പരിശുദ്ധ പിതാവ് വിവിധ രാജ്യങ്ങളുടെ നയതന്ത്രജ്ഞരുമായി കൂടിക്കാഴ്ച നടത്തിയപ്പോൾ സന്ദേശം നൽകുന്നു. പരിശുദ്ധ പിതാവ് വിവിധ രാജ്യങ്ങളുടെ നയതന്ത്രജ്ഞരുമായി കൂടിക്കാഴ്ച നടത്തിയപ്പോൾ സന്ദേശം നൽകുന്നു.  (Vatican Media)

പാപ്പാ : ജനതകൾ തമ്മിലുള്ള തർക്കങ്ങൾ അക്രമവും യുദ്ധവും കൊണ്ടല്ല തീർക്കേണ്ടത്

2024 ജനുവരി 8ന് രാവിലെ പരിശുദ്ധ പിതാവ് വത്തിക്കാൻ രാജ്യത്തിലെ വിവിധ രാജ്യങ്ങളുടെ നയതന്ത്രജ്ഞരുമായി കൂടിക്കാഴ്ച നടത്തി.

സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്

പുതുവർഷാശംസകൾ നൽകിക്കൊണ്ട് അവർക്ക് നൽകിയ സന്ദേശത്തിൽ, സംഘർഷങ്ങളുടെയും വിഭാഗീയതയുടെയും നടുവിൽ പിറന്ന പുതുവൽസരത്തിൽ അന്തർദേശീയ സമൂഹം പ്രത്യാശിക്കുന്ന സമാധാനം മുഖ്യ വിഷയമായിരുന്നു. ഓരോരുത്തരുടേയും രാജ്യവും പരിശുദ്ധ സിംഹാസനവുമായി നല്ല ബന്ധം സ്ഥാപിക്കാൻ അവർ നടത്തുന്ന പരിശ്രമങ്ങൾക്ക് പാപ്പാ നന്ദി രേഖപ്പെടുത്തി.

പരിശുദ്ധ സിംഹാസനത്തിന്റെ പ്രവാചിക ദൗത്യം

രണ്ടു സുപ്രധാന ക്രൈസ്തവ തിരുനാളുകളായ തിരുപ്പിറവിയിലും ഉയിർപ്പുതിരുനാളിലും പ്രതിധ്വനിക്കുന്ന ഒരേ ഒരു പദം സമാധാനമാണെന്നും അത് അടിസ്ഥാനപരമായി ദൈവത്തിന്റെ ദാനവും അതിൽ അടയിരുന്ന് വിരിയിച്ചെടുക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വവുമാണെന്ന് ഫ്രാൻസിസ് പാപ്പാ അവരെ ഓർമ്മിപ്പിച്ചു. അതിനാൽ ലളിതവും വളരെയധികം ഉത്തരവാദിത്വം ആവശ്യപ്പെടുകയും ചെയ്യുന്ന അക്കാര്യത്തിനായി  അന്തർദേശിയ സമൂഹത്തിൽ പരിശുദ്ധ സിംഹാസനത്തിന് ഒരു പ്രവാചിക ദൗത്യം ഉണ്ടെന്ന് പാപ്പാ പറഞ്ഞു.

എല്ലാ ഭൂഖണ്ഡങ്ങളിലേയും സംഘർഷങ്ങൾ ഓരോന്നോരോന്നായി നിരത്തിയ ഫ്രാൻസിസ് പാപ്പാ എല്ലാ ഭീകരപ്രവർത്തനങ്ങളെയും തീവ്രവാദങ്ങളെയും അപലപിച്ചു കൊണ്ട് ജനതകൾ തമ്മിലുള്ള തർക്കങ്ങൾ തീർക്കേണ്ട രീതി അതെല്ല എന്ന് ഊന്നിപ്പറഞ്ഞു. ഇസ്രായേൽ - പാലസ്തീന, ലബനോൻ, മ്യാന്മർ, റഷ്യാ-യുക്രെയ്ൻ, അർമേനിയ - അസെർബജാൻ, ആഫ്രിക്കൻ നാടുകളിലെ ടിഗ്രെ, എത്തിയോപ്പിയ, സുഡാൻ, കാമറൂൺ, മൊസാംബിക്, കോംഗോ ഡെമോക്രാറ്റിക് റിപ്പബ്ളിക് അമേരിക്കൻ ഭൂഖണ്ഡത്തിലെ വെനിസ്വല, ഗയാനാ, പെറു, നിക്കാരഗ്വ തുടങ്ങിയ ഇടങ്ങളിലെ സംഘർഷങ്ങൾ എല്ലാം തന്നെ പാപ്പാ എടുത്തു പറഞ്ഞവയിൽ ഉൾപ്പെടുന്നു.

ദ്വിരാഷ്ട്ര പരിഹാരവും ജെറൂസലേമിന് പ്രത്യേക പദവിയും

ഗാസയിൽ വെടിനിറുത്തലിനും, തടവുകാരുടെ മോചനത്തിനും ആവശ്യപ്പെട്ട പാപ്പാ ഇസ്രായേൽ - പാലസ്തീൻ സംഘർഷത്തിൽ ദ്വിരാജ്യ പരിഹാരവും ജെറുസലേം നഗരത്തിന്  പ്രത്യേക പദവിയും നൽകിക്കൊണ്ട് ഇരു രാജ്യങ്ങളും സമാധാനത്തിലും സുരക്ഷതയിലും ജീവിക്കാൻ അന്തർദേശീയ സമൂഹം മുന്നോട്ടു വരണമെന്ന്  പാപ്പാ ആവശ്യപ്പെട്ടു.

സാധാരണ പൗരന്മാർ യുദ്ധത്തിന്റെ ഇരകളാകുന്നത് “യാദൃശ്ചിക നാശനഷ്ടമായി” കണക്കാക്കരുത് കൂടുതൽ കൂടുതൽ ഛിന്നഭിന്നമാക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു ലോകമാണ് നാം കാണുന്നതെന്നും ആധുനിക യുദ്ധങ്ങൾ കൃത്യമായി നിർവ്വചിച്ച യുദ്ധക്കളങ്ങളോ സൈനീകരെ മാത്രമോ അല്ല ലക്ഷ്യം വയ്ക്കുന്നതെന്നും അതിനേക്കാൾ ഏറെ നമുക്കാർക്കും അറിയാത്തത്ര ലക്ഷക്കണക്കിന് സ്ത്രീകളും കുട്ടികളും ഉൾപ്പെട്ട സാധാരണ ജനങ്ങളെയാണ് അവഗണിക്കുകയും ബാധിക്കുകയും ചെയ്യുന്നതെന്നും പാപ്പാ  ചൂണ്ടിക്കാണിച്ചു. അന്തർദ്ദേശിയ മാനുഷിക നിയമങ്ങളുടെ ലംഘനങ്ങൾ യുദ്ധ കുറ്റകൃത്യങ്ങളാണ്, അത് ചൂണ്ടിക്കാണിക്കുക മാത്രമല്ല തടയുകയും വേണം. സാധാരണ പൗരന്മാർ യുദ്ധങ്ങളുടെ ഇരകളാകുന്നത് "ഒരു യാദൃശ്ചിക നാശനഷ്ടമായി” കണക്കാക്കാനാവില്ല.  അതിനാൽ അന്തർദേശിക സമൂഹം ഇടപെടണമെന്ന് പാപ്പാ അടിവരയിട്ടു. യുദ്ധം ഒരു വലിയ ദുരന്തവും, ഒരു പ്രയോജനവുമില്ലാത്ത കശാപ്പുമാണ്  എന്ന് ബനഡിക്ട് പതിനാറമനെ ഉദ്ധരിച്ചു കൊണ്ട് പാപ്പാ അപലപിച്ചു.

നിരായുധീകരണ നയരൂപീകരണം

യുദ്ധങ്ങളും ആയുധങ്ങളുമായുള്ള ബന്ധം അടിവരയിട്ടു കൊണ്ട് നിരായുധീകരണത്തിനായുള്ള നയരൂപീകരണത്തിന്റെ ആവശ്യകതയും പാപ്പായുടെ സന്ദേശത്തിന്റെ മുഖ്യധാരയിൽ തെളിഞ്ഞു വന്നു. ആയുധങ്ങളുടെ ലഭ്യത അതിന്റെ ഉപയോഗവും നിർമ്മാണവും പ്രോൽസാഹിപ്പിക്കും, അത് സംശയങ്ങളുണ്ടാക്കുകയും നിക്ഷേപങ്ങൾ വഴിതിരിച്ചുവിടുകയും ചെയ്യും. ആയുധ നിർമ്മാണങ്ങൾക്കായി നടത്തുന്ന നിക്ഷേപങ്ങൾ വഴി എത്രയോ ജീവിതങ്ങളെ രക്ഷിക്കാനാവുമെന്നും അവ എന്തുകൊണ്ട് ആഗോള സുരക്ഷയ്ക്കായി വിനിയോഗിക്കാനാവുന്നില്ല എന്നും പാപ്പാ ചോദിച്ചു. ഇക്കാലത്തിന്റെ പ്രതിസന്ധികളായ  ആഹാരം, പരിസ്ഥിതി, സാമ്പത്തികം, ആരോഗ്യ സംരക്ഷണം എന്നിവയ്ക്ക് അതിരുകളില്ല. അതിനാൽ പട്ടിണി നിവാരണത്തിനായി ഒരു ഭൂഗോള ഫണ്ട് രൂപീകരിക്കാൻ പാപ്പാ ആഹ്വാനം ചെയ്തു.

യുദ്ധത്തിന്റെ മൂലകാരണങ്ങൾ നിവാരണം ചെയ്യണം

സമാധാനം പിൻതുടരാൻ യുദ്ധോപകരണങ്ങൾ ഉപേക്ഷിച്ചതുകൊണ്ടു മാത്രമാവില്ല, യുദ്ധത്തിന്റെ മൂലകാരണങ്ങളും വേരോടെ പിഴുതെറിയേണ്ടതുണ്ട്. ജനങ്ങളെ കുറഞ്ഞ വേതനത്തിനും നിർബന്ധിത തൊഴിലിലേക്കും നയിക്കുന്ന പ്രകൃതി വിഭവചൂഷണം മനുഷ്യന് നിയന്ത്രിക്കാനാവാത്ത പ്രകൃതി ദുരന്തങ്ങൾക്കും ദാരിദ്ര്യത്തിനും കുടിയേറ്റത്തിനും കാരണമാവുന്നു എന്നു പറഞ്ഞ പാപ്പാ കുടിയേറ്റ പാതകളിൽ നടക്കുന്ന മനുഷ്യക്കടത്തിലെ ചൂഷണങ്ങളെയും ജീവൻ നഷ്ടപ്പെടുത്തുന്ന അപകടകരമായ വഴികളെയും പ്രത്യേകിച്ച് മെഡിറ്ററേനിയൻ കടൽ സമാധാനത്തിന്റെ ഒരു പരീക്ഷണശാലയാകേണ്ടതിനു പകരം ഒരു വലിയ സിമിത്തേരി ആയി മാറിയതും ചൂണ്ടിക്കാണിച്ചു.

നിയമപരമായ നിയന്ത്രിത കുടികയറ്റം

കുടിയേറ്റവുമായി ബന്ധപ്പെട്ട വലിയ ദുരന്തങ്ങൾക്ക് നേരെ കണ്ണടച്ച്, അതിനെ പേടിപ്പിക്കുന്ന ഒരു കടന്നുകയറ്റമായി കണ്ട് കുടിയേറ്റക്കാർ മുഖങ്ങളും പേരുകളുമുള്ളവരാണെന്ന സത്യം നമ്മൾ മറക്കുന്നു. കുടിയേറ്റത്തെ കൂടിക്കാഴ്ചയുടേയും പരസ്പരം സമ്പന്നമാക്കുന്ന ഒന്നായും കാണാനും അത് നിയമപരമായി നിയന്ത്രിച്ച് കുടിയേറ്റക്കാരെ സ്വീകരിക്കാനും, പ്രോൽസാഹിപ്പിക്കാനും, പിൻതുടർന്ന് സമൂഹത്തിൽ സമന്വയിപ്പിക്കാനും ആഹ്വാനം ചെയ്ത് അത്തരം ഒരു ഉത്തരവാദിത്വം ഏറ്റെടുക്കുന്നവരുടെ സംസ്കാരവും വികാരങ്ങളും സുരക്ഷിതത്വവും മാനിക്കപ്പെടണമെന്നും പാപ്പാ അടിവരയിട്ടു. അതേസമയം തന്നെ അവരവരുടെ നാട്ടിൽ തുടരാൻ വേണ്ട അനുകൂല സാഹചര്യങ്ങൾ സൃഷ്ടിക്കേണ്ടതുണ്ടെന്നതും പാപ്പാ ചൂണ്ടിക്കാണിച്ചു.

ജീവൻ കച്ചവട ചരക്കാകരുത്

സമാധാനത്തിലേക്കുള്ള പാത ജീവന്റെ എല്ലാ തലങ്ങളേയും അമ്മയുടെ ഉദരത്തിൽ ഉരുവാകുന്നതു മുതൽ ബഹുമാനിക്കണമെന്നും അത് ഒരിക്കലും ധനലാഭത്തിനുള്ള മാർഗ്ഗമാക്കരുതെന്നും പറഞ്ഞു കൊണ്ട് മനുഷ്യക്കടത്ത്, വാടക ഗർഭപാത്രം, ദയാവധം എന്നിവയെ പാപ്പാ അപലപിച്ചു.  സമാധാനം കെട്ടിപ്പടുക്കാൻ മനുഷ്യാവകാശങ്ങളുടെ സംരക്ഷണവും, സംവാദം, എന്നിവയുടെ പ്രാധാന്യവും തന്റെ പ്രഭാഷണത്തിൽ പാപ്പാ എടുത്തു പറഞ്ഞു. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം സുരക്ഷിതത്വത്തിനും, സമാധാനത്തിനും, സഹകരണത്തിനുമായി സൃഷ്ടിച്ച സംഘടനകൾ അതിലെ അംഗങ്ങളെ ഒരുമിപ്പിച്ചു നിറുത്താൽ കഴിയാതെ ഈ കാലഘട്ടത്തിൽ ബലഹീനമായതിനെ പാപ്പാ ചൂണ്ടിക്കാണിച്ചു. സമാധാനത്തിനുള്ള പ്രതിബദ്ധതയിൽ അവയുടെ വേരുകളും, ചൈതന്യവും, മൂല്യങ്ങളും വീണ്ടെടുക്കേണ്ടതുണ്ടെന്ന് ഫ്രാൻസിസ് പാപ്പാ ഓർമ്മിപ്പിച്ചു.

സമാധാനവും രാഷ്ടീയ, സാമൂഹ്യ, അന്തർമത സംവാദങ്ങളും

സമാധാനത്തിന് രാഷ്ട്രീയവും സാമൂഹ്യവും അന്തർമത സംവാദവും ആവശ്യമാണ്. രാഷ്ട്രീയം ഏറ്റവും ഉയർന്ന ഉപവിയുടെ രൂപമാണ് അല്ലാതെ അധികാരം പിടിച്ചെടുക്കലല്ല എന്നു പറഞ്ഞ പാപ്പാ മതസ്വാതന്ത്ര്യവും ന്യൂനപക്ഷങ്ങളോടുള്ള ബഹുമാനവും പ്രധാനപ്പെട്ടതാണെന്നും അടിവരയിടാൻ മറന്നില്ല. വർദ്ധിച്ചു വരുന്ന യഹൂദ വിരുദ്ധ വികാരവും ക്രൈസ്തവർക്കെതിരെ നടക്കുന്ന വിവേചനങ്ങളും പീഡനങ്ങളും അപലപിച്ചു.

സമാധാനവും വിദ്യാഭ്യാസവും

സമാധാനത്തിന്റെ പാതയിൽ വിദ്യാഭ്യാസം വഹിക്കുന്ന പങ്ക് എടുത്തു പറഞ്ഞ പാപ്പാ അത് ഭാവിയിലും യുവാക്കളിലും നടത്തുന്ന നിക്ഷേപമാണെന്നും  ആധുനിക സാങ്കേതിക പുരോഗതിയിൽ ആൾഗോരിതങ്ങൾക്കും ഉപകരണങ്ങൾക്കും മുന്നേ മനുഷ്യ വ്യക്തിക്ക്  പ്രാധാന്യം കൊടുത്ത് ധാർമ്മികതയും ഉത്തരവാദിത്വവും ഉള്ള രീതി അവലംബിക്കുന്നതാവണം വിദ്യാഭ്യാസം എന്നും പാപ്പാ വിശദീകരിച്ചു. അതിനാൽ ദേശീയ, അന്തർദേശീയ, രാഷ്ട്രീയ, സാമൂഹ്യ തലങ്ങളിൽ  നിർമ്മിത ബുദ്ധിയുടെ വികസനം മനുഷ്യന്റെ സേവനത്തിന് വേണ്ടിയുള്ളതാവണം എന്നതിന് ശ്രദ്ധാപൂർവ്വമായ വിചിന്തനം ആവശ്യമാണെന്ന കാര്യം ഫ്രാൻസിസ് പാപ്പാ ഓർമ്മിപ്പിച്ചു.

ജൂബിലി വർഷം: കൃപകളുടെ അവസരം

സഭ ആചരിക്കുന്ന വിശുദ്ധവർഷത്തെക്കുറിച്ചും പാപ്പാ സംസാരിച്ചു. മനുഷ്യരെ നിസ്സഹായനാക്കുന്ന നിരവധി കാരണങ്ങൾക്കു മുന്നിൽ ദൈവം മനുഷ്യനെ കൈവിടില്ല എന്ന് വിളിച്ചു പറയുകയും തന്റെ രാജ്യത്തിന്റെ കവാടം നിരന്തരം മലർക്കെ തുറന്നിട്ടിരിക്കുകയാണെന്നും പ്രലോഷിക്കുന്ന ഒന്നാണ് ജൂബിലി. അത് ദൈവത്തിന്റെ കരുണയും അവന്റെ സമാധാനദാനവും അനുഭവിക്കുന്ന കൃപകളുടെ അവസരമാണ്. അത് നീതിയുടേയും, പാപപ്പൊറുതിയുടെയും, അനുരഞ്ജനത്തിന്റെയും കാലമാണ്. ക്രൈസ്തവനും - അക്രൈസ്തവനും ഒരു പോലെ വാളുകൾ കലപ്പകളാക്കുകയും രാഷ്ട്രങ്ങൾ പരസ്പരം വാളുയർത്തുകയും ചെയ്യാത്ത, ഒരിക്കലും യുദ്ധം ചെയ്യാൻ പഠിക്കുകയും ചെയ്യാത്ത (ഏശ 2,4)  ഒരു സമയമാണ്.  എല്ലാവർക്കും സമാധാനം ആശംസിച്ചു കൊണ്ടാണ് പാപ്പാ ഉപസംഹരിച്ചത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

08 January 2024, 14:21