ദുഃഖത്തിൻറെ നിഷേധാത്മകവും ഭാവാത്മകവുമായ മാനങ്ങൾ!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
ഈ ബുധനാഴ്ച (07/01224) ഫ്രാൻസീസ് പാപ്പാ വത്തിക്കാനിൽ അനുവദിച്ച പ്രതിവാര പൊതുദർശനപരിപാടിയിൽ പങ്കുകൊള്ളുന്നതിന് വിവിധരാജ്യക്കാരായിരുന്ന ആയിരക്കണക്കിന് സന്ദർശകരും തീർത്ഥാടകരും എത്തിയിരുന്നു. പതിവുപോലെ, വിശുദ്ധ പത്രോസിൻറെ ബസിലിക്കയ്ക്കടുത്തുള്ള പോൾ ആറാമൻ ശാലയായിരുന്നു വേദി. ഊന്നുവടിയുടെ സഹായത്തോടെ സാവധാനം നടന്ന് പാപ്പാ ശാലയിൽ എത്തിയപ്പോൾ അവിടെ സന്നിഹിതരായിരുന്നവർ ബഹുമാനാർത്ഥം എഴുന്നേറ്റു നിന്ന് കരഘോഷത്തോടെയും ആരവങ്ങളോടെയും അഭിവാദ്യമർപ്പിച്ചു. വേദിമദ്ധ്യത്തിലെത്തിയ പാപ്പാ റോമിലെ സമയം രാവിലെ 9.00 മണിയോടെ, ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് 1.30-ന്, ത്രിത്വൈകസ്തുതിയോടുകൂടി പൊതുദര്‍ശനപരിപാടിക്ക് തുടക്കം കുറിച്ചു. തുടർന്ന് വിവിധ ഭാഷകളില്‍ വിശുദ്ധഗ്രന്ഥഭാഗ പാരായണമായിരുന്നു.
"കർത്താവേ, എത്രനാൾ അങ്ങെന്നെ മറക്കും? എന്നേക്കുമായി എന്നെ വിസ്മരിക്കുമോ? എത്രനാൾ അങ്ങയുടെ മുഖം എന്നിൽനിന്നു മറച്ചുപിടിക്കും? എത്രനാൾ ഞാൻ വേദന സഹിക്കണം? എത്രനാൾ രാപകൽ ഹൃദയവ്യഥയനുഭവിക്കണം? എത്രനാൾ ശത്രു എന്നെ ജയിച്ചുനില്ക്കും? എന്നാൽ ഞാൻ അവിടത്തെ കരുണയിൽ ആശ്രയിക്കുന്നു; എൻറെ ഹൃദയം അങ്ങയുടെ രക്ഷയിൽ ആനന്ദംകൊള്ളും. ഞാൻ കർത്താവിനെ പാടിസ്തുതിക്കും; അവിടന്ന് എന്നോട് അതിരറ്റ കരുണ കാണിച്ചിരിക്കുന്നു.” സങ്കീർത്തനം 13,2-3.6
ഈ വായനയ്ക്കു ശേഷം പാപ്പാ, ദുർഗ്ഗുണങ്ങളെയും സൽഗുണങ്ങളെയും അധികരിച്ചുള്ള പ്രബോധനപരമ്പരയിൽ സന്താപത്തെക്കുറിച്ച് പരിചിന്തനം ചെയ്തു. പാപ്പാ ഇറ്റാലിൻ ഭാഷയിൽ നടത്തിയ മുഖ്യ പ്രഭാഷണത്തിൻറെ വിവർത്തനം:
സന്തോഷത്തിൽ നിന്നു തടയുന്ന വിഷാദം
പ്രിയ സഹോദരീ സഹോദരന്മാരേ, ശുഭദിനം!
ദുർഗ്ഗുണങ്ങളെയും സൽഗുണങ്ങളെയും കുറിച്ചുള്ള പ്രബോധനപരമ്പരയിൽ, ഇന്ന് നമ്മുടെ പരിചിന്തനത്തിന് ആധാരം അല്പം മോശമായ ഒരു ദുശീലമായ ദുഃഖമാണ്. ഇതിനെ നാം മനസ്സിലാക്കുക ആത്മാവിൻറെ വിഷാദമായിട്ടാണ്. മനുഷ്യനെ സ്വന്തം അസ്തിത്വത്തിൽ സന്തോഷം അനുഭവിക്കുന്നതിൽ നിന്ന് തടയുന്ന ഒരു നിരന്തര വ്യഥ.
ദുഃഖത്തിൻറെ ദ്വിമാനങ്ങൾ
സർവ്വോപരി, സങ്കടത്തിൻറെ കാര്യത്തിൽ, പിതാക്കന്മാർ വിപുലീകരിച്ചെടുത്ത ഒരു പ്രധാന വ്യതിരിക്തത ശദ്ധേയമാണ്. വാസ്‌തവത്തിൽ, ക്രിസ്‌തീയ ജീവിതത്തിന് ഉചിതവും ദൈവകൃപയാൽ സന്തോഷമായി പരിണമിക്കുന്നതുമായ ഒരു ദുഃഖമുണ്ട്: ഇത് തീർച്ചയായും, തിരസ്കരിക്കപ്പെടാൻ പാടില്ലാത്തതും പരിവർത്തനപ്രയാണത്തിൻറെ ഭാഗവുമാണ്. എന്നാൽ ആത്മാവിലേക്ക് നുഴഞ്ഞുകയറുന്നതായ മറ്റൊരു തരം സന്താപവുമുണ്ട്, അത് ആത്മാവിനെ നിരാശാജനകമായ അവസ്ഥയിലാഴ്ത്തുന്നു: രണ്ടാമത്തെ തരത്തിലുള്ള ഈ സങ്കടത്തെ ദൃഢനിശ്ചയത്തോടെയും എല്ലാ ശക്തിയോടെയും നേരിടേണ്ടതാണ്.
സൗഹാർദ്ദ സന്താപം
ആകയാൽ, സൗഹാർദ്ദപരമായൊരു സന്താപമുണ്ട്, അത് നമ്മെ മോക്ഷത്തിലേക്ക് നയിക്കുന്നു. ഉപമയിലെ ധൂർത്തപുത്രനെക്കുറിച്ച് നമുക്ക് ചിന്തിക്കാം: തൻറെ അധഃപതനത്തിൻറെ അടിത്തട്ടിൽ എത്തുമ്പോൾ അയാൾക്ക് വലിയ തിക്തത അനുഭവപ്പെടുന്നു, ഇത് അവനെ, അവനിലേക്കു മടങ്ങാനും പിതാവിൻറെ ഭവനത്തിലേക്കു തിരിച്ചുപോകാൻ തീരുമാനിക്കാനും പ്രേരിപ്പിക്കുന്നു (ലൂക്കാ 15:11-20 കാണുക). സ്വന്തം പാപങ്ങളോർത്ത് വിലപിക്കാനും നാം എവിടെനിന്നാണോ വീണുപോയത് ആ വരപ്രസാദാവസ്ഥയെക്കുറിച്ച് ഓർക്കാനും ദൈവം നമുക്കായി സ്വപ്നം കണ്ട വിശുദ്ധി നഷ്ടപ്പെട്ടതിനാൽ കരയാനുമുള്ള കൃപയാണത്.
ആത്മാവിനെ ആതുരമാക്കുന്ന ദുഃഖം
എന്നാൽ മറ്റൊരു സങ്കടമുണ്ട്, അത് നേരെമറിച്ച് ആത്മാവിൻറെ രോഗമാണ്. ഒരു ആഗ്രഹമോ പ്രതീക്ഷയോ ഇല്ലാതാകുമ്പോൾ മനുഷ്യൻറെ ഹൃദയത്തിൽ ജന്മംകൊള്ളുന്നതാണത്. എമ്മാവൂസിലേക്കു പോകുന്ന ശിഷ്യന്മാരുടെ കഥ ഇവിടെ നമുക്ക് ഓർക്കാം. ആ രണ്ട് ശിഷ്യന്മാരും നിരാശയോടെയാണ് ജറുസലേം വിടുന്നത്, ഒരു ഘട്ടത്തിൽ തങ്ങളോടൊപ്പം ചേരുന്ന അപരിചിതനോട് അവർ ഇങ്ങനെ പറയുന്നു "ഇസ്രായേലിനെ മോചിപ്പിക്കാനുളളവൻ ഇവൻ - അതായത് യേശു - ആണെന്ന് ഞങ്ങൾ പ്രതീക്ഷിച്ചിരുന്നു" (ലൂക്കാ 24:21). ദുഃഖത്തിൻറെ ചലനാത്മകത നഷ്ടാനുഭവവുമായി ബന്ധപ്പെട്ടിരിക്കുന്നു. മനുഷ്യൻറെ ഹൃദയത്തിൽ, ചിലപ്പോൾ തകരുന്ന പ്രതീക്ഷകൾ പിറവിയെടുക്കുന്നു. എന്തെങ്കിലും സ്വന്തമാക്കാനുള്ള ആഗ്രഹമായിരിക്കാം അത്,എന്നാൽ അതു നേടാൻ സാധിക്കുന്നില്ല; വൈകാരികമായ നഷ്ടം പോലെ പ്രധാനപ്പെട്ട എന്തെങ്കിലുമൊന്നുമാകാ. ഇത് സംഭവിക്കുമ്പോൾ, മനുഷ്യൻറെ ഹൃദയം ഒരു ഗർത്തത്തിലേക്കു നിപതിക്കുന്നതുപോലെയാണ്, അവൻ അനുഭവിക്കുന്ന വികാരങ്ങൾ നിരാശ, ആത്മധൈര്യമില്ലായ്മ, വിഷാദം, തിവ്രവേദന എന്നിവയാണ്. നമ്മിൽ ദുഃഖം ജനിപ്പിക്കുന്ന പരീക്ഷണങ്ങളിലൂടെ നാമെല്ലാവരും കടന്നുപോകുന്നു, കാരണം ജീവിതം നമ്മെ സ്വപ്നങ്ങൾ കാണിക്കുന്നു, അവ പിന്നീട് തകർന്നുപോകുന്നു. ഈ സാഹചര്യത്തിൽ, ഒരാൾ, പ്രക്ഷുബ്ധതയുടെ ഒരു ഘട്ടത്തിനുശേഷം, പ്രതീക്ഷയെ പുണരുന്നു; എന്നാൽ മറ്റുചിലർ വിഷാദാവസ്ഥയിൽ ആമഗ്നരാകുന്നു, അത് അവരുടെ ഹൃദയങ്ങളെ വ്യഥയിലാഴ്ത്തുന്നു. ഇതിൽ ഒരാൾ സംതൃപ്തനാണോ? ദുഃഖം അസംതൃപ്തിയിലുള്ള സംതൃപതി പോലെയാണ്. ഒരുകാര്യം നടക്കാതിരുന്നതിൽ സന്തോഷിക്കുന്നു, കയ്പ്പുരസമുള്ള മിഠായി നുണയുന്നതുപോലെ, കയ്പാണ്, പഞ്ചസാരയില്ല, ആ മിഠായി നുണയുന്നതു പോലെയാണ്. ഇല്ലാത്ത ഒരാളുടെ ശൂന്യത വർദ്ധമാനമാക്കുന്നത് ഒരു വ്യക്തി തുടരുന്ന നീണ്ടുനിൽക്കുന്ന ചില വിലാപങ്ങൾ, ആത്മാവിലുള്ള ജീവിതത്തിൻറെ സ്വഭാവമല്ല. ഒരു ഇരയായി പ്രത്യക്ഷപ്പെടാൻ പ്രേരിപ്പിക്കുന്ന ഒരു ബോധം മനസ്സിലുളവാക്കുന്നതായ ചില വൈരാത്മക തിക്തത, നമുക്ക് ആരോഗ്യകരമായ ജീവിതം പ്രദാനംചെയ്യില്ല, അത് ക്രിസ്തീയവുമല്ല. എല്ലാവരുടെയും ഭൂതകാലത്തിൽ സൗഖ്യമാക്കപ്പെടേണ്ട ചിലതുണ്ട്. ദുഃഖം സ്വാഭാവിക വികാരത്തിൽ നിന്ന് ദുഷിച്ച മാനസികാവസ്ഥയിലേക്ക് മാറാം.
ഒളിഞ്ഞിരിക്കുന്ന ഭൂതം
മറഞ്ഞിരിക്കുന്ന ഭൂതമാണ് ദുഃഖം. മരുഭൂമിവാസികളായിരുന്ന പിതാക്കന്മാർ ഇതിനെ ഹൃദയത്തിലെ പുഴു എന്നാണ് വിശേഷിപ്പിച്ചത്, ആ പുഴു, അതിന് ആതിഥ്യമരുളുന്നതിനെ നശിപ്പിക്കുകയും ശൂന്യമാക്കുകയും ചെയ്യുന്നു. ഈ സാദൃശ്യം സുന്ദരമാണ്, ഇത് നമുക്ക് ഇക്കാര്യം മനസ്സിലാക്കിത്തരുന്നു: ഹൃദയത്തിലെ പുഴു അതിന് ആതിഥേയത്വം നല്കുന്നതിനെ കാർന്നുതിന്നുകയും ശൂന്യമാക്കുകയും ചെയ്യുന്നു. ഈ ദുഃഖത്തെ സൂക്ഷിക്കുകയും യേശു നമുക്ക് പുനരുത്ഥാനത്തിൻറെ സന്തോഷം നൽകുന്നു എന്ന് ചിന്തിക്കുകയും വേണം. പക്ഷേ സങ്കടമുണ്ടാകുമ്പോൾ ഞാൻ എന്ത് ചെയ്യണം? നില്ക്കുക, നോക്കുക: ഇതൊരു സൽസങ്കടമാണോ? മോശം സങ്കടമാണോ? സന്താപത്തിൻറെ സ്വഭാവമനുസരിച്ച് പ്രതികരിക്കുക. ദുഃഖം നമ്മെ അശുഭാപ്തിവിശ്വാസത്തിലേക്ക് നയിക്കുന്ന വളരെ മോശമായ കാര്യമാകാം എന്നത് നാം മറക്കരുത്, അത് സുഖപ്പെടുത്താൻ പ്രയാസമുള്ള ഒരു സ്വാർത്ഥതയിലേക്ക് നമ്മെ നയിക്കുന്നു. നന്ദി
പ്രഭാഷണാനന്തര അഭിവാദ്യങ്ങൾ
പാപ്പായുടെ, ഇറ്റാലിയന്‍ ഭാഷയിലായിരുന്ന, മുഖ്യ പ്രഭാഷണത്തെ തുടർന്ന് അതിന്‍റെ സംഗ്രഹം ആംഗലവും അറബിയുമുള്‍പ്പെടെ വിവിധഭാഷകളില്‍ പാരായണം ചെയ്യപ്പെടുകയും ഒരോ വായനയുടെയും അവസാനം പാപ്പാ അതതു ഭാഷാക്കാരെ ഇറ്റാലിയൻ ഭാഷയിൽ അഭിവാദ്യം ചെയ്യുകയും ചെയ്തു.
സമാധാനത്തിനായി പ്രാർത്ഥിക്കുക
ഇറ്റാലിയൻ ഭാഷാക്കാരെ സംബോധന ചെയ്യവേ പാപ്പാ യുദ്ധവേദികളായ നാടുകളെയും അവിടങ്ങളിൽ ദുരിതമനുഭവിക്കുന്നവരെയും അനുസ്മരിക്കുകയും അവർക്കായി, അന്നാടുകളിൽ സമാധാനം സംജാതമാകുന്നതിനായി പ്രാർത്ഥിക്കാൻ എല്ലാവരെയും ക്ഷണിക്കുകയും ചെയ്തു. യുദ്ധങ്ങൾ, ഉക്രൈയിൻ, പലസ്തീൻ, ഇസ്രായേൽ എന്നിവിടങ്ങളിൽ നടക്കുന്ന യുദ്ധങ്ങൾ നാം മറക്കരുതെന്നാ പറഞ്ഞ പാപ്പാ റോഹിങ്ക്യൻ വംശജരെയും അനുസ്മരിച്ചു. എങ്ങും യുദ്ധങ്ങൾ നിരവധിയാണെന്നും സമാധാനത്തിനായി പ്രാർത്ഥിക്കണമെന്നും പറഞ്ഞ പാപ്പാ യുദ്ധം എപ്പോഴും പരാജയമാണ് എന്ന തൻറെ ബോധ്യം ആവർത്തിച്ചു.
സമാപനാഭിവാദ്യവും ആശീർവ്വാദവും
പൊതുദർശനപരിപാടിയുടെ അവസാനം പാപ്പാ യുവതീയുവാക്കളെയും വൃദ്ധജനത്തെയും രോഗികളെയും നവദമ്പതികളെയും അഭിവാദ്യം ചെയ്തു. ഫെബ്രുവരി 11-ന്, ഞായറാഴ്ച ലൂർദ്ദുനാഥയുടെ തിരുന്നാൾ ആചരിക്കപ്പെടുന്നത് പാപ്പാ അനുസ്മരിക്കുകയും എല്ലാവരുടെയും യാത്രയിൽ ആ അമ്മ മാതൃസന്നിഭ ആർദ്രതയോടുകൂടിയ തുണയായിരിക്കട്ടെയെന്ന ആശംസിക്കുകയും ചെയ്തു. പാപ്പായുടെ ഈ വാക്കുകളെ തുടർന്ന് ലത്തീൻഭാഷയിൽ സ്വർഗ്ഗസ്ഥനായ പിതാവേ എന്ന കർത്തൃപ്രാർത്ഥന ആലപിക്കപ്പെട്ടു. അതിനു ശേഷം, പാപ്പാ, എല്ലാവർക്കും തൻറെ അപ്പൊസ്തോലികാശീർവ്വാദം നല്കി.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: