തിരയുക

പാപ്പായുടെ നാല്പതാം വിദേശ അജപാലന സന്ദർശനം സമംഗളം സമാപിച്ചു!

ഫ്രാൻസീസ് പാപ്പായുടെ കോംഗൊ-ദക്ഷിണ സുഡാൻ ഇടയസന്ദർശനം ജനുവരി 31- ഫെബ്രുവരി 5 .

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ഫ്രാൻസീസ് പാപ്പാ കോംഗൊ പ്രജാധിപത്യ റിപ്പബ്ലിക്കും ദക്ഷിണ സുഡാനും വേദികളാക്കിയ ഇടയസന്ദർശനത്തിന് തിരശ്ശീല വീണു. പാപ്പായുടെ നല്പതാ വിദേശ അപ്പൊസ്തോലിക പര്യടനം ആയിരുന്നു ഇത്. ജനുവരി 31 മുതൽ ഫെബ്രുവരി 5 വരെ നീണ്ട ഈ ഷഡ്ദിന സന്ദർശനത്തിൽ പാപ്പാ കോംഗൊ പ്രജാധിപത്യ റിപ്പബ്ലിക്ക്, ദക്ഷിണ സുഡാൻ എന്നീ രാജ്യങ്ങളിലുൾപ്പെടെ 12630 കിലോമീറ്റർ ദൂരം സഞ്ചരിച്ചു. ആറു ദിവസത്തെ സന്ദർശനം എന്നു പറയാമെങ്കിലും ഇതിൻറെ ദൈർഘ്യം 5 ദിവസവും 9 മണിക്കൂറും ആയിരുന്നു. ഈ സന്ദർശന വേളയിൽ പാപ്പാ 13 പ്രഭാഷണങ്ങൾ നടത്തി.

ദക്ഷിണ സുഡാൻറെ          തലസ്ഥാന നഗരിയായ ജൂബയിലെ ഒരു വീഥിക്ക് “പോപ് ഫ്രാൻസീസ് റോഡ്” എന്ന നാമം സുഡാൻ നല്കി എന്നത് ഈ ഇടയസന്ദർശനത്തിൽ ശ്രദ്ധേയമാണ്. അങ്ങനെ പാപ്പായുടെ സന്നിധ്യം എന്നും സുഡാനിൽ ഉണ്ടായിരിക്കും എന്ന് ദക്ഷിണ സുഡാനിലെ കത്തോലിക്കാമെത്രാൻ സംഘം സർക്കാരിൻറെ ഈ നടപടിയെ പ്രകീർത്തിച്ചുകൊണ്ട് പ്രതികരിച്ചു.

പാപ്പായുടെ  അപ്പൊസ്തോലിക പര്യടനത്തിൻറെ ഉപാന്ത്യദിനത്തിൽ ഉച്ചതിരിഞ്ഞും സമാപനദിനത്തിലും നടന്ന പരിപാടികളുടെ സംക്ഷിപ്ത വിവരണം. 

ശനിയാഴ്ച (04/02/23) വൈകുന്നേരം പാപ്പായുടെ പ്രഥമ പരിപാടി സുഡാനിൽ സംഘർഷങ്ങൾ ചിതറിച്ചിരിക്കുന്ന ജനങ്ങളുമായുള്ള കൂടിക്കാഴ്ചയായിരുന്നു. കൂടിക്കാഴ്ചയ്ക്കുള്ള വേദി സജ്ജീകരിച്ചിരുന്നത് രണ്ടായിരം പേർക്ക് ഇരിപ്പിട സൗകര്യമുള്ള “ഫ്രീഡം ഹാളിൽ” (Freedom Hall) ആയിരുന്നു. പാപ്പാ താമസിച്ചിരുന്ന അപ്പൊസ്തോലിക് നൺഷിയേച്ചറിൽ നിന്ന് 2 കിലോമീറ്റർ അകലെയാണ് ഈ ശാല. സുഡാൻ ജനതയുടെ വിമോചന സേനയെ നയിച്ച പോരാളിയും രാഷ്ട്രീയ പ്രവർത്തകനും, സമാധാന ഉടമ്പടി ഒപ്പുവയ്ക്കപ്പെട്ടതിനു ശേഷം സുഡാൻറെ പ്രഥമ ഉപരാഷ്ട്രപതിയും ആയിരുന്ന ജോൺ ഗാരംങ് ദെ മബിയോറിൻറെ (John Garang de Mabior) ശവകുടീരത്തിനു സമീപമാണ് ഇതുള്ളത്. ഒരു ഹെലിക്കോപ്റ്റർ അപകടത്തിൽ അകാലത്തിൽ പൊലിയുകയായിരുന്ന അദ്ദഹത്തിൻറെ ജീവിതം. ദക്ഷിണ സുഡാൻ  2011-ൽ സ്വതന്ത്രമായതിനു ശേഷമാണ് ഫ്രീഡം ഹാൾ പണികഴിപ്പിക്കപ്പെട്ടത്.

പാപ്പാ “ഫ്രീഡം ഹാളി”ലേക്ക്  ഒരു കാറിൽ എത്തി. ആംഗ്ലിക്കൻ സഭാകൂട്ടായ്മയുടെ പരമാദ്ധ്യക്ഷൻ കാൻറർബറി ആർച്ചുബിഷപ്പ് ജസ്റ്റിൻ വ്വെൽബിയും സ്കോട്ട്ലണ്ടിലെ സഭയുടെ മോഡറേറ്റർ ഇയായിൻ ഗ്രീൻഷീൽഡ്സും (Iain Greenshields) ശാലയിൽ സന്നിഹിതരായിരുന്നു. സ്വഭവനവും സ്ഥലവും വിട്ട് മറ്റിടങ്ങളിലേക്കു പോകാൻ നിർബന്ധിതരായവരുമായുള്ള, രാജ്യത്തിനകത്തുതന്നെ ചിതറിപ്പോയിരിക്കുന്ന ജനങ്ങളുമായുള്ള ഈ കൂടിക്കാഴ്ച ആരംഭിച്ചത് കുരവയിട്ടുപാടിയ ഒരു ഗാനത്തോടെ ആയിരുന്നു. അവർ വത്തിക്കാൻറെയും സുഡാൻറെയും ചെറു പതാകകൾ പാട്ടിൻറെ താളത്തിനനുസൃതം വീശുന്നുമുണ്ടായിരുന്നു

ഗാനാനന്തരം സ്കോട്ട്ലണ്ടിലെ സഭയുടെ മോഡറേറ്റർ ഇയായിൻ ഗ്രീൻഷീൽഡ്സിൻറെ പ്രാരംഭ പ്രാർത്ഥനയോടുകൂടി കൂടിക്കാഴ്ചയ്ക്ക് തുടക്കമായി.

പ്രാർത്ഥന

കൃപാലുവായ സ്വർഗ്ഗീയ പിതാവേ,

അങ്ങയുടെ പുത്രനും ഞങ്ങളുടെ കർത്താവുമായ യേശുക്രിസ്തുവിൻറെ നാമത്തിൽ ഞങ്ങൾ ഒരുമിച്ചുകൂടുന്നു

അങ്ങയുടെ നാമത്തിൽ ഞങ്ങൾ ഒന്നിച്ചു കൂടുമ്പോഴെല്ലാം അങ്ങ് ആത്മാവു വഴി ഞങ്ങളോടു കൂടെ ഉണ്ടായിരിക്കുമെന്ന അങ്ങയുടെ വാഗ്ദാനം ഞങ്ങൾ മനസ്സിൽ താലോലിക്കുന്നു.

ഈ വേദിക്ക് ഞങ്ങൾ നന്ദി പറയുന്നു ഒപ്പം ഇവിടെ സന്നിഹിതരായിരിക്കുന്ന എല്ലാവർക്കും ഇത് പ്രതീക്ഷയുടെ ഇടമായിരിക്കട്ടെ എന്ന് പ്രത്യാശിക്കുന്നു.

സ്നേഹം പങ്കിടുകയും അറിയുകയും അനുഭവിക്കുകയും ചെയ്യുന്ന ഇടം

ഞങ്ങൾ ഫ്രീഡം ഹാളിലാണ്.

തീർച്ചയായും ഇതൊരു പുതിയ തുടക്കത്തിൻറെ - സ്വാതന്ത്ര്യത്തിനറെ സ്ഥലമായിരിക്കട്ടെ.

നമ്മെ സ്വതന്ത്രരാക്കുന്ന സത്യത്തെക്കുറിച്ച് നമ്മുടെ കർത്താവ് പറഞ്ഞിട്ടുണ്ട്.

അവിടത്തെ സത്യം നമ്മുടെ എല്ലാവരുടെയും ഹൃദയങ്ങളിലേക്ക് ഇറ്റിറ്റു വീഴട്ടെ.

ഈ സ്ഥലത്ത് കടന്നുപോകുന്ന എല്ലാവരുടെയും ഹൃദയമനസ്സുകളിലേക്ക് അവിടത്തെ ജ്ഞാനവും കൃപയും സമാധാനവും ഒഴുകട്ടെ.

ഞങ്ങളുടെ ഭവനത്തിലേക്കുള്ള വഴി കണ്ടെത്താൻ അങ്ങയുടെ കൃപയാൽ ഞങ്ങളെ എല്ലാവരെയും സഹായിക്കേണമേ

പരസ്പരം സമാധാനത്തോടെ ജീവിക്കാൻ

ഭയമില്ലാതെ ജീവിക്കാൻ

നമ്മുടെ കർത്താവായ യേശുക്രിസ്തുവിൻറെ സുവിശേഷം അറിയാൻ

ഞങ്ങൾ അങ്ങയുടെ നാമത്തിൽ ഇവിടെ ചെയ്യുന്നവയെ എല്ലാം അനുഗ്രഹിക്കണമേ

പിതാവിൻറെയും പുത്രൻറെയും പരിശുദ്ധാത്മാവിൻറെയും നാമത്തിൽ. ആമ്മേൻ

ഈ പ്രാർത്ഥനയെ തുടർന്ന് സുഡാനിൽ ചിതറപ്പെട്ട ജനങ്ങളുടെ അവസ്ഥ അവതരിപ്പിക്കുന്ന ഒരു വീഡിയൊ പ്രദർശനമായിരുന്നു. തദ്ദനന്തരം ബെൻത്തിയു, മലാക്കൽ, ജൂബ എന്നിവിടങ്ങളിലെ മൂന്ന് അഭയ കേന്ദ്രങ്ങളിൽ നിന്നുള്ള ഓരോ കുട്ടിവീതം സാക്ഷ്യം നല്കി.

ജോസഫ് ലത്ത് ഗത്ത്മൽ 

16 വയസ്സുകാരനായ ജോസഫ് ലത്ത് ഗത്ത്മൽ ആണ് ആദ്യം സാക്ഷ്യമേകിയത്. ഒരു പ്രെസ്ബിറ്റേരിയൻ സഭാംഗമായ താൻ മാതാപിതാക്കൾക്കൊപ്പം 2015 മെയിലാണ് ഈ അഭയ കേന്ദ്രത്തിലെത്തിയതെന്നും ഇപ്പോൾ 8 വർഷം ആയി എന്നും സർവ്വകലാശാലാ പഠനം നടത്തണമെന്നത് തൻറെ ഒരു സ്വപ്നം ആണെന്നും പറഞ്ഞ ജോസഫ് ഈ കേന്ദ്രത്തിൽ ജീവിതം സന്തോഷകരമല്ലെന്നും തൻറെയും മറ്റു കുട്ടികളുടെയും ഭാവിയെക്കുറിച്ച് തനിക്ക് ആശങ്കയുണെന്നും വെളിപ്പെടുത്തി. തുടരുന്ന സംഘർഷങ്ങളാണ് തങ്ങളുടെ ദുരവസ്ഥയ്ക്ക് കാരണമെന്നും ആ ബാലൻ പറഞ്ഞു.

 ജോൺസൺ ജൂമ അലക്സ്

അടുത്തത് മലക്കൽ അഭയകേന്ദ്രത്തിൽ നിന്നുള്ള 14 വയസ്സുകാരനായ ജോൺസൺ ജൂമ അലക്സിൻറെ ഊഴമായിരുന്നു.

മലക്കൽ പട്ടണത്തിലെ പ്രശ്നങ്ങളാണ് തന്നെ ഈ കേന്ദ്രത്തിൽ എത്തിച്ചതെന്നും അവിടെ സമാധാനം സംജാതമായാൽ എല്ലാവർക്കും സ്വഭവനങ്ങളിലേക്കു മടങ്ങിപ്പോകാനാകുമെന്നും ആ ബാലൻ പറയുകയും ഈ സങ്കേതത്തിലെ ജീവിതം സന്തോഷകരമല്ലെങ്കിലും തങ്ങൾക്ക് സംരക്ഷണവും ഭക്ഷണവും ഐക്യരാഷ്ട്ര സഭ പ്രദാനം ചെയ്യുന്നുണ്ടെന്ന് നന്ദിയോടെ അനുസ്മരിക്കുകയും ചെയ്തു.

ഈ സാക്ഷ്യങ്ങളെ തുടർന്ന് ഒരു ഗാനമായിരുന്നു. ഗാനാനന്തരം സാക്ഷ്യം ഏകിയത് ജൂബയിലെ അഭയ കേന്ദ്രത്തിൽ നിന്നുള്ള ന്യക്കുവോർ റെബേക്ക എന്ന പെൺകുട്ടിയായിരുന്നു.

ന്യക്കുവോർ റെബേക്ക

പാപ്പായുടെ സന്ദർശനത്തിന് കൃതജ്ഞത പ്രകടിപ്പിച്ച റബേക്ക, പാപ്പാ കാൽമുട്ടു വേദനയുണ്ടായിരുന്നിട്ടും തങ്ങൾക്ക് പ്രത്യാശയും സമാധാനത്തിൻറെ സന്ദേശവും നൽകാനായി വന്നതും കുഞ്ഞുങ്ങൾ നാടിനും സഭയ്ക്കും പ്രധാനപ്പെട്ടവരാണെന്ന് പാപ്പാ എല്ലായ്പ്പോഴും സൂചിപ്പിക്കുന്നതും അനുസ്മരിച്ചു. സുഡാനിലെ കുട്ടികൾക്ക് പാട്ടും നൃത്തവും ഏറെ ഇഷ്ടമാണെന്നും അങ്ങനെയാണ് തങ്ങൾ ദൈവത്തെ സ്തുതിക്കുന്നതെന്നും റെബേക്ക പറഞ്ഞു.

യേശുവിനെ സുഹൃത്താക്കാൻ തങ്ങളെ പഠിപ്പിക്കണമെന്നും  തങ്ങൾ എല്ലാവരും ഒരുമിച്ച് സമാധാനത്തിൽ കഴിയുന്നതിന് സുഡാൻ ജനതയോടു സംസാരിക്കുന്നത് തുടരണമെന്നും തങ്ങൾ സമാധാനത്തിലും സ്നേഹത്തിലും ഒരുമിച്ചു വളരുന്നതിനായി ദക്ഷിണ സുഡാനിലെ കുട്ടികളായ തങ്ങളെ പ്രത്യേകം അനുഗ്രഹിക്കണമെന്നും റെബേക്ക പാപ്പായോട് അഭ്യർത്ഥിച്ചു.

ഈ സാക്ഷ്യത്തിനു ശേഷം കാൻറർബറി ആർച്ചുബിഷപ്പ് ജസ്റ്റിൻ വ്വെൽബിയുടെ പ്രാർത്ഥനയായിരുന്നു.

 പ്രാർത്ഥന

സ്നേഹമുള്ള പിതാവേ, അങ്ങയുടെ മക്കളെ അങ്ങ് സ്വീകരിക്കുന്നു. ഈ യുവജനതയെ അങ്ങയുടെ കരവലയിത്തിലാക്കുക. അവർ അങ്ങയുടെ ചാരത്തായിരിക്കുകയും അങ്ങയാൽ സമാശ്വസിപ്പിക്കപ്പെടുകയും ചെയ്യട്ടെ. ലോകത്തിൻറെ കഷ്ടപ്പാടുകൾ കാണുമ്പോഴും അവർ അങ്ങയുടെ രാജ്യം അറിയട്ടെ. ഞങ്ങളെ കൈപിടിച്ച് അങ്ങയുടെ മഹത്വത്തിലേക്ക് അടുപ്പിക്കുന്നവരായിരിക്കട്ടെ അവർ. അങ്ങയുടെ സാന്നിദ്ധ്യത്തിൻറെ ശക്തിയും സംരക്ഷണവും അങ്ങയുടെ മക്കൾക്ക് പ്രദാനം ചെയ്യുക.

കർത്താവായ യേശുവേ, അങ്ങ് ശിശുവായിരിക്കെ പീഡനങ്ങളിൽ നിന്ന് പലായനം ചെയ്തു. വിഭ്രാന്തിയും അരാജകത്വവും അങ്ങേയ്ക്ക് അറിയാമായിരുന്നു. അങ്ങയുടെ ജനത്തിൻറെ ക്രൂരത അങ്ങ് നേരിട്ടു. അങ്ങയുടെ ശത്രുക്കൾക്കായി അങ്ങ് കുരിശിൽ മരിച്ചു. ഞങ്ങളെ എല്ലാവരെയും നൂതനവും സനാതനവുമായ നിത്യജീവിതത്തിലേക്ക് കൊണ്ടുവന്നു. അങ്ങയുടെ താഴ്മയും വിശുദ്ധിയും ഞങ്ങൾക്ക് നൽകേണമേ, അങ്ങയോടൊപ്പം നിത്യാനന്ദത്തിലേക്ക്  നയിക്കുന്ന കുരിശിൻറെ ഭാരമേറിയ പാതയിൽ ഞങ്ങളോടൊപ്പം നടക്കേണമേ.

പരിശുദ്ധാത്മാവ്, അന്ധകാരാവൃത ഇടങ്ങളിലേക്ക് ജീവിതവും വെറുപ്പു നിറഞ്ഞ ഹൃദയങ്ങളിലേക്ക് സ്നേഹവും, ഭയത്തിൻറെയും നിരാശയുടെയും ലോകത്തേക്ക് പ്രത്യാശയും കൊണ്ടുവരുന്നു. ഇന്ന് ഞങ്ങളുടെ ഹൃദയത്തിൽ വസിക്കേണമേ, ഞങ്ങളുടെ ജീവിതത്തെ രൂപാന്തരപ്പെടുത്തേണമേ. അങ്ങനെ ഞങ്ങൾക്ക് ഞങ്ങളുടെ ലോകത്തെ പരിവർത്തനം ചെയ്യാനാകും. അങ്ങയുടെ അഗ്നി എല്ലാ വിദ്വേഷവും കയ്പും ഭയവും ശത്രുതയും ദഹിപ്പിക്കുകയും അങ്ങയുടെ സ്നേഹം, നീതി, സമാധാനം എന്നിവയാൽ ഞങ്ങളെ ജ്വലിപ്പിക്കുകയും ചെയ്യട്ടെ.

കാൻറർബറി ആർച്ചുബിഷപ്പിൻറെ ഈ പ്രാർത്ഥനയെ തുടർന്ന് പാപ്പാ തൻറെ പ്രഭാഷണം നടത്തി. പ്രഭാഷണാനന്തരം ഫ്രാൻസീസ് പാപ്പായും കാൻറർബറി ആർച്ചുബിഷപ്പ് ജസ്റ്റിൻ വ്വെൽബിയും സ്കോട്ട്ലണ്ടിലെ സഭയുടെ മോഡറേറ്റർ ഇയായിൻ ഗ്രീൻഷീൽഡ്സും ചേർന്ന് ആശീർവ്വാദം നല്കി. തുടർന്ന് ഒരു പാരമ്പ്യ നൃത്തത്തോടുകൂടി ഈ കൂടിക്കാഴ്ചയ്ക്ക് സമാപനമായി. തദ്ദനന്തരം പാപ്പാ, സുഡാൻ ജനതയുടെ വിമോചന പ്രസ്ഥാനത്തിൻറെയും സൈന്യത്തിൻറെ തലവനായിരുന്ന ജോൺ ഗാരാംഗിൻറെ ശവകുടീരത്തിലേക്കു പോയി. ഫ്രീഡം ഹാളിൽ നിന്ന് 500 മീറ്റർ മാത്രം അകലെ സ്ഥിതിചെയ്യുന്ന അവിടെ ഒരുക്കിയിരുന്ന വേദിയിൽ കാൻറർബറി ആർച്ചുബിഷപ്പ് സ്കോട്ട്ലണ്ടിലെ സഭയുടെ മോഡറേറ്റർ എന്നിവർക്കൊപ്പം എക്യുമെനിക്കൽ പ്രാർത്ഥനയായിരുന്നു പാപ്പായുടെ പരിപാടി.

ആമുഖ പ്രാർത്ഥനയെ തുടർന്ന് ദക്ഷിണ സുഡാനിലെ സഭകളുടെ സമിതിയുടെ പ്രസിഡൻറിൻറെ സ്വാഗത വാക്കുകൾക്കും അനുതാപപ്രാർത്ഥനയ്ക്കും ശേഷം ദൈവവചന പരായണം ആയിരുന്നു. സുവിശേഷ വായനയ്ക്കു ശേഷം കാൻറർബറി ആർച്ച്ബിഷപ്പ് ജസ്റ്റിൻ വ്വെൽബി പ്രഭാഷണം നടത്തി.

യേശു പിതാവിൽ നിന്നു വന്നവനാണെന്ന് ലോകം അറിയുന്നതിനുള്ള ഏക മാർഗ്ഗം അവിടത്തെ അനുയായികളെല്ലാം ഒന്നായിരിക്കുകയാണെന്നും കാരണം ദൈവം ഏകനാണെന്നും ആർച്ച്ബിഷപ്പ് ജസ്റ്റിൻ വ്വെൽബി പറഞ്ഞു.

യേശുവിനെ പിൻചെല്ലാൻ അഭിലഷിക്കുന്നവർ പിളർപ്പുകളും അധികാരശ്രേണിയും ഇല്ലാത്ത പുതിയൊരു സമൂഹത്തിലേക്കു പ്രവേശിക്കുകയാണെന്ന്, അവർ നൂതനമായ ബന്ധങ്ങളിലേക്ക് പുത്തൻ ജീവിത ശൈലിയിലേക്കും പ്രവേശിക്കുകയാണെന്ന് അദ്ദേഹം വിശദീകരിച്ചു. 

ആർച്ച്ബിഷപ്പ് വ്വെൽബിയെ തുടർന്ന് സ്കോട്ട്ലണ്ടിലെ സഭയുടെ മോഡറേറ്റർ ഇയായിൻ ഗ്രീൻഷീൽഡ്സ് സംബോധന ചെയ്തു.

സമാധാനത്തിനുവേണ്ടിയുള്ള ഈ ചരിത്ര തീർത്ഥാടനത്തിൽ ആർച്ച്ബിഷപ്പ് ജസ്റ്റിൻ വ്വെൽബിയോടും ഫ്രാൻസീസ് പാപ്പായോടുമൊപ്പം ചേരാൻ കഴിഞ്ഞതിലുള്ള തൻറെ  അതിയായ സന്തോഷം ഇയായിൻ ഗ്രീൻഷീൽഡ്സ് പ്രകടിപ്പിച്ചു.

2019-ൽ വത്തിക്കാനിൽ നടന്ന ആത്മീയ ധ്യാന വേളയിൽ ഉറപ്പേകിയതാണ് ഈ സന്ദർശനമെന്നും ദക്ഷിണ സുഡാൻറെ സമാധാനത്തിനായുള്ള തങ്ങളുടെ പ്രതിബദ്ധത ഊന്നിപ്പറയുകയും അക്രമം ജലപ്രളയങ്ങൾ, പട്ടിണി എന്നിവ മൂലം കടുത്ത ദുരിതമനുഭവിക്കുന്ന ജനങ്ങൾക്ക് പ്രചോദനം പകരുന്നതിനും അവരോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതിനുമാണ് ഈ സന്ദർശനമെന്നും അദ്ദേഹം പറഞ്ഞു.

വിശ്വാസത്തിലുള്ള ഐക്യത്തിൽ,  ശുഭാപ്തിവിശ്വാസവും പ്രത്യാശയും ഉള്ള ഒരു ഭാവിക്കായി സമാധാനത്തിലൂടെ യഥാർത്ഥമായി മാറ്റം തേടുന്ന ഈ രാജ്യത്തെ സഭകളോടും ജനങ്ങളോടും നേതാക്കളോടും തങ്ങൾ ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി.

ദക്ഷിണ സുഡാനിൽ സമാധാനത്തിനും അനുരഞ്ജനത്തിനും വേണ്ടി ഒരുമിച്ച് പ്രവർത്തിക്കുന്ന സഭകളുടെ ശക്തമായ പാരമ്പര്യമുണ്ടെന്നും സമാധാനപരമായി സ്വാതന്ത്ര്യം നേടുന്നതിൽ സഭകൾ പ്രധാന പങ്ക് വഹിച്ചിട്ടുണ്ടെന്നും ഇയായിൻ പറഞ്ഞു.

ഇയായിൻ ഗ്രീൻഷീൽഡ്സിൻറെ വിചിന്തനനാന്തരം വിശ്വാസപ്രമാണം ആയിരുന്നു. തുടർന്ന് ദേശത്തിന് കാരുണ്യം ലഭിക്കുന്നതിനായുള്ള മദ്ധ്യസ്ഥ പ്രാർത്ഥനനടന്നു. പ്രാർത്ഥന ചൊല്ലിയ ഒരോ ആളും പ്രാർത്ഥനയ്ക്കു ശേഷം അവിടെ വച്ചിരുന്ന ഒരു ചെടിയിൽ ഐക്യത്തിൻറെ ഒരു കർമ്മമായി വെള്ളം ഒഴിക്കുന്നുണ്ടായിരുന്നു. ഈ പ്രാർത്ഥനകൾക്കു ശേഷം ഒരു ഗാനം ആലപിക്കപ്പെട്ടു. തദ്ദനന്തരം പാപ്പാ അവിടെ സന്നിഹിതരായിരുന്നവരെ സംബോധന ചെയ്തു.

പാപ്പായുടെ പ്രഭാഷണാനന്തരം കർത്തൃപ്രാർത്ഥനയ്ക്കും സമാപന പ്രാർത്ഥനയ്ക്കും ശേഷം പാപ്പായും കാൻറർബറി ആർച്ചുബിഷപ്പും സ്കോട്ടലണ്ടിലെ സഭയുടെ മോഡറേറ്ററും ചേർന്ന് ആശീർവ്വാദം നല്കിയതോടെ എക്യുമെനിക്കൽ പ്രാർത്ഥനാ ശുശ്രൂഷയ്ക്ക് സമാപനമായി. ഗായകസംഘം ഗാനം ആലപിക്കവെ പാപ്പായും  കാൻറർബറി ആർച്ചുബിഷപ്പും സ്കോട്ട്ലണ്ടിലെ സഭയുടെ മോഡറേറ്ററും വേദി വിട്ടു. രണ്ടുകിലോമീറ്റർ അകലെയുളള അപ്പൊസ്തോലിക് നൺഷിയേച്ചറിൽ കാറിൽ എത്തിയ പാപ്പാ അവിടെ അത്താഴം കഴിച്ച് രാത്രി വിശ്രമിച്ചു.

തൻറെ ഈ അജപാലന സന്ദർശനത്തിൻറെ സമാപനദിനമായിരുന്ന ഞായറാഴ്ച രാവിലെ പാപ്പായുടെ ഏക പരിപാടി ജോൺ ഗാരാംഗിൻറെ സ്മൃതിമണ്ഡപമുള്ള ചത്വരത്തിൽ വിശുദ്ധ കുർബ്ബാന ആയിരുന്നു.

അപ്പൊസ്തോലിക് നൺഷിയേച്ചറിന് തൻറെ ഇടയസന്ദർശനത്തിൻറെ ഒരു സ്മാരകമുദ്ര സമ്മാനിച്ചതിനു ശേഷം അവിടെ നിന്ന് വിടചൊല്ലിയ പാപ്പാ കാറിൽ യാത്രയായി. ബലിവേദി ഒരുക്കിയിരുന്ന  സ്മൃതിമണ്ഡപ ചത്വരത്തിനടുത്തെത്തിയ പാപ്പാ പേപ്പൽ വാഹനത്തിലേക്കു മാറി കയറുകയും അവിടെ സന്നിഹിതരായിരുന്ന എഴുപതിനായിരത്തിലേറെ വരുന്ന വിശ്വാസികളുടെ ഇടയിലൂടെ അവരെ  അഭിവാദ്യം ചെയ്തുകൊണ്ട് കടന്നുപോകുകയും ചെയ്തു. പേപ്പൽ വാഹനത്തിൽ പാപ്പായ്ക്കൊപ്പം ജുബാ അതിരൂപതയുടെ ആർച്ച്ബിഷപ്പ് സ്റ്റീഫൻ അമെയൂ മാർട്ടിൻ മുള്ളയും ഉണ്ടായിരുന്നു. വിശുദ്ധ കുർബ്ബാന ആംഗല ഭാഷയിലായിരുന്നു.

പ്രവേശന ഗാനം ആരംഭിച്ചപ്പോൾ സഹകാർമ്മികർ പ്രദക്ഷിണമായി ബലിവേദിയിലേക്കു നീങ്ങി. അപ്പോൾ ബലിവേദിക്കു മുന്നിൽ, നാട്ടു പാരമ്പര്യമനുസരിച്ച് പ്രവേശനഗാനത്തിനനുസൃതം നൃത്തവും അരങ്ങേറുന്നുണ്ടായിരുന്നു. ദിവ്യബലിയിൽ മിക്കവാറുംതന്നെ ഗാനങ്ങൾക്കൊപ്പം നൃത്തം ഉണ്ടായിരുന്നു. പാപ്പാ ബലിവേദിയിലെത്തി വിശുദ്ധ കുർബ്ബാന ആരംഭിച്ചു. വിശുദ്ധ ഗ്രന്ഥ വായനകൾക്കു ശേഷം പാപ്പാ സുവിശേഷ സന്ദേശം നല്കി.

ദവ്യകാരുണ്യ സ്വീകരണാനന്തരം വിശുദ്ധ കുർബ്ബാനയുടെ അവസാനം ജുബാ അതിരൂപതയുടെ ആർച്ച്ബിഷപ്പ് സ്റ്റീഫൻ അമെയൂ മാർട്ടിൻ മുള്ള പാപ്പായ്ക്ക് നന്ദി പറഞ്ഞു.

ആഭ്യന്തര കലാപത്തിൻറെ ഫലമായി ദുരിതമനുഭവിക്കുന്ന തങ്ങളുടെ നാട് സന്ദർശിക്കുക എന്ന ധീരമായ തീരുമാനം കൈക്കൊണ്ടതിന് ആർച്ചുബിഷപ്പ് സ്റ്റീഫൻ പാപ്പായ്ക്ക് കൃതജ്ഞതയർപ്പിച്ചു. പാപ്പായുടെ ഈ സന്ദർശനം ഐക്യദാർഢ്യത്തിനറെ അടയാളമാണെന്നും ദക്ഷിണ സുഡാൻറെ പ്രശാന്തത വീണ്ടെടുക്കാനുള്ള അഭിവാഞ്ഛയുടെ പ്രകടനമാണെന്നും അദ്ദേഹം പറഞ്ഞു.

സമാധാനത്തിനും പൊതുനന്മയ്ക്കും വേണ്ടി പ്രവർത്തിക്കാൻ രാഷ്ട്രീയ നേതാക്കളെ ആഹ്വാനം ചെയ്യുന്നതിനും കൂടിയാണ് പാപ്പാ അന്നാട്ടിലെത്തിയതെന്ന തൻറെ ബോദ്ധ്യവും അദ്ദേഹം വെളിപ്പെടുത്തി.

ആർച്ച്ബിഷപ്പ് സ്റ്റീഫൻറെ വാക്കുകളെ തുടർന്ന് പാപ്പാ ത്രികാലപ്രാർത്ഥനയ്ക്കു മുമ്പ് ഒരു ചെറു സന്ദേശം നല്കി. ഈ പ്രഭാഷണത്തിനു ശേഷം പാപ്പാ മദ്ധ്യാഹ്ന പ്രാർത്ഥന നയിക്കുകയും ആശീർവ്വാദം നല്കുകയും ചെയ്തു. ദിവ്യബലിയ്ക്കു ശേഷം പാപ്പാ 7 കിലോമീറ്റർ അകലെയുള്ള ജുബാ രാജ്യാന്തര വിമാനത്താവളത്തിലേക്കു പോയി. കാൻറർബറി ആർച്ചുബിഷപ്പ് ജസ്റ്റിൻ വ്വെൽബിയും സ്കോട്ട്ലണ്ടിലെ സഭയുടെ മോഡറേറ്റർ ഇയായിൻ ഗ്രീൻഷീൽഡ്സും വവ്വേറെ വാഹനങ്ങളിൽ വിമാനത്താവളത്തിൽ എത്തിയിരുന്നു.

ഈ സഭാതലവന്മാരെ മൂന്നു പേരെയും ദക്ഷിണ സുഡാൻറെ പ്രസിഡൻറ് സാൽവ കീർ മയാർദിത്ത് (Salva Kiir Mayardit) സ്വീകരിച്ചു. പാപ്പാ അവിടെ ഉണ്ടായിരുന്നവരെ അഭിവാദ്യം ചെയ്യുകയും സൈനികോപചാരം സ്വീകരിക്കുകയും ചെയ്തു. തുടർന്ന് പാപ്പാ വ്യോമയാനത്തിനടുത്തേക്ക് ചക്രക്കസേരയിൽ ആനയിക്കപ്പെട്ടു. പാപ്പായെയും അനുചരരെയും വഹിച്ചുകൊണ്ട് ഇറ്റലിയുടെ ഇത്താ എയർവെയ്സ് (ITA Airways) റോമിലെ “ലെയൊണാർദൊ ദ വിഞ്ചി”  അന്താരാഷ്ട്ര വിമാനത്താവളം ലക്ഷ്യമാക്കി പറന്നുയർന്നു.കാൻറർബറി ആർച്ചുബിഷപ്പ് ജസ്റ്റിൻ വ്വെൽബിയും സ്കോട്ട്ലണ്ടിലെ സഭയുടെ മോഡറേറ്റർ ഇയായിൻ ഗ്രീൻഷീൽഡ്സും പാപ്പായോടൊപ്പം വിമാനത്തിൽ ഉണ്ടായിരുന്നു.

ദക്ഷിണ സുഡാനിൽ നിന്നു പുറപ്പെട്ട വിമാനം സുഡാൻ, ഈജിപ്ത്, ഗ്രീസ്, ഇറ്റലി എന്നീ രാജ്യങ്ങളുടെ വ്യോമപാത ഉപയോഗപ്പെടുത്തി. ഈ രാജ്യങ്ങളുടെ മുകളിലൂടെ പറക്കവെ ഒരോ രാജ്യത്തിൻറെയും മുകളിൽവച്ച് അതതു നാടുകളുടെ തലവന്മാർക്ക് പാപ്പാ അന്നാടിനും നാട്ടുകാർക്കും സമാധാനാശംസകളും പ്രാർത്ഥനകളും അടങ്ങിയ ടെലെഗ്രാം സന്ദേശം അയച്ചു. വ്യോമയാനത്തിൽ വച്ച് മാദ്ധ്യമപ്രവർത്തകരുമായി പാപ്പാ പതിവുപോലെ സംവദിച്ചു.

ജുബയിൽ നിന്ന് റോമിലെ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള വ്യോമദൂരം 4945 കിലോമീറ്റാണ്. വ്യോമ സഞ്ചാര സമയം 6 മണിക്കൂറും 45 മിനിറ്റും.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

05 February 2023, 12:24