എക്യൂമെനിക്കൽ ചിന്തയുടെ കേന്ദ്രമായ യേശുക്രിസ്തുവിൽ ഒരുമിച്ച് വളരാം: ഫ്രാൻസിസ് പാപ്പാ
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
യേശുക്രിസ്തുവാണ് എക്യൂമെനിസത്തിന്റെ കേന്ദ്രമെന്നും, ദൈവകാരുണ്യം മാംസം ധരിച്ചതാണ് അവനെന്നും, അവനെ സാക്ഷ്യപ്പെടുത്തുകയെന്നതാണ് നമ്മുടെ എക്യൂമെനിക്കൽ നിയോഗമെന്നും പാപ്പാ ഉദ്‌ബോധിപ്പിച്ചു. പിതാവായ ദൈവം പരിശുദ്ധാത്മാവിലൂടെ തന്നെത്തന്നെ നൽകുന്നത് ഏക മദ്ധ്യസ്ഥനായ ക്രിസ്തുവിലൂടെയാണെന്നും, എല്ലാത്തിലും ക്രിസ്തുവിനെ ഏറ്റുപറയുകയെന്നതും, അവനിൽ മാത്രം പ്രത്യാശയർപ്പിക്കുക എന്നതും കത്തോലിക്കരും ലൂഥറൻ സഭയും ഒരുപോലെ അംഗീകരിച്ചിരുന്നുവെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. ആഗോള ലൂഥറൻ ഫെഡറേഷൻ പ്രതിനിധികളെ ജൂൺ 20 വ്യാഴാഴ്ച വത്തിക്കാനിൽ സ്വീകരിച്ചു സംസാരിക്കവെയാണ് , കത്തോലിക്കാ-ലൂഥറൻ ബന്ധത്തെ പരാമർശിച്ചുകൊണ്ട്, യേശുവിലുള്ള വിശ്വാസത്തിന്റെ ഐക്യത്തെക്കുറിച്ച് പാപ്പാ ഓർമ്മിപ്പിച്ചത്.
ആഗോള ലൂഥറൻ ഫെഡറേഷന്റെ പുതിയ പ്രസിഡന്റ് ബിഷപ് ഹെൻറിക് സ്ട്യുബ് ഖ്‌ജർ, സെക്രെട്ടറി ജനറൽ റവ. ആൻ ബർഗാർട്ട് എന്നിവരുൾപ്പെടെ നിരവധി ആളുകൾ പാപ്പായുമായുള്ള കൂടിക്കാഴ്ചയ്ക്കായി എത്തിയിരുന്നു.
2025 ജൂബിലിവർഷത്തിന്റെ പ്രമേയം പോലെ, നാമെല്ലാവരും പ്രത്യാശയുടെ തീർത്ഥാടകരാണെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. ഒന്നാം നിഖ്യാ സൂനഹദോസ് എന്ന എക്യൂമെനിക്കൽയാഥാർത്ഥ്യത്തിന്റെ വാർഷികത്തെക്കുറിച്ച് മൂന്ന് വർഷം മുൻപ് റോമിലെത്തിയ ആഗോള ലൂഥറൻ ഫെഡറേഷനുമൊത്ത് വിചിന്തനം നടത്തിയത് പാപ്പാ അനുസ്മരിച്ചു. കഴിഞ്ഞ വർഷം പോളണ്ടിലെ ക്രാക്കോവിയയിൽ കർദ്ദിനാൾ കൊഹിന്റെയും, റവ. ബർഗാർട്ടിന്റെയും പങ്കാളിത്തത്തോടെ നടന്ന പൊതുസമ്മേളനവും പാപ്പാ പരാമർശിച്ചു. 2025-ൽ ആയിരത്തി എഴുന്നൂറാമത് വാർഷികം ആഘോഷിക്കപ്പെടുന്ന നിഖ്യാ സൂനഹദോസ്, സഭകൾ തമ്മിൽ, ക്രിസ്തുവിൽ അധിഷ്ഠിതമായ ഒരു എക്യൂമെനിക്കൽ ബന്ധം ഉളവാക്കുന്നുണ്ടെന്ന് തദവസരത്തിൽ പുറത്തുവിട്ട ഒരു പൊതുപ്രസ്താവനയിൽ ഇരുസഭാപ്രതിനിധികളും പറഞ്ഞതും പരിശുദ്ധ പിതാവ് അനുസ്മരിച്ചു.
ക്രൈസ്തവരെന്ന നിലയിൽ, നമ്മുടെ ആദ്ധ്യാത്മികമായ ആരംഭം, പാപപരിഹാരത്തിനായുള്ള ഏക ജ്ഞാനസ്നാനമാണെന്ന്, നിഖ്യാ-കോൺസ്റ്റന്റിനാപ്പിളി എന്നിവടങ്ങളിൽ രൂപപ്പെട്ട വിശ്വാസപ്രമാണം അനുസ്മരിച്ചുകൊണ്ട് പാപ്പാ പറഞ്ഞു.
"പ്രത്യാശയുടെ ദൈവം നിങ്ങളുടെ വിശ്വാസത്താൽ സകല സന്തോഷവും സമാധാനവും കൊണ്ട് നിങ്ങളെ നിറയ്ക്കട്ടെ! അങ്ങനെ, പരിശുദ്ധാത്മാവിന്റെ ശക്തിയാൽ നിങ്ങൾ പ്രത്യാശയിൽ സമൃദ്ധി പ്രാപിക്കുകയും ചെയ്യും" എന്ന, വിശുദ്ധ പൗലോസ് റോമക്കാക്കെഴുതിയ ലേഖനം പതിനഞ്ചാം അദ്ധ്യായം പതിമൂന്നാം വാക്യം അനുസ്മരിച്ചുകൊണ്ടായിരുന്നു പാപ്പാ തന്റെ പ്രഭാഷണം ആരംഭിച്ചത്.
എക്യൂമെനിക്കൽ സാഹോദര്യത്തിന്റെ ഒരു അടയാളമായാണ് ആഗോള ലൂഥറൻ ഫെഡറേഷൻ പ്രതിനിധിസംഘത്തിന്റെ ഇത്തവണത്തെ സന്ദർശനത്തെയും താൻ കാണുന്നതെന്നും പാപ്പാ പറഞ്ഞിരുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: