വിശ്വസനീയമായ ക്രൈസ്തവസാക്ഷ്യത്തിന്റെ ആവശ്യകത വൈദികരെ ഓർമ്മിപ്പിച്ച് ഫ്രാൻസിസ് പാപ്പാ
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
സ്നേഹത്താൽ പ്രേരിതരായി, യേശുവിനെപ്പോലെ സേവനത്തിന്റെ മാതൃകയിൽ പ്രവർത്തിക്കുകയാണ് വിശ്വസനീയമായ സുവിശേഷപ്രഘോഷണം ആവശ്യപ്പെടുന്നതെന്ന് ഫ്രാൻസിസ് പാപ്പാ. ഫ്രാൻസിൽ ജന്മമെടുത്ത "തിരുഹൃദയത്തിന്റെ വൈദികർ" എന്ന പുരോഹിതസമൂഹത്തിന്റെ ഇരുപത്തിയഞ്ചാമത് ജനറൽ ചാപ്റ്ററിൽ സംബന്ധിച്ചവരെ ജൂൺ 27-നാണ് വത്തിക്കാനിൽ സ്വീകരിച്ച് സംസാരിക്കവെയാണ് ക്രിയാത്മകവും വിശ്വസനീയവുമായ ക്രൈസ്തവജീവിതസാക്ഷ്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പാപ്പാ സംസാരിച്ചത്. മുൻവിധികളുടെ പ്രലോഭനങ്ങളെ അതിജീവിച്ചും, പ്രതിസന്ധികളെ തരണം ചെയ്‌തും, ക്രിയാത്മകമായ പ്രവൃത്തികളിലൂടെയും, നിശ്ചയധാർഷ്ട്യത്തോടെയും ക്രൈസ്തവസാക്ഷ്യമേകാൻ സാധിക്കണമെന്ന് പാപ്പാ ഉദ്‌ബോധിപ്പിച്ചു.
ക്രൈസ്തവമായ സാക്ഷ്യം നൽകുന്നതിന് സഹായകമായ രീതിയിൽ ജീവിക്കാൻ ഐക്യമെന്ന അനുഗ്രഹം സ്വന്തമാക്കാൻ സാധിക്കണമെന്ന് പാപ്പാ വൈദികരെ ഓർമ്മിപ്പിച്ചു. ക്രിസ്‌തു തന്റെ ശിഷ്യന്മാർക്ക് വേണ്ടി ഐക്യമെന്ന ദാനമാണ് പിതാവിനോട് അപേക്ഷിച്ചതെന്ന്, അന്ത്യഅത്താഴവുമായി ബന്ധപ്പെട്ട സുവിശേഷം പരാമർശിച്ചുകൊണ്ട് പാപ്പാ പറഞ്ഞു. എന്നാൽ ഐക്യം നമ്മുടെ മാത്രം പ്രവൃത്തിയുടെ ഫലമല്ലെന്നും, ദൈവസഹായമുണ്ടെങ്കിലേ അതിലേക്കെത്താൻ സാധിക്കൂ എന്നും പരിശുദ്ധപിതാവ് ഉത്‌ബോധിപ്പിച്ചു.
വ്യക്തിപരവും, സമൂഹത്തോടൊത്തുമുള്ള പ്രാർത്ഥനയുടെ പ്രാധാന്യവും പാപ്പാ തിരുഹൃദയവൈദികരെ ഓർമ്മിപ്പിച്ചു. വചനം ശ്രവിക്കുകയും ധ്യാനിക്കുകയും ചെയ്യേണ്ടതിന്റെ ആവശ്യം, ആരാധന, കൗദാശികമായ ജീവിതം എന്നിവയുടെ പ്രാധാന്യം എന്നിവയെക്കുറിച്ചും പാപ്പാ തന്റെ പ്രഭാഷണത്തിൽ പരാമർശിച്ചു.
ബുദ്ധിമുട്ടുകളുടെയും പ്രതിസന്ധികളുടെയും മുന്നിൽ പതറാതെ, ദൈവത്തിൽ ശരണമർപ്പിച്ച്, കർത്താവിനോടൊത്ത് മുന്നോട്ടുപോകണമെന്ന് പാപ്പാ വൈദികരെ ഓർമ്മിപ്പിച്ചു. അപ്പസ്തോലന്മാർക്കും ഇതുപോലെയുള്ള നിരവധി അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് പരിശുദ്ധപിതാവ് അനുസ്മരിച്ചു. പ്രലോഭനങ്ങളുടെ നിമിഷങ്ങളിൽ, ഐക്യത്തോടെ മുന്നോട്ട് പോകാൻവേണ്ടി കർത്താവിനോടൊത്തായിരിക്കാൻ പാപ്പാ ഏവരെയും ആഹ്വാനം ചെയ്‌തു.
സുവിശേഷപ്രഘോഷണത്തിന്റെ പ്രാധാന്യം പ്രത്യേകം എടുത്തുപറഞ്ഞ പാപ്പാ ലോകം നിങ്ങളെ വിശ്വസിക്കുന്നതിന് നിങ്ങളിൽ ഐക്യം ഉണ്ടായിരിക്കണമെന്ന് വൈദികരെ ഓർമ്മിപ്പിച്ചു. സ്വന്തം ശരീരത്തിലും ജീവിതത്തിലും, യേശുവിന്റേതായ സ്നേഹം ജീവിക്കാൻ സാധിക്കേണ്ടതിന്റെ പ്രാധാന്യവും പാപ്പാ എടുത്തുപറഞ്ഞു. മാനവികതയുടെ പാപങ്ങൾക്ക് പരിഹാരമായിത്തീരാൻ ആഗ്രഹിച്ച ക്രിസ്തുവിനോട് ഐക്യപ്പെട്ടു ജീവിക്കാൻ പാപ്പാ ഏവരെയും ഉദ്‌ബോധിപ്പിച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: