ദൈവിക ദാനമായ ജീവൻറെ കാര്യത്തിൽ സന്ധിചെയ്യാനാവില്ല, പാപ്പാ!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
മനുഷ്യജീവൻറെ കാര്യത്തിൽ സന്ധിചെയ്യാനാവില്ലെന്ന് മാർപ്പാപ്പാ.
ഇറ്റലിയിൽ ശനിയാഴ്ച (22/06/04) സംഘടിപ്പിക്കപ്പെട്ട ജീവനുവേണ്ടിയുള്ള ദേശീയ പ്രകടനത്തോടനുബന്ധിച്ച് നല്കിയ സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പാ ഇതു പറഞ്ഞിരിക്കുന്നത്.
“ജീവൻ തിരിഞ്ഞെടുക്കാം” എന്നതായിരുന്നു ഈ പ്രകടനത്തിൻറെ ആദർശ പ്രമേയം.
സ്രഷ്ടാവായ ദൈവത്തിൻറെ ദാനമായ മനുഷ്യജീവൻ സന്ധിചെയ്യലിനൊ മദ്ധ്യസ്ഥതയക്കോ വിധേയമാക്കാൻ പറ്റാത്തത്ര ഉന്നതമാണെന്ന് പാപ്പാ പറയുന്നു. മനുഷ്യജീവൻറെ അന്തസ്സിനെ അപകടത്തിലാക്കുന്ന എല്ലാ പ്രതിസന്ധികളെയും മറികടന്ന് ധീരതയോടെ മുന്നേറാൻ പാപ്പാ പ്രചോദനം പകരുന്നു.
ഗർഭംധരിക്കപ്പെടുന്ന നിമിഷം മുതൽ ജീവൻറെ സ്വാഭാവിക അന്ത്യംവരെ അതിനു സംരക്ഷണം ഉറപ്പാക്കാൻ ശ്രമിക്കുന്നവരുടെ പരസ്യ സാക്ഷ്യത്തിനും പ്രവർത്തനത്തിനും പാപ്പാ നന്ദി പ്രകാശിപ്പിക്കുകയും ചെയ്യുന്നു.
ജീവൻറെയും അതിനെ സ്വാഗതം ചെയ്യുന്ന കുടുംബത്തിൻറെയും മനോഹാരിതയ്ക്ക് സാക്ഷ്യമേകുക വഴി നാം അസ്ഥിത്വത്തിൻറെ എല്ലാ ഘട്ടങ്ങളിലും, അതായത്, ഏറ്റം ബലഹീനാവസ്ഥയിലുള്ള പിഞ്ചു പൈതൽ മുതൽ യാതനയനുഭവിക്കുന്ന വാർദ്ധക്യം വരെയും, മനുഷ്യക്കടത്തു മുതൽ അടിമത്തത്വത്തിൻറെയും യുദ്ധത്തിൻറെയും അവസ്ഥവരെയുമുള്ള, വലിച്ചെറിയൽ സംസ്കാരത്തെ തിരസ്ക്കരിക്കുന്ന ഒരു സമൂഹം കെട്ടിപ്പടുക്കുകയാണെന്ന് പാപ്പാ പറയുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: