ഫ്രാൻസീസ് പാപ്പാ "മെഡിറ്ററേനിയൻ സമ്മേളനങ്ങളുടെ" സമാപന വേദിയിൽ, ഫ്രാൻസിലെ മർസെയിലുള്ള "പലേ ദ്യു ഫഹൊ" യിൽ (Palais du Pharo), 23/09/23 ഫ്രാൻസീസ് പാപ്പാ "മെഡിറ്ററേനിയൻ സമ്മേളനങ്ങളുടെ" സമാപന വേദിയിൽ, ഫ്രാൻസിലെ മർസെയിലുള്ള "പലേ ദ്യു ഫഹൊ" യിൽ (Palais du Pharo), 23/09/23 

പാപ്പാ: നന്മയുടെ കടലും സ്വാഗതം ചെയ്യുന്ന തുറമുഖവും സമാധാന വിളക്കും ആകുക!

ഫ്രാൻസിലെ മർസെയിൽ മെഡിറ്ററേനിയൻ സമ്മേളനങ്ങളുടെ സമാപനം. ഫ്രാൻസീസ് പാപ്പായുടെ സമാപന സന്ദേശം.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ഫ്രാൻസിലെ മർസെയിൽ "മെഡറ്ററേനിയൻ സമ്മേളനങ്ങളുടെ" സമാപന യോഗത്തിൽ ഫ്രാൻസീസ് പാപ്പാ സംബന്ധിക്കുകയും സന്ദേശം നല്കുകയും ചെയ്തു. പ്രസ്തുത സന്ദേശത്തിൽ നിന്ന്:

മർസെയ് നഗരത്തിൻറെ പ്രതീകാത്മകത കടൽ, തുറമുഖം, വിളക്കുമാടം അഥവാ, ദീപസ്തംഭം എന്നീവയിലൂടെ പാപ്പാ വരച്ചുകാട്ടി തൻറെ പ്രഭാഷണത്തിൽ.

മദ്ധ്യധരണിപ്രദേശത്തെ ജനങ്ങൾക്കുവേണ്ടിയുള്ള സേവനത്തിൻറെ പാത ബാരിക്കും ഫ്ലോറൻസിനും ശേഷം മർസെയിയ തുടരുകയാണെന്നും മർസെയ് നഗരത്തിൽ സഭാധികാരികളും പൗരാധികാരികളും മാനവ പരിപാലനം എന്ന ആഗ്രഹത്തോടെ ഒത്തൊരുമിച്ചു പ്രവർത്തിക്കയാണെന്നും സഭയുടെയും സമൂഹത്തിൻറെയും “ഇന്നും” “നാളെ”യുമായ യുവതയോടൊപ്പമാണ് ഇതു ചെയ്യുന്നതെന്നും പാപ്പാ അനുസ്മരിച്ചു. വളരെ പുരാതനമായ മർസെയ് നഗരം സ്ഥാപിച്ചത് ഏഷ്യാമൈനറിൽ നിന്നെത്തിയ ഗ്രീക്ക് നാവികരാണെന്നും ഈ നഗരത്തിന് മദ്ധ്യധരണിയുടെ പുഞ്ചിരിയുടെ ഒരു രൂപമുണ്ടെന്നും പാപ്പാ പറഞ്ഞു.

മർസെയ് നഗരത്തിന് കടലിനുള്ള സ്ഥാനത്തെക്കുറിച്ച് ദ്യോതിപ്പിച്ച പാപ്പാ മാർസെയ് നഗരത്തിൻറെ ബഹുസ്വരതയെയും ഒപ്പം അദ്വിതീയതയെയും കുറിച്ച് വിശദീകരിച്ചു. ഇന്ന് സംഘർഷങ്ങളുടെതായ സമുദ്രത്തിൽ മെഡിറ്ററേനിയൻ കടലിൻറെ സംഭാവനകൾ വിലമതിക്കുന്നതിനും  അങ്ങനെ അത് വീണ്ടും സമാധാനത്തിൻറെ പണിശാലയായി മാറുന്നതിനുമാണ് ഈ സമ്മേളനമെന്ന് പാപ്പാ അനുസ്മരിച്ചു. ആകയാൽ സമാധാനം സംസ്ഥാപിക്കാൻ എവിടെ തുടങ്ങണം എന്ന ചോദ്യം ഉന്നയിച്ച പാപ്പാ യേശു ദരിദ്രർക്ക് പ്രത്യാശ പകർന്നുകൊണ്ട് ഗലീലി കടൽത്തീരത്തു നിന്ന് ആരംഭിച്ചതിനെക്കുറിച്ചും ദരിദ്രരെ അനഗ്രഹീതരെന്ന് പ്രഖ്യാപിച്ചതിനെനെക്കുറിച്ചും സൂചിപ്പിച്ചു.

വാസ്തവത്തിൽ, യഥാർത്ഥ സാമൂഹിക തിന്മ പ്രശ്‌നങ്ങളുടെ വർദ്ധനവല്ല, മറിച്ച് പരിചരണത്തിൻറെ കുറവാണെന്ന് പറഞ്ഞ പാപ്പാ ഇപ്രകാരം തുടർന്നു:  കുറ്റകൃത്യത്തിനും വേശ്യാവൃത്തിക്കും എളുപ്പത്തിൽ ഇരയായിത്തീർന്ന യുവതീയുവാക്കളുടെ ചാരെ ആരാണുള്ളത്?  കൂടുതൽ സ്വതന്ത്രര്യം ലഭിക്കേണ്ട ജോലിക്ക് അടിമകളാക്കിത്തീർക്കപ്പെടുന്നവരുടെ ചാരെ ആയിരിക്കുന്നത് ആരാണ്? പേടിയുള്ള, ഭാവിയെക്കുറിച്ചും പുതുസൃഷ്ടികളെ ലോകത്തിലേക്കു കൊണ്ടുവരുന്നതിനെക്കുറിച്ചും ഭയമുള്ള,  കുടുംബങ്ങളെ ആര് പരിപാലിക്കും? ഏകാന്തതയനുഭവിക്കുന്ന വൃദ്ധജനത്തിൻറെ നെടുവീർപ്പുകൾ ആരു ശ്രവിക്കും? പുരോഗമനത്തിൻറെ കപട അവകാശങ്ങളുടെ പേരിൽ തിരസ്കൃതരാകുന്ന അജാതശിശുക്കളെക്കുറിച്ച് ആരാണ് ചിന്തിക്കുക? ഇത്യാദി ചോദ്യങ്ങൾ ഉന്നയിച്ച പാപ്പാ  എത്രയോ ആളുകൾ അക്രമത്തിൽ മുഴുകി ജീവിക്കുകയും അനീതിയുടെയും പീഡനത്തിൻറെയും സാഹചര്യങ്ങൾ അനുഭവിക്കുകയും ചെയ്യുന്നതിനെക്കുറിച്ചും സൂചിപ്പിച്ചു.

ഒരു തുറമുഖം കൂടിയായ മർസെയ് നഗരത്തെക്കുറിച്ചു പരാമർശിച്ച പാപ്പാ ഈ നഗരം നൂറ്റാണ്ടുകളായി കടലിലേക്കും ഫ്രാൻസിലേക്കും യൂറോപ്പിലേക്കും തുറന്നുകിടക്കുന്ന വാതിലാണ് എന്ന് പറഞ്ഞു. ഈ നഗരത്തിൽ നിന്ന് പലരും ജോലിയും ഭാവിയും തേടി വിദേശത്തേക്ക് പോയി, ഇവിടെ നിന്ന് പലരും പ്രതീക്ഷകളുമായി ഭൂഖണ്ഡത്തിൻറെ വാതിൽ കടന്നു. മാർസെയ് നഗരത്തിന് ഒരു വലിയ തുറമുഖമുണ്ട്, അത് ഒരു വലിയ വാതിലാണ്, അത് അടച്ചിടാൻ കഴിയില്ല. നമ്മുടെ കടൽ, അതായത്, “മാരെ നോസ്ത്രും” നീതിക്കായി കേഴുന്നു,  പാപ്പാ പറഞ്ഞു. (പുരാതന റോമാക്കാർ മദ്ധ്യധരണ്യാഴിയെ സൂചിപ്പിക്കുന്നിന് ഉപയോഗിച്ചിരുന്ന പേരാണ്  “മാരെ നോസ്ത്രും” “MARE NOSTRUM”) മനുഷ്യവ്യക്തികളെ ചൂഷണം ചെയ്യുകയെന്ന ഭീകരമായ വ്യാധിയെപ്പറ്റി പരാമാർശിച്ച പാപ്പാ ഇതിനുള്ള പരിഹാരം തിരസ്ക്കരണമല്ലെന്നും ഒരോരുത്തരുടെയും സാധ്യതയനുസരിച്ച്, നിയമാനുസൃത പ്രവേശനം ഉറപ്പുവരുത്തുകയാണെന്നും ഓർമ്മിപ്പിച്ചു. മർസേയ് വിശ്വാസത്തിൻറെ കവാടം കൂടിയാണെന്നും പാരമ്പര്യമനുസരിച്ച്, വിശുദ്ധരായ മാർത്തയും മറിയവും ലാസറും ഇവിടെ വന്നിറങ്ങി ഈ ദേശങ്ങളിൽ സുവിശേഷം പ്രചരിപ്പിച്ചിട്ടുണ്ടെന്നും മാർസെയ്‌ലെ പാരമ്പര്യം സൂചിപ്പിക്കുന്നതുപോലെ, വിശ്വാസം കടലിൽ നിന്നു വരുന്നുവെന്നും പാപ്പാ അനുസ്മരിച്ചു.

മർസെ നഗരത്തിൻറെ പ്രതീകാത്മക രൂപമായ വിളക്കുമാടത്തെക്കുറിച്ചു പരാമർശിക്കവെ പാപ്പാ വിളക്കുമാടം കടലിൽ വെളിച്ചം പകരുകയും തുറമുഖത്തെ ദൃശ്യമാക്കിത്തീർക്കുകയും ചെയ്യുന്നുവെന്ന യാഥാർത്ഥ്യത്തെക്കുറിച്ചു സൂചിപ്പിച്ചു. മദ്ധ്യധരണി പ്രദേശത്തെ സഭകളുടെ ദിശാവിളക്കുകൾ ഏവയാണെന്ന ചോദ്യവും പാപ്പാ മുന്നോട്ടു വച്ചു. യുവജനങ്ങളെയും പാപ്പാ ഭാവിമാർഗ്ഗം കാണിച്ചുതരുന്ന പ്രകാശമായി അവതരിപ്പിച്ചു. മർസെയ് വലിയ സർവ്വകലാശാലാനഗരം ആണെന്നും അയ്യായിരം വിദേശികളുൾപ്പടെ മുപ്പത്തിയയ്യായിരത്തോളം സർവ്വകലാശാലാ വിദ്യാർത്ഥികൾ അവിടെയുണ്ടെന്നും പാപ്പാ അനുസ്മരിച്ചു. സർവ്വകാലശാലകളിൽ യുവജനങ്ങൾ ഭാവി കെട്ടിപ്പടുക്കാനുള്ള സ്വപ്നത്തിലാണെന്നു പറഞ്ഞ പാപ്പാ മദ്ധ്യധരണിപ്രദേശ സർവ്വകലാശാലകൾ സ്വപ്ന സാക്ഷാത്ക്കാരശാലകളും ഭാവി കെട്ടിപ്പടുക്കുന്ന ശാലകളും ആയിത്തീരട്ടെയെന്ന് ആശംസിക്കുകയും അവിടെ യുവത പരസ്പരം കണ്ടുമുട്ടുകയും പരസ്പരം അറിയുകയും സംസ്കാരങ്ങളും സാഹചര്യങ്ങളും കണ്ടെത്തുകയും ചെയ്യുന്നുവെന്ന് പ്രസ്താവിക്കുകയും ചെയ്തു.

പാപ്പാ തൻറെ വാക്കുകൾ ഇപ്രകാരം ഉപസംഹരിച്ചു:

ഇന്നനുഭവപ്പെടുന്ന ദാരിദ്ര്യത്തെ ഐക്യദാർഢ്യവും സഹകരണവും വഴി നേരിടാൻ, നന്മയുടെ കടലായിത്തീരുക; മെച്ചപ്പെട്ട ഭാവി തേടുന്നവരെ സ്വീകരിക്കാൻ സ്വാഗതം ചെയ്യുന്ന തുറമുഖമാകുക; അക്രമത്തിൻറെയും യുദ്ധത്തിൻറെയും തമോഗർത്തങ്ങളെ സമാഗമത്തിൻറെ സംസ്കാരം വഴി മുറിച്ചുകടക്കാൻ, സമാധാനത്തിൻറെ വിളക്കായിരിക്കുക. നന്ദി.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

23 September 2023, 16:27