തിരയുക

ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലേക്കും സൗത്ത് സുഡാനിലേക്കും അപ്പസ്തോലിക യാത്ര പൂർത്തിയാക്കി പാപ്പാ വിമാനത്തിൽ. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലേക്കും സൗത്ത് സുഡാനിലേക്കും അപ്പസ്തോലിക യാത്ര പൂർത്തിയാക്കി പാപ്പാ വിമാനത്തിൽ.  (Vatican Media)

രാജ്യങ്ങളുടെ തലവന്മാർക്കും ജനങ്ങൾക്കും ആശംസകളും പ്രാർത്ഥനകളുമായി പാപ്പായുടെ സന്ദേശം

ഫ്രാൻസിസ് പാപ്പാ റോമിലേക്കു തിരിച്ചുള്ള തന്റെ യാത്രയിൽ കടന്നു പോയ രാജ്യങ്ങളുടെ തലവന്മാർക്കും ജനങ്ങൾക്കും ആശംസകളും പ്രാർത്ഥനകളുമർപ്പിച്ച് ടെലഗ്രാം സന്ദേശമയച്ചു.

സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

തെക്കൻ സുഡാനു മുകളിലൂടെ പറന്ന അവസരത്തിൽ സുഡാൻ റിപ്പബ്ളിക്കിന്റെ ട്രാൻസിഷണൽ പരമാധികാര സമിതിയുടെ അദ്ധ്യക്ഷൻ അബ്ദെൽ - ഫത്താ അൽ ബുർഹാന് പാപ്പാ ടെലഗ്രാം അയച്ചു. സന്ദേശത്തിൽ അദ്ദേഹത്തിനും സഹപൗരന്മാർക്കും ആശംസകൾ നേരുകയും തന്റെ പ്രാർത്ഥനകളിൽ അവരെ എല്ലാവരേയും അനുസ്മരിക്കുമെന്നും രാഷ്ട്രത്തിന്റെമേൽ സമാധാനത്തിന്റെയും ഐക്യത്തിന്റെയും ദൈവീകാനുഗ്രഹം യാചിക്കുകയും ചെയ്യുന്നുവെന്നും അറിയിച്ചു. അറേബ്യൻ റിപ്പബ്ളിക്കായ ഈജിപ്തിന്റെ മേലേ കൂടി കടന്നു പോരുന്ന അവസരത്തിൽ ഈജിപ്തിന്റെ പ്രസിഡണ്ട് അബ്ദെൽ ഫത്താ എൽ - സിസിക്കും പാപ്പാ സന്ദേശമയച്ചു. പ്രസിഡണ്ടിനും ഈജിപ്തിലെ ജനങ്ങൾക്കും ആശംസകൾ നൽകിയ പാപ്പാ രാജ്യത്തെ സർവ്വശക്തന്റെ അനുഗ്രഹത്തിന് ഭരമമേൽപ്പിക്കുകയും അവർ എല്ലാവരുടേയും മേൽ സാഹോദര്യത്തിന്റെയും സമാധാനത്തിന്റെയും ദിവ്യാനുഗ്രഹങ്ങൾ പ്രാർത്ഥിക്കുകയും ചെയ്യുന്നുവെന്ന് അറിയിച്ചു.

ഗ്രീസിനു മുകളിലൂടെ തന്റെ വിമാനം കടന്നു പോകുമ്പോൾ ഹെലനിക് റിപ്പബ്ളിക്കിന്റെ പ്രസിഡണ്ടായ കത്തറീന സക്കെല്ലാറുപ്പൊളൊയ്ക്കും പാപ്പാ ടെലഗ്രാമയച്ചു. ദക്ഷിണ സുഡാനിൽ നിന്ന് റോമിലേക്കുള്ള മടക്കയാത്രയിൽ ഗ്രീസിന്റെ വ്യോമാതിർത്തിയിലൂടെ യാത്ര ചെയ്യുവോൾ അങ്ങേയ്ക്കും അവിടത്തെ ബഹുമാന്യ പൗരവൃന്ദത്തിനും ആശംസകൾ നേരുന്നുവെന്ന് പാപ്പാ അറിയിച്ചു. കൂടാതെ തന്റെ പ്രാർത്ഥനകൾ ഉറപ്പു നൽകിയ പാപ്പാ രാജ്യത്തിനും അതിലെ ജനങ്ങൾക്കും സമാധാനത്തിന്റെയും സമൃദ്ധിയുടേയും അനുഗ്രഹത്തിനായി സർവ്വശക്തനായ ദൈവത്തോടു് മാദ്ധ്യസ്ഥം തേടുന്നുവെന്നും പങ്കുവച്ചു.

ഇറ്റലിയുടെ വ്യോമാതിർത്തിയിലെത്തിയപ്പോൾ ഇറ്റലിയുടെ പ്രസിഡണ്ട് സെർജ്ജോ മത്തരെല്ലായ്ക്ക് പാപ്പാ സന്ദേശമയച്ചു. സുദൃഢമായ ആത്മീയ പാരമ്പര്യങ്ങളിൽ അധിഷ്ഠിതവും സമാധാനവും നീതിയും കണ്ടെത്താൻ തുടിക്കുകയും ചെയ്യുന്ന ജനതകളെ കണ്ടെത്താൻ കോംഗോ ഡെമോക്രാറ്റിക് റിപ്പബ്ളിക്കിലേക്കും തെക്കൻ സുഡാനിലേക്കുമുള്ള അപ്പസ്തോലിക യാത്രയിൽ കഴിഞ്ഞുവെന്ന് പാപ്പാ എഴുതി. കൂടാതെ ''യാത്ര കഴിഞ്ഞ് തിരിച്ചെത്തുമ്പോൾ പ്രിയപ്പെട്ട പ്രസിഡണ്ടിനും ഇറ്റാലിയൻ രാഷ്ട്രത്തിനും ശാന്തിയുണ്ടാകട്ടെ എന്ന ഹൃദയപൂർവ്വമുള്ള ആഗ്രഹത്തിന്റെയും തന്റെ നിരന്തരമായ പ്രാർത്ഥനയുടെ ഉറപ്പും  സന്ദേശത്തിൽ  വ്യക്തമാക്കി. 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

06 February 2023, 14:33