തിരയുക

മേരി മേജർ ബസലിക്കയിലുള്ള പരിശുദ്ധ അമ്മയുടെ ചിത്രത്തിനുമുന്നിൽ പ്രാർത്ഥിക്കുന്ന ഫ്രാൻസിസ് പാപ്പാ മേരി മേജർ ബസലിക്കയിലുള്ള പരിശുദ്ധ അമ്മയുടെ ചിത്രത്തിനുമുന്നിൽ പ്രാർത്ഥിക്കുന്ന ഫ്രാൻസിസ് പാപ്പാ 

മേരി മേജർ ബസലിക്കയിലെ മഞ്ഞുമാതാവിന്റെ തിരുനാളിൽ ഫ്രാൻസിസ് പാപ്പാ പങ്കെടുക്കും

മേരി മേജർ ബസലിക്കയുടെ സമർപ്പണവും, മഞ്ഞുമാതാവിന്റെ തിരുനാളും ആഘോഷിക്കപ്പെടുന്ന ഓഗസ്റ്റ് അഞ്ചാം തീയതി വൈകുന്നേരം നടക്കുന്ന ആഘോഷമായ സായാഹ്നപ്രാർത്ഥനയിൽ ഫ്രാൻസിസ് പാപ്പാ പങ്കെടുക്കും. ക്രിസ്തുവർഷം 358 -ലെ വേനൽക്കാലത്ത്, ഓഗസ്റ്റ് അഞ്ചാം തീയതി റോമിൽ അത്ഭുതകരമായി മഞ്ഞുപെയ്തതിനെ അനുസ്മരിക്കുന്ന തിരുനാളാണിത്.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

"റോമൻ ജനതയുടെ സംരക്ഷക" എന്ന പേരിൽ അറിയപ്പെടുന്ന പരിശുദ്ധ കന്യകയുടെ ചിത്രമുള്ള മേരി മേജർ ബസലിക്കയിൽ ഓഗസ്റ്റ് അഞ്ചാം തീയതി തിങ്കളാഴ്ച ബസലിക്കയുടെ സമർപ്പണവും, മഞ്ഞുമാതാവിന്റെ തിരുനാളും സംയുക്തമായി കൊണ്ടാടപ്പെടുമ്പോൾ, അന്നേ ദിവസം ഫ്രാൻസിസ് പാപ്പായും പ്രാർത്ഥനയിൽ പങ്കുചേരാനെത്തുമെന്ന് തിരുനാൾ സംഘാടകർ അറിയിച്ചു. തിരുനാൾ ദിനം വൈകുന്നേരം അഞ്ചരയ്ക്ക് നടക്കുന്ന ആഘോഷമായ സായാഹ്നപ്രാർത്ഥനയിൽ പരിശുദ്ധ പിതാവിന്റെ സാന്നിദ്ധ്യമുണ്ടായിരിക്കുമെന്നാണ് ബസലിക്കയിൽനിന്ന് അറിയിച്ചിട്ടുള്ളത്.

തിരുനാൾ ദിവസം രാവിലെ പത്തുമണിക്ക്, "ബസലിക്കയുടെ പ്രധാനപുരോഹിതൻ" എന്ന പദവിയുള്ള കർദ്ദിനാൾ സ്റ്റാനിസ്ളാവ് റൈൽക്കോയുടെ മുഖ്യകാർമ്മികത്വത്തിൽ ആഘോഷപൂർവ്വമായ വിശുദ്ധബലി ഉണ്ടായിരിക്കും. ബസലിക്കയുടെ ചുമതലയിൽ രണ്ടാം സ്ഥാനക്കാരനും, കർദ്ദിനാളിന്റെ സഹായകനുമായ ആർച്ച്ബിഷപ് റോലാൻഡാസ് മാക്റിസ്‌കാസ് വൈകുന്നേരം അഞ്ചരയ്ക്ക് സായാഹ്നപ്രാർത്ഥനകൾ നയിക്കും. തദവസരത്തിൽ ഫ്രാൻസിസ് പാപ്പായുടെയും സാന്നിദ്ധ്യമുണ്ടാകുമെന്നാണ് റോം രൂപത അറിയിച്ചിരിക്കുന്നത്.

ബസലിക്കയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട ചരിത്രത്തിൽ രേഖപ്പെടുത്തിയിരിക്കുന്നതുപോലെ, ക്രിസ്തുവർഷം 358-ൽ, ഇറ്റലിയിലെ കടുത്ത വേനൽക്കാലത്ത് ഓഗസ്റ്റ് മാസം അഞ്ചാം തീയതി അത്ഭുതകരമായി മഞ്ഞുപെയ്തതിനെ അനുസ്മരിപ്പിക്കും വിധത്തിൽ, എല്ലാ വർഷങ്ങളിലുമുള്ള പതിവുപോലെ, വെളുത്ത റോസാദളങ്ങൾ ദേവാലയത്തിൽ വർഷിക്കപ്പെടും. ഇത്തവണത്തെ ഈ ചടങ്ങിൽ പാപ്പായുടെ സാന്നിദ്ധ്യവുമുണ്ടാകും.

തിരുനാൾ ദിനം വൈകന്നേരം ഏഴ് മണിക്ക്, പൊന്തിഫിക്കൽ മിഷനറി പ്രവർത്തങ്ങൾക്കായുള്ള പ്രസ്ഥാനത്തിന്റെ പ്രസിഡന്റ് ആർച്ച്ബിഷപ് എമിലിയോ നാപ്പയുടെ മുഖ്യകാർമ്മികത്വത്തിൽ വിശുദ്ധബലിയുണ്ടാകും.

358 ഓഗസ്റ്റ് അഞ്ചാം തീയതി, റോമിലെ എസ്‌ക്വിലിനോ കുന്നിൽ മഞ്ഞു പെയ്‌തയിടത്ത് പണികഴിപ്പിച്ചതാണ് മേരി മേജർ ബസലിക്ക. 310 മുതൽ 366 വരെ സഭയുടെ തലവനായിരുന്ന ലിബേരിയൂസ് പാപ്പായായിരുന്നു ഇതിനായി സ്ഥലം കണ്ടെത്തിയത്. "അത്ഭുതകരമായ ഒരു കാര്യം നടക്കുന്നയിടത്ത് തനിക്കായി ഒരു ദേവാലയം പണിയണമെന്ന്" പരിശുദ്ധ അമ്മ നൽകിയ നിർദേശമനുസരിച്ചാണ് ഈ സ്ഥലം തിരഞ്ഞെടുക്കപ്പെട്ടത് എന്നാണ് ചരിത്രം.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

11 July 2024, 16:26