ഒരുമിച്ച് നന്മയ്ക്കായി ഭാവി കെട്ടിപ്പടുക്കുക: ഫ്രാൻസിസ് പാപ്പാ
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന് സിറ്റി
കാനഡയിലെ സിവിൽ അധികാരികളുമായും, തദ്ദേശീയജനതകളുടെ പ്രതിനിധികളുമായും, നയതന്ത്രപ്രതിനിധികളുമായും നടന്ന കൂടിക്കാഴ്ചയുടെ അവസരത്തിൽ, ഗവർണർ ജനറലിനെയും പ്രധാനമന്ത്രിയെയും, മറ്റ് വിശിഷ്ടവ്യക്തികളെയും അഭിസംബോധന ചെയ്ത പാപ്പാ, ആദ്യമേതന്നെ, കാനഡയുടെ ഗവർണർ ജനറൽ മേരി സൈമണും പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയ്ക്കും അവരേകിയ സ്വാഗതത്തിന് നന്ദി പറഞ്ഞു.
പ്രകൃതിയും ജനതകളും
“കടൽ മുതൽ കടൽ വരെ” അസാധാരണമായ പ്രകൃതി പൈതൃകം നൽകുന്ന കാനഡയെ നയിക്കുന്ന അധികാരികളെ അഭിസംബോധന ചെയ്യുന്നതിലുള്ള സന്തോഷം എടുത്തുപറഞ്ഞ പാപ്പാ, കാനഡയുടെ പ്രകൃതിഭംഗിയെക്കുറിച്ച്, പ്രത്യേകിച്ച് മേപ്പിൾ മരങ്ങളെക്കുറിച്ച് പരാമർശിച്ചുകൊണ്ടാണ് തന്റെ പ്രഭാഷണം തുടർന്നത്. ക്വെബെക്കിന്റെ ചിഹ്നത്തിൽനിന്നുയർന്ന്, രാജ്യത്തിന്റെ പതാകയിലുള്ള അടയാളമായി വരെ മേപ്പിൾ മാറിയിട്ടുണ്ടെന്നത് അനുസ്മരിച്ചു.
താരതമ്യേന അടുത്തിടെയാണ് ഇത് നടന്നത്. എന്നാൽ, കുടിയേറ്റക്കാർ കാനഡയുടെ മണ്ണിൽ എത്തുന്നതിന് വളരെ മുൻപ് തന്നെ തദ്ദേശീയരായ ആളുകൾ മേപ്പിളിൽനിന്ന് പോഷകസമൃദ്ധമായ സിറപ്പുകൾ ഉണ്ടാക്കിയെടുത്തിരുന്നു. ഇത് അവരുടെ കഠിനാധ്വാനത്തെക്കുറിച്ച് ചിന്തിക്കാൻ നമ്മെ പ്രേരിപ്പിക്കുന്നു. ദൈവത്തെയും മറ്റു മനുഷ്യരെയും പ്രകൃതിയെയും ശ്രവിക്കുവാനുള്ള അവരുടെ കഴിവിൽനിന്ന് ഏറെ പഠിച്ചെടുക്കാനുണ്ട്. സുസ്ഥിരവും അവിഭാജ്യവുമായ വികസനം ദുഷ്കരമാക്കുന്ന, മനുഷ്യത്വത്തിന്റെയും, ധ്യാനത്തിന്റെയും, ബന്ധങ്ങളുടെയും ഒക്കെ അർത്ഥം കണ്ടെത്താൻ പാടുപെടുന്ന, തിടുക്കവും, മടുപ്പും, നിരാശയും നിറഞ്ഞ ഈ ലോകത്തിന്റെ മുൻപിൽ ഇത് ഒരു ആവശ്യമാണ് (cf Lett. enc. Laudato si’, 18). വ്യക്തിവാദങ്ങളിൽനിന്നും, തിടുക്കത്തിലുള്ള വിധികളിൽനിന്നും, ലോകത്തെ നല്ലതും ചീത്തയുമായി വിഭജിക്കുന്നതിൽനിന്നുമൊക്കെ അകലാൻ നാം ഇനിയും എന്തുമാത്രം സംവദിക്കേണ്ടതുണ്ട്! മലിനമായ വായു ആഗിരണം ചെയ്ത് ഓക്സിജൻ തിരികെ നൽകുന്ന മേപ്പിളിന്റെ വലിയ ഇലകൾ സൃഷ്ടലോകത്തിന്റെ ഭംഗിയിൽ വിസ്മയിക്കാനും, തദ്ദേശീയസംസ്കാരത്തിലെ നല്ല മൂല്യങ്ങളാൽ ആകർഷിക്കപ്പെടാനും നമ്മെ ക്ഷണിക്കുന്നുണ്ട്. ദോഷകരമായ ശീലങ്ങൾ സുഖപ്പെടുത്താനും, ചൂഷണം ചെയ്യൽ ഒഴിവാക്കാനും ഇത് നമുക്ക് പ്രേരണ നൽകുന്നുണ്ട്.
കത്തോലിക്കാസഭയും തിന്മകളും
മുൻപ് പറഞ്ഞ മൂല്യങ്ങൾ ഭൂതകാലത്ത് പലപ്പോഴും എതിർക്കപ്പെട്ടിട്ടുണ്ട്. അനേകം തദ്ദേശീയ കുടുംബങ്ങളെ നശിപ്പിക്കുകയും അവരുടെ ഭാഷയെയും സംസ്കാരത്തെയും ലോകത്തെക്കുറിച്ചുള്ള കാഴ്ചപ്പാടിനെയും തകർക്കുകയും ചെയ്ത റസിഡൻഷ്യൽ സ്കൂൾ സമ്പ്രദായം ഉൾപ്പെടെയുള്ള സ്വാംശീകരണത്തിന്റെയും വിമോചനത്തിന്റെയും എല്ലാ നയങ്ങളെയുമാണ് താൻ ഇതിലൂടെ ഉദ്ദേശിക്കുന്നതെന്ന് പാപ്പാ വ്യക്തമാക്കി. പരിതാപകരമായ ആ സംവിധാനത്തിൽ, അന്നത്തെ സർക്കാരിന്റെ അധികാരികൾ പ്രോത്സാഹിപ്പിച്ചതിലൂടെ, നിരവധി കുട്ടികളെ അവരുടെ കുടുംബങ്ങളിൽനിന്ന് വേർപെടുത്തുന്നതിൽ കത്തോലിക്കാ സ്ഥാപനങ്ങളും ഉണ്ടായിരുന്നു എന്നതിൽ താൻ ലജ്ജയും വേദനയും അറിയിക്കുന്നുവെന്ന് പറഞ്ഞ പാപ്പാ, രാജ്യത്തെ മെത്രാന്മാരോടൊപ്പം, ക്രൈസ്തവർ തദ്ദേശീയരായ ജനതകൾക്കെതിരെ ചെയ്ത തിന്മകൾക്ക് മാപ്പു ചോദിക്കുന്നു എന്ന് ആവർത്തിച്ചു. മെച്ചപ്പെട്ട ഒരു രാജ്യം കെട്ടിപ്പടുക്കാനുള്ള ആഗ്രഹത്തിൽ, ക്രൈസ്തവവിശ്വാസം ഒരു പ്രധാനപങ്കുവഹിച്ചിട്ടുണ്ടെങ്കിൽ, അതോടൊപ്പം, തങ്ങളുടെ തെറ്റുകൾ ഏറ്റുപറയുന്നതും, തദ്ദേശീയജനതയുടെ നിയമാനുസൃതമായ അവകാശങ്ങൾ പ്രോത്സാഹിപ്പിക്കുന്നതും, സൗഖ്യപ്പെടുത്തലിന്റെയും, അനുരഞ്ജനപ്രക്രിയകളുടെയും കാര്യത്തിൽ താൽപ്പര്യം കാണിക്കുന്നതും പ്രധാനപ്പെട്ടതാണ്. "സത്യത്തിനും അനുരഞ്ജനത്തിനും വേണ്ടിയുള്ള കമ്മീഷന്റെ" ആഹ്വാനങ്ങളോട് നല്ല രീതിയിൽ പ്രതികരിക്കുന്നതിലൂടെ ഇതാണ് പ്രകടമാകുന്നത്.
അനുരഞ്ജനത്തിന്റെ വഴിയിൽ
തദ്ദേശീയജനതകളുടെ അവകാശങ്ങളെക്കുറിച്ചുള്ള ഐക്യരാഷ്ട്രസഭയുടെ പ്രഖ്യാപനത്തിന്റെ ചൈതന്യത്തിൽ, പരിശുദ്ധസിംഹാസനവും, തദ്ദേശീയസംസ്കാരവും, പാരമ്പര്യവും, ഭാഷയും, വിദ്യാഭ്യാസരീതിയും പ്രോത്സാഹിപ്പിക്കുന്നതിന് ശ്രദ്ധിക്കുന്നുണ്ട്. തദ്ദേശീയരുമായി സ്നേഹത്തിൽ പുലരുന്ന ഒരു ബന്ധം പുതുക്കുവാനും, നിർഭാഗ്യവശാൽ ഉണ്ടായ മുറിവുകളെ മനസ്സിലാക്കാനും സുഖപ്പെടുത്തനുമാണ് സഭ ആഗ്രഹിക്കുന്നത്. മുൻപ് റോമിൽ വച്ച് തദ്ദേശീയജനതകളുടെ പ്രതിനിധികളെ കാണാനായതിലും ഇപ്പോൾ കാനഡയിലെത്തി ആ ബന്ധം കൂടുതൽ ശക്തിപ്പെടുത്താനാകുന്നതിലും പാപ്പാ സന്തോഷം പ്രകടിപ്പിച്ചു. പ്രത്യാശയാൽ നയിക്കപ്പെട്ട്, എല്ലാ കാനഡക്കാർക്കുമൊപ്പം, സത്യത്തിലും നീതിയിലും, സൗഖ്യത്തിനും അനുരഞ്ജനത്തിനും വേണ്ടി സാഹോദര്യത്തിന്റെയും ക്ഷമയുടെയും ഒരു പാതയിലൂടെ സഞ്ചരിക്കാൻ, തദ്ദേശീയരുടെ കൂടെ ചിലവഴിച്ച സമയം, തന്നിൽ പ്രേരണ നൽകിയെന്ന് പാപ്പാ എടുത്തുപറഞ്ഞു.
കൊളോണിയലിസം അന്നും ഇന്നും
വേദനയുടെയും അവഹേളനത്തിന്റേതുമായ കോളോണിയലിസത്തിൽനിന്നുണ്ടായ ചരിത്രം എളുപ്പത്തിൽ സൗഖ്യപ്പെടുത്താനാകുന്നതല്ലെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. എന്നാൽ, അതേസമയം, പുതിയ രീതികളിലുള്ള കൊളോണിയലിസത്തെക്കുറിച്ച് അത് നമ്മെ ബോധവാന്മാരാക്കുന്നുണ്ട്. ചിലയിടങ്ങളിൽ അത് പുതിയ രൂപം ധരിക്കുകയും, മറഞ്ഞിരിക്കുകയും ചെയ്യുന്നുണ്ട് (Esort. ap. Querida Amazonia, 16). പഴയ കൊളോണിയൽ ചിന്താഗതി ജനത്തിന്റെ സമൂർത്തമായ ജീവിതത്തെയാണ് അവഗണിച്ചത്. ഇന്നാകട്ടെ, ജനങ്ങളുടെ മൂല്യങ്ങളെ ഇല്ലാതാക്കാൻ ശ്രമിച്ചുകൊണ്ട്, മതപരവും സാംസ്കാരികവുമായ വേരുകളെ പിഴുതുകളായാൻ ശ്രമിച്ചുകൊണ്ട് അവ നിലനിൽക്കുന്നുണ്ട്. ചരിത്രത്തിലെ ഇരുണ്ട താളുകൾ മറികടന്നുവെന്ന് ഭാവിച്ച്, വ്യത്യസ്തതകളെ നിലനിൽക്കാൻ അനുവദിക്കാത്ത, എല്ലാം ഒരുപോലെയാക്കാൻ ശ്രമിക്കുന്ന ഒരു "ഇല്ലാതാക്കൽ സംസ്കാരത്തിന്" വഴികൊടുക്കുന്ന മനോഭാവമാണിത്. ഇത് ദുർബലർ, പാവപ്പെട്ടവർ, കുടിയേറ്റക്കാർ, വയോധികർ, രോഗികൾ തുടങ്ങിയവരുടെ നേരെയുണ്ടാകേണ്ട കടമകൾ അവഗണിച്ചുകളയുന്നു. കത്തിച്ചുകളയാനുള്ള ഉണങ്ങിയ ഇലകൾ പോലെ, സുഖലോലുപതയുടെ സമൂഹത്താൽ മറന്നുപോകപ്പെട്ടവരാണവർ.
ഒരുമിച്ച് വളരുക
മേപ്പിൾ മരങ്ങളുടെ വിവിധ വർണ്ണങ്ങൾ, ഒരുമിച്ചായിരിക്കുന്നതിന്റെയും, തുറന്നതും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ ഒരു സമൂഹത്തെ മുൻപോട്ട് വയ്ക്കേണ്ടതിന്റെയും പ്രാധാന്യത്തെയാണ് നമ്മെ ഓർമ്മിപ്പിക്കുന്നത്. ശാഖകളെ സമ്പുഷ്ടമാക്കുന്നതിന് ഓരോ ഇലയും അടിസ്ഥാനമായിരിക്കുന്നതുപോലെ, സമൂഹത്തിന്റെ അവശ്യ കോശമായ ഓരോ കുടുംബവും വിലമതിക്കപ്പെടണം, കാരണം "മനുഷ്യരാശിയുടെ ഭാവി കുടുംബത്തിലൂടെയാണ് കടന്നുപോകുന്നത്" (S. GIOVANNI PAOLO II, Esort. ap. Familiaris consortio, 86). പ്രധാനപ്പെട്ട സാമൂഹ്യയാഥാർഥ്യമാണ് കുടുംബമെങ്കിലും, അത്, ഗാർഹികപീഡനം, തൊഴിലില്ലായ്മ, യുവാക്കളുടെ ഏകാന്തത, പ്രായമായവരെ ഉപേക്ഷിക്കൽ തുടങ്ങി വിവിധ കാര്യങ്ങളാൽ ബുദ്ധിമുട്ടുന്നുണ്ട്. തദ്ദേശീയജനതകൾക്ക് കുടുംബത്തിന്റെ സംരക്ഷണത്തെപ്പറ്റി നമ്മെ പലതും പഠിപ്പിക്കാനാകും. കുട്ടികളായിരിക്കുമ്പോഴേ അവർ, തെറ്റും ശരിയും തിരിച്ചറിയാനും, സത്യം പറയാനും, തെറ്റ് തിരുത്താനും, പുനരാരംഭിക്കാനും, അനുരഞ്ജനപ്പെടാനും ഒക്കെ അഭ്യസിക്കുന്നുണ്ട്. കുടുംബങ്ങളുടെ അവകാശങ്ങൾ, ഉൽപ്പാദനപരമായ ആവശ്യങ്ങളുടെയും വ്യക്തിതാൽപര്യങ്ങളുടെയും പേരിൽ ചോദ്യം ചെയ്യപ്പെടുന്നില്ലെന്ന് ഉറപ്പാക്കാൻ, തദ്ദേശീയർ അനുഭവിച്ച, നമ്മെ നാണം കെടുത്തുന്ന, തിന്മകളെക്കുറിച്ചുള്ള അറിവ് നമ്മെ സഹായിക്കട്ടെയെന്ന് പാപ്പാ പറഞ്ഞു.
മുറിവുകൾ ഉണക്കുക
യുദ്ധസമയത്ത് പട്ടാളക്കാർ മുറിവിനുള്ള മരുന്നായി മേപ്പിൾ മരത്തിന്റെ ഇല ഉപയോഗിച്ചിരുന്നതിനെക്കുറിച്ച് പാപ്പാ ഓർമ്മിപ്പിച്ചു. യുദ്ധമെന്ന അർത്ഥശൂന്യമായ തിന്മയെ അഭിമുഖീകരിക്കുമ്പോൾ, എതിർപ്പിന്റെ തീവ്രതയെ നശിപ്പിക്കുകയും, വെറുപ്പിന്റെ മുറിവുകളെ സുഖപ്പെടുത്തുകയും വേണം. ആരെയും വെറുക്കാതിരിക്കുകയാണ് സമാധാനത്തിനുള്ള മാർഗ്ഗമെന്ന് ഒരാൾ പറഞ്ഞത് പാപ്പാ അനുസ്മരിച്ചു (interview, E. Bruck, in “Avvenire”, 8 marzo 2022). ലോകത്തെ ശത്രുക്കളും മിത്രങ്ങളുമായി വിഭജിക്കേണ്ട കാര്യമില്ല. സമാധാനവും സുരക്ഷയും കൊണ്ടുവരുന്നത് യുദ്ധോപകരണങ്ങളോ പ്രതിരോധ തന്ത്രങ്ങളോ ആയിരിക്കില്ല. യുദ്ധങ്ങൾ എങ്ങനെ തുടരണം എന്നതിനേക്കാൾ അവ എങ്ങനെ അവസാനിപ്പിക്കണം എന്നാണ് നാം ചോദിക്കേണ്ടത്. ദീർഘവീക്ഷണമുള്ള നയങ്ങളാണ് ഇന്ന് നമുക്ക് ആവശ്യം.
അകലെക്കാഴ്ചയും പ്രകൃതിയും
നാം നേരിടുന്ന, കാലാവസ്ഥാവ്യതിയാനം, മഹാമാരിയുടെ പാർശ്വഫലങ്ങൾ തുടങ്ങിയ കാര്യങ്ങൾ ആഗോളതലത്തിലേക്കാണ് നമ്മുടെ ശ്രദ്ധ ക്ഷണിക്കുന്നത്. തദ്ദേശീയജനതകൾ വരുന്ന എഴുതലമുറകളെ മുന്നിൽക്കണ്ട് പ്രവർത്തിക്കുന്നതിൽനിന്ന് നാമും പഠിക്കേണ്ടതുണ്ട്. പെട്ടെന്നുള്ള സൗകര്യം കണ്ടാകരുത് നമ്മുടെ പ്രവൃത്തികൾ. മുതിർന്നവരുടെ ജ്ഞാനവും ചെറുപ്പക്കാരുടെ സ്വപ്നങ്ങളും കണക്കിലെടുക്കണം. തദ്ദേശീയരെപ്പോലെ, നമ്മുടെ പൊതുഭവനമായ ഭൂമിയുടെ സംരക്ഷണത്തെക്കുറിച്ച് നമ്മളും ചിന്തിക്കേണ്ടതുണ്ട്. പ്രകൃതിയുമായി ബന്ധപ്പെട്ട് സംസാരിക്കവെ, പരിസ്ഥിതിയുടെ കാര്യത്തിൽ കാനഡ എടുക്കുന്ന പരിശ്രമങ്ങളെ പാപ്പാ അഭിനന്ദിച്ചു.
സമൂഹത്തിലെ വൈവിധ്യം
കാനഡയുടെ ദേശീയപതാകയ്ക്കായി ആശയങ്ങൾ തേടിയ പ്രത്യേക കമ്മീഷൻ, പലരും അതിൽ മേപ്പിൾ ഇലയുടെ സാന്നിദ്ധ്യം നിർദ്ദേശിച്ചത് ശ്രദ്ധിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് കാനഡക്കാർക്കിടയിൽ പ്രാധാന്യമുള്ള ഒരു പദം എടുത്തുപറയുവാൻ താൻ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞ പാപ്പാ, അത് സംസ്കാരവൈവിധ്യം എന്നതാണെന്ന് വ്യക്തമാക്കി. മേപ്പിൾ മരത്തിന്റെ വിവിധ വർണ്ണങ്ങളും, രൂപങ്ങളും ഉള്ള ഇലകൾ പോലെ, വിവിധ തരം ആളുകൾക്ക് കാനഡയുടെ ബഹുമുഖമായ ഐക്യത്തിൽ അവരുടെ സ്ഥാനം കണ്ടെത്താനാകുന്നുണ്ടെന്ന് പാപ്പാ പറഞ്ഞു.
ഈയൊരർത്ഥത്തിൽ ഉക്രൈനിയൻ, അഫ്ഗാൻ കുടിയേറ്റക്കാർക്ക് കാനഡ ആതിഥ്യമേകിയതിന് പാപ്പാ അവരെ അനുമോദിച്ചു. കുടിയേറ്റക്കാരെക്കുറിച്ചുള്ള ഭയം തരണം ചെയ്യാനും, അവർക്ക്, രാജ്യത്ത് ഉത്തരവാദിത്വപരമായി ഇടപെടാൻ സാധിക്കുന്ന രീതിയിൽ ക്രമീകരണങ്ങൾ നടത്താനും ശ്രമിക്കണമെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. ഇതിന് ജനാധിപത്യവും അവകാശങ്ങളും ഒഴിവാക്കാനാകാത്തവയാണ്. സാമൂഹികതയുടെ മൂല്യങ്ങൾക്ക് തദ്ദേശീയ ജനതകളുടെ സംസ്കാരം വലിയ പ്രാധാന്യമാണ് നൽകുന്നത്. തങ്ങളുടെ ആഗോളസാന്നിധ്യവും, ദുർബലരോടുള്ള പരിഗണനയും മുന്നിൽവച്ച്, ഗർഭധാരണം മുതൽ മരണം വരെയുള്ള മനുഷ്യജീവിതത്തിന് തങ്ങളുടേതായ സംഭാവന നൽകുന്നതിൽ കത്തോലിക്കാസഭയും, ശ്രദ്ധിക്കുന്നുണ്ട്.
സാമ്പത്തിക അസന്തുലിതാവസ്ഥ
കാനഡ പോലെ വികസിതവും മുന്നേറിയതുമായ ഒരു രാജ്യത്ത് പോലും, ഇടവകകളിൽ സഹായത്തിനായി മുട്ടുന്ന നിരാലംബരെക്കുറിച്ച് താൻ കേട്ടുവെന്ന് പറഞ്ഞ പാപ്പാ, ലോകത്തെ മലിനമാക്കുന്ന ഈ അസന്തുലിതാവസ്ഥ ഇല്ലാതാക്കാൻ നാമെല്ലാവരും പരിശ്രമിക്കേണ്ടതുണ്ടെന്ന് ഓർമ്മിപ്പിച്ചു.സാമ്പത്തികവികസനം മൂലമുണ്ടാകുന്ന സുഖസൗകര്യങ്ങൾ സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളിലും എത്തുന്നില്ല എന്നത് അപഹാസ്യമാണെന്ന് പാപ്പാ പറഞ്ഞു. തദ്ദേശവാസികൾക്കിടയിലെ ദാരിദ്ര്യനിരക്കും, കുറഞ്ഞ വിദ്യാഭ്യാസവും, ആരോഗ്യകേന്ദ്രങ്ങളിലേക്കുള്ള പ്രവേശനത്തിലെ അപ്രാപ്യതയും സങ്കടകരമാണെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. മിക്കവാറും എല്ലാ ഉൽപ്പന്നങ്ങളുടെ ലേബലുകളിലും കാണുന്ന മേപ്പിൾ ഇലയുടെ ചിഹ്നം, സാമ്പത്തികവും സാമൂഹികവുമായ തിരഞ്ഞെടുപ്പുകൾ നടത്താൻ എല്ലാവർക്കും പ്രേരണയാകട്ടെയെന്ന് പാപ്പാ ആശംസിച്ചു.
ഒരുമിച്ച് പ്രവർത്തിച്ചാണ് ഇന്നിന്റെ വെല്ലുവിളികളെ നേരിടേണ്ടതെന്ന് പറഞ്ഞ പാപ്പാ, തനിക്ക് ലഭിച്ച ആതിഥേയത്വത്തിന് നന്ദി അറിയിക്കുകയും, കാനഡയും അവിടുത്തെ ജനവും തന്റെ ഹൃദയത്തിലുണ്ടെന്ന് പറയുകയും ചെയ്താണ് തന്റെ പ്രഭാഷണം അവസാനിപ്പിച്ചത്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: