തിരയുക

ബൊളോഞ്ഞയിൽ നിന്നെത്തിയ  ഇസ്‌ലാം മത നേതാക്കളെ ഫ്രാൻസിസ് പാപ്പാ സ്വീകരിക്കുന്നു ബൊളോഞ്ഞയിൽ നിന്നെത്തിയ ഇസ്‌ലാം മത നേതാക്കളെ ഫ്രാൻസിസ് പാപ്പാ സ്വീകരിക്കുന്നു   (Vatican Media)

വിശ്വാസജീവിതം സ്വാതന്ത്ര്യത്തിലധിഷ്ഠിതമായിരിക്കണം: ഫ്രാൻസിസ് പാപ്പാ

ഇറ്റലിയിലെ ബൊളോഞ്ഞയിൽ നിന്നെത്തിയ ഒരുകൂട്ടം ഇസ്‌ലാം മത നേതാക്കളെ ഫ്രാൻസിസ് പാപ്പാ ജൂൺ മാസം ഇരുപത്തിയാറാം തീയതി വത്തിക്കാനിൽ സ്വീകരിക്കുകയും, അവരെ അഭിവാദ്യം ചെയ്തു സംസാരിക്കുകയും ചെയ്തു

ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി

ഇറ്റലിയിലെ ബൊളോഞ്ഞയിൽ നിന്നെത്തിയ ഒരുകൂട്ടം ഇസ്‌ലാം മത നേതാക്കളെ ഫ്രാൻസിസ് പാപ്പാ ജൂൺ മാസം ഇരുപത്തിയാറാം തീയതി വത്തിക്കാനിൽ സ്വീകരിക്കുകയും, അവരെ അഭിവാദ്യം ചെയ്തു സംസാരിക്കുകയും ചെയ്തു. തന്നെ സന്ദർശിക്കാനെത്തിയ അവർക്ക് പാപ്പാ നന്ദിയർപ്പിച്ചു. പരസ്പരം സഹോദരങ്ങളെന്ന നിലയിൽ സ്വീകരിക്കുവാനുള്ള യേശുവിന്റെ വാക്കുകൾ ഓർമ്മിപ്പിച്ചുകൊണ്ടാണ് പാപ്പാ തന്റെ വാക്കുകൾ ആരംഭിച്ചത്. ഇന്നത്തെ ലോകത്ത് സാഹോദര്യത്തിന്റെ സാക്ഷ്യം ഒഴിച്ചുകൂടാനാവാത്ത ഒന്നാണെന്നും പാപ്പാ അടിവരയിട്ടു പറഞ്ഞു. ഏകദൈവത്തെ ആരാധിക്കുകയും, വിശ്വാസികളുടെ പിതാവായി അബ്രാഹത്തെ അംഗീകരിക്കുകയും ചെയ്യുന്നുവെന്ന നിലയിൽ, ക്രൈസ്തവരും, യഹൂദരും, മുസ്ലീങ്ങളും തമ്മിലുള്ള അഭേദ്യബന്ധവും പാപ്പാ സൂചിപ്പിച്ചു.

മതപരമായ ഈ ബന്ധത്തിൽ ഒന്നിപ്പിക്കപ്പെട്ടിരിക്കുന്ന നാം, മറ്റു മതങ്ങളിൽ പെട്ടവരെ, മനുഷ്യസാഹോദര്യത്തിന്റെ മൂല്യം ഉയർത്തിക്കാണിച്ചുകൊണ്ട് തുറന്ന മനസോടെയും, സ്വീകാര്യതയുടെ ഊഷ്മളതയോടെയും ചേർത്തുനിർത്തണമെന്നും പാപ്പാ പറഞ്ഞു. ക്രൈസ്തവരും. മുസ്ലീങ്ങളും തമ്മിലുള്ള സംഭാഷണം ദൈവവഹിതം അനുസരിക്കുവാൻ ആഗ്രഹിക്കുന്ന നമ്മുടെ കടമയാണെന്നും, അതിനാൽ പരസ്പര ബന്ധത്തിൽ ഉണ്ടാകുന്ന  ബുദ്ധിമുട്ടുകൾക്കും, തെറ്റിദ്ധാരണകൾക്കും താഴ്മയോടും, ക്ഷമയോടും കൂടി പരിഹാരം കാണണമെന്നും പാപ്പാ ചൂണ്ടിക്കാണിച്ചു.

"അത്തരം സംഭാഷണങ്ങൾക്ക് ഓരോ വ്യക്തിയുടെയും അന്തസ്സും അവകാശങ്ങളും ഫലപ്രദമായി അംഗീകരിക്കേണ്ടതുണ്ട്. അതായത് ഓരോ മനുഷ്യനും അവന്റെ അല്ലെങ്കിൽ അവളുടെ മതപരമായ തിരഞ്ഞെടുപ്പുകളുമായി ബന്ധപ്പെട്ട് പൂർണ്ണമായും സ്വതന്ത്രരായിരിക്കണം. ഒരിക്കലും മതവിശ്വാസം മറ്റൊരാളിൽ അടിച്ചേൽപ്പിക്കരുത്. സമ്മർദ്ദമോ, ഭീഷണിയോ, സാമ്പത്തിക നേട്ടമോ, തൊഴിൽ ആനുകൂല്യങ്ങളോ, അജ്ഞതയുടെ മുതലെടുപ്പുകളോ മതസ്വീകരണത്തിൽ ഉൾപ്പെടുത്തരുത്. അതുപോലെ വ്യത്യസ്ത മതങ്ങളിൽ നിന്നുള്ള ആളുകൾ തമ്മിലുള്ള വിവാഹങ്ങൾ പങ്കാളിയെ അവന്റെ അല്ലെങ്കിൽ അവളുടെ മതത്തിലേക്ക് പരിവർത്തനം ചെയ്യാനുള്ള അവസരമാക്കരുത്", പാപ്പാ പറഞ്ഞു.

ലോകത്തിൽ എവിടെയും കത്തോലിക്കാ സഭയുമായും, അതിലെ ഓരോ അംഗങ്ങളുമായും മുസ്‌ലിം  സഹോദരങ്ങൾക്ക് ബന്ധം  നിലനിർത്താൻ കഴിയുമെന്ന് താൻ പ്രതീക്ഷിക്കുന്നതായും പാപ്പാ എടുത്തു പറഞ്ഞു. സമാധാനം നിലനിൽക്കുന്ന ഒരു ലോകം കെട്ടിപ്പടുക്കുവാൻ ഏവർക്കും സാധിക്കട്ടെയെന്നും പാപ്പാ ആശംസിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

26 June 2024, 13:04