തിരയുക

കോൺസ്റ്റന്റിനോപ്പിളിലെ എക്യുമേനിക്കൽ പാത്രിയാർക്ക് ബർത്തലോമിയോയുടെ പ്രതിനിധി സംഘവുമായി ഫ്രാൻസിസ് പാപ്പാ. കോൺസ്റ്റന്റിനോപ്പിളിലെ എക്യുമേനിക്കൽ പാത്രിയാർക്ക് ബർത്തലോമിയോയുടെ പ്രതിനിധി സംഘവുമായി ഫ്രാൻസിസ് പാപ്പാ.  (Vatican Media)

പാപ്പാ : പരിശുദ്ധാത്മാവ് നയിക്കുന്ന ഐക്യം വൈവിധ്യങ്ങളുടെ കൂട്ടായ്മയായിരിക്കും

വിശുദ്ധ പത്രോസിന്റെയും, വിശുദ്ധ പൗലോസിന്റെയും തിരുനാളിന് റോമിലെത്തിയ കോൺസ്റ്റന്റിനോപ്പിളിലെ എക്യുമേനിക്കൽ പാത്രിയാർക്ക് ബർത്തലോമിയോയുടെ പ്രതിനിധി സംഘവുമായി ഫ്രാൻസിസ് പാപ്പാ ജൂൺ 26 വെള്ളിയാഴ്ച കൂടിക്കാഴ്ച നടത്തി.

സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്

സഹോദരസഭകൾ അവരവരുടെ അപ്പോസ്തലന്മാരുടെ തിരുനാളുകളിൽ പരസ്പരം നടത്തുന്ന  പ്രതിനിധികളുടെ സാന്നിധ്യം  സാഹോദര്യ കൂടിക്കാഴ്ചയുടെ സന്തോഷമനുഭവിക്കാൻ ഇടയാക്കുന്നു എന്ന് അവരുടെ സാന്നിധ്യത്തിന് കൃതജ്ഞത പ്രകടിപ്പിച്ചു കൊണ്ട്  പാപ്പാ അറിയിച്ചു.  മാത്രമല്ല അത് സഹോദര സഭകളായ കോൺസ്റ്റാന്റിനോപ്പിളും റോമും തമ്മിലുളള ആഴമാർന്ന ബന്ധത്തിന്റെയും ഐക്യത്തിലേക്കെത്തിച്ചേരാനുള്ള അഗാധമായ ആഗ്രഹത്തിന്റെ സാക്ഷ്യവും കൂടിയാണെന്ന് പാപ്പാ കൂട്ടിച്ചേർത്തു. പരിശുദ്ധാത്മാവ് നയിക്കുന്ന ഐക്യം ന്യായമായ വൈവിധ്യങ്ങളുടെ കൂട്ടായ്മയായിരിക്കുമെന്നും പാപ്പാ ഓർമ്മിപ്പിച്ചു.

കൊല്ലങ്ങളായി തുടർന്നു പോന്നിരുന്ന അകൽച്ച അവസാനിപ്പിക്കാനുള്ള പ്രത്യാശ പകർന്നു നൽകുകയും അനുരഞ്ജനത്തിന്റെയും സമാധാന ശ്രമങ്ങളുടെയും യാത്രയ്ക്ക് നവമായ പ്രചോദനമേകുകയും ചെയ്ത പോൾ ആറാമൻ പാപ്പയും അത്തെനാഗോറസ് പാത്രിയാർക്കുമായുള്ള കൂടിക്കാഴ്ച അനുസ്മരിച്ചു കൊണ്ട് ഒരിക്കൽ ഒരുമിച്ച് പരിശുദ്ധ ബലിയർപ്പിക്കാൻ കഴിയുന്ന വിധം ഐക്യ ശ്രമങ്ങൾ ഫലമണിയട്ടെ എന്ന പ്രത്യാശയും പാപ്പാ പങ്കുവച്ചു.

ആ കൂടിക്കാഴ്ചയുടെ 50ആം വർഷം അനുസ്മരിക്കാൻ പത്തുകൊല്ലങ്ങൾക്ക് മുമ്പ് ഇപ്പോഴത്തെ പാത്രിയാർക്ക് ബർത്തലോമിയോയുമായി ജെറുസലേമിലേക്ക് നടത്തിയ തീർത്ഥാടനം പാപ്പാ ഓർമ്മിച്ചു. ക്രിസ്തു മരിക്കുകയും ഉയിർത്തെഴുന്നേൽക്കുകയും സ്വർഗ്ഗാരോഹണം ചെയ്യുകയും പരിശുദ്ധാത്മാവിന്റെ ശിഷ്യരുടെ മേലുള്ള വരവ് നടക്കുകയും ചെയ്ത ഇടങ്ങളിൽ നിന്നു കൊണ്ട് ഐക്യത്തിലേക്കുള്ള യാത്ര തുടരാൻ അവർ പ്രതിജ്ഞ ചെയ്തതും  പാപ്പാ പങ്കുവച്ചു. തങ്ങൾ തമ്മിലുള്ള സൗഹൃദവും സഭകൾ തമ്മിലുള്ള സഹകരണവും എടുത്തു പറഞ്ഞ പാപ്പാ, കത്തോലിക്കാ സഭയും ഓർത്തഡോക്സ് സഭയും തമ്മിലുള്ള സംവാദം വിശ്വാസത്തിന്റെ സമഗ്രതയ്ക്ക് യാതൊരു അപകടവും ഉയർത്തുന്നില്ലായെന്നും കർത്താവിനോടുള്ള വിശ്വസ്തയ്ക്കും മുഴുവൻ സത്യത്തിലേക്കും നയിക്കാൻ അത് ആവശ്യമാണെന്നും പാപ്പാ ഓർമ്മിപ്പിച്ചു. അതിനാലാണ് ദൈവശാസ്ത്ര സംവാദത്തിനായുള്ള അന്തർദേശിയ കമ്മീഷനുകളുടെ ഒരുമിച്ചുള്ള പ്രവർത്തനങ്ങൾ പ്രോൽസാഹിപ്പിക്കാൻ താൻ ആഗ്രഹിക്കുന്നത്. ഇവയിൽ ഉൾപ്പെട്ടിരിക്കുന്ന അജപാലകരും ദൈവശാസ്ത്രജ്ഞരും കേവലം അക്കാദമികമായ തർക്കങ്ങൾക്കപ്പുറത്ത് സഭാ ജീവിതത്തെ സംബന്ധിച്ച് പരിശുദ്ധാത്മാവ് പറയുന്നവയെ ശ്രവിക്കാൻ വിനയമുള്ളവരായിരിക്കട്ടെ എന്ന് പാപ്പാ പ്രത്യാശ പ്രകടിപ്പിച്ചു.

ജെറുസലേമിലെ കൂടിക്കാഴ്ചയെ അനുസ്മരിച്ചതോടൊപ്പം അവിടത്തെ സമകാലിക ദുരന്തവും പാപ്പാ മറന്നില്ല. ജെറുസലേമിലും പാലസ്തീനയിലും സമാധാനം കൈവരുന്നതിനായി പാത്രിയാർക്ക് ബർത്തലോമിയോയും, ജെറുസലേമിലെ ഗ്രീക്ക് ഓർത്തഡോക്സ് പാത്രിയാർക്ക് തിയോഫിലോസ് ത്രിദിയനും താനും ചേർന്ന് വത്തിക്കാനിൽ ഇരു രാജ്യങ്ങളിലെയും പ്രസിഡണ്ടുമാരെ 2004 ജൂൺ എട്ടാം തിയതി സ്വാഗതം ചെയ്ത കാര്യം ഓർമ്മിച്ചു കൊണ്ട് പത്തുവർഷങ്ങൾക്കു ശേഷവും അവിടത്തെ സ്ഥിതിയിൽ  മാറ്റമില്ലാത്തതിനാൽ സമാധാനത്തിനായി ഒരുമിച്ച് പ്രാർത്ഥിക്കേണ്ടതിന്റെ അടിയന്തിരാവസ്ഥയും അടിവരയിട്ടു. യുദ്ധം പിച്ചിചീന്തിയ സകലയിടങ്ങളിലും പ്രത്യേകിച്ച് യുക്രെയിനിലും സമാധാനം പുലരാനുള്ള പ്രാർത്ഥന തുടരാൻ പാപ്പാ ആഹ്വാനം ചെയ്തു.

അനേകർ ഭാവിയെക്കുറിച്ചുള്ള ഭയത്തിന്റെ തടവിൽ കഴിയുമ്പോൾ സഭയ്ക്ക് പ്രേഷിത ദൗത്യം എല്ലാവരോടും യേശുക്രിസ്തുവാണ് നമ്മുടെ പ്രത്യാശയെന്ന് പ്രഘോഷിക്കുകയാണ്. അതിനാൽ കത്തോലിക്കാ സഭയുടെ പാരമ്പര്യമനുസരിച്ച് 2025 ൽ ആഘോഷിക്കുന്ന ജൂബിലിയോടു സഹകരിക്കാനും പാപ്പാ അവരോടു അഭ്യർത്ഥിച്ചു.

2025 നിഷെയിലെ ആദ്യ എക്യുമേനിക്കൽ കൗൺസിലിന്റെ 1700 ആം വാർഷികമാണ്. ഈ വലിയ സംഭവം ക്രിസ്തുവിൽ വിശ്വസിക്കുന്ന എല്ലാവർക്കും ഒരുമിച്ച് അവരുടെ വിശ്വാസത്തെ സാക്ഷ്യപ്പെടുത്താനുള്ള പ്രചോദനവും വലിയ ഐക്യത്തിനുള്ള അവസരവുമാകട്ടെ എന്നും ആശംസിക്കാൻ പാപ്പാ മറന്നില്ല. എക്യുമേനിക്കൽ പാത്രിയാർക്കേറ്റും ക്രൈസ്തവ ഐക്യം പ്രോൽസാഹിപ്പിക്കുന്ന ഡിക്കാസ്റ്ററിയും ഈ വാർഷികം ഒരുമിച്ച്  അനുസ്മരിക്കാൻ വേണ്ടതു ചെയ്യാൻ ആരംഭിച്ചതിനേയും പാപ്പാ ശ്ലാഘിച്ചു. വാർഷികം ഒരുമിച്ച് ആഘോഷിക്കാൻ പാത്രിയാർക്ക് തനിക്ക് നൽകിയ ക്ഷണത്തിന് നന്ദി പറഞ്ഞ പാപ്പാ തന്റെ ആരോഗ്യവും സമയവും സാഹചര്യങ്ങളും അനുവദിച്ചാൽ അവിടെ എത്താൻ ആ യാത്ര ചെയ്യാൻ തനിക്കതിയായ ആഗ്രഹമുണ്ടെന്നും അറിയിച്ചു.

അപ്പോസ്തോല സഹോദരരായ പത്രോസിന്റെയും അന്ത്രയാസിന്റെയും പ്രാർത്ഥനകൾക്ക് തങ്ങളുടെ സഭകളെ സമർപ്പിച്ച് കർത്താവ് നമ്മൾ ഒരുമിച്ചു നടക്കേണ്ട സ്നേഹത്തിന്റെയും, അനുരഞ്ജനത്തിന്റെയും കരുണയുടെയും വഴികളിൽ നമ്മെ നടത്താൻ അനുഗ്രഹിക്കട്ടെയെന്നും പ്രാർത്ഥിച്ചു കൊണ്ടും തനിക്ക് വേണ്ടി പ്രാർത്ഥിക്കാൻ അവരോടു ആവശ്യപ്പെട്ടും കൊണ്ടാണ് പരിശുദ്ധ പിതാവ് തന്റെ സന്ദേശം ഉപസംഹരിച്ചത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

28 June 2024, 12:43