തിരയുക

കൂദാശകള്‍ക്കും ആരാധനക്രമ കാര്യങ്ങള്‍ക്കുമായുള്ള വത്തിക്കാന്‍ ഡികാസ്റ്ററിയുടെ പ്ലീനറിസമ്മേളനത്തിൽ സംബന്ധിച്ചവർക്കൊപ്പം പാപ്പാ കൂദാശകള്‍ക്കും ആരാധനക്രമ കാര്യങ്ങള്‍ക്കുമായുള്ള വത്തിക്കാന്‍ ഡികാസ്റ്ററിയുടെ പ്ലീനറിസമ്മേളനത്തിൽ സംബന്ധിച്ചവർക്കൊപ്പം പാപ്പാ  (Vatican Media)

ആരാധനാക്രമത്തിലുള്ള നവീകരണമില്ലാതെ സഭയിൽ നവീകരണമില്ല: ഫ്രാൻസിസ് പാപ്പാ

സഭയിലെ നവീകരണം, ആരാധനാക്രമത്തിലെ നവീകരണം വഴിയാണ് നടക്കുകയെന്ന് വത്തിക്കാൻ കൗൺസിൽ പിതാക്കന്മാർക്ക് അറിയാമായിരുന്നുവെന്ന് ഫ്രാൻസിസ് പാപ്പാ. കൂദാശകള്‍ക്കും ആരാധനക്രമ കാര്യങ്ങള്‍ക്കുമായുള്ള വത്തിക്കാന്‍ ഡികാസ്റ്ററിയുടെ പ്ലീനറിസമ്മേളനത്തിൽ സംബന്ധിച്ചവർക്ക് ഫെബ്രുവരി 8-ആം തീയതി അനുവദിച്ച കൂടിക്കാഴ്ചയിൽ നടത്തിയ തന്റെ പ്രഭാഷണത്തിൽ, ആരാധനക്രമപരിശീലനത്തിന്റെയും നവീകരണത്തിന്റെയും പ്രാധാന്യം പാപ്പാ എടുത്തുപറഞ്ഞു.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

സഭയിലെ നവീകരണം, ആരാധനാക്രമത്തിലെ നവീകരണം വഴിയാണ് നടക്കുകയെന്ന് വത്തിക്കാൻ കൗൺസിൽ പിതാക്കന്മാർക്ക് അറിയാമായിരുന്നുവെന്ന്, ആരാധനക്രമം സംബന്ധിച്ച, സാക്രോസാന്തും കൊൺചീലിയും എന്ന രണ്ടാം വത്തിക്കാൻ കൗൺസിൽ പ്രമാണരേഖ ഉദ്ധരിച്ചുകൊണ്ട് ഫ്രാൻസിസ് പാപ്പാ. കൂദാശകള്‍ക്കും ആരാധനക്രമ കാര്യങ്ങള്‍ക്കുമായുള്ള വത്തിക്കാന്‍ ഡികാസ്റ്ററിയുടെ പ്ലീനറിസമ്മേളനത്തിൽ സംബന്ധിച്ചവർക്ക് ഫെബ്രുവരി 8-ആം തീയതി അനുവദിച്ച കൂടിക്കാഴ്ചയിൽ സംസാരിക്കവെയാണ് ആരാധനാക്രമത്തിന്റെ പ്രാധാന്യത്തിലേക്ക് പാപ്പാ ഏവരുടെയും ശ്രദ്ധ ക്ഷണിച്ചത്.

തന്റെ നാഥനായ ക്രിസ്തുവിനോട് അഗാധനമായ സ്നേഹത്തോടെ വിശ്വസ്തയായിരിക്കുന്നതിലാണ് സഭയുടെ സൗന്ദര്യമെന്ന് പാപ്പാ പറഞ്ഞു. ക്രിസ്തുവുമായി കണ്ടുമുട്ടാനുള്ള പ്രധാനപ്പെട്ട ഇടം ആരാധനയാണെന്ന് തിരിച്ചറിഞ്ഞതുകൊണ്ടാണ്, സഭാപിതാക്കന്മാർ അതിനെ പ്രധാനപ്പെട്ടതായി കണക്കാക്കിയതെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. സഭ പരിശുദ്ധ അമ്മയെപ്പോലെ സ്ത്രീയും, മാതാവുമാണെന്ന് കൂട്ടിച്ചേർത്ത പാപ്പാ, സഭയിൽ സ്ത്രീക്കുള്ള പ്രാധാന്യം പ്രത്യേകം അനുസ്മരിച്ചു.

ആരാധനാക്രമനവീകരണം കുറച്ചുപേർക്കുള്ള പഠനം മാത്രമല്ലെന്നും, മുഴുവൻ ദൈവജനത്തിനുമായുള്ള ഒരു മനോഭാവവുമായി ബന്ധപ്പെട്ടതാണെന്നും പാപ്പാ പറഞ്ഞു. മരിച്ച് ഉയിർത്തെഴുന്നേറ്റ ക്രിസ്തു ഒരു മൂർത്തമായ അനുഭവമായി മാറുന്നതിനായി, ആരാധനാക്രമ ആഘോഷങ്ങൾ മാറുന്നതിന് സഭയിലെ അജപാലകരെ സഹായിക്കുന്നതിനായുളള ഒരു ശ്രമമായിരിക്കട്ടെ ആരാധനാക്രമവുമായി ബന്ധപ്പെട്ട നവീകരണങ്ങൾ എന്ന് പാപ്പാ ആശംസിച്ചു.

വിവിധ ഡികാസ്റ്ററികൾ തമ്മിലുള്ള ഒരുമിച്ചുള്ള പ്രവർത്തനത്തെക്കുറിച്ച് പ്രെദിക്കാത്തെ എവഞ്ചേലിയും എന്ന രേഖയിൽ (8) താൻ എഴുതിയതനുസരിച്ച്, കൂദാശാപൗരോഹിത്യം നേടിയ സമർപ്പിതരുടെ ആരാധനാക്രമപരിശീലനം, സംസ്കാരത്തിനും വിദ്യാഭ്യാസത്തിനുമായുള്ള ഡികാസ്റ്ററി, പുരോഹിതർക്കായുള്ള ഡികാസ്റ്ററി, സമർപ്പിതർക്കും, അപ്പസ്തോലികജീവിതങ്ങൾക്കുമായുള്ള ഡികാസ്റ്ററി എന്നിവരുമായി ചേർന്ന് നടപ്പിലാക്കുവാൻ പാപ്പാ ആവശ്യപ്പെട്ടു.

രക്ഷാകരരഹസ്യം കൊണ്ടാടുന്നതിലുള്ള പ്രാധാന്യം ആളുകൾക്ക് മനസ്സിലാകുന്ന വിധത്തിൽ, തിരുനാളുകളിലെയും, ഞായറാഴ്ചകളിളെയും ഉൾപ്പെടെയുള്ള വിശുദ്ധബലിയർപ്പണങ്ങൾ അജപാലനപരമായി ക്രമീകരിക്കുന്നതിൽ ശ്രദ്ധിക്കേണ്ടതിന്റെ ആവശ്യത്തിലേക്കും പാപ്പാ തന്റെ പ്രഭാഷണത്തിൽ വിരൽ ചൂടി.

തനിക്കായി പെസഹാ ഒരുക്കുവാൻ ശിഷ്യന്മാരോട് യേശു ആവശ്യപ്പെടുന്നത് ഉദ്ധരിച്ച പാപ്പാ, തന്റെ ശരീരരക്തങ്ങൾ പങ്കിടപ്പെടുന്നിടത്ത് ആയിരിക്കാനുള്ള ക്രിസ്തുവിന്റെ ആഗ്രഹമാണ് വെളിവാക്കുന്നതെന്ന് പറഞ്ഞു. ആരാധനാക്രമപരമായ പരിശീലനം വഴി, പെസഹാ ആഘോഷിക്കാനുള്ള ക്രിസ്തുവിന്റെ ആഹ്വാനത്തോട് നാം ഉത്തരം നൽകുകയാണെന്ന് പാപ്പാ ഓർമ്മിപ്പിച്ചു.

ആദ്ധ്യാത്മികമായ വളർച്ചയ്ക്കായുള്ള ആഗ്രഹമില്ലാത്തതും, മനുഷ്യരെ മനസ്സിലാക്കിക്കൊണ്ട് സംസാരിക്കാൻ അറിയാത്തതും, ക്രൈസ്തവർക്കിടയിലെ വിഭാഗീയതയിൽ വേദനിക്കാത്തതും, ക്രിസ്തുവിനെ മറ്റുള്ളവരോട് അറിയിക്കാനുള്ള ആകുലത ഇല്ലാത്തതുമായ ഒരു സഭ രോഗിയായ സഭയാണെന്ന് ഫ്രാൻസിസ് പാപ്പാ തന്റെ പ്രഭാഷണത്തിന്റെ ആരംഭത്തിൽ പറഞ്ഞിരുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

08 February 2024, 16:10