ഇന്തോനേഷ്യൻ ജനത വിശ്വാസത്തിലും സാഹോദര്യത്തിലും സഹാനുഭൂതിയിലും വളരട്ടെ, പാപ്പാ!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
ഫ്രാൻസീസ് പാപ്പാ തൻറെ നാല്പത്തിയഞ്ചാം വിദേശ അപ്പൊസ്തോലിക പര്യടനം ആരംഭിച്ചിരിക്കുന്നു. സെപ്റ്റംബർ 2-ന് തിങ്കളാഴ്ച പ്രാദേശിക സമയം വൈകുന്നേരം 5.20-ന്, റോമിലെ ലെയൊണാർദൊ ദ വിഞ്ചി അന്താരാഷ്ട്രവിമാനത്താവളത്തിൽ നിന്ന് ഇറ്റലിയുടെ “ഇത്ത” (ITA) എയർവെയ്സിൻറെ വിമാനത്തിൽ പാപ്പാ യാത്ര പുറപ്പെട്ടു. റോമിനും ഇന്തോനേഷ്യയുടെ തലസ്ഥാനമായ ജക്കാർത്തയ്ക്കും ഇടയ്ക്കുള്ള 11354 കിലോമീറ്റർ ദൂരം ഏതാണ്ട് 13 മണിക്കൂർ കൊണ്ട് താണ്ടിയ വിമാനം ചൊവ്വാഴ്ച (03/09/24), നിശ്ചിത സമയത്തെക്കാൾ 15 മിനിറ്റ് നേരത്തെ, ഇന്തൊനേഷ്യയിലെ സമയം, മദ്ധ്യാഹ്നത്തിനു മുമ്പ്, 11.15-ന് ജക്കാർത്തയിലെ സുക്കാർണൊ ഹാത്ത വിമാനത്താവളത്തിൽ ഇറങ്ങി. അപ്പോൾ ഇന്ത്യയിൽ സമയം ചൊവ്വാഴ്ച രാവിലെ 9.45 ആയിരുന്നു, അതായത്, ഇന്തൊനേഷ്യ സമയത്തിൽ ഇന്ത്യയെക്കാൾ ഒരു മണിക്കൂറും മുപ്പതും മിനിറ്റും മുന്നിലാണ്.
ജക്കാർത്തയിൽ
ഇന്തൊനേഷ്യയിലെ അപ്പൊസ്തോലിക് നുൺഷ്യൊ ആർച്ചുബിഷപ്പ് പീയെറൊ പോപ്പൊയും അന്നാട്ടിലെ പേപ്പൽ ഇടയസന്ദർശനപരിപാടികളുടെ നിയന്താവും വിമാനത്തിനകത്തു കയറി പാപ്പായെ പുറത്തേക്കാനയിച്ചു. പാപ്പായെ സ്വീകരിക്കുന്നതിന് മതകാര്യമന്ത്രിയുൾപ്പടെ സർക്കാർ പ്രതിനിധികളും സഭാ പ്രതിനിധികളും പുറത്തു കാത്തു നില്പുണ്ടായിരുന്നു. വിമാനത്തിനകത്തു നിന്നു താലക്കാലിക ലിഫ്റ്റു വഴി ചക്രക്കസേരയിൽ താഴെയെത്തിയ പാപ്പായ്ക്ക്, പച്ചക്കറി, സഗന്ധവ്യഞ്ജനം, പൂവ് എന്നിവയാൽ തീർത്ത ചെണ്ട് പാരമ്പര്യ വേഷധാരികളായ ബാലികാബലന്മാർ നല്കി ആദരവർപ്പിച്ചു. തുടർന്നു പാപ്പാ സർക്കാരിൻറെയും സഭയുടെയും പ്രതിനിധികളെ അഭിവാദ്യം ചെയ്തിനു ശേഷം വിമാനത്താവളത്തിൽ നിന്ന് 27 കിലോമീറ്റർ അകലെയുള്ള അപ്പൊസ്തോലിക് നൺഷിയേച്ചറിലേക്ക് കാറിൽ യാത്രയായി. പാപ്പാ കടന്നു പോയ വഴിയുടെ ഓരങ്ങളിൽ നിരവധിപ്പേർ പാപ്പായെ ഒരു നോക്കു കാണാനുള്ള ആഗ്രഹവുമായി നില്പുണ്ടായിരുന്നു.
ജക്കാർത്ത നഗരവും അതിരൂപതയും
1 കോടി പതിനൊന്നു ലക്ഷത്തോളം നിവാസികളുള്ള നഗരമാണ് ഇന്തൊനേഷ്യയുടെ തലസ്ഥാനമായ ജക്കാർത്ത. “വിജയവും ഐശ്വര്യവുമുള്ളത്” എന്നാണ് ജക്കാർത്തയുടെ അർത്ഥം. 1961 ജനുവരി 3-ന് അന്നാട്ടിൽ സ്ഥാപിതമായ അപ്പൊസ്തോലിക് വികാരിയാത്തിനും ജക്കാർത്ത എന്ന പേരു നല്കപ്പെട്ടു. ഈ വികാരിയാത്ത് അതിരൂപതയായി ഉയർത്തപ്പെട്ടത് 1973 ആഗസ്റ്റ് 22-നാണ്. ജക്കാർത്ത അതിരൂപതാതിർത്തിക്കുള്ളിൽ വസിക്കുന്ന രണ്ടുകോടി 6 ലക്ഷത്തിൽപ്പരം ജനങ്ങളിൽ കത്തോലിക്കർ 5 ലക്ഷത്തി 60000-ൽപ്പരം മാത്രമാണ്. 68 ഇടവകകളും 75 രൂപതാവൈദികരും 279 സന്ന്യസ്ത വൈദികരും ഈ അതിരൂപതയ്ക്കുണ്ട്. സന്ന്യസ്തരുടെ സംഖ്യ 450-ലേറെയും സന്ന്യാസിനിസഹോദരികൾ 650-നടുത്തും വരും. 74 വയസ്സു പ്രായമുള്ള കർദ്ദിനാൾ ഇഗ്നാത്തിയുസ് സുഹാരിയൊ ഹർദ്ജൊഅത്മൊദ്ജൊ (Ignatius Suharyo Hardjoatmodjo) ആണ് അതിരൂപതാദ്ധ്യക്ഷൻ.
പാപ്പാ അപ്പൊസ്തോലിക് നൺഷിയേച്ചറിൽ
വിമാനത്താവളത്തിൽ നിന്ന് അപ്പൊസ്തോലിക് നൺഷിയേച്ചറിൽ എത്തിയ പാപ്പാ ഡൊമിനിക്കൻ സന്ന്യാസികളുടെയും ഈശോസഭയുടെ അഭയാർത്ഥി സേവന വിഭാഗത്തിൻറെയും വിശുദ്ധ എജീദിയൊയുടെ സമൂഹത്തിൻറെയും സഹായത്താൽ കഴിയുന്ന കുഞ്ഞുങ്ങൾ മുതൽ വൃദ്ധജനം വരെയുള്ള അഭായാർത്ഥികളും അനാഥരും ദരിദ്രരുമായ നാല്പതോളം പേരടങ്ങിയ സംഘവുമായി കൂടിക്കാഴ്ച നടത്തി. പാപ്പായുടെ ഔദ്യോഗികപരിപാടിയിൽ ഈ കൂടിക്കാഴ്ച ഇല്ലായിരുന്നു. എങ്കിലും പാപ്പാ അവരെ ഓരോരുത്തരായി അഭിവാദ്യം ചെയ്യുകയും അവരുടെ ജീവിത കഥകൾ ശ്രവിക്കുകയും ചെയ്തു. പാപ്പാ റോമിൽ നിന്ന് ജക്കാർത്തയിലേക്കുള്ള യാത്രാവേളയിൽ മാദ്ധ്യമപ്രവർത്തകരോടും സംസാരിക്കവെ സൂചിപ്പിച്ചതു പോലെ സുദീർഘ യാത്രയായിരുന്നതിനാൽ ആഗമനദിനത്തിൽ ഔദ്യോഗിക പരിപാടികൾ ഒന്നും ഉണ്ടായിരുന്നില്ല. അന്ന് പാപ്പാ അപ്പൊസ്തോലിക് നൺഷിയേച്ചറിൽ വിശ്രമിച്ചു.
അപ്പൊസ്തോലിക് നൺഷിയേച്ചർ സ്ഥിതിതിചെയ്യുന്നത് ജക്കാർത്തയുടെ ഹൃദയഭാഗത്ത് മെർദെക്ക ചത്വരത്തിനടുത്താണ്. 1964- ഒകടോബരിൽ പണിയാരംഭിച്ച നൺഷേയേച്ചർ കെട്ടിടം പൂർത്തിയായത് 1966-ലും. അതിൻറെ ഉദ്ഘാടനം അക്കൊല്ലം ജൂൺ 29-നുമായിരുന്നു.
ജക്കാർത്തയിൽ ബുധനാഴ്ച പാപ്പായുടെ പരിപാടികൾ രാഷ്ടപതി ഭവനിൽ ഔദ്യോഗിക സ്വീകരണം, അവിടെവച്ച് നയതന്ത്ര പ്രതിനിധികൾ സർക്കാർ പ്രതിനിധികൾ, പൗരാധികാരികൾ തുടങ്ങിയവരുമായുള്ള കൂടിക്കാഴ്ച, അപ്പൊസ്തോലിക് നൺഷിയേച്ചറിൽ വച്ച് ഈശോസഭാംഗങ്ങളുമായുള്ള സ്വകാര്യ കൂടിക്കാഴ്ച, സ്വർഗ്ഗാരോപിതനാഥയുടെ കത്തിദ്രലിൽ വച്ച് മെത്രാന്മാരും വൈദികരുമൊത്തുള്ള നേർക്കാഴ്ച ഗൃഹ പെമൂദ യുവജനഭവന സന്ദർശനം എന്നിവയായിരുന്നു.
രാഷ്ട്രപതി മന്ദിരത്തിൽ ഔപചാരിക സ്വീകരണം
അപ്പൊസ്തോലിക് നൺഷിയേച്ചറിൽ നിന്ന് 3 കിലോമീറ്ററോളം അകലെയാണ് പ്രസിഡൻറിൻറെ ഔദ്യോഗിക വസതി. ജോക്കൊ വിദൊദൊയാണ് പ്രസിഡൻറ്. കാറിൽ രാഷ്ട്രപതി മന്ദിരത്തിലേക്കു യാത്രയായ പാപ്പായെ കാത്ത് ആ മന്ദിരത്തിലേക്കുള്ള വീഥിക്കരികിൽ നിരവധിപ്പേർ നില്പുണ്ടായിരുന്നു. മന്ദിരത്തിനടുത്തു വച്ച് കാറിൽ നിന്നിറങ്ങി ചക്രക്കസേരയിൽ നീങ്ങിയ പാപ്പാ എല്ലാവരെയും അഭിവാദ്യം ചെയ്തു. മന്ദിരത്തിൻറെ മുന്നിലെത്തിയ പാപ്പായെ പ്രസിഡൻറ് പ്രസിഡൻറ് ജോക്കൊ വിദൊദൊ സ്വീകരിച്ച് പൂമുഖത്തേക്കാനയിച്ചു. വത്തിക്കാൻറെയും ഇന്തൊനേഷ്യയുടെയും ദേശീയഗാനങ്ങൾ സൈനിക ബാൻറ് വാദനം ചെയ്തു. പാപ്പായ്ക്ക് സൈനികോപചാരം അർപ്പിക്കപ്പെട്ടു. തുടർന്ന് സന്നിഹിതരായിരുന്ന സഭയുടെയും സർക്കാരിൻറെയും പ്രതിനിധികളെ പരിചയപ്പെടുത്തുന്ന ചടങ്ങായിരുന്നു. തദ്ദനന്തരം, പ്രസിഡൻറ് പാപ്പായെ മന്ദിരത്തികത്തേക്ക് ആനയിച്ചു. ചക്രക്കസേരയിൽ അവിടെ എത്തിയ പാപ്പാ വിശിഷ്ടാഥിതികൾക്ക് സന്ദർശനക്കുറിപ്പു രേഖപ്പെടുത്തുന്നതിനുള്ള ഗ്രന്ഥത്തിൽ തൻറെ ചിന്തകൾ കുറിച്ചു.
പാപ്പായുടെ സന്ദർശനക്കുറിപ്പ്
“വിഭിന്നങ്ങളായ സംസ്‌കാരങ്ങളും മതങ്ങളും തമ്മിലുള്ള സമാഗമത്തിൻറെയും സംവാദത്തിൻറെയും വേദിയായ ഈ മണ്ണിൻറ മനോഹാരിതയിൽ ആമഗ്നനായി ഞാൻ ഇന്തോനേഷ്യയിലെ ജനത വിശ്വാസത്തിലും സാഹോദര്യത്തിലും സഹാനുഭൂതിയിലും വളരട്ടെ എന്ന് ആശംസിക്കുന്നു. ദൈവം ഇന്തോനേഷ്യയെ അനുഗ്രഹിക്കട്ടെ!” എന്നാണ് പാപ്പാ സ്വന്തം കൈപ്പടയിൽ രേഖപ്പെടുത്തിയത്.
പ്രസിഡൻറും പാപ്പായും സ്വകാര്യസംഭാഷണത്തിൽ
തദ്ദനന്തരം ഛായാഗ്രഹണ വേളയായിരുന്നു. ഔപചാരിക പടമെടുക്കൽ ചടങ്ങിനു ശേഷം പാപ്പായും പ്രസിഡൻറും സ്വകാര്യകുടിക്കാഴ്ച നടത്തി. ഇന്തൊനേഷ്യയുടെ വിദേശകാര്യമന്ത്രി റെത്നൊ മർസുദിയുടെയും വത്തിക്കാൻ സംസ്ഥാനകാര്യദർശി കർദ്ദിനാൾ പീയെത്രൊ പരോളിൻറെയും സാന്നിധ്യത്തിലായിരുന്നു ഈ കൂടിക്കാഴ്ച. പാപ്പായും പ്രസിഡൻറും സമ്മാനങ്ങൾ കൈമാറുകയും ചെയ്തു. തദ്ദനന്തരം പാപ്പായുടെ പരിപാടി പ്രസിഡൻറിൻറെ ഔദ്യോഗിക മന്ദിരസമുച്ചയത്തിലെ ഇസ്താന നെഗാരയിൽ വച്ച് ഭരണാധികാരികളും പൗരസമൂഹ പ്രതിനിധികളും നയതന്ത്രപ്രതിനിധികളുമുൾപ്പടെയുള്ള മൂന്നൂറോളം പേരടങ്ങുന്ന സംഘവുമായുള്ള കൂടിക്കാഴ്ചയായിരുന്നു.
ഭരണാധികാരികളും പൗരസമൂഹ പ്രതിനിധികളും നയതന്ത്രപ്രതിനിധികളുമായുള്ള കൂടിക്കാഴ്ച
പ്രസിഡൻറിൻറെ വിദൊദൊയുടെ സ്വാഗതവാക്കുകളോടെയാണ് കൂടിക്കാഴ്ച ആരംഭിച്ചത്. അള്ളാഹുവിൻറെ സമാധാനവും കാരുണ്യവും അനുഗ്രഹങ്ങളും അങ്ങേയ്ക്കുമുണ്ടാകട്ടെ. നമുക്കെല്ലാവർക്കും സമാധാനമുണ്ടാകട്ടെ എന്ന ആശംസയോടെയാണ് പ്രസിഡൻറ് വിദൊദൊ തൻറെ സ്വാഗത പ്രസംഗം ആരംഭിച്ചത്.
ഇന്തോനേഷ്യ പാപ്പായുടെ സന്ദർശനത്തെ സന്തോഷത്തോടെയും ഊഷ്മളതയോടെയും സ്വാഗതം ചെയ്യുന്നുവെന്നു പ്രസിഡൻറ് പറഞ്ഞു. പാപ്പാ ഇതുവരെ നടത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും ദൈർഘ്യമേറിയ യാത്രയാണിതെന്ന് താൻ കേട്ടുവെന്നു വെളിപ്പെടുത്തിയ അദ്ദേഹം തങ്ങളുടെ രാജ്യമായ ഇന്തോനേഷ്യ സന്ദർശിക്കാനുള്ള ക്ഷണം സ്വീകരിക്കാൻ കാട്ടിയ സന്മനസ്സിന് പാപ്പായ്ക്ക് നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.
വൈവിധ്യത്തെ പ്രകീർത്തിക്കുന്നതിനാൽ ഈ സന്ദർശനം വളരെ ശക്തവും പ്രധാനപ്പെട്ടതുമായ ഒരു സന്ദേശമാണെന്നും, ഇന്തോനേഷ്യ ഒരു ബഹുസ്വര രാജ്യമാണെന്നും അത്, ഭിന്ന വംശങ്ങളാലും സംസ്കാരങ്ങളാലും മതങ്ങളാലൂം രൂപീകൃതമാണെന്നും ഈ വൈവിധ്യങ്ങൾക്കിടയിൽ ഐക്യം വളർത്തിയെടുക്കാൻ ശ്രമിക്കുന്നുവെന്നും പ്രസിഡൻറ് വിദൊദൊ പറഞ്ഞു.
ഇന്തോനേഷ്യയെ സംബന്ധിച്ചിടത്തോളം, വൈവിധ്യം ഒരു ദാനമാണ്, സഹിഷ്ണുതയാണ് ഐക്യത്തിനും സമാധാനത്തിനുമുള്ള പോഷണമാണ്, അദ്ദേഹം തുടർന്നു.... നാടിൻറെ അടിത്തറയായി 'പഞ്ചശില' (അഞ്ച് തൂണുകൾ) ലഭിച്ചിട്ടുള്ള വളരെ ഭാഗ്യമുള്ള ഒരു രാഷ്ട്രമാണ് ഇന്തോനേഷ്യ: അതിനാൽ നമുക്ക് പരസ്പരം ഒന്നിച്ച് ജീവിക്കാൻ കഴിയും. വത്തിക്കാനുമായി ചേർന്ന് പ്രോത്സാഹിപ്പിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്ന സഹിഷ്ണുതയുടെതായ സമാധാനത്തിൻറെ ഈ തത്വം ലോകത്തിലെ വിവിധങ്ങളായ സംഘർഷങ്ങൾക്കിടയിൽ വളരെ പ്രധാനമാണ്. നമുക്കെല്ലാവർക്കും അറിയാവുന്നതുപോലെ, 40,000-ത്തിലധികം ആളുകൾ മരിച്ച പലസ്തീനിൽ ഉൾപ്പെടെ ലോകത്തിൻറെ വിവിധ ഭാഗങ്ങളിൽ സംഘർഷങ്ങളും യുദ്ധങ്ങളും നടക്കുന്നു. പലസ്തീനുവേണ്ടി സമാധാനത്തിനുള്ള അഭ്യർത്ഥനകൾ നടത്താനും ദ്വിരാഷ്ട്ര പരിഹാരം നിർദ്ദേശിക്കാനും ഒരിക്കലും മടുക്കാത്ത പരിശുദ്ധ പിതാവിൻറെ മനോഭാവത്തെയും നിലപാടിനെയും ഇന്തോനേഷ്യ അഭിനന്ദിക്കുന്നു, കാരണം യുദ്ധം ആർക്കും ഒരു പ്രയോജനവും പ്രദാനം ചെയ്യുന്നില്ല, യുദ്ധം കുഞ്ഞുങ്ങൾക്ക് കഷ്ടപ്പാടും ദുരിതവും നൽകുക മാത്രമാണ് ചെയ്യുന്നത്. അതുകൊണ്ടാണ് നമുക്കുള്ള വൈവിധ്യത്തെ നമ്മൾ ആഘോഷിക്കുന്നത്. നരുകലത്തിനു മുഴുവൻ സമാധാനമുണ്ടാകുന്നതിനും മെച്ചപ്പെട്ട ലോകത്തിൻറെ സാക്ഷാത്ക്കാരത്തിനുമായി ഞങ്ങൾ പരസ്പരം അംഗീകരിക്കുകയും സഹിഷ്ണുത ശക്തിപ്പെടുത്തുകയും ചെയ്യുന്നു. നന്ദി
ഈ വാക്കുകളിൽ തൻറെ സ്വാഗത പ്രസംഗം പ്രസിഡൻറ് വിദൊദൊ ഉപസംഹിച്ചതിനെ തുടർന്ന് ഫ്രാൻസീസ് പാപ്പാ ഇന്തൊനേഷ്യയിലെ തൻറെ കന്നി പ്രഭാഷണം നടത്തി.
സർക്കാർ പ്രതിനിധികൾ പൗരസമൂഹ പ്രതിനിധികൾ നയതന്ത്രപ്രതിനിധികൾ എന്നിവരുമായുള്ള ഈ കുടിക്കാഴ്ചാനന്തരം ഫ്രാൻസീസ് പാപ്പാ ചക്രക്കസേരയിൽ വേദിവിട്ടു. പാപ്പാ പ്രസിഡൻറിൻറെ ഔദ്യോഗിക വസതിയുടെ വെളിയിലെത്തിയപ്പോൾ അവിടെ സന്നിഹിതരായിരുന്ന ജനസഞ്ചയം വത്തിക്കാൻറെയും ഇന്തൊനേഷ്യയുടെയും പതാകകൾ വീശിയും ആരവങ്ങളുയർത്തിയും തങ്ങളുടെ ആനന്ദം വിളിച്ചോതുന്നുണ്ടായിരുന്നു. അവരെ അഭിവാദ്യം ചെയ്തുകൊണ്ട് കാറിലേറിയ പാപ്പാ 3 കിലോമീറ്ററോളം അകലെയുള്ള അപ്പൊസ്തോലിക് നൺഷിയേച്ചറിലേക്കു യാത്രയായി. അവിടെയെത്തിയ പാപ്പാ ഇന്തൊനേഷ്യയിലെ ഇശോസഭാംഗങ്ങളുമൊത്ത് സ്വകാര്യകൂടിക്കാഴ്ച നടത്തി. തദ്ദനന്തരം മുത്താഴം കഴിച്ച് അല്പം വിശ്രമിച്ചു. പാപ്പായുടെ ബുധനാഴ്ചത്തെ ഇതര പരിപാടികൾ അപ്പൊസ്തോലിക് നൺഷിയേച്ചറിൽ നിന്ന് ഒന്നര കിലോമീറ്റർ അകലെയുള്ള സ്വർഗ്ഗാരോപിതനാഥയുടെ കത്തീദ്രലിൽ വച്ച് വൈകുന്നേരം പ്രാദേശിക സമയം 4.30-ന് മെത്രാന്മാർ, വൈദികർ, ശെമ്മാശന്മാർ, സമർപ്പിതർ, വൈദികാർത്ഥികൾ, മതബോധകർ എന്നിവരുമായുള്ള കൂടിക്കാഴ്ച, ഗൃഹ പെമുദ യുവജന ഭവനത്തിൽവച്ച് സ്കോള ഒക്കുരേന്തെസ് യുവജനങ്ങളുമായുള്ള കൂടിക്കാഴ്ച എന്നിവയായിരുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: