തിരയുക

ഭൂമി: സംരക്ഷിക്കപ്പെടേണ്ട പൊതുഭവനം ഭൂമി: സംരക്ഷിക്കപ്പെടേണ്ട പൊതുഭവനം 

സൃഷ്ടിയോടൊത്ത് പ്രത്യാശയോടെ പ്രവർത്തിക്കുക: ഫ്രാൻസിസ് പാപ്പാ

സെപ്റ്റംബർ ഒന്നിന് സൃഷ്ടലോകത്തിന്റെ പരിപാലനത്തിനായുള്ള പ്രാർത്ഥനാദിനം ആചരിക്കാനിരിക്കെ, “സൃഷ്ടിയുമൊത്ത് പ്രത്യാശയോടെ പ്രവർത്തിക്കുവാൻ” ആഹ്വാനം ചെയ്‌ത്‌ ഫ്രാൻസിസ് പാപ്പാ. സെപ്റ്റംബർ ഒന്നിന് ആചരിക്കപ്പെടുന്ന ഈ ആഗോളദിനം നമ്മുടെ പൊതുഭവനമായ ഭൂമിയുടെ പരിപാലനത്തിൽ മനുഷ്യർക്കുള്ള ഉത്തരവാദിത്വങ്ങൾ ഓർമ്മപ്പിക്കുന്നു. ഭൂമിയെയും സഹോദരങ്ങളെയും ഇല്ലാതാക്കാനല്ല മനുഷ്യർ സൃഷ്ടിക്കപ്പെട്ടത്. കൃത്രിമബുദ്ധിയും സാങ്കേതികതയും സമാധാനത്തിനായും മൂല്യാധിഷ്ഠിതപുരോഗതിക്കായും ഉപയോഗിക്കാൻ പാപ്പായുടെ ആഹ്വാനം.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

സെപ്റ്റംബർ ഒന്ന് മുതൽ, അസ്സീസിയിലെ വിശുദ്ധ ഫ്രാൻസിസിന്റെ തിരുനാൾ ദിനമായ ഒക്ടോബർ നാലുവരെയുള്ള "സൃഷ്ടിയുടെ കാലവുമായി" ബന്ധപ്പെട്ട് ആചരിക്കപ്പെടുന്ന, സൃഷ്ടിയുടെ പരിപാലനത്തിനായുള്ള ആഗോളപ്രാർത്ഥനാദിനത്തിലേക്ക് നൽകിയ സന്ദേശത്തിൽ, സൃഷ്ടിയോടൊപ്പം പ്രത്യാശയോടെ പ്രവർത്തിക്കാൻ എല്ലാവരെയും ആഹ്വാനം ചെയ്‌ത്‌ ഫ്രാൻസിസ് പാപ്പാ. വിശുദ്ധ പൗലോസ് റോമക്കാർക്കെഴുതിയ ലേഖനം ഒൻപതാം അധ്യായം പത്തൊൻപത് മുതൽ ഇരുപത്തിയഞ്ചുവരെയുള്ള വാക്യങ്ങളിലെ ആശയത്തിൽനിന്ന് പ്രേരിതനായാണ് ഇത്തവണത്തെ സന്ദേശം പാപ്പാ നൽകിയത്.

ബുദ്ധിമുട്ടുകളുടെയും പ്രതിസന്ധികളുടെയും നടുവിൽ ധൈര്യത്തോടെ മുന്നോട്ട് പോകുവാൻ തക്ക പ്രത്യാശയാണ് ക്രൈസ്തവവിശ്വാസം നമുക്ക് നൽകുന്നതെന്ന് പറഞ്ഞ പാപ്പാ, ഈയൊരു പ്രത്യാശ നമ്മെ വഞ്ചിക്കില്ലെന്ന് ഓർമ്മിപ്പിച്ചു. എല്ലാ പ്രതിസന്ധികളെയും തരണം ചെയ്യാനാകുമെന്നും, സൃഷ്ടിയുടെ സമയത്തുണ്ടായിരുന്ന അവസ്ഥയിലേക്ക് തിരികെപ്പോകാനാകുമെന്നും ഉറപ്പുനല്കുന്നതാണ് ക്രൈസ്തവമായ പ്രത്യാശയെന്ന് പാപ്പാ ഉദ്‌ബോധിപ്പിച്ചു.

മനുഷ്യരുടെ കഴിവുകളെക്കുറിച്ചും അധികാരത്തെക്കുറിച്ചും പുനർവിചിന്തനം ചെയ്യേണ്ടതിന്റെ ആവശ്യകതയിലേക്കും പാപ്പാ വിരൽചൂണ്ടി. സാങ്കേതിക, ബൗദ്ധികരംഗങ്ങളിൽ നമുക്ക് നേടാൻ കഴിഞ്ഞ നേട്ടങ്ങൾ, മറ്റുള്ളവരുടെ ജീവന് ഭീഷണി ഉയർത്താൻ പാകത്തിൽ ശക്തരാക്കി നമ്മെ മാറ്റിയിട്ടുണ്ടെന്ന് ഓർമ്മിപ്പിച്ച പാപ്പാ, അനിയന്ത്രിതമായ ശക്തി ഭീകരാസത്വങ്ങളെയാണ് സൃഷ്ടിക്കുകയെന്ന് എടുത്തുപറഞ്ഞു. അതുകൊണ്ടുതന്നെ കൃത്രിമബുദ്ധിശക്തിയുടെ വികസനത്തിലും ഉപയോഗത്തിലും അത്യാവശ്യമായി വേണ്ട ധാർമ്മികമായ പരിധികളെക്കുറിച്ചും പാപ്പാ തന്റെ സന്ദേശത്തിൽ എഴുതി. മനുഷ്യരുടെയും പ്രകൃതിയുടെയും മേൽ അധികാരം നേടുക എന്നതിനേക്കാൾ സമാധാനത്തിന്റെയും സമ്പൂർണ്ണമായ വികസനത്തിന്റെയും ലക്ഷ്യങ്ങൾ നേടിയെടുക്കാനായി ഉപയോഗിക്കാനുള്ളതാണ് ഇത്തരം കഴിവുകൾ എന്ന്, 2024-ലെ സമാധാനത്തിനായുള്ള ആഗോളദിനത്തിലേക്ക് താൻ നൽകിയ സന്ദേശത്തെ പരാമർശിച്ചുകൊണ്ട് പാപ്പാ ഓർമ്മിപ്പിച്ചു.

ലോകസമാധാനത്തിന് ഭീഷണിയായി തുടരുന്ന യുദ്ധങ്ങളിലേക്കും പാപ്പാ ഏവരുടെയും ശ്രദ്ധ ക്ഷണിച്ചു. നിരവധി കുട്ടികളുടേതുൾപ്പെടെയുള്ള മരണങ്ങൾക്ക് കാരണമാകുകയും, പരിസ്ഥിതിക്ക് ദോഷകരമായ ഫലങ്ങൾ ഉളവാക്കുകയും, നഗരങ്ങൾ നശിപ്പിക്കുകയും ചെയ്യുന്ന സംഘർഷങ്ങളാണ് നമുക്ക് ചുറ്റുമുള്ളതെന്ന് എഴുതിയ പാപ്പാ, സൃഷ്ടിലോകത്തിന്റെ ആദ്യകാല അവസ്ഥയിലേക്ക് തിരികെപ്പോകാൻ പ്രപഞ്ചവും അതിലെ സൃഷ്ടികളും ആഗ്രഹിക്കുന്നുണ്ടെന്ന് ഓർമ്മിപ്പിച്ചു.

പിതാവായ ദൈവത്തിന്റെ മക്കൾ എന്ന നമ്മുടെ യഥാർത്ഥ വ്യക്തിത്വം തിരിച്ചറിയേണ്ടതിന്റെ പ്രാധാന്യത്തിലേക്കും പാപ്പാ ഏവരുടെയും ശ്രദ്ധ ക്ഷണിക്കുന്നുണ്ട്. ഇത് ക്രിയാത്മകമായ വ്യത്യാസങ്ങൾ ഉളവാക്കാനും, കൂടുതൽ വിശുദ്ധമായ ഒരു ജീവിതം നയിക്കാനും, അതിന്റെ പൂർണതയിലേക്ക് എത്താനും സഹായിക്കുമെന്ന് പാപ്പാ എഴുതി.

നമ്മിൽ വസിക്കുന്ന പരിശുദ്ധാത്മാവിനാലാണ് നമുക്ക് വിശ്വാസം നൽകപ്പെട്ടത് എന്ന് തന്റെ സന്ദേശത്തിൽ എഴുതിയ പാപ്പാ നമ്മുടെ ഹൃദയങ്ങളിലേക്ക് നൽകപ്പെട്ട ദൈവസ്നേഹത്താലാണ് നാം വിശ്വാസികളായിരിക്കുന്നത് എന്ന് ഉദ്‌ബോധിപ്പിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

27 June 2024, 15:02