പാപ്പാ : വിശുദ്ധിയിലേക്കുള്ള നടത്തം ദൈവത്തിലുള്ള വിശ്വാസവും, വിട്ടുകൊടുക്കലുമാണ്
സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്
സ്വന്തം ആഗ്രഹങ്ങളുടെ സഫലീകരണത്തിനായി നിയന്ത്രണങ്ങളെല്ലാം നീക്കുന്നതിലാണ് എല്ലാം അടങ്ങിയിരിക്കുന്നതെന്ന് വിശ്വസിപ്പിക്കാൻ ശ്രമിക്കുകയും സമൂലമായ സ്വാർത്ഥതയാണ് തോൽപ്പിക്കാൻ ഏറ്റം ശ്രമകരമായ വൈറസെന്ന് മറക്കുകയും ചെയ്യുന്ന സമൂഹത്തിൽ ഈ പുണ്യാത്മാവിൽ നിന്ന് നമ്മുടെ സഹോദരുടെ നേർക്കുള്ള സ്നേഹത്തിന്റെയും ആർദ്രതയുടേയും പ്രചോദനം ഉൾക്കൊള്ളാം എന്നു പാപ്പാ പറഞ്ഞു.
വിശുദ്ധിയിലേക്കുള്ള നടത്തം വിശ്വാസവും വിട്ടുകൊടുക്കലുമാണെന്ന് മറക്കരുതെന്ന് ബോനോസ് ഐയേഴ്സിൽ നിഷ്പാടുകയായി ഒരു ക്രൂശിതരൂപം മാത്രം കൈയിൽ പിടിച്ചെത്തിയ മരിയ അന്തോണിയയെ ചൂണ്ടിക്കാണിച്ച് പാപ്പാ പറഞ്ഞു. തന്റെ സുരക്ഷിതത്വം സ്വയം ഏറ്റെടുക്കാതെ ദൈവത്തെ ഏൽപ്പിച്ചു കൊണ്ട് തന്റെ പ്രേഷിത ദൗത്യം അവന്റെ പ്രവർത്തനമാകട്ടെ എന്ന് അവൾ വിശ്വാസമർപ്പിച്ചു. ഏതവസ്ഥയിലുള്ള വിളിയാണ് ഓരോരുത്തരുടേതെങ്കിലും അതെല്ലാം ദൈവത്തിന് മഹത്വവും ആത്മാക്കളുടെ രക്ഷയ്ക്കും വേണ്ടിയാവണം എന്ന ഇഗ്നേഷ്യൻ ആത്മീയത തന്നെയായിരുന്നു മാമ്മ ആന്തുളയുടെ പരിപോഷണവും അവളുടെ ഓരോ പ്രവൃത്തിയുടേയും അടിത്തറയും എന്ന കാര്യം ഫ്രാൻസിസ് പാപ്പാ അടിവരയിട്ടു. യേശുവിനെ പിൻചെല്ലാൻ മറ്റുള്ളവരെ സഹായിക്കാനായി അവൾ തന്നെ ഇഗ്നേഷ്യൻ രീതിയിലുള്ള ധ്യാനവും മുന്നിട്ടിറങ്ങിയതും അർജന്റീനയിൽ ഈശോ സഭയ്ക്കെതിരെ നിലനിന്ന നീരസം മൂലം അവൾ അത് രഹസ്യമായി ചെയ്തിരുന്നതും പാപ്പാ ഓർമ്മിച്ചു.
വിശ്വാസം സംരക്ഷിക്കാൻ സാഹചര്യങ്ങൾ വിപരീതമാവുമ്പോൾ നിരാശപ്പെട്ട് പിൻമാറാതെയും സുവിശേഷം എല്ലാവരിലുമെത്തിക്കാനുള്ള നമ്മുടെ സദുദ്ദേശം ഉപേക്ഷിക്കാതെയും കർത്താവിൽ വേരൂന്നി സുവിശേഷത്തിന്റെ സന്തോഷത്തിൽ നമ്മുടെ പ്രതികൂലപരിസരങ്ങളെ വെല്ലുവിളിക്കുക എന്നതാണ് വാഴ്ത്തപ്പെട്ടവൾ നമുക്ക് നൽകുന്ന സന്ദേശം എന്ന് പരിശുദ്ധ പിതാവ് അവരെ ഓർമ്മിപ്പിച്ചു. ഈ പ്രതികൂല സാഹചര്യം നമ്മുടെ തൊഴിലിടമോ, കുടുംബം തന്നെയോ ആകാമെന്നും പാപ്പാ മറന്നില്ല.
വി. യൗസേപ്പിനോടുള്ള അവളുടെ ഭക്തി കൂടാതെ പരിശുദ്ധ കുർബ്ബാനയോടുണ്ടായിരുന്ന അവളുടെ തീക്ഷ്ണതയും എടുത്തു പറഞ്ഞ് പരിശുദ്ധ ദിവ്യകാരുണ്യമാണ് മുഴുവൻ ക്രൈസ്തവ ജീവിതത്തിന്റെയും കേന്ദ്രമെന്നും അവിടെ നിന്നാവണം നമ്മുടെ പ്രേഷിതപ്രവർത്തനങ്ങൾ മുളപൊട്ടേണ്ടതെന്നുമുള്ള വത്തിക്കാൻ സൂനഹദോസിന്റെ വാക്യങ്ങൾ ഉദ്ധരിച്ചു കൊണ്ട് പാപ്പാ ഉദ്ബോധിപ്പിച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: