ഫ്രാൻസിസ് പാപ്പാ അസ്സീസിയിലെ വച്ച് ചാക്രികലേഖനം ഒപ്പുവയ്ക്കുന്നു  ഫ്രാൻസിസ് പാപ്പാ അസ്സീസിയിലെ വച്ച് ചാക്രികലേഖനം ഒപ്പുവയ്ക്കുന്നു  

സാഹോദര്യത്തിന്റെ അടിസ്ഥാനം ഹൃദയത്തിന്റെ ശുദ്ധതയാണ്

സാഹോദര്യത്തിന്റെയും, സമഭാവനയുടെയും സുവിശേഷമൂല്യങ്ങളും, വിശുദ്ധ ഫ്രാൻസിസിന്റെ ജീവിതമാതൃകയും എടുത്തു കാണിക്കുന്ന ഫ്രാൻസിസ് പാപ്പായുടെ മൂന്നാമത്തെ ചാക്രികലേഖനമായ ഫ്രത്തെല്ലി തൂത്തി (Fratelli Tutti) യുടെ അപഗ്രഥനം രണ്ടാം ഭാഗം.
സഭാദർശനം: ശബ്ദരേഖ

ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി

സാഹോദര്യത്തിന്റെ ഉത്തമ ഉദാഹരണങ്ങൾ ജീവിതത്തിലൂടെ നമുക്ക് കാട്ടിത്തന്ന അസീസിയിലെ വിശുദ്ധ ഫ്രാൻസിസിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുകൊണ്ടാണ് ഫ്രാൻസിസ് പാപ്പാ തന്റെ മൂന്നാമത്തെ ഫ്രത്തെല്ലി തൂത്തി എന്ന ചാക്രികലേഖനം രചിക്കുന്നത്.  ലോകമാസകലം ഫ്രാൻസിസ് അസീസിയെ വിളിക്കുന്ന മറ്റൊരു പേരാണ്, രണ്ടാം ക്രിസ്തു. "ലോകത്തിലെ ഏറ്റവും ആത്മാർത്ഥതയുള്ള ഒരു ജനാധിപത്യവാദി", യെന്നാണ് ചെസ്റ്റർട്ടൻ ഫ്രാൻസിസ് അസീസിയുടെ സഹോദരസ്നേഹം എടുത്തു പറഞ്ഞുകൊണ്ട് വിശേഷിപ്പിച്ചത്. "ക്രിസ്തുവിന് ശേഷമുള്ള യഥാർത്ഥ ക്രിസ്ത്യാനി"യെന്ന് ഓസ്കാർ വൈൽഡ് അദ്ദേഹത്തെ പ്രശംസിക്കുമ്പോൾ, ക്രിസ്തുവിന്റെ സുവിശേഷം തന്റെ ജീവിതത്തിലൂടെ തുടർന്ന വ്യക്തിയെന്നാണ് ആ വിശേഷണത്തിന് ഓസ്കാർ നൽകുന്ന അർത്ഥം.

മുകളിലേക്കുള്ള ശ്രേണികൾ കയറിപോകുവാൻ ഏറെ സാഹചര്യമുണ്ടായിരുന്നിട്ടും, ഫ്രാൻസിസ് ആഗ്രഹിച്ചത് താഴേക്ക് തന്റെ സഹോദരങ്ങളുടെ ഇടയിലേക്ക് ഇറങ്ങിച്ചെല്ലുവാൻ വേണ്ടിയായിരുന്നു. മറ്റെല്ലാം ഉപയോഗശൂന്യമാക്കുന്ന ക്രിസ്തുവിന്റെ സ്നേഹം, സ്നേഹത്തിന്റെ ദാരിദ്ര്യം ജീവിതത്തിൽ പേറുന്നവർക്ക് പകരുവാൻ, അവൻ സകലചരാചരങ്ങളെയും വിളിച്ച പേരാണ് 'ഫ്രത്തെല്ലി തൂത്തി' അഥവാ 'സകല സഹോദരങ്ങളെ' എന്ന്.

സുവിശേഷചൈതന്യത്താൽ അടയാളപ്പെടുത്തപ്പെട്ട വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ ജീവിതരീതിയാണ് ചാക്രികലേഖനത്തിലൂടെ ഫ്രാൻസിസ് പാപ്പാ എടുത്തു കാണിക്കുന്നത്. സഹോദരങ്ങളെന്നോണം എല്ലാവരെയും സ്വീകരിക്കുവാനും, ജീവിതത്തിൽ  ചേർത്തുനിർത്തുവാനുമുള്ള ഒരു ആഹ്വാനമാണ് ലേഖനം നമുക്ക് നൽകുന്നത്. അകലെയെങ്കിലും,  മറ്റുള്ളവരെ പറ്റി ചിന്തിക്കുവാനും, അവരുടെ സങ്കടങ്ങളിലും സന്തോഷങ്ങളിലും ഭാഗഭാക്കാകുവാനും, തുറന്ന ഒരു ഹൃദയം നമ്മിൽ നിന്നും ആവശ്യപ്പെടുന്നു.

അതിരുകളില്ലാത്ത സ്നേഹത്തോടെ ഓരോ വ്യക്തിയെയും തിരിച്ചറിയുകയും സ്നേഹിക്കുകയും ചെയ്യുന്നതിനും, അവനിലേക്ക് ഇറങ്ങിച്ചെല്ലുവാൻ നമ്മുടെ അഹത്തിൽ നിന്നും പുറത്തുകടക്കുവാനുള്ള ഒരു ആഹ്വാനം കൂടിയാണ് ഈ ചാക്രികലേഖനം നമുക്ക് നൽകുന്നത്. സാഹോദര്യത്തിന്റെ ഈ ചാക്രികലേഖനരചനയുടെ സമയത്താണ് കൊറോണ മഹാമാരി ലോകമെങ്ങും പൊട്ടിപുറപ്പെടുന്നത്. മനുഷ്യർ തമ്മിലുള്ള അകലം വർദ്ധിക്കുകയും, മനുഷ്യജീവന്റെ വിലയും, അന്തസ്സും മതിക്കപെടാതിരുന്നതുമായ ഒരു കാലഘട്ടം. സംസാരങ്ങൾ കുറയുകയും, മനുഷ്യൻ അവനിലേക്ക് തന്നെ ഉൾവലിയപ്പെടുകയും ചെയ്ത സമാനതകളില്ലാത്ത ഒരു തിരസ്കരണത്തിന്റെ സമയം. അതിനാൽ സാഹോദര്യത്തിന്റെ ഈ ചാക്രികലേഖനം ഒരു കാലഘട്ടത്തിന്റെ ആവശ്യകതയായിട്ടാണ് സകലരും ഏറ്റെടുത്തത്. മറ്റുള്ളവരെ ഉന്മൂലനം ചെയ്യാനോ, അവഗണിക്കാനോ ഉള്ള പരിശ്രമങ്ങൾ ഏറെ നടത്തുന്ന ഒരു ലോകത്താണ് നാമെല്ലാവരും ജീവിക്കുന്നത്.  ഈ വലിയ സത്യം ഉൾക്കൊണ്ടുകൊണ്ടാണ് ചാക്രികലേഖനത്തിന്റെ ഒന്നാം അധ്യായം വായനക്കാരുടെ മനഃസാക്ഷിയിൽ വിവിധ ചോദ്യങ്ങളുയർത്തുന്നത്.

അദ്ധ്യായം 1

അടയ്ക്കപ്പെട്ട  ഒരു ലോകത്തിന്റെ നിഴലുകൾ

ഒന്നാം അദ്ധ്യായം ഈ ഒരു ശീർഷകത്തിലാണ് രചിക്കപ്പെട്ടിരിക്കുന്നത്. ആദ്യകാഴ്ചയിൽ പ്രത്യേകതകളൊന്നും ശ്രദ്ധിക്കപ്പെടാതെ കിടക്കുന്ന ഈ ശീർഷകത്തിൽ ഓരോ വാക്കുകളും ഏറെ പ്രധാനപ്പെട്ടതാണ്. 'അടയ്ക്കപ്പെട്ട  ലോകത്തിന്റെ  നിഴലുകൾ',  വിരൽചൂണ്ടുന്നത് അമൂർത്തമായ ആശയങ്ങളിൽ വിളങ്ങിനിൽക്കുന്ന ഒരു ലോകത്തെയല്ല മറിച്ച്, ലോകത്തിനു നിറം ചാർത്തേണ്ടുന്ന മനുഷ്യഹൃദയങ്ങൾ തമ്മിലും, ചരാചരങ്ങൾ പരസ്പരം പുലർത്തേണ്ടുന്ന സൗന്ദര്യത്തെയുമാണ്. എന്നാൽ ഈ ബന്ധം അന്യമാകുന്നതിനെ പറ്റിയാണ് ഈ ശീർഷകം നമ്മെ ഓർമ്മപ്പെടുത്തുന്നത്. മത്തായി ശ്ലീഹായുടെ സുവിശേഷത്തിൽ പറയുന്നതുപോലെ, " ഈ ജനതയുടെ ഹൃദയം കഠിനമായിരിക്കുന്നു; ചെവിയുടെ കേൾവി മന്ദീഭവിച്ചിരിക്കുന്നു; കണ്ണുകൾ അവർ അടച്ചുകളഞ്ഞിരിക്കുന്നു." (മത്തായി 13, 15). വിതക്കാരന്റെ ഉപമയിൽ, കർത്താവിന്റെ വചനത്തിനു ശ്രദ്ധ ചെലുത്താത്തവരെ പറ്റി യേശു പറഞ്ഞ വചനങ്ങളാണിവ. കർത്താവിന്റെ ഈ സ്നേഹത്തിന്റെ വചനങ്ങൾക്കും, സാഹോദര്യത്തിന്റെ ജീവിത ആഹ്വാനത്തിനും ഇന്നത്തെ ലോകം പുറം തിരിഞ്ഞുനിൽക്കുന്നതിനെയാണ്, ചാക്രികലേഖനം ഒന്നാം അധ്യായത്തിൽ നമുക്ക് മനസിലാക്കിത്തരുന്നത്.

വിസ്മരിക്കപ്പെടുന്ന ചരിത്രം

ചരിത്രത്തിൽ നിന്നും പാഠങ്ങൾ ഉൾക്കൊണ്ടുകൊണ്ടാണ് മനുഷ്യൻ തന്റെ ഭാവിക്കായുള്ള പദ്ധതികൾ വിഭാവനം ചെയ്യുന്നുവെന്നതാണ് പൊതുവെയുള്ള കാഴ്ചപ്പാട്. എന്നാൽ ഈ പൊതുതത്വം ഇന്ന് പ്രായോഗികതലത്തിൽ അന്യമാകുന്നുവെന്ന ഒരു മുന്നറിയിപ്പോടുകൂടിയാണ് ഒന്നാം അദ്ധ്യായം ആരംഭിക്കുന്നത്. ധാരാളം യുദ്ധങ്ങളും, പരാജയങ്ങളും, വേദനകളും ഭൂതകാലത്തിൽ അനുഭവിച്ച ജനം, തുടർന്ന് തങ്ങളുടെ അടുത്ത തലമുറകൾക്കു വേണ്ടി നിരവധി സംരംഭങ്ങൾക്ക് തുടക്കം കുറിച്ചു. കൂട്ടായ്മകളുടെ വലിയ സന്ദേശം ഉണർത്തുന്നതും, ഉയർത്തുന്നതുമായ ഇത്തരം സംരംഭങ്ങൾ എന്നാൽ കാലങ്ങൾ കഴിഞ്ഞപ്പോൾ, മനുഷ്യർ തമ്മിലുള്ള ദൂരം വർധിപ്പിക്കുകയും, അന്യതയുടെ ആപത്ത് കീഴടക്കുകയും ചെയ്തതിനെ പറ്റിയും ചാക്രികലേഖനം അടിവരയിട്ടു പറയുന്നു.

ആഗോളവത്ക്കരണ വിപണി

നീരസം ജനിപ്പിക്കുന്നതും, പ്രകോപിപ്പിക്കുന്നതും, ആക്രമണാത്മകവുമായ ഒരു അന്തരീക്ഷമാണ് ഇന്ന് നമുക്ക് ചുറ്റുമുള്ളത്. ആഗോളവത്ക്കരണമെന്ന വിപണിയുടെ മറവിൽ, മനുഷ്യരാശിയെ അടച്ചു പൂട്ടുന്നതിനുള്ള ശ്രമങ്ങളാണ് എവിടെയും നടക്കുന്നത്. ഇതിന്റെ ഭവിഷ്യത്തുകളായി സമൂഹത്തിൽ പടരുന്നതോ , സ്വാർത്ഥതയും, സാമൂഹിക ജീവിതത്തിന്റെ അഭാവവും. വ്യക്തിതാൽപ്പര്യങ്ങൾക്ക് പ്രത്യേകാധികാരം നൽകുകയും അസ്തിത്വത്തിൻ്റെ സാമുദായിക മാനത്തെ ദുർബ്ബലമാക്കുകയും ചെയ്യുന്ന ലോകമാണ് ഇന്നത്തേതെന്ന്, ലേഖനം നമ്മെ ഓർമ്മപ്പെടുത്തുന്നു. ഉപഭോഗസംസ്കാരം മനുഷ്യബന്ധങ്ങളിൽ ഏൽപ്പിച്ച ആഘാതങ്ങൾ ഏറെ വലുതാണ്. സഹോദരങ്ങൾ എന്ന നിലയിൽ നിന്നും,  ആളുകൾ ഉപഭോക്താക്കളിലേക്കും കാഴ്ചക്കാരിലേക്കും ചുരുങ്ങിപ്പോയത് ഇന്നത്തെ ലോകത്തിന്റെ വലിയ ഒരു അപചയമായി ചൂണ്ടിക്കാണിക്കുന്നു. പരിധികളില്ലാതെ ഉപഭോഗമെന്നും,  ഉള്ളടക്കമില്ലാത്ത വ്യക്തിത്വവുമെന്നാണ്  ഈ ഒരു അവസ്ഥയെ നിശിതമായ ഭാഷയിൽ ലേഖനം വിശദീകരിക്കുന്നത്. പുറംമോടികളാൽ അലംകൃതമായ മനുഷ്യജീവിതത്തിൽ ഹൃദയം നഷ്ടപ്പെടുന്നുവെന്നാണ് ഇതിനർത്ഥം. ഈ നഷ്ടപെടലിന്റെ ഒരുഭാവമാണ്, വലിച്ചെറിയലിന്റെ സംസ്കാരം. പാപ്പാമാർ കാലാകാലങ്ങളായി എടുത്തു പറഞ്ഞിട്ടുള്ള ഈ ഒരു  സംസ്കാരം, ഇന്ന് അതിന്റെ എല്ലാ അതിർവരമ്പുകളും ഭേദിച്ചുകൊണ്ട്, ജീവിതത്തെ കീഴടക്കുന്ന ഒരു അവസ്ഥയിലാണ് നാം എത്തിനിൽക്കുന്നതെന്ന്, ഫ്രത്തെല്ലി തൂത്തി നമ്മെ പഠിപ്പിക്കുന്നു.

നിശബ്ദമാക്കപ്പെടുന്ന സമൂഹങ്ങൾ

ഈ ഒരു അവസ്ഥയിൽ ഏറെ വേദനയനുഭവിക്കുന്ന ദുർബലരായ വ്യക്തികളെപ്പറ്റിയും ലേഖനം പരാമർശിക്കുന്നത്, യഥാർത്ഥ ക്രൈസ്തവീകതയുടെ മുഖം വെളിവാക്കുന്നു. അധികാര താത്പര്യങ്ങളിൽ ഭ്രഷ്ട് കല്പിക്കപെടുന്ന  ഇത്തരം ആളുകളെ ഉൾച്ചേർക്കേണ്ടതിന്റെ ആവശ്യകതയും ലേഖനം അടിവരയിട്ടു പറയുന്നു. ചെറിയ സമൂഹങ്ങളിലെന്നതുപോലെ, അന്താരാഷ്‌ട്ര നിലയിലും ഇത്തരം അടിച്ചമർത്തപ്പെടുന്നവരുടെ ശബ്ദം ലേഖനത്തിൽ ഫ്രാൻസിസ് പാപ്പാ രേഖപ്പെടുത്തുന്നുണ്ട്. വികസ്വര രാജ്യങ്ങൾക്ക്, അവരുടെ സാംസ്കാരിക പ്രത്യേകതകളെ ഉപേക്ഷിച്ചുകൊണ്ട് വികസിതരാജ്യങ്ങളുടെ മാതൃകകൾ ഉൾച്ചേർക്കുവാൻ നിർബന്ധിക്കുന്നതിനെതിരെയും ലേഖനം ചൂണ്ടുപലക ഉയർത്തുന്നു. ഐക്യമെന്ന കപടമുദ്രാവാക്യമുണർത്തിക്കൊണ്ട്, അധികാര താത്പര്യങ്ങളുടെ വരുതിയിൽ രാജ്യങ്ങളെ കൊണ്ടുവരുവാനുള്ള പ്രവണതയും ചാക്രികലേഖനത്തിൽ എടുത്തു പറയുന്നു.

സംസ്കാര സമ്പന്നതയും, കൂട്ടായ്മയും

എന്നാൽ ഓരോ  രാജ്യങ്ങളുടെയും സംസ്കാരങ്ങളുടെ പ്രത്യേകതകൾ ഉൾക്കൊണ്ടുകൊണ്ട് , അംഗങ്ങൾ തമ്മിലുള്ള ബന്ധങ്ങൾക്ക് ജീവന്റെ ഊഷ്‌മളത നൽകുമ്പോഴാണ് കൂട്ടായ്‍മയുടെ ഭാവി സൃഷ്ടിക്കപ്പെടുന്നതെന്നും, ഒന്നാം അധ്യായം അടിവരയിട്ടു പറയുന്നു. എന്നാൽ സ്വന്തമല്ലാത്ത അനുഭവങ്ങൾ കെട്ടിയേല്പിക്കുന്നതിലൂടെയും , മറ്റു രാജ്യങ്ങളുടെ മാതൃകകളിലേക്ക്, സമൂഹങ്ങളെ എത്തിക്കുന്ന പ്രക്രിയയിലൂടെയും സംസ്കാരങ്ങളുടെ സമ്പന്നതയാണ് ഇല്ലാതാകുന്നതെന്നും ലേഖനം മുന്നറിയിപ്പ് നൽകുന്നു. പക്ഷെ ഫലം പുറപ്പെടുവിക്കുന്ന നല്ല ഭാവി ഉരുവാക്കണമെങ്കിൽ, ഓരോ നാടിനെയും അതിന്റെ പ്രത്യേകതകളോടെ ഉൾക്കൊള്ളുവാനും, സഹോദരങ്ങളായി അവരെ സ്വീകരിക്കുവാനും സാധിക്കണമെന്നുള്ള വലിയ പാഠമാണ് ലേഖനം നമുക്ക് നൽകുന്നത്.

ഒഴിവാക്കപ്പെടേണ്ട മതിൽ സംസ്കാരം

അല്ലെങ്കിൽ സംജാതമാകുന്ന 'മതിലുകളുടെ സംസ്കാരം',  ഒരു അപായമെന്ന പോലെ  ലേഖനം നമുക്ക് കാട്ടിത്തരുന്നു. 'ഒഴിവാക്കുന്നതിന്' അടിസ്ഥാനമായി ചൂണ്ടിക്കാണിക്കുന്നത് അഹംഭാവവും, ഉപഭോക്തൃ ജീവിതശൈലിയോടുള്ള അഭിനിവേശവുമാണ്. ‘തനിക്കു വേണ്ടി’ എന്ന ഭാവം മാറ്റിവച്ചുകൊണ്ട് ‘എല്ലാവർക്കും വേണ്ടി’ എന്ന സ്വാതന്ത്ര്യത്തിന്റെയും, സമഭാവനയുടെയും ശൈലി ജീവിതത്തിൽ ഉൾക്കൊള്ളുവാൻ ലേഖനം ആഹ്വാനം ചെയ്യുന്നു. കൊറോണ മഹാമാരിയുടെ അവസരത്തിൽ വീണ്ടുവിചാരം വന്ന ഈ സാമൂഹിക പ്രതിബദ്ധതയെ ജീവിതത്തിൽ അഭംഗുരം കാത്തുസൂക്ഷിക്കണമെന്നും പാപ്പാ പറയുന്നു.

നന്മനിറഞ്ഞ ഭാവിയിലേയ്ക്കുള്ള പ്രത്യാശ

പ്രത്യാശ എന്ന വാക്ക് എടുത്തു പറഞ്ഞുകൊണ്ടാണ് പാപ്പാ ഒന്നാമത്തെ അധ്യായം പര്യവസാനിപ്പിക്കുന്നത്. ഓരോ മനുഷ്യന്റെയും ഉള്ളിൽ കുടികൊള്ളുന്ന ആത്മാവിന്റെ, നന്മയ്ക്കുവേണ്ടിയുള്ള ആഗ്രഹമാണ് യഥാർത്ഥത്തിൽ പ്രത്യാശ എന്ന വാക്കുകൊണ്ട് പാപ്പാ അർത്ഥമാക്കുന്നത്.  ലൗകീകമായി എത്രയധികം മനുഷ്യൻ തിന്മയ്ക്കടിമപ്പെട്ടാലും, അവനെ  അതിൽ നിന്നെല്ലാം മോചിപ്പിച്ചുകൊണ്ട്, നന്മ നിറഞ്ഞ ഒരു  ഭാവിയിലേക്ക് കൂട്ടിക്കൊണ്ടുവരുവാൻ പര്യാപ്തമായ ആത്മീയത പാപ്പാ അടിവരയിട്ടു പറയുന്നു. 'പ്രതീക്ഷയോടെ നടക്കുവാൻ' ആഹ്വാനം ചെയ്തു കൊണ്ടാണ് പാപ്പാ തന്റെ ഒന്നാം അധ്യായം ഉപസംഹരിക്കുന്നത്. ആരംഭിച്ചതോ ചരിത്രത്തിന്റെ ഏടുകൾ ചൂണ്ടിക്കാണിച്ചുകൊണ്ടും. 'ഒന്നും അവസാനമല്ല മറിച്ച് അവസരങ്ങളാണെന്ന' തത്വമാണ് പാപ്പാ നമുക്ക് നൽകുന്നത്.  ഈ ചരിത്രത്തിന്റെ ഭാഗമാകുന്ന വായനക്കാർക്ക് ഒരു കണ്ണാടിയിലെന്ന പോലെ സ്വയം വിചിന്തനത്തിനു സമർപ്പിക്കുവാൻ ഈ ഒന്നാം അദ്ധ്യായം അവസരം നൽകുന്നു.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

10 July 2024, 14:19