റൊവാക്കോ കമ്മീഷന്റെ പ്ലീനറി സമ്മേളനത്തിൽ സംബന്ധിച്ചവരെ പാപ്പാ വത്തിക്കാനിൽ സ്വീകരിച്ചപ്പോൾ റൊവാക്കോ കമ്മീഷന്റെ പ്ലീനറി സമ്മേളനത്തിൽ സംബന്ധിച്ചവരെ പാപ്പാ വത്തിക്കാനിൽ സ്വീകരിച്ചപ്പോൾ  (VATICAN MEDIA Divisione Foto)

സംഘർഷങ്ങളിൽ വലയുന്ന പൗരസ്ത്യസഭകൾക്ക് ഐക്യദാർഢ്യവുമായി ഫ്രാൻസിസ് പാപ്പാ

റൊവാക്കോ കമ്മീഷന്റെ പ്ലീനറി സമ്മേളനത്തിൽ സംബന്ധിച്ചവരെ വത്തിക്കാനിൽ സ്വീകരിച്ച പാപ്പാ, പ്രത്യേകമായ ആധ്യാത്മികപാരമ്പര്യങ്ങളും ജ്ഞാനവും കാത്തുസൂക്ഷിക്കുന്ന പൗരസ്ത്യസഭകൾക്ക് നൽകേണ്ട പ്രത്യേക സംരക്ഷണത്തെക്കുറിച്ച് പ്രതിപാദിച്ചു. റോമുമായി പൂർണ്ണമായ ഐക്യത്തിലുള്ള പൗരസ്ത്യസഭകൾ, കത്തോലിക്കാഐക്യത്തിന് ഏറെ സംഭാവനകൾ നൽകുന്നുണ്ടെന്ന് പാപ്പാ. ലോകസമാധാനത്തിനായി പ്രാർത്ഥിക്കാനും, സംഘർഷങ്ങൾ മൂലം പലായനം ചെയ്യേണ്ടിവരുന്ന പൗരസ്ത്യക്രൈസ്തവരോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുവാനും പാപ്പായുടെ ആഹ്വാനം.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

പൗരസ്ത്യസഭകൾക്ക് സഹായമേകുന്ന റൊവാക്കോ (ROACO) കമ്മീഷന്റെ പ്ലീനറി സമ്മേളനത്തിൽ സംബന്ധിച്ചവർക്ക് ജൂൺ 27 വ്യാഴാഴ്ച വത്തിക്കാനിൽ കൂടിക്കാഴ്ച അനുവദിച്ച പാപ്പാ, പൗരസ്ത്യ ക്രൈസ്തവസഭകളുടെ ആധ്യാത്മികപാരമ്പര്യത്തിന്റെ പ്രാധാന്യവും, വിവിധ രാജ്യങ്ങളിലെ സംഘർഷങ്ങൾ മൂലം അവർ നേരിടേണ്ടിവരുന്ന പ്രതിസന്ധികളും പരാമർശിച്ചുകൊണ്ട് സംസാരിച്ചു. പൗരസ്ത്യക്രിസ്ത്യാനികൾക്ക് നൽകേണ്ട ഐക്യദാർഢ്യത്തിന്റെ പ്രാധാന്യവും പാപ്പാ ഓർമ്മിപ്പിച്ചു. പൗരസ്ത്യസഭകൾ കത്തോലിക്കാ കൂട്ടായ്മയ്ക്ക് നൽകുന്നത് വലിയ സംഭാവനകളാണെന്നും ഫ്രാൻസിസ് പാപ്പാ പ്രസ്താവിച്ചു.

ഇന്നത്തെക്കാലത്ത് പല പൗരസ്ത്യസഭകളും പീഡനങ്ങൾ ഏൽക്കുകയും അതുവഴി രക്തസാക്ഷിത്വം ജീവിക്കുകയും ചെയ്യുന്നുവെന്ന് പാപ്പാ തന്റെ പ്രഭാഷണത്തിൽ ഓർമ്മിപ്പിച്ചു. വിശുദ്ധ നാട്ടിലെയും, ഉക്രൈനിലേയും സിറിയ, ലെബനോൻ, മധ്യപൂർവദേശങ്ങൾ തുടങ്ങിയ പ്രദേശങ്ങളിലെയും പ്രത്യേകം പരാമർശിച്ച പാപ്പാ, ഇത്തരമൊരു സാഹചര്യത്തിൽ നിഷ്ക്രിയരായും നിസ്സംഗതയോടെയും ജീവിക്കാൻ നമുക്ക് സാധിക്കില്ലെന്ന് പറഞ്ഞു. സഹായങ്ങൾ ആവശ്യമുള്ള ക്രൈസ്തവസഹോദരങ്ങൾക്ക് അവയെത്തിക്കാൻ വിശുദ്ധ പൗലോസ് ഓർമ്മിപ്പിച്ചത് (ഗലാത്തി 2,10) പരാമർശിച്ച പാപ്പാ, റൊവാക്കോ കമ്മീഷനും ഇത്തരത്തിലുള്ള ഉത്തരവാദിത്വമുണ്ടെന്ന് ഓർമ്മിപ്പിച്ചു. തത്വങ്ങൾ പങ്കുവയ്ക്കുകയല്ല, ക്രിയാത്മകമായ പ്രവർത്തനങ്ങളാണ്, പൗരസ്ത്യസഭകളിലെ ബുദ്ധിമുട്ടനുഭവിക്കുന്ന സഹോദരീസഹോദരങ്ങൾക്കായി നാം ചെയ്യേണ്ടതെന്ന് പാപ്പാ ഉദ്‌ബോധിപ്പിച്ചു.

ബുദ്ധിമുട്ടുകൾ ഏറെ സഹിക്കേണ്ടിവരുന്ന ഇക്കാലത്ത്, ദൈവവചനത്തിൽ ആഴത്തിൽ വേരൂന്നി വളരുവാൻ, പൗരസ്ത്യ കത്തോലിക്കാസഭകളെ സഹായിക്കേണ്ടതിന്റെ പ്രാധാന്യം കമ്മീഷൻ അംഗങ്ങളെ പാപ്പാ ഓർമ്മിപ്പിച്ചു. സിവിൽ അധികാരികൾ, പാവപ്പെട്ടവർക്കും ദുർബലർക്കും നൽകാൻ ചുമതലപ്പെട്ടതും, എന്നാൽ അവർക്ക് ലഭിക്കാത്തതുമായ സഹായങ്ങൾ അവർക്കെത്തിക്കുവാൻ നിങ്ങൾക്ക് സാധിക്കണമെന്ന് പാപ്പാ പറഞ്ഞു. വിസ്മയകരമായ വിശ്വാസം കാത്തുസൂക്ഷിക്കുന്ന ഈ സഹോദരങ്ങളുടെ നിലവിളിയുടെ ശബ്ദത്തിന് ചെവിയോർക്കാൻ പുരോഹിതരും സമർപ്പിതരും തയ്യാറാകുന്നതിന്  പ്രചോദനമാകാൻ റൊവാക്കോ കമ്മീഷന് സാധിക്കട്ടെയെന്ന് പാപ്പാ ആശംസിച്ചു.

അപ്പസ്തോലന്മാർ വിളിക്കപ്പെടുകയും. ലോകമെങ്ങും സുവിശേഷമറിയിക്കാൻ അയക്കപ്പെടുകയും ചെയ്‌ത വിശുദ്ധ നാട്ടിലെ ഭീകരമായ അവസ്ഥ മനസ്സിലാക്കി അവരോട് സാമീപ്യമറിയിക്കാനും, മദ്ധ്യപൂർവ്വദേശങ്ങളിലുള്ള ക്രൈസ്തവർക്ക് ധൈര്യമേകാനും ലോകത്തുള്ള എല്ലാ വിശ്വാസികൾക്കും സാധിക്കണമെന്ന് പാപ്പാ ഓർമ്മിപ്പിച്ചു.

മദ്ധ്യപൂർവ്വദേശങ്ങൾ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽനിന്ന് ക്രൈസ്തവർ ഒഴിഞ്ഞുപോകുന്നുവെന്ന കാര്യത്തിലേക്കും പാപ്പാ ഏവരുടെയും ശ്രദ്ധ ക്ഷണിച്ചു. യുദ്ധം എന്നത് ഒരു ആരംഭമല്ല, മറിച്ച് എപ്പോഴും ഒരു തോൽവിയാണ് എന്ന് പാപ്പാ ആവർത്തിച്ചു. ഉക്രൈനിലെ അവസ്ഥയെക്കുറിച്ച് പറഞ്ഞ പാപ്പാ, ആ നാടിനുവേണ്ടി പ്രാർത്ഥിക്കുന്നതിലും, പ്രാർത്ഥന ആവശ്യപ്പെടുന്നതിലും താൻ ഒരിക്കലും മടി കാട്ടില്ലെന്ന് വ്യക്തമാക്കി.

സംഘർഷങ്ങൾ ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ മൂലം നിരവധി ക്രൈസ്തവരാണ് കുടിയേറി മറ്റിടങ്ങളിലേക്ക് മാറിത്താമസിക്കാൻ നിർബന്ധിതരാകുന്നതെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. അത്തരം ആളുകൾക്ക് ലഭിക്കേണ്ട ആധ്യാത്മികശുശ്രൂഷയുടെ പ്രാധാന്യവും പ്രത്യേകമായി പരാമർശിച്ച പാപ്പാ, കുടിയേറ്റക്കാരായ പൗരസ്ത്യക്രൈസ്തവരുടെ പ്രത്യേക ആധ്യാത്മികപാരമ്പര്യങ്ങൾ പുതുതലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെടേണ്ടതിന്റെയും അവ കാത്തുസൂക്ഷിക്കപ്പെടേണ്ടതിന്റെയും പ്രാധാന്യം പ്രത്യേകം എടുത്തുപറഞ്ഞു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

27 June 2024, 15:16