തിരയുക

പ്രായപൂർത്തിയാകാത്തവരുടെ സംരക്ഷണത്തിനായുള്ള പൊന്തിഫിക്കൽ കമ്മീഷൻ അംഗങ്ങൾക്ക് അനുവദിച്ച കൂടിക്കാഴ്ചയിൽ പാപ്പാ പ്രായപൂർത്തിയാകാത്തവരുടെ സംരക്ഷണത്തിനായുള്ള പൊന്തിഫിക്കൽ കമ്മീഷൻ അംഗങ്ങൾക്ക് അനുവദിച്ച കൂടിക്കാഴ്ചയിൽ പാപ്പാ  (ANSA)

പ്രായപൂർത്തിയാകാത്തവർക്ക് കൂടുതൽ സംരക്ഷണം ഉറപ്പാക്കണം: ഫ്രാൻസിസ് പാപ്പാ

പ്രായപൂർത്തിയാകാത്തവരുടെ സംരക്ഷണത്തിനായുള്ള പൊന്തിഫിക്കൽ കമ്മീഷൻ അംഗങ്ങളുടെ പ്ലീനറി സമ്മേളനത്തിൽ സംബന്ധിച്ചവരെ വത്തിക്കാനിൽ സ്വീകരിച്ച പാപ്പാ, സഭയിൽ കുട്ടികൾ ഉൾപ്പെടുന്ന പ്രായപൂർത്തിയാകാത്തവർക്ക് സുരക്ഷയൊരുക്കുന്നതിൽ കമ്മീഷന്റെ പ്രാധാന്യം എടുത്തുപറഞ്ഞു. ആളുകളെ ശ്രവിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നത് പ്രധാനപ്പെട്ടതാണെന്ന് പാപ്പാ വ്യക്തമാക്കി. സഭ ഏവർക്കും സുരക്ഷിതമായ ഒരിടമായിരിക്കണം.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

ചൂഷണങ്ങൾക്കും പീഡനങ്ങൾക്കും ഇരകളായവർക്കുവേണ്ടി സമയവും ജീവിതവും സമർപ്പിക്കാൻ തീരുമാനമെടുക്കുന്നത് പ്രധാനപ്പെട്ട ഒരു വിളിയാണെന്നും, ഇത് സഭയ്ക്കുള്ളിലാണ് ജന്മമെടുക്കുന്നതെന്നും, അതേസമയം ഇത് സഭയുടെ ശുദ്ധീകരണത്തിനും, വളർച്ചയ്ക്കുമുള്ള ഒന്നാണെന്നും ഫ്രാൻസിസ് പാപ്പാ. പ്രായപൂർത്തിയാകാത്തവരുടെ സംരക്ഷണത്തിനായുള്ള പൊന്തിഫിക്കൽ കമ്മീഷൻ അംഗങ്ങളുടെ പ്ലീനറി സമ്മേളനത്തിൽ സംബന്ധിച്ച മുപ്പതിലധികം ആളുകളെ മാർച്ച് 7 വ്യാഴാഴ്ച വത്തിക്കാനിൽ സ്വീകരിച്ചു സംസാരിക്കവെയാണ് പ്രായപൂർത്തിയാകാത്തവരുടെ സംരക്ഷണത്തിന്റെ പ്രാധാന്യത്തെ പ്രത്യേകമായി പാപ്പാ എടുത്തുപറഞ്ഞത്.

സഭ, കുട്ടികൾക്കും, ദുർബലരായ മുതിർന്നവർക്കും സുരക്ഷിതമായ ഒരിടമാക്കി മാറ്റാൻ കമ്മീഷനോട് താൻ ആവശ്യപ്പെട്ടിരുന്നു എന്നത് ഓർമ്മിപ്പിച്ച പാപ്പാ, കഴിഞ്ഞ പത്ത് വർഷങ്ങളിൽ ഈ  വിഷയത്തിൽ ഏവർക്കും ഉപദേശങ്ങളും, മാർഗ്ഗനിർദ്ദേശങ്ങളും നൽകുന്നതിൽ കമ്മീഷന്റെ ചുമതലയും വ്യാപ്തിയും ഏറെ വർദ്ധിച്ചിട്ടുണ്ടനെന്ന് പറഞ്ഞു. ഈയൊരു സേവനത്തിൽ കൂടുതൽ മുന്നോട്ട് പോകാൻ പാപ്പാ കമ്മീഷൻ അംഗങ്ങളെ ആഹ്വാനം ചെയ്‌തു.

പ്രായപൂർത്തിയാകാത്തവരുടെ സംരക്ഷണവുമായി ബന്ധപ്പെട്ട റിപ്പോർട്ട് തയ്യാറാക്കാൻ താൻ ആവശ്യപ്പെട്ടതിനെ പരാമർശിച്ച പാപ്പാ, ഈ റിപ്പോർട്ട്, ഈ രംഗത്ത് ഇനിയും വളരാനും, തങ്ങളെ കാത്തിരിക്കുന്ന ചുമതലകളും പ്രവർത്തനങ്ങളും വിവിധയിടങ്ങളിലുള്ള സഭയെ കൂടുതലായി ഓർമ്മപെടുത്താനും സഹായിക്കുമെന്ന് പറഞ്ഞു. പീഡനങ്ങളും ചൂഷണങ്ങളും ഉയർത്തുന്ന നാണക്കേടും, ഇരകളുടെ സഹനവും നമ്മെ അവരെ കേൾക്കുന്നതിൽനിന്നും പിന്തിരിയാൻ പ്രേരിപ്പിച്ചേക്കാമെന്നും, എന്നാൽ ധൈര്യപൂർവ്വം മുന്നോട്ട് പോകേണ്ടതിന്റെ ആവശ്യമുണ്ടെന്നും പാപ്പാ ഓർമ്മിപ്പിച്ചു. എല്ലവർക്കും സഭ സ്വഭവനമാണെന്ന തോന്നലുളവാക്കുകയും, എല്ലാവരുടെയും പവിത്രത മാനിക്കപ്പെടുന്നുവെന്നത് ഉറപ്പാക്കുകയും ചെയ്യുന്നതിനായി പ്രവർത്തിക്കാൻ പാപ്പാ ഏവരോടും ആവശ്യപ്പെട്ടു.

ക്രിസ്തുവിന്റെ കാരുണ്യത്തിന്റെയും, മാനവികതയുടെ മുറിവിൽ സ്പർശിക്കുന്ന അവന്റെ ശൈലിയുടെയും, നമ്മോയുള്ള സ്നേഹത്താൽ മുറിവേൽപ്പിക്കപ്പെട്ട അവന്റെ ഹൃദയത്തിന്റെയും മാതൃകയും വികാരങ്ങളും നമ്മുടേതാക്കി മാറ്റേണ്ടതുണ്ടെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. യേശുവിലൂടെ പിതാവായ ദൈവം നമുക്ക് സമീപസ്ഥനായി മാറുകയായിരുന്നുവെന്ന് പാപ്പാ ഉദ്‌ബോധിപ്പിച്ചു. ക്രിസ്തുവിലൂടെ അവൻ നമ്മുടെ സഹനങ്ങളും മുറിവുകളുമാണ് വഹിച്ചത്. അതുപോലെ, നമ്മളും മറ്റുള്ളവരുടെ ദുരിതങ്ങൾ നമ്മുടെ തോളിലേറ്റുകയും അവരോട് സമീപസ്ഥരായിരിക്കുകയും, കരുണയുള്ളവരായിരിക്കുകയും ചെയ്യേണ്ടതുണ്ടെന്ന് പാപ്പാ പറഞ്ഞു.

പീഡനങ്ങൾക്കും ചൂഷണങ്ങൾക്കും ഇരകളാകേണ്ടിവന്നവരെ ശ്രവിക്കേണ്ടതിന്റെ പ്രാധാന്യം പാപ്പാ എടുത്തുപറഞ്ഞു. എല്ലാവർക്കും മെച്ചപ്പെട്ട ഒരു ഭാവി ഉറപ്പാക്കുന്നതിനായി, ഇരകളെ ശ്രവിക്കുക എന്നത് സഭാ നേതൃത്വത്തിന്റെ കടമയാണെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. ഇരകളെ ശ്രവിക്കാതിരിക്കുന്നത് അവരുടെ സഹനം വർദ്ധിക്കാൻ കാരണമാകുമെന്ന് പാപ്പാ എടുത്തുപറഞ്ഞു.

വ്യക്തിപരമായ സ്വകാര്യത നിലനിർത്തിക്കൊണ്ടുതന്നെ, പ്രായപൂർത്തിയാകാത്തവരുമായി ബന്ധപ്പെട്ട കേസുകളിൽ, പ്രാദേശികസഭകളുമായി യോജിച്ച്, കമ്മീഷൻ നടത്തുന്ന പ്രവർത്തനങ്ങൾ മറ്റുള്ളവർക്ക് വ്യക്തമായി കാണാൻ സാധിക്കേണ്ടതുണ്ടെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. പ്രായപൂർത്തിയാകാത്തവർക്കെതിരെയുള്ള ചൂഷണങ്ങളും പീഡനങ്ങളും തടയപ്പെടേണ്ടതിലേക്ക് സഭ വളരേണ്ടതിന്റെ പ്രാധാന്യവും പാപ്പാ തന്റെ പ്രഭാഷണത്തിൽ എടുത്തുപറഞ്ഞു.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ശാരീരികമായ അസ്വസ്ഥതകൾ മൂലം ബുദ്ധിമുട്ടുന്ന പാപ്പായ്ക്കുവേണ്ടി, വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറിയേറ്റിൽ സേവനമനുഷ്ഠിക്കുന്ന റോസ്മീനിയൻ വൈദികൻ ഫാ. പിയർലൂയിജി ജിറോളിയാണ്, പ്രഭാഷണം വായിച്ചത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

07 March 2024, 16:53