തിരയുക

ദൈവവചന സമൂഹത്തിന്റെ പൊതുസമ്മേളനത്തിനെത്തിയ പ്രതിനിധികളുമായുള്ള കൂടിക്കാഴ്ചയിൽ ഫ്രാൻസിസ് പാപ്പാ. ദൈവവചന സമൂഹത്തിന്റെ പൊതുസമ്മേളനത്തിനെത്തിയ പ്രതിനിധികളുമായുള്ള കൂടിക്കാഴ്ചയിൽ ഫ്രാൻസിസ് പാപ്പാ.   (Vatican Media)

പാപ്പാ: കടമകൾ അടിച്ചേൽപ്പിച്ചല്ല സന്തോഷം പരത്തി കൊണ്ടാണ് ദൈവരാജ്യ സാന്നിധ്യം ഉറപ്പാക്കേണ്ടത്

ദൈവവചന സമൂഹത്തിന്റെ പൊതുസമ്മേളനത്തിനെത്തിയ പ്രതിനിധികളുമായുള്ള കൂടിക്കാഴ്ചയിലാണ് ഫ്രാൻസിസ് പാപ്പാ സന്യാസസമൂഹത്തിന്റെ സിദ്ധിയെയും ദൗത്യത്തേയും വിചിന്തനം ചെയ്യുന്ന വിശ്വസ്ത ക്രിയാത്മക പ്രേഷിതശിഷ്യത്വം ആവശ്യപ്പെടുന്ന ഇക്കാര്യം ഓർമ്മിക്കാൻ അവരോടു ആവശ്യപ്പെട്ടത്.

സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്

പൊതുസമ്മേളനത്തിനായി തിരഞ്ഞെടുത്ത “നിങ്ങളുടെ വെളിച്ചം മറ്റുള്ളവരുടെ മുന്നിൽ പ്രകാശിക്കട്ടെ (മത്താ 5,16): മുറിവേറ്റ ഒരു ലോകത്തിൽ വിശ്വസ്തരും ക്രിയാത്മകമമായ ശിഷ്യർ” എന്ന വിഷയത്തെ പ്രശംസിച്ചു കൊണ്ടാണ് പരിശുദ്ധ പിതാവ് കൂടിക്കാഴ്ച ആരംഭിച്ചത്. ഓരോ പൊതുസമ്മേളനവും ഒരു സന്യാസസഭയുടെ സിദ്ധിയേയും ദൗത്യത്തെയും കുറിച്ച് വിചിന്തനം ചെയ്യാനുള്ള ഇടവേളയാണ് എന്ന് പാപ്പാ പറഞ്ഞു. ദൈവവചനത്തിന്റെ സമൂഹം എന്ന നിലയിൽ അവരുടെ സ്വത്വത്തിന്റെ ഉറവയും രക്ഷയുടെ വചനുമായ കർത്താവായ യേശുവിലേക്ക് തിരിച്ചെത്തുകയാണ്. ദൈവത്തിന്റെ വചനം സൃഷ്ടിക്കുന്നു, ജീവൻ പകരുന്നു, പ്രചോദിപ്പിക്കുന്നു. ഇവയാണ് അവരുടെ ദൗത്യത്തിന്റെ കേന്ദ്ര ബിന്ദു, പാപ്പാ വിശദീകരിച്ചു. 

യേശുവിൽ മാംസം ധരിച്ച ആ വചനം ദൈവത്തിന്റെ മുഖവും കരുണാദ്ര സ്നേഹവും വെളിപ്പെടുത്തിക്കൊണ്ട് ലോകത്തിന്റെ പ്രകാശമാകുകയും, ശിഷ്യരോടു അവരുടെ വെളിച്ചം ലോകത്തിന്റെ മുന്നിൽ പ്രകാശിക്കട്ടെ എന്ന് ആശംസിക്കുകയും ചെയ്തു. ഇത് സംഭവിക്കുന്നത് അവനോടൊപ്പമായിരിക്കുന്നതിലും പുറത്തേക്കിറങ്ങി അവന്റെ സ്നേഹത്തിൽ വസിച്ചു കൊണ്ട് അവന് സാക്ഷ്യം വഹിക്കുന്നതിലൂടെയുമാണെന്ന് പാപ്പാ വിശദീകരിച്ചു. സുവിശേഷവൽക്കരണത്തിന് ദൈവ വചനവുമായുള്ള പരിചയം അത്യാവശ്യമാണ് എന്ന് ഇവാഞ്ചലി ഗൗദിയൂം 175 ഉദ്ധരിച്ചു കൊണ്ട് അതിലൂടെയാണ് അവർ ജനിക്കുകയും വിശ്വസ്തരും ക്രിയാത്മകമായ ശിഷ്യരായി പുനർജ്ജനിക്കുകയും ചെയ്യുന്നതെന്ന് പാപ്പാ അടിവരയിട്ടു.

വിശ്വസ്തരായ ശിഷ്യരെ തിരിച്ചറിയുന്നത് സുവിശേഷത്തിന്റെ സന്തോഷം അവരുടെ വദനത്തെ പ്രകാശിപ്പിക്കുമ്പോഴാണ്. ആദ്യവും അനുദിനവും സ്വീകരിക്കുന്ന സ്നേഹം എങ്ങനെ ജീവിക്കുകയും മറ്റുള്ളവർക്ക് പകർന്നു നൽകുകയും ചെയ്യുന്നു എന്നതാശ്രയിച്ചാണ് വിശ്വസ്ഥരായ ശിഷ്യരുണ്ടാവുന്നത്. പരിശുദ്ധ ത്രിത്വത്തിന്റെ സ്നേഹം അനുഭവിക്കുകയും പരിശുദ്ധാത്മാവിന്റെ തീനാളം സജീവമായി നിലനിർത്തുകയും ചെയ്യുകയാണ് പ്രേഷിത ശിഷ്യരെന്ന നിലയിലും സന്യാസികളെന്ന നിലയിലും വളരാൻ ഏറ്റവും അത്യാവശ്യം, പാപ്പാ പറഞ്ഞു.  മാമോദീസാ സ്വീകരിച്ച ഓരോരുത്തരും തങ്ങളുടെ വിളിയോടു ദൈവകൃപയാൽ വിശ്വസ്തരായിരിക്കുവാൻ പ്രതിജ്ഞാബദ്ധരാണ് എന്ന് ചൂണ്ടിക്കാണിച്ച പാപ്പാ ക്രിയാത്മകമായ പ്രേഷിതരാവുന്നത് വചനത്താലും ആത്മാവിനാലുമാണെന്നും വിശദീകരിച്ചു. അവരിൽ വസിക്കുന്ന ക്രിസ്തുവാണ് പരിശുദ്ധാത്മാവിലൂടെ അവന്റെ ദൗത്യത്തിൽ പങ്കുകാരാക്കുന്നത്. നമ്മളല്ല പരിശുദ്ധാത്മാവാണ് നായകനെന്ന് പാപ്പാ പ്രത്യേകം അടിവരയിട്ടു.

അവർ സേവനം ചെയ്യുന്ന 79 രാജ്യങ്ങളിൽ ദൈവരാജ്യത്തിന്റെ സാന്നിധ്യം ഉറപ്പാക്കുകയാണ് അവരുടെ ലക്ഷ്യമെന്ന് അവരെ ഓർമ്മിപ്പിച്ചു കൊണ്ട് ഇത് പ്രധാനമായും ചെയ്യുന്നത് സന്തോഷം പരത്തിക്കൊണ്ടാണ് അല്ലാതെ കടമകൾ അടിച്ചേൽപ്പിച്ചു കൊണ്ടല്ല എന്ന് അവരോടു വിശദീകരിച്ചു. സർഗ്ഗാത്മകമായ പ്രേഷിത പ്രവർത്തനങ്ങൾ ജനിക്കുന്നത് ദൈവ വചനത്തോടുള്ള സ്നേഹത്തിൽ നിന്നും സർഗ്ഗാത്മകതയുടെ ഉറവിടം ധ്യാനവും വിവേചനവുമാണെന്നും പാപ്പാ അവരെ ഓർമ്മിപ്പിച്ചു. പിന്നീട് പൊതുസമ്മേളനത്തിന്റെ മാർഗ്ഗരേഖകളിലൂടെ കടന്നു കൊണ്ട് ഫ്രാൻസിസ് പാപ്പാ അടിയന്തര ശ്രദ്ധ വേണ്ട വിഷയങ്ങളിലേക്ക് അവരെ ക്ഷണിച്ചു.

ഒന്നാമതായി പാപ്പാ അവരെ ആഹ്വാനം ചെയ്തത്  സമാധാനത്തിന്റെ വക്താക്കളാകുവാനാണ്. ലോകത്ത് മുഴുവൻ പടന്നുപിടിച്ചിരിക്കുന്ന യുദ്ധങ്ങളുടെ സാഹചര്യത്തിൽ സമാധാനം ലോകത്തിലെ ജനലക്ഷങ്ങളുടെ  നിലവിളിയാണെന്ന് പാപ്പാ പറഞ്ഞു. അത് ശ്രവിച്ചുകൊണ്ട് നമുക്ക് സമാധാനത്തിന്റെ വക്താക്കളാകാം. ക്രിസ്തുവിന്റെ സമാധാനം എല്ലാവർക്കും നൽകാൻ നമുക്ക് പരിശ്രമിക്കാം, പ്രത്യേകിച്ച്, ദരിദ്രർക്കും, കുടിയേറ്റക്കാർക്കും, വിവേചനമനുഭവിക്കുന്ന സ്ത്രീകൾക്കും, കുട്ടികൾക്കും പാർശ്വവൽക്കരിക്കപ്പെട്ടവർക്കും.

രണ്ടാമതായി എല്ലാ സംസ്കാരങ്ങൾക്കും പ്രത്യാശയുടെ പ്രവാചകരാകാനായിരുന്നു പാപ്പായുടെ ക്ഷണം. ജൂബിലി വർഷത്തിന്റെ ഈ ജാഗരണ വേളയിൽ നമ്മുടെ സമൂഹങ്ങൾ പ്രത്യാശയുടെ  അടയാളങ്ങളായി മാറണം. ഇതിനർത്ഥം പ്രത്യാശ നൽകുന്നതിനു മുന്നേ നാം പ്രത്യാശയാവണമെന്നതാണെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. ആദ്യം മുതലേ പരിശുദ്ധാത്മാവിനാൽ സജീവ രാക്കപ്പെട്ടവരായതിനാൽ പ്രവാചിക പ്രത്യാശയാവുക എന്ന വെല്ലുവിളി ഏറ്റെടുക്കാൻ കത്തോലിക്കാ സഭയ്ക്കു മാത്രമേ കഴിയൂ. സാംസ്കാരികാനുരൂപണത്തിൽ വിദഗ്ദ്ധരാണവരെന്നും കൊല്ലങ്ങളായി വിവിധ സംസ്കാരങ്ങളെ ബഹുമാനിച്ചകൊണ്ട് അവരുടെ പ്രേഷിത വിളി ജീവിക്കാൻ അവർ പഠിച്ചിട്ടുണ്ടെന്നും അംഗീകരിച്ച പാപ്പാ എത്രമാത്രം വിവേചനം ഇതിനാവശ്യമാണെന്ന്  മനസ്സിലാക്കാൻ അവരെ ഉദ്ബോധിപ്പിച്ചു.

മൂന്നാമതായി സിനഡാലിറ്റിയുടെ പ്രേഷിതരാവാൻ പാപ്പാ അവരെ ക്ഷണിച്ചു. പുറത്തേക്കിറങ്ങുന്ന ഒരു സഭ മറ്റുള്ളവരോടു തുറവുള്ളതായിരിക്കും. ക്രിസ്തു ജീവിക്കുകയും ആത്മാവ് സജീവമായി പ്രവർത്തിക്കുകയും ചെയ്യുന്ന അവിടം എല്ലാവരേയും സ്വാഗതം ചെയ്യുന്ന സ്ഥലമായിരിക്കും. എല്ലാവരേയും ശ്രവിച്ചുകൊണ്ടും, സംവദിച്ചുകൊണ്ടും, അവളുടെ ദൗത്യമെന്തെന്ന് പരിശുദ്ധാത്മാവിൽ വിവേചിച്ചു കൊണ്ടും ഇന്ന് സഭ ഒരു സിനഡൽ  തലത്തിലേക്കാണ് വളരേണ്ടത്. അതിനാൽ അവരുടെ എല്ലാത്തലങ്ങളിലും സിനഡാലിറ്റിയെ പ്രോൽസാഹിപ്പിക്കാൻ പാപ്പാ അവരെ ഓർമ്മിപ്പിച്ചു.

അവസാനമായി പരിശുദ്ധാത്മാവ് അവരോടു പറയുന്നതുപോലെ പ്രവർത്തിക്കാൻ പരിശുദ്ധാത്മാവിന്റെ നീക്കങ്ങളോടു സൂക്ഷ്മ സംവേദനയുള്ളവരായിരിക്കാനും പാപ്പാ പറഞ്ഞു. 2025 ൽ സഭാ സ്ഥാപനത്തിന്റെ 150ആം വാർഷികം ആഘോഷിക്കുമ്പോൾ ലോകം മുഴുവനും എത്താനും ദൈവരാജ്യം പ്രചരിപ്പിക്കാനും ദൈവം അവർക്കു നൽകിയ നന്മകൾക്ക് നന്ദിയുള്ളവരായിരിക്കാനും അവരുടെ സഭാ സ്ഥാപനായ വി. ആർനോൾഡ് ജാൻസന്റെ മാതൃകയിൽ ദൈവഹിതം വിവേചിക്കാനും സഭയെ നയിക്കാനും അവരെ ആഹ്വാനം ചെയ്തുകൊണ്ടാണ് പാപ്പാ കൂടിക്കാഴ്ച അവസാനിപ്പിച്ചത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

28 June 2024, 12:53