പാപ്പായുടെ കർദിനാൾ ഉപദേശകസംഘം യോഗം ചേർന്നു
ഫാ.ജിനു ജേക്കബ്,വത്തിക്കാൻ സിറ്റി
ഫ്രാൻസിസ് പാപ്പായുടെ ഉപദേശക സമിതിയിലെ (C9) കർദിനാളന്മാരുടെ യോഗം ഫെബ്രുവരി അഞ്ചാം തീയതി വത്തിക്കാനിൽ ആരംഭിച്ചു. സഭയിൽ സ്ത്രീകളുടെ പങ്കിനെ പറ്റി കൂടുതൽ ചർച്ചകൾ നടത്തുവാൻ കർദിനാൾമാർക്കൊപ്പം മൂന്നു സ്ത്രീകളും യോഗത്തിൽ സംബന്ധിക്കുന്നുണ്ട്.കഴിഞ്ഞ ഡിസംബർ മാസം 4 ,5 തീയതികളിൽ കൂടിയ യോഗത്തിലും സഭയിൽ സ്ത്രീകളുടെ പങ്കിനെ പറ്റി പ്രത്യേകമായി പരാമർശിച്ചിരുന്നു. ഈ പ്രതിഫലങ്ങളിൻമേൽ കൂടുതൽ ഫലപ്രദമായ ചിന്തകൾ രൂപപ്പെടുത്തുന്നതിനുവേണ്ടിയാണ് ഫെബ്രുവരി അഞ്ചാം തീയതി രാവിലത്തെ സമയം പ്രത്യേകമായും ചിലവഴിച്ചത്.
ഉക്രൈനിലേയും, വിശുദ്ധനാട്ടിലെയും അക്രമങ്ങൾ, ദുബായിൽ നടക്കുന്ന COP28 പ്രവർത്തനങ്ങൾ, പ്രായപൂർത്തിയാകാത്തവരെയും ദുർബലരായ ആളുകളെയും ദുരുപയോഗം ചെയ്യുന്നതു തടയുന്നതിനുള്ള സംരംഭങ്ങൾ, ഒക്ടോബറിൽ നടന്ന സിനഡാലിറ്റിയെക്കുറിച്ചുള്ള സിനഡ്, റോമൻ കൂരിയയുടെ പരിഷ്കരണങ്ങൾ എന്നിവയായിരുന്നു കഴിഞ്ഞ സമ്മേളനനത്തിലെ പ്രധാന ചർച്ചാ വിഷയങ്ങൾ.
പാപ്പായെ തന്റെ ഭരണകാര്യങ്ങളിൽ സഹായിക്കുന്നതിനും, റോമൻ കൂരിയയുടെ പരിഷ്കരണത്തിനും വേണ്ടിയാണ് വേണ്ടിയാണ് 2013 സെപ്റ്റംബർ ഇരുപത്തിയെട്ടിന് കർദിനാൾമാരുടെ സംഘം പാപ്പാ രൂപീകരിച്ചത്.2022 മാർച്ച് പത്തൊൻപതിനു റോമൻ കൂരിയയുടെ പരിഷ്കരണം സംബന്ധിച്ച് പ്രെഡിക്കാത്തെ ഇവാഞ്ചെലിയം എന്ന പേരിൽ ഒരു അപ്പസ്തോലിക ഭരണഘടനയും പുറത്തുവന്നു. കർദിനാൾ സംഘത്തിന്റെ ആദ്യയോഗം 2013 ഒക്ടോബർ 1നാണ് നടന്നത്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: