തിരയുക

വത്തിക്കാൻ വാനനിരീക്ഷണകേന്ദ്രം സംഘടിപ്പിച്ച കൺവെൻഷനിൽ സംബന്ധിച്ചവർക്ക് ഫ്രാൻസിസ് പാപ്പാ കൂടിക്കാഴ്ച അനുവദിച്ചപ്പോൾ വത്തിക്കാൻ വാനനിരീക്ഷണകേന്ദ്രം സംഘടിപ്പിച്ച കൺവെൻഷനിൽ സംബന്ധിച്ചവർക്ക് ഫ്രാൻസിസ് പാപ്പാ കൂടിക്കാഴ്ച അനുവദിച്ചപ്പോൾ  (Vatican Media)

മോൺ. ജോർജ്ജ് ല്മേത്ര്, അനുകരണീയനായ വൈദികനും ശാസ്ത്രജ്ഞനും: ഫ്രാൻസിസ് പാപ്പാ

വാനനിരീക്ഷണവുമായി ബന്ധപ്പെട്ട് വിലപ്പെട്ട സംഭാവനകൾ നൽകിയിട്ടുള്ള ജോർജ്ജ് ല്മേത്ര് എന്ന ബെൽജിയൻ പുരോഹിതന്റേത് നമുക്കെല്ലാവർക്കും മാതൃകയാക്കാവുന്ന ഒരു ജീവിതമെന്ന് ഫ്രാൻസിസ് പാപ്പാ. "തമോഗർത്തങ്ങൾ, ഗുരുത്വാകർഷണതരംഗങ്ങൾ, സ്ഥല-കാല അസാധാരണത്വം" എന്ന പേരിൽ വത്തിക്കാൻ വാനനിരീക്ഷണകേന്ദ്രം ജോർജ്ജ് ല്മേത്രിന്റെ സ്മരണാർത്ഥം സംഘടിപ്പിച്ച രണ്ടാമത് കൺവെൻഷനിൽ സംബന്ധിച്ചവരെ വത്തിക്കാനിൽ സ്വീകരിച്ചു സംസാരിക്കുകയായിരുന്നു പാപ്പാ.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

മാനുഷികമായ ബുദ്ധികൊണ്ട് മാത്രം മനസ്സിലാക്കാൻ എളുപ്പമുള്ള ഒരു യാഥാർത്ഥ്യമല്ല ദൈവമെന്നും, രഹസ്യാത്മകമായ ഒരു മാനമാണ് ദൈവത്തിനുള്ളതെന്നും, അവിടുത്തെ പൂർണ്ണമായി മനസ്സിലാക്കാൻ സാധിക്കില്ലെന്നും, ശാസ്ത്രജ്ഞനും, അതേസമയം വൈദികനുമായിരുന്ന മോൺ. ജോർജ്ജ് ല്മേത്ര് മനസ്സിലാക്കിയിരുന്നുവെന്ന് ഫ്രാൻസിസ് പാപ്പാ. "തമോഗർത്തങ്ങൾ, ഗുരുത്വാകർഷണതരംഗങ്ങൾ, സ്ഥല-കാല അസാധാരണത്വം" എന്ന പേരിൽ വത്തിക്കാൻ വാനനിരീക്ഷണകേന്ദ്രം ജോർജ്ജ് ല്മേത്രിന്റെ സ്മരണാർത്ഥം സംഘടിപ്പിച്ച രണ്ടാമത് കൺവെൻഷനിൽ സംബന്ധിച്ചവരെ ജൂൺ 20 വ്യാഴാഴ്ച, വത്തിക്കാനിൽ സ്വീകരിച്ചു സംസാരിക്കവെയാണ് ഈ ബെൽജിയൻ വൈദികന്റെ ദൈവശാസ്ത്രപരമായ ബോധ്യങ്ങളെക്കുറിച്ച് പാപ്പാ പ്രതിപാദിച്ചത്. ശാസ്ത്രവിഷയങ്ങളിൽ സഭയുടെ പങ്കാളിത്തത്തെക്കുറിച്ചും പാപ്പാ തന്റെ പ്രഭാഷണത്തിൽ പരാമർശിച്ചു. 

ബാഹ്യപ്രേരണകൾക്കും നിബന്ധനകൾക്കും വിധേയരാകാതെ, സ്വാതന്ത്ര്യത്തോടെ, ശാസ്ത്രവുമായി ബന്ധപ്പെട്ട സത്യങ്ങളിലെക്ക് എത്തുവാൻ നിങ്ങൾക്ക് സാധിക്കട്ടെയെന്ന് കോൺഫറൻസിൽ പങ്കെടുത്ത ശാസ്ത്രരംഗത്ത് പ്രവർത്തിക്കുന്നവരോട് പാപ്പാ ആശംസിച്ചു. ശാസ്ത്രത്തെ വളച്ചൊടിക്കാനോ, മാനവികതയുടെ നാശത്തിനായി ഉപയോഗിക്കാനോ പരിശ്രമിക്കാതെ, അതിനെ മനുഷ്യരുടെ നന്മയ്ക്കും സേവനത്തിനുമായി ഉപയോഗിക്കുമെങ്കിൽ, വിശ്വാസവും ശാസ്ത്രവും ദൈവസ്നേഹത്തിൽ ഒരുമിച്ചുകൊണ്ടുപോകാൻ കഴിയുന്ന ഒന്നാണെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. മാനുഷികമായ അറിവുകളുടെ എല്ലാ അതിർത്തികളിലേക്കും എത്തിച്ചേരാൻ പാപ്പാ ഏവരെയും ആഹ്വാനം ചെയ്‌തു. അവിടെയാണ് ഹൃദയത്തിന്റെ ദാഹം തീർക്കുന്ന, സ്നേഹമാകുന്ന ദൈവത്തെ അനുഭവിക്കാൻ നമുക്ക് സാധിക്കുകയെന്ന് പാപ്പാ ഉദ്‌ബോധിപ്പിച്ചു.

എഡ്വിൻ ഹബ്ബിളിന്റെ പേരിൽ അറിയപ്പെട്ടിരുന്ന ശാസ്ത്രനിയമത്തെ ഇന്ന് ഹബ്ബിൾ-ല്മേത്ര് നിയമം എന്ന് അന്തരാഷ്ട്ര വാനനിരീക്ഷണ സംഘം വിളിക്കാൻമാത്രം, മോൺ. ല്മേത്രിന്റെ കഴിവുകളെ ഇന്ന് ശാസ്ത്രലോകം അംഗീകരിച്ചിട്ടുണ്ടന്ന്  പാപ്പാ അനുസ്മരിച്ചിരുന്നു.

സഭ ശാസ്ത്രപരമായ ഗവേഷണങ്ങളും പഠനങ്ങളും പ്രോത്സാഹിപ്പിക്കുകയും അവയെ ശ്രദ്ധാപൂർവ്വം നോക്കിക്കാണുകയും ചെയ്യുന്നുണ്ടെന്ന് പറഞ്ഞ പാപ്പാ, ഇക്കാലത്തെ ആളുകളുടെ ബുദ്ധിയെയും, സംവേദനക്ഷമതയെയും സ്പർശിക്കാൻ അവയ്ക്ക് കഴിയുന്നതിനാലാണ് സഭ ഇത്തരം കാര്യങ്ങളിൽ ഇടപെടുന്നതെന്ന് വിശദീകരിച്ചു. പ്രപഞ്ചത്തിന്റെ ആരംഭം, അതിന്റെ പരിണാമം, സമയത്തിന്റെയും ഇടത്തിന്റെയും ഘടന തുടങ്ങിയവയെക്കുറിച്ചുള്ള പഠനത്തിൽ പലരും വഴിതെറ്റിപ്പോകാൻ സാധ്യതയുണ്ടെന്ന കാരണവും, ഇത്തരം പഠനങ്ങളിൽ ശ്രദ്ധയോടെ ഇടപെടാൻ സഭയെ പ്രേരിപ്പിക്കുന്നുണ്ടെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. ഈ പഠനങ്ങൾക്ക് ദൈവശാസ്ത്രപരവും, തത്വശാസ്ത്രപരവും, ശാസ്ത്ര, ആധ്യാത്മിക തലങ്ങളിലുള്ളതുമായ  പ്രാധാന്യമുണ്ടെന്നും പാപ്പാ അനുസ്മരിച്ചു.

അനുകരണീയനായ ഒരു പുരോഹിതനും ശാസ്ത്രജ്ഞനുമായിരുന്നു മോൺ. ജോർജ്ജ് ല്മേത്ര് എന്ന് പാപ്പാ പറഞ്ഞു. നമുക്കേവർക്കും ഏറെ പഠിക്കാനുള്ള ഒരു മാനവിക, ആധ്യാത്മിക പാതയാണ് അദ്ദേഹത്തിന്റേതെന്നും പാപ്പാ കൂട്ടിച്ചേർത്തു. ഏഴു വർഷങ്ങൾക്ക് ശേഷമാണ് ഇത്തരമൊരു കൺവെൻഷൻ വത്തിക്കാനിൽ നടന്നത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

20 June 2024, 17:33