നിർമ്മിതബുദ്ധിയുടെ വിവേകപൂർവ്വമുള്ള ഉപയോഗത്തിനും സമാധാനശ്രമങ്ങൾക്കും ആഹ്വാനം ചെയ്‌ത് ഫ്രാൻസിസ് പാപ്പാ
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
നിർമ്മിതബുദ്ധിയുടെ ഉപയോഗം ഏറിവരുന്ന ഇക്കാലത്ത്, തിരഞ്ഞെടുപ്പുകൾ വിവേകത്തോടെയായിരിക്കണമെന്നോർമ്മിപ്പിച്ച് ഫ്രാൻസിസ് പാപ്പാ. ഹിരോഷിമയിൽ ജൂലൈ 9-10 തീയതികളിലായി നടന്ന "സമാധാനത്തിനായി നിർമ്മിതബുദ്ധിയുടെ ധാർമ്മികത" എന്ന പേരിൽ നടന്ന സമ്മേളനത്തിലേക്കയച്ച സന്ദേശത്തിൽ കണക്കുകളെ മാത്രം അടിസ്ഥാനമാക്കി തിരഞ്ഞെടുപ്പുകൾ നടത്തുന്ന യന്ത്രങ്ങളുടെ ഉപയോഗത്തിലുള്ള അപകടങ്ങളെക്കുറിച്ചും പാപ്പാ വീണ്ടും ഓർമ്മിപ്പിച്ചു. കഴിഞ്ഞ ജൂൺ പതിനാലിന് തെക്കൻ ഇറ്റലിയിൽവച്ചു നടന്ന ജി7 ഉച്ചകോടിയിൽ സംബന്ധിച്ച വേളയിലും നിർമ്മിതബുദ്ധിയുടെ ഉപയോഗത്തിൽ അവലംബിക്കേണ്ട മുൻകരുതലുകളെക്കുറിച്ച് പാപ്പാ ഉദ്ബോധിപ്പിച്ചിരുന്നു.
യന്ത്രങ്ങളുടെ ഉപയോഗം വർദ്ധിച്ചുവരുന്ന ഇക്കാലത്ത്, മനുഷ്യാന്തസ്സ് പരിപാലിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കാൻ വേണ്ട പരിശ്രമങ്ങൾ നാം നടത്തുന്നുണ്ടെന്ന് ലോകത്തിനുമുൻപിൽ നാം കാണിച്ചുകൊടുക്കേണ്ടതിന്റെ ആവശ്യത്തെക്കുറിച്ചും പാപ്പാ തന്റെ സന്ദേശത്തിൽ എഴുതി. ഹിരോഷിമയിലാണ് "നിർമ്മിതബുദ്ധിയെക്കുറിച്ചും സമാധാനത്തെക്കുറിച്ചും വിചിന്തനം ചെയ്യാനായി ഈ സമ്മേളനം വിളിച്ചുകൂട്ടപ്പെട്ടത് എന്നതിന് പ്രതീകാത്മകമായ പ്രാധാന്യമേറെയുണ്ടെന്ന് പാപ്പാ ഓർമ്മിപ്പിച്ചു.
സമീപകാലത്തെ യുദ്ധങ്ങളും സംഘർഷങ്ങളുമായി ബന്ധപ്പെട്ട ചർച്ചകൾക്കിടയിൽ നിർമ്മിതബുദ്ധിയെന്ന സങ്കേതത്തെപ്പറ്റി ഏറെ സംസാരിക്കപ്പെടുന്നുണ്ട് എന്നോർപ്പിച്ച പാപ്പാ, യുദ്ധങ്ങളും സായുധസംഘർഷങ്ങളും പോലെയുള്ള ഭീകരതകളുടെ ഭാഗമായി, സ്വയം നിയന്ത്രിത മരകായുധങ്ങളുടെ ഉപയോഗിക്കുന്നത് നിരോധിക്കുന്നതിനെക്കുറിച്ച് ഏറെ പ്രാധാന്യത്തോടെയും പ്രാമുഖ്യത്തോടെയും ചിന്തിക്കേണ്ടതുണ്ടെന്ന് എടുത്തുപറഞ്ഞു. ഒരു മനുഷ്യജീവൻ പോലും എടുക്കാനോ അവസാനിപ്പിക്കാനോ ഉള്ള തീരുമാനമെടുക്കാൻ യന്ത്രങ്ങളെ അനുവദിക്കരുതെന്ന് പാപ്പാ ഉദ്‌ബോധിപ്പിച്ചു. എല്ലാക്കാര്യങ്ങളിലും മനുഷ്യരുടെ നിയന്ത്രണം ഉണ്ടെന്ന് ഉറപ്പാക്കണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
ഹിരോഷിമയിലെ സമ്മേളനത്തിൽ നിർമ്മിതബുദ്ധിയും സമാധാനവും ഒരുപോലെ ചിന്താവിഷയമാകുന്നതിനെ പരാമർശിച്ച പാപ്പാ, ഇവ രണ്ടും ഇക്കാലത്ത് ഏറെ പ്രധാനപ്പെട്ട രണ്ടു വിഷയങ്ങളാണെന്ന്, ജി7 ഉച്ചകോടിയിൽ താൻ നടത്തിയ പ്രഭാഷണത്തെ ഉദ്ധരിച്ചുകൊണ്ട് ഓർമ്മിപ്പിച്ചു.
നിർമ്മിതബുദ്ധി ഉപയോഗിച്ചു പ്രവർത്തിക്കുന്ന യന്ത്രങ്ങൾ, ലഭ്യമായ കണക്കുകളും, സാധ്യതകളും, സ്ഥിതിവിവരക്കണക്കുകളും കണക്കിലെടുത്താണ് തിരഞ്ഞെടുപ്പുകൾ നടത്തുകയെന്നും, എന്നാൽ മനുഷ്യൻ, തിരഞ്ഞെടുപ്പുകൾ നടത്തുക മാത്രമല്ല, ഹൃദയത്തിൽ വിശകലനങ്ങൾ നടത്തി തീരുമാനങ്ങൾ എടുക്കാൻ കഴിവുള്ളവനാണെന്നും പാപ്പാ അനുസ്‌മരിച്ചു. തങ്ങൾ എടുക്കുന്ന തീരുമാനങ്ങൾ ആളുകളിൽ എന്ത് ഫലങ്ങളാണ് ഉളവാക്കുക എന്ന് ആലോചിക്കാൻ നമുക്ക് കടമയുണ്ടെന്ന് ജി7 ഉച്ചകോടിയിൽ വച്ചുനടത്തിയ തന്റെ പ്രഭാഷണത്തിൽ പാപ്പാ ഉദ്ബോധിപ്പിച്ചിരുന്നു.
യന്ത്രങ്ങൾക്ക് സ്വതന്ത്രമായി തിരഞ്ഞെടുപ്പുകൾ നടത്താൻ കഴവുണ്ടായേക്കാമെന്നിരിക്കിലും, തീരുമാനങ്ങൾ എടുക്കേണ്ടത് മനുഷ്യരായിരിക്കണമെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. യന്ത്രങ്ങളുടെ തിരഞ്ഞെടുപ്പുകൾക്ക് മനുഷ്യജീവനുകളെ വിട്ടുകൊടുത്താൽ, പ്രത്യാശയില്ലാത്ത ഒരു ഭാവിയിലേക്കിയിരിക്കും നാം മാനവികതയെ തള്ളിവിടുകയെന്ന് തന്റെ പ്രഭാഷണത്തിൽ പറഞ്ഞത് പാപ്പാ തന്റെ സന്ദേശത്തിൽ ഉദ്ധരിച്ചു.
നിർമ്മിതബുദ്ധിയുടെ ഉപയോഗം നിയന്ത്രിക്കുന്നതിൽ, മനുഷ്യരുടെയും മതങ്ങളുടെയും സാംസ്കാരികമായ സമ്പന്നത ഉപയോഗിക്കേണ്ടതിന്റെ പ്രാധാന്യവും പാപ്പാ എടുത്തുപറഞ്ഞു. ഹിരോഷിമയിൽ നടന്ന ഈ സമ്മേളനം സാഹോദര്യത്തിന്റെയും സഹകരണത്തിന്റെയും ഫലങ്ങൾ ഉളവാക്കട്ടെയെന്നും, ലോകസമാധാനത്തിന്റെ ഉപകരണങ്ങളായി മാറാൻ നമുക്കേവർക്കും സാധിക്കട്ടെയെന്നും പാപ്പാ ആശംസിച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: