപതയുടെ സഭാഭരണസീമയ്ക്കുള്ളിൽ വരുന്നതിനാൽ പ്രസ്തുത രൂപതയുടെ മെത്രാൻ ജൻറീക്കൊ റൂത്സ പാപ്പായെ യാത്രയയ്ക്കാൻ വിമാനത്താവളത്തിൽ സന്നിഹിതനായിരുന്നു. അവിടെ സജ്ജമാക്കി നിറുത്തിയിരുന്ന ഇത്താ (ITA) എയർവെയ്സിൻറെ എയർബസ് എ 320-ൽ പാപ്പായും അനുചരരും കയറിയതിനെ തുടർന്ന് ആ ആകാശനൗക അവരെ വഹിച്ചുകൊണ്ട് മാൾട്ടയിലെ ലൂക്ക അന്താരാഷ്ട്രവിമാനത്താവളം ലക്ഷ്യമാക്കി പറന്നുയർന്നു.

ഈ രണ്ടു വിമാനത്താവളങ്ങൾക്കിടയിലുള്ള 686 കിലോമീറ്റർ വ്യോമദൂരം പിന്നിടുന്നതിന് ഈ വിമാനം ഏകദേശം 1 മണിക്കൂറും 30 മിനിറ്റും എടുത്തു.

പാപ്പായുടെ ആശംസാസന്ദേശം ഇറ്റലിയുടെ പ്രസിഡൻറിന്

ഈ യാത്രാവേളയിൽ വ്യോമയാനം ഇറ്റലിക്കു മുകളിലൂടെ പറക്കവെ പാപ്പാ ഇറ്റലിയുടെ പ്രസിഡൻറ്  സേർജൊ മത്തരേല്ലയ്ക്ക് ഒരു ആശംസാസന്ദേശമയച്ചു.

നിരവധിയായ ഗമനാഗമനങ്ങളുടെ സഹസ്രാബ്ദം പഴക്കമുള്ള ഒരു തുറമുഖവും മദ്ധ്യധരണ്യാഴിയുടെ ഹൃദയഭാഗത്തു സ്ഥിതിചെയ്യുന്നതുമായ തിളക്കമാർന്ന സുന്ദര നാടുമായ മാൾട്ടയിൽ ഇടയസന്ദർശനത്തിനായി ഇറ്റലിയുടെ അതിർത്തി വിടുന്ന വേളയിൽ, വിശ്വാസത്തിൽ സഹോദരങ്ങളായ അന്നാട്ടിലെ ജനങ്ങളുമായി കൂടിക്കാഴ്ച നടത്താൻ കഴിയുന്നതിലുള്ള സന്തോഷത്തോടുകൂടി  താൻ പ്രസിഡൻറ് മത്തരേല്ലയ്ക്കും ഇറ്റലിയിലെ അഖില ജനത്തിനും ഹൃദയംഗമായ അഭിവാദനങ്ങൾ അർപ്പിക്കുകയും പ്രശാന്തതയും ശാന്തിയും ആശംസിക്കുകയും ചെയ്യുന്നുവെന്ന്  പാപ്പാ സന്ദേശത്തിൽ അറിയിച്ചു.

ആകാശനൗകയിൽ പാപ്പായ്ക്കൊരു സമ്മാനം

കടൽ കടക്കവെ ചെറുവള്ളം തകരുകയും അപകടത്തിൽ നിന്ന് രക്ഷപ്പെടുകയും തൻറെ കൂട്ടുകാരെ രക്ഷിക്കാൻ കഴിയാതെ നിസ്സഹായാവസ്ഥയിലായിത്തീരുകയും ചെയ്ത ഡാനിയേൽ എന്ന കുടിയേറ്റക്കാരൻ വരച്ച ഒരു ചിത്രം സ്പെയിനിലെ കത്തോലിക്കാമെത്രാൻസംഘത്തിൻറെ റേഡിയോ നിലയത്തിലെ മാദ്ധ്യമപ്രവർത്തക ഏവ ഫെർണാണ്ടസ് മാൾട്ടയിലേക്കുള്ള വിമാനയാത്രാവേളയിൽ പാപ്പായ്ക്ക് സമ്മാനിച്ചു.

സ്വീകരണം വിമാനത്താവളത്തിൽ

വിമാനത്താളത്തിൽ പാപ്പായെ സ്വീകരിക്കാൻ മാൾട്ടയുടെ പ്രസിഡൻറ് ജോർജ് വില്യം വേല്ലയും (George William Vella) പത്നിയും അന്നാട്ടിലെ അപ്പൊസ്തോലിക് നുൺഷ്യൊ ആർച്ചുബിഷപ്പ് അലെസ്സാന്ത്രൊ ദെ റീക്കൊയും മാൾട്ട പരിശുദ്ധസിംഹാസനത്തിനുവേണ്ടി നിയമിച്ചിട്ടുള്ള സ്ഥാനപതി ഫ്രാങ്ക് ത്സമ്മിറ്റും സന്നിഹിതരായിരുന്നു.

അപ്പൊസ്തോലിക് നുൺഷ്യൊ ആർച്ചുബിഷപ്പ് അലെസ്സാന്ത്രൊ ദെ റീക്കൊയും, അന്നാട്ടിലെ പാപ്പാസന്ദർശനപരിപാടികളുടെ മേധാവിയും വിമാനത്തിനകത്തു കയറി പാപ്പായെ പുറത്തേക്കാനയിച്ചു. വ്യോമയാനപ്പടവുകളിറങ്ങിയ പാപ്പായെ രാഷ്ട്രപതിയും പത്നിയും ചേർന്നു സ്വീകരിച്ചു. മാൾട്ടയുടെ സാംസ്കാരിക തനിമ വിളിച്ചോതുന്ന പാരമ്പര്യ വസ്ത്രധാരികളായിരുന്ന രണ്ടു കുട്ടികൾ പാപ്പായ്ക്ക് പൂക്കൾ സമ്മാനിച്ചു. തുടർന്ന് വത്തിക്കാൻറെയും മാൾട്ടയുടെയും പ്രതിനിധി സംഘങ്ങളെ പരിചയപ്പെടുത്തിയ ചടങ്ങിനു ശേഷം ഇരു രാജ്യങ്ങളുടെയും ദേശീയ ഗാനങ്ങൾ സൈനികബാൻറ് വാദനം ചെയ്തു. തദ്ദനന്തരം സൈനികോപചാരം സ്വീകരിച്ച പാപ്പാ മാൾട്ടയുടെ ദേശീയ പതാകയ്ക്ക് ആദരവർപ്പിച്ചു. അതിനുശേഷം പ്രസിഡൻറും പത്നിയും പാപ്പായെ വിശിഷ്ടാതിഥികൾക്കുള്ള ശാലയിലേക്ക് ആനയിച്ചു. അല്പസമയത്തിനു ശേഷം പാപ്പാ, വിമാനത്താവളത്തിൽ നിന്ന് 10 കിലോമീറ്റർ അകലെ, പ്രസിഡൻറിൻറെ ഔദ്യോഗിക വസതിയിലേക്കു യാത്രയായി. തലസ്ഥാനനഗരിയായ “ല വല്ലേത്ത”യിലാണ് 1571-ൽ പണികഴിപ്പിക്കപ്പെട്ട ഈ മന്ദിരം.  ഗ്രാൻറ് മാസ്റ്റർ സൗധം എന്നും ഇത് അറിയപ്പെടുന്നു.

പാപ്പാ രാഷ്ട്രപതി ഭവനിൽ

രാഷ്ട്രപതിയുടെ മന്ദിരത്തിൻറെ നടുമുറ്റത്ത് വച്ച് പ്രസിഡൻറും പത്നിയും ചേർന്ന് പാപ്പായെ സ്വീകരിക്കുകയും രണ്ടാമത്തെ നിലയിലേക്കാനയിക്കുകയും അവിടെ വച്ച് സമ്മാനങ്ങൾ കൈമാറുകയും ചെയ്തു.

പാപ്പായുടെ സമ്മാനം

പാപ്പാ പ്രസിഡൻറിന് സമ്മാനിച്ചത് മുകളിൽ, മാൾട്ടാ സന്ദശനം, ഏപ്രിൽ 2,3, ഏറ്റവും താഴെ റോമൻ ലിപിയിൽ 2022 എന്നിങ്ങനെ രേഖപ്പെടുത്തിയ സന്ദർശനസ്മാരക മുദ്രയായിരുന്നു.

ഈ മുദ്രയുടെ മദ്ധ്യത്തിലായി വിശുദ്ധ പൗലോസിൻറെ രൂപം മുദ്രണം ചെയ്തിരിക്കുന്നു. അപ്പൊസ്തോലൻറെ വലത്തു പാദത്തിനരികെ അഗ്നിയിൽ നിന്നു പുറത്തുചാടുകയും മുറിവേല്പിക്കാതെ അദ്ദേഹത്തിൻറെ കരത്തിൽ കടിക്കുകയും ചെയ്ത പാമ്പിനെയും അവതരിപ്പിച്ചിരിക്കുന്നു. ഈ മുദ്രയിൽ ഇടതുവശത്ത് മാൾട്ടയിലെ കത്തീദ്രൽ ദേവാലയത്തിൻറെ താഴികക്കുടവും അതിനു പിന്നിലായി മാൾട്ട ദ്വീപും വലത്തു വശത്ത് ഗോത്സൊ ദ്വീപിലെ താ പിനുവിലുള്ള തീർത്ഥാടന കേന്ദ്രവും പൗലോസും ഇതര തടവുകാരും യാത്ര ചെയ്യുകയും കൊടുങ്കാറ്റിൽ തകരുകയും ചെയ്ത സംഭവത്തെ അനുസ്മരിപ്പിക്കുന്ന കപ്പലും ദൃശ്യമാണ്.

ഔദ്യോഗിക ഛായാഗ്രഹണത്തിനു ശേഷം ഫ്രാൻസീസ് പാപ്പായും പ്രസിഡൻറ് ജോർജ് വില്യം വേല്ലയും (George William Vella) സ്വകാര്യ കൂടിക്കാഴ്ച നടത്തി. തുടർന്ന് പ്രസിഡൻറിൻറെ കുടുംബത്തെ പരിചയപ്പെട്ടതിനു ശേഷം പാപ്പാ വിശിഷ്ടാതിഥികൾ സന്ദർശനക്കുറിപ്പ് രേഖപ്പെടുത്തുന്ന പുസ്തകത്തിൽ ഒപ്പു വച്ചു. തദ്ദനന്തരം പാപ്പാ അന്നാടിൻറെ പ്രധാനമന്ത്രി റോബെർട്ട് അബേലയുമായി അല്പസമയം സംഭാഷണം നടത്തി. അതിനുശേഷം പാപ്പാ അന്നാടിൻറെ അധികാരികളും നയതന്ത്ര പ്രതിനിധികളും അടങ്ങുന്ന 150 പേരുടെ ഒരു സംഘവുമായി ഗ്രാൻറ് കൗൺസിൽ ചേംബർ ശാലയിൽ വച്ച് കൂടിക്കാഴ്ച നടത്തുകയും അവരെ സംബോധന ചെയ്യുകയും ചെയ്തു.

കൂടിക്കാഴ്ചയ്ക്കെത്തിയ പാപ്പായെ പ്രസിഡൻറ് സ്വാഗതം ചെയ്തു.          

മാൾട്ടയും പരിശുദ്ധസിംഹാസനവും തമ്മിലുള്ള ഉറ്റതും ചരിത്രപരവുമായ ബന്ധം ഉപരിശക്തിപ്പെടുത്തുന്നതാണ് നീണ്ട കാത്തിരിപ്പിനു ശേഷമുള്ള പാപ്പായുടെ ഈ സന്ദർശനം എന്ന് പ്രസിഡൻറ് തൻറെ സ്വാഗതപ്രസംഗത്തിൽ പറഞ്ഞു.

കോവിദ് 19 മഹാമാരി, യുദ്ധം, പരിസ്ഥിതി നാശം, കുടിയേറ്റം സമൂഹത്തിൽ മഹിളകളുടെ പങ്ക്, ഒരുമയിൽ ചരിക്കേണ്ടതിൻറെ ആവശ്യകത, സിനഡാത്മകത, ജീവൻറെ പവിത്രത തുടങ്ങിയ വിവിധ വിഷയങ്ങളിലൂടെ അദ്ദേഹം കടന്നുപോയി.

ഉക്രയിനിൽ നാശം വിതച്ചുകൊണ്ടിരിക്കുന്ന യുദ്ധം നരകുലത്തിൻറെ ഒരുമ എന്ന നന്മയുടെ, സഹാനുഭൂതിയുടെ, ഐക്യദാർഢ്യവബോധത്തിൻറെ പ്രകാശനത്തിന് വഴിതെളിച്ചിരിക്കുന്നതിനെക്കുറിച്ചും പ്രസിഡൻറ് ജോർജ് വില്യം വേല്ല സൂചിപ്പിച്ചു. രോഗഗ്രസ്ഥമായ നമ്മുടെ ഗ്രഹം പരിക്ഷീണിതമാണെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം നാമാകട്ടെ പരിസ്ഥിതിനാശത്തിൻറെയും കാലവസ്ഥമാറ്റത്തിൻറെയും പ്രകൃതിവിഭവ ചൂഷണത്തിൻറെയും അടയളങ്ങളെ അവഗണിക്കുകയാണെന്ന് കുറ്റപ്പെടുത്തി. 

മദ്ധ്യധരണ്യാഴിപ്രദേശത്തും ലോകം മുഴുവനിലും ആയുധ പ്രവർദ്ധനവും ആയുധക്കച്ചവടവും കുറച്ചുകൊണ്ടുവരേണ്ടതിൻറെ ആവശ്യകത അദ്ദേഹം ആവർത്തിച്ചു ചൂണ്ടിക്കാട്ടി. ആയുധമത്സരത്തിൻറെ ഫലം, അക്രമ തുടർച്ചയും ഭിന്നിപ്പും മാനവപ്രതിസന്ധിയും മരുന്നും ഭക്ഷണവും ലഭിക്കാത്തതുമൂലമുള്ള മരണങ്ങളുമാണെന്ന് അദ്ദേഹം പറഞ്ഞു. രാജ്യങ്ങളും സംസ്കാരങ്ങളും മതങ്ങളും തമ്മിലുള്ള സംഭാഷണവും പരസ്പര ബഹുമാനവും പ്രോത്സാഹിപ്പിക്കുകയെന്ന തത്വാധിഷ്ഠിത ദൗത്യം നിറവേറ്റുന്നത് മാൾട്ട തുടരുമെന്ന്  പ്രസിഡൻറ് ഉറപ്പുനൽകുകയും ചെയ്തു. ജീവൻറെ ഉത്ഭവ നിമിഷം മുതൽ സ്വാഭാവിക അന്ത്യം വരെ അതിൻറെ പവിത്രത ആദരിക്കേണ്ടതിൻറെ അനിവര്യതയും അദ്ദേഹം ചൂണ്ടിക്കാട്ടി.

പ്രസിഡൻറിൻറെ സ്വാഗത വാക്കുകളെ തുടർന്ന് പാപ്പാ മാൾട്ടയുടെ അധികാരികളെയും നയതന്ത്രപ്രതിനിധികളെയും  സംബോധന ചെയ്തു.

അനുഭവവേദ്യമായ  ഊഷ്മള വരവേൽപ്പ്              

റോമിലേക്കുള്ള യാത്രാമദ്ധ്യേ കപ്പലപകടത്തിൽപ്പെട്ട് മാൾട്ടയിൽ എത്തിയ പൗലോസപ്പൊസ്തോലനും അദ്ദേഹത്തിൻറെ സഹയാത്രികർക്കും മാൾട്ടയിലെ ജനങ്ങളുടെ പൂർവ്വികർ “അനന്യസാധാരണമായ കരുണയോടെ” ആതിഥ്യമരുളിയത് അനുസ്മരിച്ച പാപ്പാ, റോമിൽ നിന്നു വരുന്ന തനിക്കും അനുഭവപ്പെടുന്നത് മാൾട്ടയിലെ ജനതയുടെ ഊഷ്മളമായ വരവേൽപ്പാണെന്നും ഇത് അന്നാട്ടിൽ തലമുറകളായി കൈമാറിവരുന്ന നിധിയാണെന്നും ആമുഖമായി പറഞ്ഞു.

മദ്ധ്യധരണ്യാഴിപ്രദേശത്തിൻറെ ഹൃദയസ്ഥാനം

മാൾട്ടസ്ഥിതിചെയ്യുന്ന സ്ഥാനം കണക്കിലെടുത്ത് അന്നാടിനെ മദ്ധ്യധരണ്യാഴി പ്രദേശത്തിൻറെ ഹൃദയമായി വിശേഷിപ്പിക്കുന്നതിനെക്കുറിച്ചും പാപ്പാ പരാമർശിച്ചു.ഈ സ്ഥാനംകൊണ്ടു മാത്രമല്ല, ചരിത്രസംഭവങ്ങളുടെ ഇഴചേരലും ജനതകളുടെ സമാഗമങ്ങളും ഈ ദ്വീപുകളെ സഹസ്രാബ്ദങ്ങളായി ചൈതന്യത്തിൻറെയും സംസ്കൃതിയുടെയും ആത്മീയതയുടെയും സൗന്ദര്യത്തിൻറെയും കേന്ദ്രമാക്കി മാറ്റിയിരിക്കുന്നുവെന്ന് പാപ്പാ പറഞ്ഞു. പല ഭാഗങ്ങളിൽ നിന്നുള്ള സ്വാധീനങ്ങളെ സ്വാഗതം ചെയ്യാനും സമന്വയിപ്പിക്കാനും കഴിയുന്ന ഒരു നാൽക്കവലയാണ് മാൾട്ടയെന്നും ഈ വൈവിധ്യമാർന്ന സ്വാധീനം ഈ നാടിൻറെ സവിശേഷതയായ കാറ്റിൻറെ വൈവിധ്യത്തെ സൂചിപ്പിക്കുന്നുവെന്നും പാപ്പാ കൂട്ടിച്ചേർത്തു.

മാൾട്ടയുടെ സവിശേഷ ശക്തി

യുദ്ധം മൂലം വികൃതമായ മാനവ വദനത്തിന് സൗകുമാര്യം വീണ്ടെടുത്തു നൽകുക എന്ന അടിയന്തര ആവശ്യം നിറവേറ്റുന്നതിന് നമുക്കു പ്രചോദനം പകരാൻ മദ്ധ്യധരണ്യാഴി പ്രദേശത്തിൻറെ ഹൃദയഭാഗത്ത് വിളങ്ങി നില്ക്കുന്ന മാൾട്ടയ്ക്ക് സാധിക്കുമെന്ന് പാപ്പാ പറഞ്ഞു. ഓരോരുത്തരുടെയും പ്രതിസന്ധികൾക്കുള്ള പരിഹാരം സകലരുടെയും പ്രശ്നങ്ങൾക്ക് പരിഹൃതിയുണ്ടാക്കലാണെന്നും, കാരണം ആഗോള പ്രശ്നങ്ങൾക്ക് ആഗോള പരിഹാരങ്ങൾ ആവശ്യമാണെന്നും പാപ്പാ ഉദ്ബോധിപ്പിച്ചു.

ആയുധങ്ങൾക്ക് നീക്കിവയ്ക്കുന്ന പണം വഴിതിരിച്ചു വിടുക 

സമാധാനത്തിനായുള്ള ജനങ്ങളുടെ ദാഹം മനസ്സിലാക്കാനും ഉപരിവിശാലമായ ഒരു സംഭാഷണത്തിന് അടിത്തറയിടാനും പരിശ്രമിക്കുന്നതിന് നാം പരസ്പരം സഹായിക്കണമെന്നും, ഭാവിതലമുറകളെ ലക്ഷ്യംവച്ചുള്ളതും നിരായുധീകരണം കേന്ദ്രവിഷയമായുള്ളതുമായ സമാധാനത്തിനായുള്ള അന്താരാഷ്ട്ര സമ്മേളനങ്ങളിലേക്ക് നാം വീണ്ടും മടങ്ങണമെന്നും പാപ്പാ ഓർമ്മിപ്പിച്ചു. ആയുധങ്ങൾക്കായി നിർബ്ബാധം നീക്കിവയ്ക്കുന്ന വൻ തുകകൾ വികസനം, ആരോഗ്യം, ഭക്ഷണം എന്നിവയ്ക്കായി ചാലു തിരിച്ചുവിടണമെന്ന് പാപ്പാ പറഞ്ഞു.

സഹജീവനത്തിൻറെ ആവശ്യകത

മദ്ധ്യപൂർവ്വദേശത്തെക്കുറിച്ച് പ്രത്യേകം പരാമർശിച്ച പാപ്പാ, വൈവിധ്യങ്ങളുടെ ഫലപ്രദമായ സഹവാസം സാദ്ധ്യമാക്കാനുള്ള മാൾട്ടയുടെ സവിശേഷ കഴിവിനെക്കുറിച്ചു സുചിപ്പിച്ചുകൊണ്ട്, ലെബനോൻ, സിറിയ, യെമെൻ എന്നീ നാടുകൾക്കും പ്രശ്നങ്ങളും അക്രമങ്ങളും കീറിമുറിച്ച ഇതര ഇടങ്ങൾക്കും ഈ സഹജീവനം ആവശ്യമുണ്ടെന്ന് പറഞ്ഞു.

മദ്ധ്യധരണ്യാഴി പ്രദേശത്തിൻറെ ഹൃദയമായ മാൾട്ട, പ്രത്യാശയുടെ തുടിപ്പും ജീവൻറെ പരിപാലനവും അപരനെ സ്വീകരിക്കലും സമാധാനത്തിനായുള്ള ദാഹവും സമാധാനം എന്ന പേരുള്ള ദൈവത്തിൻറെ സഹായത്താൽ തുടരാൻ ഇടയാക്കട്ടെ എന്ന ആശംസയോടും ദൈവം മാൾട്ടയെയും ഗോത്സൊയെയും അനുഗ്രഹിക്കട്ടെ എന്ന ആശീർവ്വാദത്തോടെയുമാണ് ഫ്രാൻസീസ് പാപ്പാ അന്നാട്ടിലെ  തൻറെ കന്നി പ്രഭാഷണം ഉപസംഹരിച്ചത്.

രാഷ്ട്രാധികാരികളും നയതന്ത്രപ്രതിനിധികളുമായുള്ള കൂടിക്കാഴ്ചാനന്തരം പാപ്പാ രാഷ്ട്രപതിമന്ദിരത്തിൽ നിന്ന് 13 കിലോമീറ്റർ അകലെയുള്ള അപ്പൊസ്തോലിക് നൺഷിയേച്ചറിലേക്കു പോകുകയും അവിടെ ഉച്ചവിരുന്നിൽ പങ്കെടുക്കുകയും ചെയ്തു. ഗോത്സൊയിലെ മ്ഗാർ തുറമുഖം വഴി “ത പിനു” ദേശീയ മരിയൻ തീർത്ഥാടന കേന്ദ്രത്തിലെത്തി അവിടെ പ്രാർത്ഥനാ ശുശ്രൂഷ നയിക്കുകയായിരുന്നു പാപ്പായുടെ, ശനിയാഴ്ച (02/04/22) ഉച്ചതിരിഞ്ഞുള്ള പരിപാടി മാൾട്ടിയിൽ.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

02 April 2022, 12:24