അനുരഞ്ജനത്തിന്റെയും സമാധാനത്തിന്റെയും പ്രവാചകന്മാരാകുക എന്ന് കോംഗോ മെത്രാന്മാരോടു പാപ്പായുടെ ആഹ്വാനം
സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്
കോംഗോയിലേക്കുള്ള തന്റെ അപ്പോസ്തോലിക യാത്രയുടെ അവസാന ദിനത്തിൽ ഫ്രാൻസിസ് പാപ്പാ ദേശീയ മെത്രാൻ സമിതിയുടെ (സെൻകോ) ആസ്ഥാനത്താണ് രാജ്യത്തെ വൈദീക മേലധ്യക്ഷന്മാരുമായി കൂടിക്കാഴ്ച നടത്തിയത്.
2022 ജൂലൈയിൽ നടത്താൻ നിശ്ചയിച്ചിരുന്ന സന്ദർശനത്തെ അനുസ്മരിച്ച പാപ്പാ തന്റെ സന്ദർശനത്തിനായി രണ്ടുതവണ അവർ ഒരുങ്ങേണ്ടി വന്നതിനെ പ്രതി പാപ്പാ അവരോടു ക്ഷമാപണം നടത്തി.
കോംഗോയിലെ ജനങ്ങളുടെ വിശ്വാസം വളർത്തിയെടുക്കുന്നതിനും അവിടത്തെ ഹരിതാഭമായ വനത്തിന്റെ വിശാലതയിൽ "സൃഷ്ടിയുടെ സൗന്ദര്യം" സംരക്ഷിക്കുന്നതിനുമുള്ള അവരുടെ ദൗത്യത്തെക്കുറിച്ചും പാപ്പാ അവരോടു സംസാരിച്ചു.
പ്രാദേശിക സഭയും അവരുടെ ജനങ്ങൾ അനുഭവിക്കുന്ന പരീക്ഷണങ്ങളിൽ അവരോടൊപ്പം കഷ്ടപ്പെടുകയും അവരുടെ സന്തോഷങ്ങളിൽ ആനന്ദിക്കുകയും ചെയ്യുന്നുവെന്ന് പാപ്പാ പങ്കുവച്ചു.
"ക്രൂശിക്കപ്പെട്ടതും അടിച്ചമർത്തപ്പെട്ടതും, നിഷ്ഠൂരമായ അക്രമങ്ങളാൽ നശിപ്പിക്കപ്പെട്ടതും, സമൂഹത്തെ മലിനമാക്കുന്ന അഴിമതിയുടെയും അനീതിയുടെയും കളങ്കിത ജലത്തിൽ ജീവിക്കാൻ നിർബന്ധിതരാക്കപ്പെടുകയും, നിരവധി കുട്ടികളിൽ ദാരിദ്ര്യം അനുഭവിക്കുകയും ചെയ്ത ഈ ജനതയുടെ ചരിത്രത്തിൽ യേശു സഹിക്കുന്നത് ഞാൻ കാണുന്നു." എന്ന് പാപ്പാ ഖേദപൂർവ്വം പറഞ്ഞു.
പ്രാർത്ഥനയിൽ ദൈവത്തോടൊപ്പം
"ദൈവത്തിന്റെ സാമീപ്യത്തെക്കുറിച്ചും ജനങ്ങൾക്കായുള്ള പ്രവചനത്തെക്കുറിച്ചും" പാപ്പാ മെത്രാന്മാരോടു സംസാരിച്ചു. നല്ല ഇടയനുമായി കൂടുതൽ അടുക്കാൻ മറ്റുള്ളവരെ സഹായിക്കുന്നതിന്, ദൈവത്തിന്റെ സാമീപ്യത്തിൽ ആശ്വാസം കണ്ടെത്താൻ പാപ്പാ അവരെ പ്രോത്സാഹിപ്പിച്ചു.
മെത്രാന്മാർക്കിടയിൽ കാണുന്ന അധികാരത്തിന്റെയും സ്വയം പുരോഗതിയുടെയും എല്ലാ കെണികളെയും പാപ്പാ അപലപിച്ചു. അത്തരം മനോഭാവങ്ങൾ പ്രാർത്ഥനയിൽ ക്രിസ്തുവുമായുള്ള അവരുടെ ബന്ധം അവഗണിക്കാൻ അവരെ പ്രേരിപ്പിക്കുന്നുവെന്ന് പാപ്പാ ഓർമ്മപ്പെടുത്തി. “ദൈവത്തോടുള്ള നമ്മുടെ സാമീപ്യത്തെ നാം വിലമതിക്കുമ്പോൾ, നാം നമ്മുടെ ജനങ്ങളിലേക്ക് ആകർഷിക്കപ്പെടുന്നുവെന്ന് മാത്രമല്ല നമ്മുടെ സംരക്ഷണത്തിൽ ഏൽപ്പിക്കപ്പെട്ടവരോടു എപ്പോഴും അനുകമ്പ തോന്നുകയും ചെയ്യും” എന്ന് ഫ്രാൻസിസ് പാപ്പാ പറഞ്ഞു.
കോംഗോയിലെ ജനങ്ങളെ അവരുടെ "അപമാനത്തിൽ നിന്നും അടിച്ചമർത്തലിൽ നിന്നും" കരകയറ്റാൻ മെത്രാന്മാർ അവരുടെ അജപാലന ശുശ്രൂഷ വഴി "മുറിവുകളിൽ സ്പർശിക്കുകയും ദൈവത്തിന്റെ സാമീപ്യം അറിയിക്കുകയും വേണം", എന്നും പാപ്പാ പ്രത്യാശ പ്രകടിപ്പിച്ചു.
അനീതിയെ വേരോടെ പിഴുതെറിയാൻ പ്രവാചകന്മാർ
ദൈവത്തിലേക്ക് മറ്റുള്ളവരെ നയിക്കാൻ വചനം അവരുടെ ഉള്ളിൽ "അനിയന്ത്രിതമായ അസ്വസ്ഥത" ഉണർത്തുന്നതിന് മെത്രാന്മാർ സ്വീകരിക്കേണ്ട പ്രവചനമെന്ന ആശയത്തിലേക്ക് പാപ്പാ അവരെ നയിച്ചു.
"ദൈവത്തിന്റെ വചനം ഉള്ളിൽ ജ്വലിക്കുകയും പുറത്തേക്ക് പോകാൻ നമ്മെ പ്രേരിപ്പിക്കുകയും ചെയ്യുന്ന ഒരു തീയാണ്! അങ്ങനെയെങ്കിൽ, മെത്രാന്മാർ, ദൈവവചനത്താൽ തീ കൊളുത്തപ്പെട്ട് ദൈവജനത്തിനടുത്തേക്ക് അപ്പോസ്തോലിക തീക്ഷ്ണതയോടെ അയക്കപ്പെട്ട മനുഷ്യരാണ്" എന്ന് പാപ്പാ പറഞ്ഞു.
വക്രതയും അനീതിയും നിറഞ്ഞ ലോകത്തിന്റെ നടുവിൽ ചരിത്രത്തിന്റെ ഒരു പുതിയ അധ്യായം കെട്ടിപ്പടുക്കാൻ സഹായിക്കാനാണ് ദൈവം തന്റെ പ്രവാചകന്മാരെ വിളിക്കുന്നതെന്ന് ഫ്രാൻസിസ് പാപ്പാ സന്ദേശത്തിൽ പറഞ്ഞു.
അഴിമതിക്കും ചൂഷണത്തിനുമൊപ്പം വിദ്വേഷത്തിന്റെയും നീരസത്തിന്റെയും അക്രമത്തിന്റെയും വിഷങ്ങൾ സമൂഹത്തിൽ നിന്ന് വേരോടെ പിഴുതെറിയണം എന്ന് പാപ്പാ കൂട്ടിച്ചേർത്തു.
രാഷ്ട്രീയമല്ല, വചനമാണ് പ്രഘോഷിക്കേണ്ടത്
ക്രൈസ്തവ പ്രവചനങ്ങളെ രാഷ്ട്രീയ ഊർജ്ജസ്വലതയുമായി കൂട്ടിക്കുഴയ്‌ക്കരുതെന്ന് പാപ്പാ പറഞ്ഞു, കാരണം മെത്രാന്മാർ വിളിക്കപ്പെട്ടിരിക്കുന്നത് “വചനം പ്രഘോഷിക്കാനും മനസ്സാക്ഷിയെ ഉണർത്താനും തിന്മയെ അപലപിക്കാനും ഹൃദയം തകർന്നവരെയും പ്രത്യാശയില്ലാത്തവരെയും പ്രോത്സാഹിപ്പിക്കാനുമാണെന്ന് പാപ്പാ ഊന്നി പറഞ്ഞു.
വൈദികരോടും അജപാലന പ്രവർത്തകരോടും അടുത്തിടപഴകാനും ക്ഷമയുടെയും സുവിശേഷ ലാളിത്യത്തിന്റെയും ഉത്തമ മാതൃക കാണിക്കാനും മെത്രാന്മാരെ പാപ്പാ ക്ഷണിച്ചു. ദൈവവുമായുള്ള സംഭാഷണം അവഗണിക്കരുതെന്നും അധികാരങ്ങളുമായുള്ള അവ്യക്തമായ ബന്ധത്തിലൂടെയോ, അലംഭാവവും, ആവർത്തനകർമ്മമെന്ന രീതിയിൽ നയിക്കുന്ന ജീവിതത്തിലൂടെയോ പ്രവചനത്തിന്റെ ജ്വാല അണയാൻ അനുവദിക്കരുതെന്നും പാപ്പാ അവരോടു ആവശ്യപ്പെട്ടു.
അക്രമത്തിന് മുന്നിൽ കരുണയുടെ സാക്ഷികൾ
ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ മെത്രാന്മാർ അന്തരിച്ച ആർച്ച് ബിഷപ്പ് ക്രിസ്റ്റോഫ് മുൻസിഹിർവയുടെ മാതൃകയെ നോക്കാൻ ഫ്രാൻസിസ് പാപ്പാ ആഹ്വാനം ചെയ്തു. ധീരനായ ഇടയനും പ്രവാചക ശബ്ദവും ഈശോ സഭാംഗവുമായിരുന്ന ആർച്ച് ബിഷപ്പ് തന്റെ ജനങ്ങളെ സംരക്ഷിച്ചതിന്റെ പേരിൽ ഒരു നഗര ചത്വരത്തിൽ വെച്ച് 1996-ൽ കൊല്ലപ്പെടുകയായിരുന്നുവെന്ന് പാപ്പാ പങ്കുവച്ചു.
വിഭവങ്ങളുടെ ചൂഷണവും, വംശീയവും ഗോത്രപരവുമായ സംഘർഷങ്ങളും മാത്രമല്ല, എല്ലാറ്റിനുമുപരിയായി ദൈവത്തിന്റെയും മനുഷ്യന്റെയും ശത്രുവായ ദുഷ്ടന്റെ അന്ധകാര ശക്തിയും അഴിച്ചുവിട്ട അക്രമങ്ങൾക്കിടയിലും കരുണയുടെയും അനുരഞ്ജനത്തിന്റെയും സാക്ഷികളായിരിക്കുക എന്ന് പാപ്പാ അവരോടു തന്റെ സന്ദേശത്തിൽ ആഹ്വാനം ചെയ്തു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: