കമ്പോളമല്ല, ഭവനമാക്കി ലോകത്തെ മാറ്റുക, പ്രാർത്ഥിക്കുക സാഹോദര്യം പുലർത്തുക, പാപ്പാ!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
ഈ ഞായറാഴ്‌ചയും (03/03/24) ഫ്രാൻസീസ് പാപ്പാ, വത്തിക്കാനിൽ, ഞാറാഴ്ചകളിലെ പതിവനുസരിച്ച്, പൊതുവായ മദ്ധ്യാഹ്നപ്രാർത്ഥന നയിച്ചു. പ്രാർത്ഥനയിൽ പങ്കുകൊള്ളുന്നതിന്, വിവിധരാജ്യക്കാരായിരുന്ന ആയിരക്കണക്കിന് വിശ്വാസികൾ വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ അങ്കണത്തിലും പരിസരത്തുമായി സന്നിഹിതരായിരുന്നു. പാപ്പാ ത്രികാലജപം നയിക്കുന്നതിന് പതിവുജാലകത്തിങ്കൽ പ്രത്യക്ഷപ്പെട്ടപ്പോൾ ജനസഞ്ചയത്തിൻറെ കരഘോഷവും ആനന്ദാരവങ്ങളും ഉയർന്നു. റോമിലെ സമയം ഉച്ചയ്ക്ക് 12 മണിക്ക്, ഇന്ത്യയിലെ സമയം, ഇന്ത്യയും ഇറ്റലിയും തമ്മിൽ ഇപ്പോഴുള്ള സമയവിത്യാസമനുസരിച്ച്, വൈകുന്നേരം 4,30-ന്, “കർത്താവിൻറെ മാലാഖ” എന്നാരംഭിക്കുന്ന മദ്ധ്യാഹ്ന പ്രാർത്ഥന നയിക്കുന്നതിനു മുമ്പ് പാപ്പാ നടത്തിയ വിചിന്തനത്തിന് ആധാരം, ലത്തീൻറീത്തിൻറെ ആരാധനാക്രമനുസരിച്ച്, ഈ ഞായാറാഴ്ച (03/03/24) ദിവ്യബലി മദ്ധ്യേ വായിക്കപ്പെട്ട ദൈവവചന ഭാഗങ്ങളിൽ, യോഹന്നാൻറെ സുവിശേഷം രണ്ടാം അദ്ധ്യായം, 13-25 വരെയുള്ള വാക്യങ്ങൾ (യോഹന്നാൻ 2,13-25) അതായത്, യേശു കച്ചവടക്കാരെ ദേവാലയത്തിൽ നിന്നു പുറത്താക്കുന്നന്ന സംഭവം വിവരിക്കുന്ന ഭാഗം, ആയിരുന്നു.
പാപ്പായുടെ പരിചിന്തനം: വീടും വിപണിയും തമ്മിലുള്ള അന്തരം
പ്രിയ സഹോദരീ സഹോദരന്മാരേ, ശുഭ ദിനം!
ഇന്നത്തെ സുവിശേഷം നമുക്കു കാണിച്ചുതരുന്നത് കഠിനമായ ഒരു രംഗമാണ്: അതായത് കച്ചവടക്കാരെ ദേവാലയത്തിൽ നിന്ന് പുറത്താക്കുന്ന യേശു, (യോഹന്നാൻ 2:13-25 കാണുക), കച്ചവടക്കാരെ തുരത്തുകയും നാണയമാറ്റക്കാരുടെ മേശകൾ തട്ടിമറിക്കുകയും ചെയ്യുന്ന യേശു, എല്ലാവരെയും ശാസിക്കുന്നു: "എൻറെ പിതാവിൻറെ ഭവനം നിങ്ങൾ കച്ചവടസ്ഥലമാക്കരുത്" (യോഹന്നാൻ 2,16). ഭവനവും വിപണിയും തമ്മിലുള്ള അന്തരത്തെക്കുറിച്ച് നമുക്ക് അൽപ്പം ചിന്തിക്കാം: വാസ്തവത്തിൽ അവ ഒരുവൻ കർത്താവിൻറെ മുന്നിലെത്തുന്ന രണ്ട് വ്യത്യസ്ത വഴികളാണ്.
അതിർവരമ്പുകൾ സൃഷ്ടിക്കപ്പെടരുത്
ദേവാലയം ഒരു കച്ചവടസ്ഥലമായി വിഭാവനം ചെയ്യപ്പെടുമ്പോൾ അവിടെ ദൈവത്തോട് നീതിപുലർത്താൻ, ഒരു ആട്ടിൻകുട്ടിയെ വാങ്ങുകയും അതിന് പണം നൽകുകയും ബലിപീഠത്തിലെ തീക്കനലിലിൽ ദഹിപ്പിക്കുകയും ചെയ്താൽ മതിയായിരുന്നു. വാങ്ങുക, പണം നൽകുക, ദഹിപ്പിക്കുക, തദ്ദനന്തരം എല്ലാവരും സ്വഭവനങ്ങളിലേക്കു പോകുന്നു. എന്നാൽ ഒരു ഭവനമായി കരുതപ്പെടുന്ന ദേവാലയത്തിൽ, പക്ഷേ, നേരെ വിപരീതമാണ് സംഭവിക്കുന്നത്: ഒരുവൻ കർത്താവിനെ കാണാനായി പോകുന്നു, അവിടന്നുമായി ഐക്യപ്പെടാൻ, സഹോദരങ്ങളുമായി ഒരുമയിലായിരിക്കാൻ, സന്തോഷസന്താപങ്ങൾ പങ്കുവയ്ക്കാൻ പോകുന്നു. വീണ്ടും: വിപണിയിലാകട്ടെ നിങ്ങൾ വിലപേശുന്നു, വീട്ടിലാകട്ടെ കണക്കുകൂട്ടുന്നില്ല; കച്ചവടസ്ഥലത്ത് നിങ്ങൾ സ്വന്തം താൽപ്പര്യങ്ങൾ നോക്കുന്നു, വീട്ടിൽ നിങ്ങൾ സൗജന്യമായി നൽകുന്നു. ഇന്ന് യേശു കർക്കശനാണ്, കാരണം ദേവാലയ-ഭവനത്തിനു പകരമായി ദേവാലയ-അങ്ങാടി വരുന്നത് അവിടന്ന് അംഗീകരിക്കുന്നില്ല, ദൈവവുമായുള്ള ബന്ധം സാമീപ്യവും വിശ്വാസത്തോടുകൂടിയതുമാകുന്നതിനു പകരം വിദൂരസ്ഥവും വാണിജ്യപരവുമാകുന്നത് അവിടന്ന് അംഗീകരിക്കുന്നില്ല, കുടുംബവിരുന്നിൻറെ സ്ഥാനം കച്ചവടമേശകൾ കൈയ്യടക്കുന്നത് അവിടന്ന് സമ്മതിച്ചുകൊടുക്കുന്നില്ല. ആലിംഗനങ്ങളുടെ സ്ഥാനം വിലയും തലോടലുകളുടെ സ്ഥാനം നാണയങ്ങളും പിടിച്ചെടുക്കുന്നത് അവിടന്ന് അംഗീകരിക്കുന്നില്ല. എന്തുകൊണ്ടാണ് യേശു ഇത് അംഗീകരിക്കാത്തത്? കാരണം ഇങ്ങനെ ദൈവത്തിനും മനുഷ്യനും ഇടയിലും സഹോദരങ്ങൾക്കിടയിലും ഒരു അതിർവരമ്പ് സൃഷ്ടിക്കപ്പെടുന്നു, അതേസമയം ക്രിസ്തു വന്നത് സഹവർത്തിത്വവും കാരുണ്യവും പാപമോചനവും സാമീപ്യവും കൊണ്ടുവരുന്നതിനാണ്.
പ്രാർത്ഥനയും സാഹോദര്യവും
നമ്മുടെ നോമ്പുകാല യാത്രയ്‌ക്കുമുള്ള ഇന്നത്തെ ക്ഷണം, നമ്മുടെ ഉള്ളിലും നമുക്കുചുറ്റും കൂടുതൽ വീടും കുറച്ചു വിപണിയും സൃഷ്ടിക്കുക എന്നതാണ്. പ്രഥമതഃ ദൈവവുമായി ബന്ധപ്പെട്ട കാര്യത്തിൽ: അത്യാഗ്രഹികളും സന്ദേഹികളുമായ കച്ചവടക്കാരെപ്പോലെയല്ല, പ്രത്യുത, പിതാവിൻറെ വാതിലിൽ അശ്രാന്തം ആത്മവിശ്വാസത്തോടെ മുട്ടുന്ന മക്കളെപ്പോലെ ഒരുപാട് പ്രാർത്ഥിക്കുക. അതിനാൽ, ആദ്യം, പ്രാർത്ഥനയോടെ. പീന്നീട് സാഹോദര്യം പരത്തിക്കൊണ്ട്: സാഹോദര്യം ഏറെ ആവശ്യമാണ്! പലയിടത്തും നാം നേരിടുന്ന സംഭ്രമിപ്പിക്കുന്ന, ഒറ്റപ്പെടുത്തുന്ന, ചിലപ്പോൾ ശത്രുതാപരവുമായ നിശബ്ദതയെക്കുറിച്ച് ചിന്തിക്കാം.
ആത്മശോധന
അപ്പോൾ നമുക്ക് സ്വയം ചോദിക്കാം: സർവ്വോപരി, എൻറെ പ്രാർത്ഥന എങ്ങനെയുള്ളതാണ്? ഞാൻ ഘടികാരം നോക്കാതെ, ആത്മവിശ്വാസത്തോടെ എന്നെത്തന്നെ വിട്ടുനല്കുന്ന നിമിഷമാണോ അതോ വില നൽകേണ്ടിവരുന്നതാണോ? മറ്റുള്ളവരുമായുള്ള എൻറെ ബന്ധം എങ്ങനെയുള്ളതാണ്? പ്രതിഫലം പ്രതീക്ഷിക്കാതെ നല്കാൻ എനിക്കറിയാമോ? നിശ്ശബ്ദതയുടെ മതിലുകളും അകലത്തിൻറെ ശൂന്യതകളും തകർക്കുന്നതിനുള്ള ആദ്യചുവടുവയ്ക്കാൻ എനിക്കറിയാമോ? ഈ ചോദ്യങ്ങൾ നമ്മൾ സ്വയം ചോദിക്കേണ്ടതുണ്ട്. നമുക്കിടയിലും നമുക്കു ചുറ്റും ദൈവത്തോടൊപ്പം "ഭവനമുണ്ടാക്കാൻ" പരിശുദ്ധ മറിയം നമ്മെ സഹായിക്കട്ടെ.
ഈ വാക്കുകളെ തുടർന്ന് പാപ്പാ കർത്താവിൻറെ മാലാഖയെന്നാരംഭിക്കുന്ന ത്രികാലജപം നയിക്കുകയും ആശീർവ്വാദം നല്കുകയും ചെയ്തു.
ആശീർവ്വാദാനന്തര അഭിവാദ്യങ്ങൾ- ഇസ്രായേൽ പലസ്തീൻ ജനതകളുടെ വേദന. യുദ്ധം അവസാനിപ്പിക്കുക
നിലവിലുള്ള ശത്രുതാപരമായ അവസ്ഥയുടെ ഫലമായി യാതനകളനുഭവിക്കുന്ന പലസ്തീനിലെയും ഇസ്രയേലിലെയും ജനങ്ങളെ പാപ്പാ ആശീർവ്വാദാനന്തരം അനുസ്മരിച്ചു. അവരനുഭവിക്കുന്ന ദുരിതങ്ങൾ താൻ വേദനയോടെ അനുദിനം ഹൃദയത്തിൽ പേറുന്നുവെന്ന് പാപ്പാ പറഞ്ഞു. മരിച്ചവരും പരിക്കേറ്റവരും നാടുകടത്തപ്പെട്ടവരും വലിയ നാശനഷ്ടങ്ങളും തന്നിൽ വേദനയുളവാക്കുന്നുവെന്നും ഇത് കുഞ്ഞുങ്ങളിൽ ഭീകരങ്ങളായ പ്രത്യാഘാതങ്ങളേല്പിക്കുന്നുവെന്നും അവരുടെ ഭാവി പ്രതിസന്ധിയിലാഴ്ത്തുന്നുവെന്നും പാപ്പാ പ്രസ്താവിച്ചു.: ഇപ്രകാരം ഒരു മികച്ച ലോകം കെട്ടിപ്പടുക്കാനും നമുക്ക് സമാധാനം കൈവരിക്കാനും കഴിയുമെന്ന് കരുതാനാകുമോയെന്ന് സ്വയം ചോദിച്ച പാപ്പാ സംഘർഷങ്ങൾക്ക് വിരാമമിടാൻ ആഹ്വാനം ചെയ്തു. ഗാസയിലും ആ പ്രദേശത്താകമാനവും ഉടനടി വെടിനിർത്തലിനുള്ള ചർച്ചകൾ തുടാരാൻ പ്രചോദനം പകർന്ന പാപ്പാ, അതുവഴി ബന്ദികൾ ഉടൻ മോചിതരാകുകയും അവരുടെ പ്രിയപ്പെട്ടവരുടെ ചാരെ തിരികെ എത്തുകയും സാധാരണ ജനങ്ങൾക്ക് ആവശ്യമായതും അടിയന്തിരവുമായ മാനവിക സഹായം സുരക്ഷിതമായി എത്തിക്കാൻ കഴയുകയും ചെയ്യുമെന്ന പ്രത്യാശ പ്രകടിപ്പിക്കുകയും ചെയ്തു. അനുദിനം അനേകർ മരിച്ചുവീഴുന്ന പീഡിത ഉക്രൈയിനെ ദയവായി മറക്കരുതെന്നും പാപ്പാ പറഞ്ഞു.
നിരായുധീകരണ-ആയുധ നിർവ്യാപന ബോധവൽക്കരണ ദിനം, മാർച്ച് 5
നിരായുധീകരണം ആയുധ നിർവ്വ്യാപനം എന്നിവയെക്കുറിച്ചുള്ള ബോധവൽക്കരണത്തിനായുള്ള രണ്ടാമത്തെ അന്താരാഷ്ട്ര ദിനം മാർച്ച് 5-ന് ആചരിക്കപ്പെടുന്നത് പാപ്പാ അനുസ്മരിച്ചു. ഇന്നത്തെ സാഹചര്യത്തിൽ സൈനിക ചെലവുകൾക്കായി എത്രമാത്രം വിഭവങ്ങളാണ് പാഴാക്കുന്നത് എന്ന വസ്തുത അനുസ്മരിച്ച പാപ്പാ, ഇത്, വർദ്ധിച്ചുകൊണ്ടിരിക്കുന്ന ഖേദകരമായ അവസ്ഥയെക്കുറിച്ചു പരാമർശിച്ചു. നിരായുധീകരണം പ്രഥമവും പ്രധാനവുമായി ഒരു കടമയാണെന്നും അത് ഒരു ധാർമ്മിക കടമയാണെന്നും അന്താരാഷ്ട്ര സമൂഹം മനസ്സിലാക്കുമെന്ന തൻറെ ആത്മാർത്ഥമായ പ്രതീക്ഷ പാപ്പാ പ്രകടിപ്പിച്ചു. ഭയത്തിൻറെതായ സന്തുലനാവസ്ഥയിൽ നിന്ന് പരസ്പരവിശ്വാസത്തിൻറെ സന്തുലിതാവസ്ഥയിലേക്ക് നീങ്ങാൻ രാഷ്ട്രങ്ങളുടെ മഹത്തായ കുടുംബത്തിലെ എല്ലാ അംഗങ്ങളുടെയും ഭാഗത്തുനിന്ന് ധൈര്യം ഇതിന് ആവശ്യമാണെന്ന് പാപ്പാ പറഞ്ഞു.
ഉക്രൈയിൻ യുവതയുടെ പ്രതിബദ്ധത
"തിന്മയെ നന്മകൊണ്ട് മറികടക്കുക, പ്രാർത്ഥനയും പാവങ്ങളും സമാധാനവും" എന്ന വിഷയത്തെക്കുറിച്ച് ചർച്ചചെയ്യുന്നതിന് വിശുദ്ധ എജീദിയൊയുടെ സമൂഹം വിളിച്ചുകൂട്ടിയ ഉക്രൈയിൻകാരായ യുവതീയുവാക്കളെ പാപ്പാ പ്രത്യേകം അഭിവാദ്യം ചെയ്തു. യുദ്ധത്തിൽ ഏറ്റവും കൂടുതൽ ദുരിതമനുഭവിക്കുന്നവരോടുള്ള അവരുടെ പ്രതിബദ്ധതയ്ക്ക് പാപ്പാ നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു
സമാപനാഭിവാദ്യം
ചത്വരത്തിൽ സന്നിഹിതരായിരുന്ന, ഇറ്റലിക്കാരും ലോകത്തിൻറെ ഇതര ഭാഗങ്ങളിൽ നിന്ന് എത്തിയിരുന്നവരുമായ തീർത്ഥാടകർക്കും സന്ദർശകർക്കും ത്രികാലപ്രാർത്ഥനാപരിപാടിയുടെ അവസാനം അഭിവാദ്യമർപ്പിച്ച പാപ്പാ, എല്ലാവർക്കും നല്ലൊരു ഞായർ ആശംസിക്കുകയും തനിക്കു വേണ്ടി പ്രാർത്ഥിക്കാൻ മറക്കരുതെന്ന പതിവ് അഭ്യർത്ഥന നവീകരിക്കുകയും ചെയ്തു. തുടർന്ന് പാപ്പാ സകലർക്കും നല്ല ഒരു ഉച്ചവിരുന്ന് നേരുകയും വീണ്ടും കാണാമെന്നു പറയുകയും ചെയ്തുകൊണ്ട് ജാലകത്തിങ്കൽ നിന്നു പിൻവാങ്ങി.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: