ജല്പനങ്ങളെ നിശബ്ദമാക്കുന്ന ദൈവവചനത്താൽ പോഷിതരാകുക, പാപ്പാ!

ഫ്രാൻസീസ് പാപ്പായുടെ ത്രികാലജപ സന്ദേശം, പെന്തക്കൂസ്താ തിരുന്നാൾ ദിനത്തിൽ. സുവിശേഷ വചനങ്ങൾ വായിക്കുക, ചെറുസുവിശേഷ ഗ്രന്ഥം കൈയ്യിൽ സദാ സൂക്ഷിക്കുക, വചനം ശ്രവിക്കുക.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

പെന്തക്കുസ്താ തിരുന്നാൾ ദിനമായിരുന്ന ഈ ഞായറാഴ്ച (19/05/24) രാവിലെ വത്തിക്കാനിൽ വിശുദ്ധ പത്രോസിൻറെ ബസിലിക്കയിൽ സഘോഷമായ സമൂഹദിവ്യബലിയിൽ മുഖ്യ കാർമ്മികത്വം വഹിച്ച ഫ്രാൻസീസ് പാപ്പാ, അന്ന്   മദ്ധ്യാഹ്നത്തിൽ, ഞാറാഴ്ചകളിലെ പതിവനുസരിച്ച്, നയിച്ച പൊതുവായ ത്രികാല പങ്കുകൊള്ളുന്നതിന്, വിവിധരാജ്യക്കാരായിരുന്ന ആയിരക്കണക്കിനു  വിശ്വാസികൾ, ബസിലിക്കാങ്കണത്തിലും പരിസരത്തുമായി സന്നിഹിതരായിരുന്നു. ചാറ്റൽ മഴയുണ്ടായിരുന്നതിനാൽ കുടകൾ ചൂടിയും മഴവസ്ത്രമണിഞ്ഞും നിന്നിരുന്ന ജനങ്ങൾ, പാപ്പാ ത്രികാലജപം നയിക്കുന്നതിന് പതിവുജാലകത്തിങ്കൽ പ്രത്യക്ഷപ്പെട്ടപ്പോൾ, കരഘോഷത്താലും ആരവങ്ങളാലും സന്തോഷം പ്രകടിപ്പിച്ചു.റോമിലെ സമയം ഉച്ചയ്ക്ക് 12 മണിക്ക്, ഇന്ത്യയിലെ സമയം, ഇന്ത്യയും ഇറ്റലിയും തമ്മിൽ ഇപ്പോഴുള്ള സമയവിത്യാസമനുസരിച്ച്, വൈകുന്നേരം 3,30-ന്,  “സ്വർല്ലോകരാജ്ഞീ ആനന്ദിച്ചാലും” എന്നാരംഭിക്കുന്ന മദ്ധ്യാഹ്ന പ്രാർത്ഥന നയിക്കുന്നതിനു മുമ്പ് പാപ്പാ നടത്തിയ വിചിന്തനത്തിന് ആധാരം, ലത്തീൻറീത്തിൻറെ ആരാധനാക്രമനുസരിച്ച്, ഈ ഞായാറാഴ്ച (12/05/24) ദിവ്യബലി മദ്ധ്യേ വായിക്കപ്പെട്ട ദൈവവചന ഭാഗങ്ങളിൽ, യോഹന്നാൻറെ  സുവിശേഷം പതിനഞ്ചാം അദ്ധ്യായം, 26ഉം-27ഉം വാക്യങ്ങളും പതിനാറാം അദ്ധ്യായം 12-15 വരെയുള്ള വാക്യങ്ങളും (യോഹന്നാൻ 15,26-27;16,12-15) അതായത്, പിതാവ് അയയ്ക്കുന്ന സഹായകനെയും ആ സഹായകൻ സത്യത്തിൻറെ പൂർണ്ണതയിലേക്കു നയിക്കുന്നതിനെയും കുറിച്ച് പരാമർശിക്കുന്ന ഭാഗം, ആയിരുന്നു. പാപ്പാ ഇറ്റാലിയൻ ഭാഷയിൽ നടത്തിയ  വിചിന്തനം :

പരിശുദ്ധാരൂപിയുടെ ആഗമനം

പ്രിയ സഹോദരീ സഹോദരന്മാരേ, പെന്തക്കോസ്താ തിരുന്നാളാശംസകൾ, ശുഭദിനം!

മറിയത്തിൻറെയും അപ്പോസ്തലന്മാരുടെയും മേൽ പരിശുദ്ധാത്മാവ് ഇറങ്ങിവന്നത്, പെന്തക്കോസ്താ മഹോത്സവമായ ഇന്ന് നമ്മൾ,  ആഘോഷിക്കുന്നു. ആരാധനക്രമത്തിലെ സുവിശേഷത്തിൽ, യേശു പരിശുദ്ധാത്മാവിനെക്കുറിച്ച് സംസാരിക്കുന്നു. "അവൻ കേട്ടതെല്ലാം" അവൻ നമ്മെ പഠിപ്പിക്കുന്നുവെന്ന് യേശു പറയുന്നു (യോഹന്നാൻ 16:13 കാണുക). എന്നാൽ ഈ പദപ്രയോഗം എന്താണ് അർത്ഥമാക്കുന്നത്? പരിശുദ്ധാത്മാവ് എന്താണ് കേട്ടത്? അവിടന്ന് നമ്മോട് എന്തിനെക്കുറിച്ചാണ് പറയുക?

ആത്മാവു സംസാരിക്കുന്ന വാക്കുകളുടെ സവിശേഷത

വാത്സല്യം, നന്ദി, വിശ്വാസം, കരുണ തുടങ്ങിയ വിസ്മയകരമായ വികാരങ്ങൾ പ്രകടിപ്പിക്കുന്ന വാക്കുകളിലൂടെ അവിടന്ന് നമ്മോട് സംസാരിക്കുന്നു. ദൈവത്തിൻറെ ശാശ്വതസ്നേഹം പോലെയുള്ള മനോഹരവും തിളക്കമാർന്നതും മൂർത്തവും ശാശ്വതവുമായ ബന്ധത്തെക്കുറിച്ച് നമ്മെ ബോധവാന്മാരാക്കുന്ന വാക്കുകൾ: പിതാവും പുത്രനും പരസ്പരം പറയുന്ന വാക്കുകൾ. സ്നേഹത്തിൻറെ രൂപാന്തരപ്പെടുത്തുന്ന വാക്കുകളാണ് പരിശുദ്ധാത്മാവ് നമ്മിൽ ആവർത്തിക്കുന്നത്, നാം അതു കേൾക്കുന്നത് നല്ലതാണ്, എന്തെന്നാൽ, ഈ വാക്കുകൾ അതേ വികാരങ്ങളും ഉദ്ദേശ്യങ്ങളും നമ്മുടെ ഹൃദയങ്ങളിൽ ഉളവാക്കുകയും  വളർത്തുകയും ചെയ്യുന്നു: അവ ഫലദായക വചസ്സുകളാണ്.

വചനത്താൽ പോഷിതരാകുക

അതുകൊണ്ടാണ് ആത്മാവിനാൽ പ്രചോദിതമായ യേശുവചനങ്ങളാൽ, ദൈവവചനങ്ങളാൽ നാം എല്ലാ ദിവസവും നമ്മെത്തന്നെ പോഷിപ്പിക്കേണ്ടത് സുപ്രധാനമാകുന്നത്. നിരവധി തവണ ഞാൻ പറഞ്ഞിട്ടുണ്ട്: അനുകൂല സാഹചര്യങ്ങൾ മുതലെടുത്ത് ഒരു സുവിശേഷ ഭാഗം വായിക്കുക, കീശയിൽ കൊണ്ടുനടക്കാവുന്ന ഒരു ചെറിയ സുവിശേഷം കൈവശം വയ്ക്കുക. പുരോഹിതനും കവിയുമായ ക്ലെമൻറ് റെബോറ തൻറെ മാനസാന്തരത്തെക്കുറിച്ച് പരാമർശിച്ചുകൊണ്ട് തൻറെ ദിനക്കുറിപ്പുപുസ്തകത്തിൽ ഇങ്ങനെ എഴുതി: "വചനം എൻറെ പ്രലപനത്തെ നിശബ്ദമാക്കി!" (സംക്ഷിപ്ത ജീവചരിത്രം Curriculum vitae)). ദൈവവചനം നമ്മുടെ ഉപരിപ്ലവ ഭാഷണങ്ങളെ നിശബ്ദമാക്കുകയും ഗൗരവതരമായ വാക്കുകൾ, മനോഹരമായ വാക്കുകൾ, സന്തോഷകരമായ വാക്കുകൾ പറയാൻ നമ്മെ പ്രേരിപ്പിക്കുകയും ചെയ്യുന്നു. "വചനം എൻറെ വ്യർത്ഥഭാഷണത്തെ നിശബ്ദമാക്കി". ദൈവവചന ശ്രവണം ജല്പനങ്ങളെ നിശബ്ദമാക്കുന്നു. ഇങ്ങനെയാണ് പരിശുദ്ധാത്മാവിൻറെ ശബ്ദത്തിന് നമ്മുടെ ഉള്ളിൽ ഇടം നൽകേണ്ടത്. പിന്നെ ആരാധനയിൽ - മൗനത്തിലായിരുന്നുകൊണ്ടുള്ള ആരാധനയുടെ പ്രാർത്ഥന നാം മറക്കരുത് – പ്രത്യേകിച്ചും ആരാധനയെന്ന പോലെ ലളിതവും നിശബ്ദവുമായത്. അവിടെ, നമ്മുടെ ഉള്ളിൽ നല്ല വാക്കുകൾ പറയുക, ഹൃദയത്തോട് പറയുക, അങ്ങനെ നമുക്ക് അത് മറ്റുള്ളവരോടും പിന്നീട്, പരസ്പരവും പറയാൻ കഴിയും. അപ്രകാരം അവ ആശ്വാസകൻറെ, പരിശുദ്ധാത്മാവിൻറെ ശബ്ദത്തിൽ നിന്നാണ് വരുന്നതെന്ന് നാം കാണുന്നു.

നല്ല വാക്കുകൾ പറയുക, പരിശുദ്ധാരൂപിക്ക് വിധേയരാകുക 

പ്രിയ സഹോദരി സഹോദരന്മാരേ, സുവിശേഷം വായിക്കുകയും ധ്യാനിക്കുകയും ചെയ്യുക, മൗനമായി പ്രാർത്ഥിക്കുക, നല്ല വാക്കുകൾ പറയുക, ഇവ ബുദ്ധിമുട്ടുള്ള കാര്യങ്ങളല്ല, ഇല്ല, നമുക്കെല്ലാവർക്കും അവ ചെയ്യാൻ കഴിയും. അപമാനിക്കുന്നതിനേക്കാളും ദേഷ്യപ്പെടുന്നതിനേക്കാളും എളുപ്പമാണ് അവ... ആകയാൽ നമുക്ക് സ്വയം ചോദിക്കാം: ഈ വാക്കുകൾക്ക് എൻറെ ജീവിതത്തിൽ എന്ത് സ്ഥാനമാണുള്ളത്? പരിശുദ്ധാത്മാവിനെ നന്നായി ശ്രവിക്കാനും മറ്റുള്ളവർക്ക് അവൻറെ പ്രതിധ്വനിയായി മാറാനും എനിക്ക് എങ്ങനെ അവയെ വളർത്തിയെടുക്കാനാകും? പെന്തക്കോസ്‌തയിൽ അപ്പോസ്‌തലന്മാരോടൊപ്പം സന്നിഹിതയായ മറിയം നമ്മെ പരിശുദ്ധാത്മാവിൻറെ ശബ്ദത്തോട് വിധേയത്വമുള്ളവരാക്കട്ടെ.

ഈ വാക്കുകളെ തുടർന്ന് പാപ്പാ, ഉയിർപ്പുദിനം മുതൽ പെന്തക്കൂസ്താതിരുന്നാൾ വരെ മദ്ധ്യാഹ്നപ്രാർത്ഥനാ വേളയിൽ ചൊല്ലപ്പെടുന്ന “സ്വർല്ലോകരാജ്ഞീ ആനന്ദിച്ചാലും” എന്നാരംഭിക്കുന്ന ത്രികാലജപം നയിക്കുകയും ആശീർവ്വാദം നല്കുകയും ചെയ്തു.  ആശീർവാദനാനന്തരം പാപ്പാ ചത്വരത്തിൽ സന്നിഹിതരായിരുന്നവരെ അഭിവാദ്യം ചെയ്തു.

ആശീർവ്വാദാനന്തര അഭിവാദ്യങ്ങൾ - ഐക്യത്തിൻറെ ശില്പിയായ പരിശുദ്ധാരൂപി

ഭിന്നയാഥാർത്ഥ്യങ്ങളിൽ നിന്ന്, ചിലപ്പോൾ, പരസ്പരവിരുദ്ധങ്ങളായ യാഥാർത്ഥ്യങ്ങളിൽ നിന്നുപോലും, പരിശുദ്ധാരൂപി ഐക്യം സൃഷ്ടിക്കുന്നുവെന്ന് പാപ്പാ പറഞ്ഞു. ഹൃദയങ്ങളിലും കുടുംബങ്ങളിലും സമൂഹത്തിലും ലോകമെമ്പാടും ഐക്യം സംജാതമാക്കാൻ പിതാവിൻറെയും പുത്രൻറെയും സ്നേഹമായ പരിശുദ്ധാത്മാവിനോട് പെന്തക്കൂസ്താ തിരുന്നാളിൽ പ്രാർത്ഥിക്കാൻ പാപ്പാ എല്ലാവരെയും ക്ഷണിച്ചു.

ക്രൈസ്തവൈക്യം സംജാതമാകട്ടെ, യുദ്ധങ്ങൾ അവസാനിക്കട്ടെ

ഭിന്ന വിഭാഗങ്ങളിൽപ്പെട്ട ക്രിസ്ത്യാനികൾക്കിടയിൽ കൂട്ടായ്മയും സാഹോദര്യവും    സംവർദ്ധകമാക്കുന്നതിനുവേണ്ടിയും യുദ്ധങ്ങൾക്കറുതിവരുത്തുന്നതിലേക്കു നയിക്കുന്ന സംഭാഷണത്തിലേർപ്പെടാനുള്ള ധൈര്യം ഭരണാധികാരികൾക്കു പ്രദാനം ചെയ്യുന്നതിനു വേണ്ടിയും പ്രാർത്ഥിക്കണമെന്ന് പാപ്പാ പറഞ്ഞു.

യുദ്ധ വേദികൾ

യുദ്ധവേദികളായ ഉക്രൈയിൻ, പലസ്തീൻ, ഇസ്രായേൽ എന്നിവയെ പാപ്പാ പ്രത്യേകം അനുസ്മരിച്ചു. ഉക്രൈയിനിൽ ഖാർക്കിവിൽ ഇക്കഴിഞ്ഞ ദിനങ്ങളിലുണ്ടായ ആക്രമണത്തെക്കുറിച്ചു പാപ്പാ പരാമർശിച്ചു. വിശുദ്ധനാടിനെയും പലസ്തീനിനെയും ഇസ്രായേലിനെയും യുദ്ധം നടക്കുന്ന മറ്റു പ്രദേശങ്ങളെയും പാപ്പാ അനുസ്മരിച്ചു. സമാധാനത്തിൻറെ വാതിലുകൾ തുറക്കുന്ന നടപടിയിലേക്ക് പരിശുദ്ധാരൂപി രാഷ്ട്ര നേതാക്കളെയും നമ്മെയും നയിക്കട്ടെയെന്ന് പാപ്പാ പ്രാർത്ഥനയോടെ ആശംസിച്ചു.

വെറോണ സന്ദർശനം

താൻ ശനിയാഴ്‌ച (18/05/24) ഇറ്റലിയിലെ വെറോണയിൽ നടത്തിയ ഇടയസന്ദർശനത്തെക്കുറിച്ച് പരാമർശിച്ച പാപ്പാ അവർ തന്നോട് പ്രകടിപ്പിച്ച സ്നേഹത്തിന് നന്ദി പ്രകാശിപ്പിക്കുകയും കാരാഗൃഹവാസികളുമായി താൻ നടത്തിയ കൂടിക്കാഴ്ച പ്രത്യേകം അനുസ്മരിക്കുകയും ചെയ്തു. തടവറയുടെ മതിലുകൾക്കുള്ളിൽ ജീവനും മാനവികതയും പ്രത്യാശയും സ്പന്ദിക്കുന്നു എന്നതിന് തടവറയിലെ അന്തേവാസികൾ ഒരിക്കൽ കൂടി തനിക്ക് സാക്ഷ്യമേകിയെന്ന് പാപ്പാ പറഞ്ഞു

സമാപനാഭിവാദ്യം

ചത്വരത്തിൽ സന്നിഹിതരായിരുന്ന, ഇറ്റലിക്കാരും ലോകത്തിൻറെ ഇതര ഭാഗങ്ങളിൽ നിന്ന് എത്തിയിരുന്നവരുമായ തീർത്ഥാടകർക്കും സന്ദർശകർക്കും ത്രികാലപ്രാർത്ഥനാ പരിപാടിയുടെ അവസാനം അഭിവാദ്യമർപ്പിച്ച പാപ്പാ, എല്ലാവർക്കും നല്ലൊരു ഞായർ ആശംസിക്കുകയും തനിക്കു വേണ്ടി  പ്രാർത്ഥിക്കാൻ മറക്കരുതെന്ന പതിവ് അഭ്യർത്ഥന നവീകരിക്കുകയും ചെയ്തു. തുടർന്ന് പാപ്പാ സകലർക്കും നല്ല ഒരു ഉച്ചവിരുന്ന് നേരുകയും വീണ്ടും കാണാമെന്നു പറയുകയും ചെയ്തുകൊണ്ട് ജാലകത്തിങ്കൽ നിന്നു പിൻവാങ്ങി.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

20 May 2024, 11:17

സ്വര്‍ല്ലോക രാജ്ഞീ! എന്ന ത്രികാലപ്രാര്‍ത്ഥന
 

ദൈവമാതാവിനെക്കുറിച്ചുള്ള 4 പ്രഭണിതങ്ങളില്‍ ഒന്നാണ് സ്വര്‍ല്ലോക രാജ്ഞീ! സ്വസ്തീ രാജ്ഞീ!, സ്വസ്തീ സ്വര്‍ല്ലോക റാണി, സ്വര്‍ല്ലോക രാജ്ഞിയേ, വാഴ്ക!, രക്ഷകന്നമ്മേ വാഴ്ക! എന്നിവയാണ് ലത്തീന്‍ ഭാഷയിലുള്ള വിഖ്യാതമായ 4 പ്രഭണിതങ്ങള്‍ (4 Marian Atiphons :Alma Redemptoris Mater,  l’Ave Regina Coelorum e il Salve Regina).

ത്രികാലപ്രാര്‍ത്ഥ സ്വര്‍ല്ലോക രാജ്ഞിയേ! എന്ന പ്രഭണിതം ഈസ്റ്റര്‍ കാലത്ത് കര്‍ത്താവിന്‍റെ മാലാഖ (Angelus Domini….) എന്ന പ്രാര്‍ത്ഥനയ്ക്ക് പകരമായി ആദ്യം ഉപയോഗിച്ചത് 1742-ല്‍ ബെനഡിക്ട് 14-Ɔമന്‍ പാപ്പായായിരുന്നു. ആ വര്‍ഷത്തെ ഈസ്റ്റര്‍ ഞായറാഴ്ചത്തെ ത്രികാലപ്രാര്‍ത്ഥന മുതല്‍ തുടര്‍ന്നുള്ള പെന്തക്കോസ്താ മഹോത്സവംവരെ സ്വര്‍ല്ലോക രാജ്ഞിയേ.. എന്ന പ്രഭണിതം ഉപയോഗത്തില്‍ കൊണ്ടുവന്നു. മരണത്തിന്മേലുള്ള ക്രിസ്തുവിന്‍റെ ആത്മീയവിജയം പ്രഘോഷിക്കുന്നതായിട്ടാണ് ഈ മാറ്റത്തെ പുണ്യശ്ലോകനായ പാപ്പാ വ്യാഖ്യാനിച്ചത്. പെസഹാക്കാലത്തെ ദിനങ്ങളില്‍ മൂന്നു നേരവും സ്വര്‍ല്ലോക രാജ്ഞിയേ! എന്ന പ്രാര്‍ത്ഥനചൊല്ലുന്ന പതിവിന് അങ്ങനെ തുടക്കമായി. ഇതുവഴി ആ ദിവസം മറിയത്തിലൂടെ ദൈവത്തിനു സമര്‍പ്പിക്കപ്പെടുന്നു.

അതിമനോഹരമായ ഈ ലത്തീന്‍ പ്രഭണിതത്തിന്‍റെ ഉത്ഭവം 6-Ɔο നൂറ്റാണ്ടിലേയ്ക്ക് നീളുന്നതാണെന്നതിന് ചരിത്രരേഖകളുണ്ട്. 13-Ɔο നൂറ്റാണ്ടിന്‍റെ മദ്ധ്യത്തില്‍ അത് ഫ്രാന്‍സിസ്ക്കന്‍ യാമപ്രാര്‍ത്ഥനയില്‍ ഇടംകണ്ടു. വിശ്വാസികള്‍ മറിയത്തെ വിളിച്ചപേക്ഷിക്കുന്ന 4 വരികളുള്ള ഈ ഹ്രസ്വപാര്‍ത്ഥനയുടെ ഒരോ വരിയുടെയും അന്ത്യത്തില്‍ “അലേലൂയ” എന്ന് പ്രഘോഷിക്കപ്പെടുന്നു. ക്രിസ്തുവിന്‍റെ ഉത്ഥാനത്തിലുള്ള ജയഭേരിയാണ് അല്ലേലൂയ പ്രഘോഷണം.

2015-ലെ ഈസ്റ്റര്‍ ഞായറാഴ്ചത്തെ ത്രികാലപ്രാര്‍ത്ഥന മദ്ധ്യേ സ്വര്‍ല്ലോക രാജ്ഞിയേ! എന്ന മേരിയന്‍ പ്രഭണതം ഉരുവിടുമ്പോള്‍ നമുക്ക് ഉണ്ടാകേണ്ട ആത്മീയഭാവത്തെയു മനസ്സിന്‍റെ തുറവിയെക്കുറിച്ചു പാപ്പാ ഫ്രാന്‍സിസ് വ്യാഖ്യാനിച്ചു.

ലോകത്തിനു മറിയം പ്രദാനംചെയ്ത രക്ഷകനായ ക്രിസ്തു, വാഗ്ദാനംചെയ്തതുപോലെ മരണാന്തരം ഉത്ഥാനംചെയ്തു, അതില്‍ സന്തോഷിക്കാമെന്ന് മറിയത്തെയാണ് പ്രാര്‍ത്ഥന അഭിസംബോധനചെയ്യുന്നത്. ഈ മാദ്ധ്യസ്ഥത്തിലുള്ള പ്രത്യാശ വിശ്വാസികള്‍ അലേലൂയ പ്രഘോഷണത്തിലൂടെ ഏറ്റുപറയുന്നു. അതായത് ക്രിസ്തുവിന്‍റെ ഉത്ഥാനത്തിലുള്ള പരിശുദ്ധ കന്യകാനാഥയുടെ ആനന്ദത്തില്‍ വിശ്വാസികള്‍ ഈ പ്രാര്‍ത്ഥനയിലൂടെ പങ്കുചേരുകയാണ്. ഇത് അമ്മയുടെ സന്തോഷത്തില്‍ മക്കള്‍ പങ്കുചേരുന്ന അനുഭവമാണെന്നാണ് പാപ്പാ ഫ്രാന്‍സിസ് വ്യാഖ്യാനിച്ചത്.

ഏറ്റവും ഒടുവിലത്തെ ത്രികാലപ്രാര്‍ത്ഥന

വായിച്ചു മനസ്സിലാക്കാന്‍ >