“ക്രിസ്തു ജീവിക്കുന്നു:” വിവാഹത്തിന്റെ വിപ്ലവാത്മകമായ പ്രതിബദ്ധത
സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാൻ ന്യൂസ്
അപ്പോസ്തോലിക പ്രബോധനം
അപ്പോസ്തോലിക പ്രബോധനമെന്നത് കത്തോലിക്കാ സഭയില്‍ പാപ്പാ പ്രസിദ്ധീകരിക്കുന്ന ഔദ്യോഗിക ലേഖനങ്ങളുടെ വിവിധതരത്തിലുളള പരമ്പരകളിൽപ്പെടുന്ന ഒരു ലേഖനമാണ്. ഇവയുടെ പ്രാധാന്യ ശൃംഖലയില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന ചാക്രീക ലേഖനങ്ങള്‍ കഴിഞ്ഞാല്‍ തൊട്ടടുത്ത സ്ഥാനമാണ് അപ്പോസ്തോലിക പ്രബോധനങ്ങള്‍ക്കുള്ളത്.
എട്ടാം അദ്ധ്യായം
എട്ടാമത്തെ അദ്ധ്യായം 'വിളി'യെക്കുറിച്ചാണ്. യേശു നമുക്ക് നൽകുന്ന ജീവിതം ഒരു പ്രണയകഥയാണെന്നും, ആ പ്രണയ കഥയിൽ ഭാഗമാകാനുള്ള ക്ഷണമാണതെന്നും, പാപ്പാ ഈ അദ്ധ്യായത്തിൽ വിശദീകരിക്കുന്നുണ്ട്. "ഞാൻ ഈ ഭൂമിയിൽ ഒരു ദൗത്യമാണ്. അതു കൊണ്ടാണ്, ഞാൻ ഈ ലോകത്തിലായിരിക്കുന്നത്" എന്ന് ഓരോ വ്യക്തിയും ചിന്തിക്കണം. 'മറ്റുള്ളവർക്കു വേണ്ടിയുള്ള ആയിരിക്കൽ' എന്നതിന്റെ പൂർണ്ണതയാണ് സ്നേഹവും കുടുംബവും. വിളി തിരിച്ചറിയുമ്പോൾ, അത് ഏതു രൂപത്തിലായാലും, ആ വിളി ദൈവത്തിൽ നിന്നുള്ള വിളിയാണെന്നു മനസ്സിലാക്കുകയും അനുസരിക്കുകയും ചെയ്താൽ നിങ്ങൾ സമ്പൂർണ്ണമായ സാഫല്യം കണ്ടെത്തുകയായി- പാപ്പാ പറയുന്നു.
264. ഇന്ന് ക്ഷണഭംഗൂരമായവയുടെ ഒരു സംസ്കാരം ആധിപത്യം പുലർത്തുന്നു. അത് കേവലം മിഥ്യയാണ്. ഒന്നിലും സുരക്ഷിതമായിരിക്കാൻ കഴിവില്ല എന്ന് ചിന്തിക്കുന്നത് വഞ്ചനാത്മകമായ നുണയാണ്. വിവാഹം ഒരു ഫാഷൻ അല്ല എന്ന് പറയുന്നവർ ഇന്നുണ്ട്. ആപേക്ഷികതാവാദത്തിന്റെയും, ക്ഷണികതയുടെയും ഒരു സംസ്കാരത്തിൽ വർത്തമാനം മാത്രം ആസ്വദിക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് അനേകർ പ്രസംഗിക്കുന്നു. ആജീവാനാന്ത സമർപ്പണം നടത്തുന്നതും സുനിശ്ചിതമായ തീരുമാനം ചെയ്യുന്നതും യോഗ്യമല്ലെന്ന് അവർ പറയും. തിരമാലയ്ക്കെതിരെ നീന്താൻ ഞാൻ നിങ്ങളോടു ആവശ്യപ്പെടുന്നു. അതേ, ഈ സംസ്കാരത്തിനെതിരെ എതിർപ്പ് പ്രകടിപ്പിക്കാൻ ഞാൻ നിങ്ങളോടു ആവശ്യപ്പെടുന്നു. ഈ സംസ്കാരം എല്ലാറ്റിനെയും താൽക്കാലികമായി കാണുന്നതാണ്. നിങ്ങൾക്ക് ഉത്തരവാദിത്വം ഏറ്റെടുക്കാൻ കഴിയുകയില്ലെന്ന്, യഥാർത്ഥമായി സ്നേഹിക്കാൻ കഴിവില്ലാത്തവരാണെന്ന്, അത് ആത്യന്തികമായി വിശ്വസിക്കുന്നു. എനിക്ക് നിങ്ങളിൽ വലിയ വിശ്വാസമുണ്ട്. ഈ കാരണത്താൽ തന്നെ വിവാഹം തെരഞ്ഞെടുക്കാൻ ഞാൻ നിങ്ങളെ നിർബന്ധിക്കുന്നു. (കടപ്പാട്. പി.ഒ. സി പ്രസീദ്ധീകരണം).
ഫ്രാൻസിസ് പാപ്പാ തന്റെ അപ്പോസ്തോലിക പ്രബോധനമായ "ക്രിസ്തൂസ് വിവിത്ത്"ൽ സമകാലിക സമൂഹത്തെ വ്യാപകമായി അടയാളപ്പെടുത്തുന്ന ഒരു സംസ്കാരധാരയെ അഭിസംബോധന ചെയ്യുകയാണ്. വിവാഹം പോലുള്ള ആജീവനാന്ത പ്രതിബദ്ധതകളുടെ മൂല്യത്തെ ദുർബ്ബലപ്പെടുത്തിക്കൊണ്ട്, ഒന്നും അത്യന്തികമാകില്ല എന്ന മിഥ്യാധാരണ പരത്തുന്നതാണ് ഈ സംസ്കാരം എന്ന് പാപ്പാ ചൂണ്ടികാണിക്കുന്നു. ഈ ആശയത്തെ വെല്ലുവിളിക്കുന്ന ഫ്രാൻസിസ് പാപ്പാ, യഥാർത്ഥ സ്നേഹവും ഉത്തരവാദിത്തവും ഉൾക്കൊള്ളുന്ന ഒരു സാംസ്കാരിക നിലപാടെടുത്തു കൊണ്ട് വിവാഹ ജീവിതത്തിന് പ്രതിജ്ഞാബദ്ധരാകുന്ന വിപ്ലവകരമായ മനോഭാവം സ്വീകരിക്കാൻ യുവജനങ്ങളെ പ്രേരിപ്പിക്കുകയും ധൈര്യപ്പെടുത്തുകയും ചെയ്യുന്നതാണ് ഈ ഖണ്ഡികയാൽ നാം കാണുന്നത്. ഇന്നത്തെ സമൂഹത്തിൽ വിവാഹത്തിന്റെ പ്രാധാന്യം ഊന്നിപ്പറയുകയും അതിന്റെ ആജീവനാന്ത പ്രതിബദ്ധതയുടെ പരിവർത്തന ശക്തി ഉയർത്തിക്കാട്ടുകയും ചെയ്യുന്ന ഫ്രാൻസിസ് പാപ്പയുടെ പ്രബോധനത്തിലൂടെ നമുക്ക് ഇന്ന് കടന്നു പോകാം.
താൽക്കാലികതയുടെ സംസ്കാരവും അതിന്റെ വഞ്ചനയും
ജീവിതത്തെക്കുറിച്ചുള്ള താൽക്കാലികതയുടെയും ആപേക്ഷികതയുടെയുമായ കാഴ്ചപ്പാടിനെ മഹത്വവത്കരിക്കുന്ന ഇന്നത്തെ ലോകത്തിൽ നിലവിലുള്ള സാംസ്കാരിക പ്രവണതയെ കുറിച്ച് ഫ്രാൻസിസ് പാപ്പാ പങ്കുവയ്ക്കുകയാണിവിടെ. ഈ സംസ്കാരം വ്യക്തികളെ അവരുടെ പ്രവർത്തനങ്ങളുടെ ദീർഘകാല പ്രത്യാഘാതങ്ങൾ പരിഗണിക്കാതെ വർത്തമാനകാല നിമിഷത്തെ "ആസ്വദിക്കാൻ" പ്രോത്സാഹിപ്പിക്കുന്നതായി പാപ്പാ പറയുന്നു. ഇത്തരം മനോഭാവത്തെ വഞ്ചനാപരമായ നുണയെന്നാണ് പാപ്പാ വിമർശിക്കുന്നത്. ഇത് ഉത്തരവാദിത്തമേറ്റെടുക്കാനും യഥാർത്ഥ സ്നേഹത്തിനുമായുള്ള മനുഷ്യന്റെ കഴിവിനെ തഴയുകയും ഒന്നും കൃത്യമായി പറയാൻ കഴിയില്ലെന്ന വിശ്വാസം പ്രചരിപ്പിക്കുകയും ചെയ്യുന്നു. ഇത് തികച്ചും തെറ്റിദ്ധാരണാജനകമാണെന്ന് മാത്രമല്ല, വ്യക്തിയുടെ വളർച്ചയ്ക്കും സാമൂഹിക ക്ഷേമത്തിനും ഹാനികരമാണെന്നും ഫ്രാൻസിസ് പാപ്പാ പറഞ്ഞുതരുന്നു.
വിപ്ലവപരമായ പ്രതിബദ്ധതയ്ക്കുള്ള ആഹ്വാനം
എല്ലാം താൽക്കാലികമായി കാണുന്ന സംസ്കാരത്തിൽ നിന്ന് തികച്ചും വിപരീതമായി, ഫ്രാൻസിസ് പാപ്പാ വിവാഹത്തോടു വിപ്ലവകരമായ ഒരു പ്രതിബദ്ധത ആവശ്യപ്പെടുന്നു. എല്ലാം താൽക്കാലികമാണെന്ന ധാരണയ്ക്കെതിരെ പോരാടുവാനും ആജീവനാന്ത പ്രതിബദ്ധതയോടെ തീരുമാനങ്ങൾ എടുക്കാൻ അവർ തീർച്ചയായും പ്രാപ്തരാണെന്ന് തെളിയിക്കാനും പാപ്പാ യുവജനങ്ങളോടു അഭ്യർത്ഥിക്കുന്നു. വിവാഹജീവിതം തിരഞ്ഞെടുക്കുന്നതിലൂടെ, വ്യക്തികൾ യഥാർത്ഥ സ്നേഹത്തിനുള്ള അവരുടെ കഴിവ് സ്ഥിരീകരിക്കുക മാത്രമല്ല, സമൂഹത്തിന്റെ സ്ഥിരതയ്ക്കും വളർച്ചയ്ക്കും സംഭാവന നൽകുകയും കൂടി ചെയ്യുകയാണ്. കൂടാതെ വിവാഹ ജീവിതത്തിന്റെ ആജീവനാന്ത പ്രതിബദ്ധതയെ ചോദ്യം ചെയ്യുന്ന നിലവിലുള്ള സംസ്കാരത്തിന്റെ “ഒഴുക്കിനെതിരെ നീന്താനം” യുവജനങ്ങളെ ആഹ്വാനം ചെയ്യുന്നു. എല്ലാറ്റിനെയും താൽക്കാലികമായി കാണുന്ന ഈ സംസ്കാരം യുവതലമുറയ്ക്ക് ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കാൻ കഴിയില്ലെന്നും, അവർ ആത്മാർത്ഥമായി സ്നേഹിക്കാൻ കഴിവില്ലാത്തവരാണെന്നും, വിശ്വസിപ്പിക്കാൻ പരിശ്രമിക്കുന്നു. എന്നാൽ പാപ്പാ പറയുന്നു, “എനിക്ക് നിങ്ങളിൽ വലിയ വിശ്വാസമുണ്ട്.” ഈ കാരണത്താൽ തന്നെ കുടുംബത്തിനായി തെരഞ്ഞെടുപ്പു നടത്താൻ പാപ്പാ യുവജനങ്ങളെ സ്നേഹപൂർവ്വം “നിർബന്ധിക്കുന്നു”.
"ഒഴുക്കിനെതിരെ നീന്തുക" എന്ന ഫ്രാൻസിസ് പാപ്പയുടെ ആഹ്വാനം തെറ്റായ സാമൂഹിക മാനദണ്ഡങ്ങൾ ഖണ്ഡിക്കാൻ ആവശ്യമായ ധൈര്യത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും ശക്തമായ രൂപകമാണ്. ഈ പോരാട്ടത്തിനുള്ള ആഹ്വാനം കേവലം ഒരു വ്യക്തിപരമായ തിരഞ്ഞെടുപ്പല്ല, മറിച്ച് സ്നേഹത്തിന്റെ ശാശ്വത ശക്തിയിലുള്ള ആഴമാർന്ന വിശ്വാസത്തിന്റെയും പ്രത്യാശയുടെയും പ്രതികരണമാണ്.
സമകാലിക സമൂഹത്തിൽ വിവാഹത്തിന്റെ പ്രാധാന്യം
വിവാഹം കേവലം ഒരു സാമൂഹിക സ്ഥാപനം എന്നതിലുപരിയാണ് എന്ന് ഫ്രാൻസിസ് പാപ്പാ വിഭാവനം ചെയ്യുന്നു. മാനുഷിക പ്രതിബദ്ധതയുടെ ആഴവും പരിവർത്തനാത്മക സ്നേഹത്തിനുള്ള സാധ്യതയും പ്രതിഫലിപ്പിക്കുന്ന ഒരു വിശുദ്ധമായ ഉടമ്പടിയാണിത്. വ്യക്തിവാദത്തിനും ക്ഷണികമായ ആനന്ദങ്ങൾക്കും പലപ്പോഴും മുൻഗണന നൽകുന്ന ഒരു ലോകത്ത്, വിശ്വസ്തതയുടേയും, ത്യാഗത്തിന്റെയും പരസ്പര വളർച്ചയുടെയും നിലനിൽക്കുന്ന മൂല്യങ്ങളുടെ തെളിവായാണ് വിവാഹം നിലകൊള്ളുന്നത്. ദാമ്പത്യത്തിൽ, ഒരു പുരുഷനും സ്ത്രീയും തമ്മിലുള്ള സ്നേഹം, പുതിയ ജീവൻ ലോകത്തിനു സമ്മാനിക്കാൻ വേണ്ടിയുള്ള സവിശേഷവും തുറന്നതും ശാശ്വതവും ഫലപ്രദവുമായ ഒരു ദിവ്യസ്നേഹത്തെ പ്രതിഫലിപ്പിക്കുന്നു എന്ന് പാപ്പാ അമോറിസ് ലെത്തീസിയ, 80 ൽ പറയുന്നതു കൂടി ഇവിടെ കൂട്ടി വായിക്കാൻ നമുക്ക് കഴിഞ്ഞാൽ വൈവാഹിക ജീവിതത്തിന്റെ അർത്ഥതലങ്ങളുടെ വ്യാപ്തി മനസ്സിലാക്കാ൯ കഴിയും.
വിവാഹം തിരഞ്ഞെടുക്കുന്നതിലൂടെ, വ്യക്തികൾ വ്യക്തിഗത വളർച്ചയും പരസ്പര പിന്തുണയും നൽകുന്ന ഒരു ആജീവനാന്ത യാത്രയിൽ ഏർപ്പെടുന്നു. ഈ പ്രതിബദ്ധത പങ്കാളികളുടെ ജീവിതത്തെ സമ്പന്നമാക്കുക മാത്രമല്ല, സുസ്ഥിരവും സ്നേഹപൂർണ്ണവുമായ അന്തരീക്ഷത്തിൽ കുട്ടികളെ വളർത്തുന്നതിനുള്ള ഒരു അടിത്തറയായി വർത്തിക്കുകയും ചെയ്യുന്നു. "ഗാർഹിക സഭ" എന്ന നിലയിൽ കുടുംബം ഭാവി തലമുറകളെ പരിപോഷിപ്പിക്കുന്നതിലും സാമൂഹിക ഐക്യം പ്രോത്സാഹിപ്പിക്കുന്നതിലും നിർണായക പങ്ക് വഹിക്കുകയും ചെയ്യുന്നു.
വിവാഹത്തെ പിന്തുണയ്ക്കുന്നതിൽ സഭയുടെ പങ്ക്
വിവാഹ ജീവിതം തിരഞ്ഞെടുക്കുവാനുള്ള ചെറുപ്പക്കാരുടെ തീരുമാനത്തെ പ്രോത്സാഹിപ്പിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്നതിൽ സഭയ്ക്ക് ഒരു പ്രധാന പങ്കുണ്ട്. വിവാഹമെന്ന കൂദാശയെക്കുറിച്ച് അറിവ് നൽകുക, വിവാഹത്തിന് മുമ്പുള്ള കൗൺസിലിംഗ് നൽകുക, വിവാഹിതരായ ദമ്പതികൾക്ക് തുടർച്ചയായ പിന്തുണയും മാർഗ്ഗനിർദ്ദേശവും കണ്ടെത്താൻ കഴിയുന്ന കമ്മ്യൂണിറ്റികൾ സൃഷ്ടിക്കുക എന്നിവ വിവാഹത്തെ പിന്തുണയ്ക്കുന്ന സഭയുടെ സംവിധാനങ്ങളിൽ ഉൾപ്പെടുന്നു. ദാമ്പത്യ യാത്രയിലുടനീളം ദമ്പതികളെ അനുഗമിക്കുന്ന അജപാലക ദൗത്യത്തിന്റെ ആവശ്യകത ഫ്രാൻസിസ് പാപ്പാ ഊന്നിപ്പറയുന്നു. ഇത് വെല്ലുവിളികളെ അതിജീവിക്കാനും പരസ്പരം സ്നേഹത്തിൽ വളരാനും അവരെ സഹായിക്കും."ദാമ്പത്യ ജീവിതത്തിന്റെ ആദ്യ വർഷങ്ങളിൽ സഭ ശ്രദ്ധയോടെയും കരുതലോടെയും കൂടെ വേണം... ഇക്കാരണത്താൽ, വിവാഹത്തിന്റെ ആദ്യ അഞ്ച് വർഷങ്ങൾ ഒരു സുപ്രധാനവും അതിലോലവുമായ കാലഘട്ടമാണ്, ഈ കാലയളവിൽ പുതുതായി വിവാഹിതരായ ദമ്പതികൾക്ക് ഉറച്ചതും പ്രായോഗികവുമായ പിന്തുണ നൽകേണ്ടത് അത്യാവശ്യമാണ്" (അമോറിസ് ലെത്തീസിയ, 217).
"ക്രിസ്തൂസ് വിവിത്ത്" എന്ന അപ്പോസ്തലിക പ്രബോധനത്തിൽ ഫ്രാൻസിസ് പാപ്പാ ക്ഷണികതയെ മതിക്കുന്ന ഒരു സംസ്കാരത്തെ തള്ളിക്കളഞ്ഞ് വിവാഹത്തിന്റെ വിപ്ലവകരമായ പ്രതിബദ്ധതയെ ആഗ്ലേഷിക്കാനുള്ള അഗാധമായ ആഹ്വാനമാണ് യുവജനങ്ങൾക്കു നൽകുന്നത്. വിവാഹം തിരഞ്ഞെടുക്കുന്നതിലൂടെ, വ്യക്തികൾ യഥാർത്ഥ സ്നേഹത്തിനും ഉത്തരവാദിത്തത്തിനുമുള്ള അവരുടെ കഴിവ് സ്ഥിരീകരിക്കുകയും സമൂഹത്തിന്റെ സ്ഥിരതയ്ക്കും വളർച്ചയ്ക്കും സംഭാവന നൽകാൻ മുന്നോട്ടു വരുകയുമാണ് ചെയ്യുന്നത്. ഈ പ്രതിബദ്ധതയെ വളർത്തുനതിലും പിന്തുണയ്ക്കുന്നതിലും സഭയുടെ പങ്ക് നിർണ്ണായകമാണ് എന്ന് ഫ്രാൻസിസ് പാപ്പാ പ്രത്യേകം അടിവരയിടുന്നു. ദമ്പതികൾക്ക് അവരുടെ ജീവിതയാത്രയിൽ ആജീവനാന്തം അഭിവൃദ്ധി പ്രാപിക്കാൻ മാർഗ്ഗനിർദ്ദേശവും പ്രോത്സാഹനവും നൽകാൻ സഭയ്ക്കു കഴിയും. ശാശ്വതമായ സ്നേഹത്തിന്റെ സാധ്യതയെ പലപ്പോഴും സംശയിക്കുന്ന ഒരു ലോകത്തിൽ, വിവാഹം കഴിക്കാനുള്ള തീരുമാനം മാനുഷിക പ്രതിബദ്ധതയുടെയും ദിവ്യ കൃപയുടെയും ശാശ്വതമായ ശക്തിയുടെ വളരെ വ്യക്തമായ തെളിവായി തന്നെ നിലകൊള്ളുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: