സമാധാനത്തിനായി നമുക്ക് പ്രാർത്ഥിക്കാം: ഫ്രാൻസിസ് പാപ്പാ
ഫാ.ജിനു ജേക്കബ്,വത്തിക്കാൻ സിറ്റി
വത്തിക്കാനിലെ പോൾ ആറാമൻ ശാലയിൽ ഫെബ്രുവരി മാസം ഏഴാം തീയതി നടന്ന പൊതുകൂടിക്കാഴ്ചാവേളയിൽ, ഫ്രാൻസിസ് പാപ്പാ സമാധാനത്തിനായി അഭ്യർത്ഥനകൾ നടത്തുകയും ലോകത്തു നടമാടുന്ന യുദ്ധങ്ങളെ അപലപിക്കുകയും ചെയ്തു. യുദ്ധങ്ങളെ പറ്റിയുള്ള വാർത്തകൾ നാം ഒരിക്കലും വിസ്മരിക്കരുതെന്ന് പാപ്പാ അടിവരയിട്ടു. യുദ്ധങ്ങളുടെയോ, യുദ്ധത്തിന്റെ ഇരകളുടെയോ നേരെയോ മാധ്യമങ്ങൾ പോലും ശ്രദ്ധ തിരിക്കാത്ത അവസ്ഥയിലാണ്, പാപ്പായുടെ വാക്കുകൾ ഏറെ ശ്രദ്ധിക്കപ്പെടുന്നത്.
യുദ്ധങ്ങൾ ഏറെ രൂക്ഷമായ ഉക്രൈനെയും, ഇസ്രായേൽ-പലസ്തീനായെയും, റോഹിൻഗ്യൻ അഭയാർത്ഥികളെയുമൊക്കെ പേരെടുത്തു പരാമർശിച്ചുകൊണ്ടാണ് പാപ്പാ തന്റെ പ്രാർത്ഥനാഭ്യർത്ഥന നടത്തിയത്. പാപ്പായുടെ വാക്കുകൾക്ക് ശാലയിൽ സമ്മേളിച്ചിരുന്ന എല്ലാവരും നിശബ്ദമായി കാതോർത്തു. ക്രൂരമായ രക്തസാക്ഷിത്വമെന്നാണ് യുദ്ധത്തിന്റെ ഇരകളെ പരാമർശിച്ചുകൊണ്ട് പാപ്പാ പറഞ്ഞത്.
സമാധാനത്തിനായി നമുക്ക് പ്രാർത്ഥിക്കാമെന്ന് രണ്ടു പ്രാവശ്യം ആവർത്തിച്ച പാപ്പാ, യുദ്ധങ്ങൾ എപ്പോഴും പരാജയമാണെന്നും എടുത്തു പറഞ്ഞു.നമുക്ക് ആവശ്യം സമാധാനം മാത്രമാണ്, പാപ്പാ ഉപസംഹരിച്ചു. ലോകത്തിന്റെ പല കോണുകളിൽ നടമാടുന്ന യുദ്ധങ്ങളെ തന്റെ വാക്കുകളാലും, പ്രവൃത്തികളാലും പരിഹാരം കാണുവാൻ ഇടതടവില്ലാതെ പരിശ്രമിക്കുന്ന ഫ്രാൻസിസ് പാപ്പായെ സമാധാനകാംക്ഷികളായ ലോകനേതാക്കൾ എപ്പോഴും നന്ദിയോടെ സ്മരിക്കുന്നതും എടുത്തുപറയേണ്ടതാണ്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: