പാപ്പാ: കോംഗോ കൂട്ടക്കൊലകളിൽ വധിക്കപ്പെട്ടവരുടെ സഹനബലി ഫലം പുറപ്പെടുവിക്കുന്ന വിത്താണ്
സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്
ജൂൺ പതിനാറാം തിയതി ഇറ്റാലിയന്‍, ഇംഗ്ലീഷ്, സ്പാനിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, ജർമ്മ൯, ലാറ്റിന്‍ എന്ന ഭാഷകളില്‍ പാപ്പാ പങ്കുവച്ച തന്റെ എക്സ് അകൗണ്ടിലെ സന്ദേശത്തിൽ കോംഗോ റിപ്പബ്ലിക്കിന്റെ കിഴക്കൻ ഭാഗത്ത് നടന്ന സംഘർഷങ്ങളിലും കൂട്ടക്കൊലകളിലും മരിച്ചവരെ പാപ്പാ അനുസ്മരിച്ചു.
“ഇരകളിൽ ധാരാളം പേർ വിശ്വാസ വിദ്വേഷത്താൽ കൊല്ലപ്പെട്ട ക്രൈസ്തവരാണ്. അവർ രക്തസാക്ഷികളാണ്. മുളക്കുകയും ഫലം പുറപ്പെടുവിക്കുകയും ചെയ്യുന്ന വിത്താണ് അവരുടെ സഹനബലി. ധൈര്യത്തോടും സ്ഥിരതയോടും കൂടെ സുവിശേഷത്തിന് സാക്ഷ്യം വഹിക്കാനാണ് അവർ നമ്മെ പഠിപ്പിക്കുന്നത്” എന്ന് പാപ്പാ പങ്കുവച്ചു.
യുദ്ധത്താൽ കഷ്ടപ്പെടുന്ന ജനത്തിനായി പ്രാർത്ഥിക്കാം
യുദ്ധത്തിന്റെ ഭീകരതയ്ക്ക് അനുദിനം ഇരകളാകുന്നവരെയും അനുസ്മരിച്ച പാപ്പാ “യുക്രെയ്നിലും, വിശുദ്ധനാട്ടിലും, സുഡാനിലും, മ്യാൻമറിലും യുദ്ധത്താൽ ജനം കഷ്ടപ്പെടുന്ന സകലയിടങ്ങളിലും സമാധാനത്തിനായി പ്രാർത്ഥിക്കുന്നത് നമുക്കു അവസാനിപ്പിക്കാതിരിക്കാം” എന്ന് ഓർമ്മപ്പെടുത്തി.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നാല് കോടിയിലേറെ വരുന്ന അനുയായികൾ പാപ്പാ പങ്കുവയ്ക്കുന്ന സന്ദേശങ്ങള്‍ വായിക്കുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: