ഫ്രാൻസീസ് പാപ്പാ ഇടവക അജപാലന സന്ദർശനം പുനരാംരംഭിച്ചു!
സൽവത്തോരെ ചെർണൂത്സിയൊ - ജോയി കരിവേലി, വത്തിക്കാൻ സിറ്റി
റോം രൂപതയുടെ മെത്രാനെന്ന നിലയിൽ ഫ്രാൻസീസ് പാപ്പാ തൻറെ രൂപതയിലെ വടക്കു കിഴക്കുള്ള കാസൽ മൊണസ്തേരൊ പ്രദേശത്തെ വിശുദ്ധ എൻറീക്കൊയുടെ നാമത്തിലുള്ള ഇടവക സന്ദർശിക്കുകയും മുപ്പത്തിയഞ്ചു വൈദികരുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. റോം രൂപതയിലെ ഇടവകകളിൽ പാപ്പായുടെ അവസാന ഇടയ സന്ദർശനം 2023 ഡിസംബറിൽ ആയിരുന്നു.
അഞ്ചാം തീയതി വെള്ളിയാഴ്ച (05/04/24) പ്രധാനമായും പാപ്പായുടെ സന്ദർശനം പതിനൊന്നാം പ്രീഫെക്ചറിൽപ്പെട്ട വൈദികരും ശെമ്മാശന്മാരുമായുള്ള കൂടിക്കാഴ്ചയിൽ കേന്ദ്രീകൃതമായിരുന്നു. ഒരു മണിക്കൂറും 30 മിനിറ്റും പാപ്പാ അവരുമായി സംഭാഷണത്തിലേർപ്പെട്ടു.
റോം രൂപതയുടെ സഹായമെത്രാനായ ദനിയേലെ സേറയുടെ നേതൃത്വത്തിൽ പാപ്പായുമായി കൂടിക്കാഴ്ച നടത്തിയ റെബീബിയയിലെ തടവറയിൽ അജപാലനസേവനം ചെയ്യുന്നവരുൾപ്പടെയുള്ള ഈ വൈദികർ തടവറപ്രശ്നങ്ങൾ, യുവജനം, 2025 ജൂബിലി വർഷം, സഭയിൽ നിന്നകന്നു നില്ക്കുന്നവരുടെ അജപാലനവും അവരോടുള്ള സാമീപ്യവും തുടങ്ങിയവ ചർച്ച ചെയ്തു.
ജൂബിലവർഷം ഫലപ്രദമായി ജീവിക്കുന്നതിന് പാപ്പാ സർഗ്ഗാത്മകതയും ധൈര്യവും എന്നീ രണ്ടു മാർഗ്ഗങ്ങൾ ശുപാർശ ചെയ്തു. പഴയ ചട്ടക്കൂടുകളിൽ ഒതുങ്ങി നില്ക്കാതെ അനേകരെ സമീപിക്കുന്നതിനുള്ള വഴികൾ വെട്ടിത്തുറക്കലാണിതെന്ന് പാപ്പാ വ്യക്തമാക്കി. പുറത്തു തന്നെ കാത്തു നിന്നിരുന്ന വിശ്വാസികളെയും പാപ്പാ അഭിവാദ്യം ചെയ്തു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: