കർത്താവിൻറെ സ്വരം ശ്രവിക്കുക, ആത്മാവിനാൽ നയിക്കപ്പെടാൻ അനുവദിക്കുക, പാപ്പാ!

മെത്രാന്മാരുടെ സിനഡിൻറെ പതിനാറാം സാധാരണ സമ്മേളനത്തിൻറെ സമാപന ഘട്ടത്തിൻറെ ഉദ്ഘാടന ദിവ്യബലിയിൽ ഫ്രാൻസീസ് പാപ്പാ പങ്കുവച്ച ചിന്തകൾ.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

മെത്രാന്മാരുടെ സിനഡിൻറെ പതിനാറാം സാധാരണ സമ്മേളനത്തിൻറെ സാർവ്വത്രികസഭാ തലത്തിലുള്ള സമാപനഘട്ടം വത്തിക്കാനിൽ ഒക്ടോബർ 2-ന് ആരംഭിച്ചു. ഉദ്ഘാടന ദിവ്യബലി, രണ്ടാം തീയതി (02/10/24) ബുധനാഴ്ച രാവിലെ, വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ ചത്വരത്തിൽ ഫ്രാൻസീസ് പാപ്പായുടെ മുഖ്യകാർമ്മികത്വത്തിൽ അർപ്പിക്കപ്പെട്ടു. പാപ്പായുടെ സുവിശേഷ പ്രഭാഷണത്തിൻറെ സംഗ്രഹം:

ഇന്ന് കാവൽമാലാഖമാരുടെ ഓർമ്മയാചരണ ദിവ്യബലയിൽ നാം മെത്രാന്മാരുടെ സിനഡിൻെറെ സമ്പൂർണ്ണസമ്മേളന ഘട്ടം വീണ്ടും ആരംഭിക്കുകയാണ്. ഈ ആമുഖ വാക്കുകളോടെ തൻറെ വിചിന്തനത്തിന് തുടക്കം കുറിച്ച് പാപ്പാ ഇപ്രകാരം തുടർന്നു:  ദൈവവചനം നമ്മോട് നിർദ്ദേശിക്കുന്നത് ശ്രദ്ധിച്ചാൽ, നമ്മുടെ മനനത്തിന് മൂന്ന് പ്രതീകങ്ങളിൽ നിന്ന പ്രചോദനമുൾക്കൊള്ളാനാകും: സ്വരം, അഭയസങ്കേതം, ശിശു.

സ്വരം: താനയച്ച “ദൂതൻറെ സ്വരം” ശ്രവിക്കാൻ,  വാഗ്ദത്ത ദേശത്തേക്കുള്ള യാത്രയിൽ, ദൈവം ജനങ്ങളോട് ശുപാർശ ചെയ്യുന്നു (പുറപ്പാട് 23:20-22 കാണുക). ഇത് നമ്മെ വളരെ അടുത്ത് സ്പർശിക്കുന്ന ഒരു പ്രതീകമാണ്, കാരണം സിനഡും ഒരു യാത്രയാണ്, ഒരു മഹാ ജനതയുടെ ചരിത്രവും സ്വപ്നങ്ങളും പ്രതീക്ഷകളും കർത്താവ് നമ്മുടെ കൈകളിൽ വച്ചിരിക്കുന്ന ഒരു യാത്ര: ലോകത്തിൻറെ എല്ലാ ഭാഗങ്ങളിലും ചിതറിക്കിടക്കുന്ന, നമ്മുടെ അതേ വിശ്വാസത്താൽ ചൈതന്യവൽക്കരിക്കപ്പെട്ട, വിശുദ്ധിക്കായുള്ള ഒരേ അഭിവാഞ്ഛയാൽ നയിക്കപ്പെടുന്ന സഹോദരിസഹോദരന്മാരടങ്ങുന്ന ജനത. കർത്താവ് ആഗ്രഹിക്കുന്നവിടെ എത്തിച്ചേരുന്നതിനുള്ള ഉചിതമായ പാത എതാണെന്ന് ഗ്രഹിക്കാൻ  അങ്ങനെ അവരോടൊപ്പം അവർക്കു വേണ്ടി നാം ശ്രമിക്കുന്നു. എന്നാൽ "മാലാഖയുടെ സ്വരം" നമുക്ക് എങ്ങനെ കേൾക്കാനാകും?

മനസ്സിനെയും ഹൃദയത്തെയും ശുദ്ധീകരിക്കാനുള്ള ഈ മൂന്ന് വർഷത്തെ തീവ്രമായ പ്രയത്‌നത്തിലും പങ്കുവയ്‌ക്കലിലും ചർച്ചയിലും ക്ഷമാപൂർവ്വമായ പരിശ്രമത്തിലും സമാഹരിച്ച എല്ലാ സംഭാവനകളെയും പ്രാർത്ഥനയിലും ദൈവവചനത്തിൻറെ വെളിച്ചത്തിലും ആദരവോടും ശ്രദ്ധയോടും കൂടി സമീപിക്കുക എന്നതാണ് ഒരു മാർഗ്ഗം. പരിശുദ്ധാത്മാവിൻറെ സഹായത്തോടെ, സ്വരങ്ങൾ, അതായത്, അതായത്, സഭയോട് സംസാരിക്കുന്ന ദൈവത്തിൻറെ സ്വരം ഒത്തൊരുമിച്ചു തിരിച്ചറിയുന്നതിനായി ആശയങ്ങളും പ്രതീക്ഷകളും നിർദ്ദേശങ്ങളും,   ശ്രവിക്കുകയും മനസ്സിലാക്കുയുമാണിത്. (cf. RENATO CORTI, Quale prete?, Appunti inediti).   നമ്മൾ പലവുരു അനുസ്മരിച്ചിട്ടുള്ളതു പോലെ, നമ്മുടേത് ഒരു പാർലിമെൻറ് യോഗമല്ല, മറിച്ച് കൂട്ടായ്മയിലുള്ള ശ്രവണവേദിയാണ്, മഹാനായ വിശുദ്ധ ഗ്രിഗറി പറയുന്നത് പോലെ,  അതിൽ, ഭാഗികമായി ഒരാൾ ഉള്ളിൽ പേറുന്നത് മറ്റൊരാളിൽ പൂർണ്ണമായും ഉൾക്കൊള്ളുന്നു, ചിലർക്ക് പ്രത്യേക ദാനങ്ങൾ ഉണ്ടെങ്കിൽത്തന്നെയും അവയെല്ലാം "ആത്മാവിൻറെ ഉപവിയിൽ" സഹോദരങ്ങളായവരുടേതാണ് (cf. Homilies on the Gospels, XXXIV).

എന്നിരുന്നാലും, ഇത് സംഭവിക്കുന്നതിന്, ഒരു വ്യവസ്ഥയുണ്ട്: നമ്മിലും നമുക്കിടയിലും, "ആത്മാവിൻറെ ഉപവി" നാനാത്വത്തിൽ ഐക്യം സൃഷ്ടിക്കുന്നതിന് പ്രതിബന്ധമായവയിൽ നിന്ന് സ്വയം മോചിതരാകുക. തങ്ങൾക്ക് സവിശേഷാവകാശങ്ങൾ ഉണ്ടെന്ന് ഗർവ്വോടെ അനുമാനിക്കുകയും അവകാശപ്പെടുകയും ചെയ്യുന്നവർക്ക് കർത്താവിൻറെ ശബ്ദം കേൾക്കാൻ കഴിയില്ല (മർക്കോസ് 9,38-39 കാണുക). പകരം, സഹോദരങ്ങളുടെ നന്മയ്ക്കായി ദൈവം പ്രദാനം ചെയ്തവയുടെ പ്രതിധ്വനിയായി മാറുന്നതിന് ഓരോ വാക്കും നന്ദിയോടെയും ലാളിത്യത്തോടെയും സ്വീകരിക്കണം. വ്യക്തമായ രീതിയിൽ പറഞ്ഞാൽ, നമ്മുടെ സംഭാവനകളെ, പ്രതിരോധിക്കാനുള്ള ഉപായങ്ങളോ അടിച്ചേൽപ്പിക്കാനുള്ള പദ്ധതികളോ ആക്കി അവയെ മാറ്റാതിരിക്കാൻ നമുക്ക് ശ്രദ്ധിക്കാം, മറിച്ച, പങ്കിടാനുള്ള ദാനങ്ങളായി നമുക്ക് അവ നല്കാം, ദൈവിക പദ്ധതിക്കനുസൃതമായി പുതിയ എന്തെങ്കിലും ഒരുമയോടെ സൃഷ്ടിക്കാൻ സഹായിക്കുന്നതാണെങ്കിൽ, സവിശേഷമായതെന്തോ, അത് ത്യജിക്കാൻ പോലും തയ്യാറാകാം. അല്ലാത്തപക്ഷം, നമ്മൾ ബധിരർ തമ്മിലുള്ള സംഭാഷണങ്ങളിൽ നാം നമ്മെത്തന്നെ അടിച്ചിടും, അവിടെ എല്ലാവരും അപരനെ ശ്രിവിക്കാതെ, എല്ലാറ്റിനുമുപരിയായി കർത്താവിൻറെ സ്വരം കേൾക്കാതെ, "സ്വന്തം കാര്യം മാത്രം നോക്കാൻ" ശ്രമിക്കുന്നു.

നാം അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങൾക്കുള്ള പരിഹാരങ്ങൾ നമ്മുടെ പക്കലില്ല, എന്നാൽ അവിടത്തെപ്പക്കലുണ്ട് (യോഹന്നാൻ 14:6 കാണുക), നാം ഓർക്കുക മരുഭൂമിയെ കളിയായിട്ടെടുക്കരുത്: ആരുടെയും സഹായം ആവശ്യമില്ലെന്ന ധാരണയിൽ വഴികാട്ടിയെ ശ്രദ്ധിച്ചില്ലെങ്കിൽ, ഒരുവൻ അവനോടൊപ്പം മറ്റുള്ളവരെയും വലിച്ചിഴച്ച്  വിശപ്പും ദാഹവും കൊണ്ട് മരുഭൂവിൽ മരിച്ചുവീഴാം. ആകയാൽ, പരിധികൾക്കും ബുദ്ധിമുട്ടുകൾക്കും അപ്പുറത്തേക്കുള്ള യാത്രയിൽ സുരക്ഷിതമായി മുന്നേറണമെങ്കിൽ നാം ദൈവത്തിൻറെയും അവൻറെ ദൂതൻറെയും ശബ്ദം കേൾക്കണം (സങ്കീർത്തനങ്ങൾ 23:4 കാണുക).

അഭയസങ്കേതം

ഇത് നമ്മെ രണ്ടാമത്തെ പ്രതീകത്തിലേക്കു കൊണ്ടുവരുന്നു: അഭയസങ്കേതം. സംരക്ഷണമേകുന്ന ചിറകുകളാണ് ഈ പ്രതീകം: "അവൻറെ ചിറകുകൾക്ക് കീഴിൽ നീ അഭയം കണ്ടെത്തും" (സങ്കീർത്തനങ്ങൾ 91.4). ചിറകുകൾ ശക്തമായ ഉപകരണങ്ങളാണ്, ശക്തമായ ചലനങ്ങളിലൂടെ ഒരു ശരീരത്തെ നിലത്തു നിന്ന് ഉയർത്താൻ അവയ്ക്ക് കഴിവുവുണ്ട്. അത്രമാത്രം ശക്തങ്ങളാണെന്നിരിക്കിലും, ഒരുമിച്ചായിരിക്കാനും ഊഷ്മളതയും സംരക്ഷണവും ആവശ്യമുള്ള കുഞ്ഞുങ്ങൾക്ക് കൂടും പരിചയും ആയിരിക്കാനും അവയ്ക്ക് സ്വയം താഴ്ത്തുന്നതിനു സാധിക്കും.

ഇത് ദൈവം നമുക്കുവേണ്ടി ചെയ്യുന്നതിൻറെ പ്രതീകമാണ്, എന്നാൽ ഇത് പിന്തുടരേണ്ട ഒരു മാതൃക കൂടിയാണ്, പ്രത്യേകിച്ച് ഈ സമ്മേളനവേളയിൽ. പ്രിയ സഹോദരീ സഹോദരന്മാരേ, ഭാസുരമായ അന്തർജ്ഞാനങ്ങളാലും ഊർജ്ജസ്വലമായ വിചിന്തനങ്ങളാലും നമ്മെ ഉന്നതത്തിലേക്കുയർത്താൻ കഴിവുറ്റ ഒരുക്കമുള്ള ശക്തരായവ്യക്തികൾ നമ്മുടെ ഇടയിൽ  ഉണ്ട്. ഇതെല്ലാം നമുക്ക് ഉത്തേജനം പകരുകയും മുന്നോട്ടു പോകാൻ പ്രേരിപ്പിക്കുകയും ഉപരി തുറന്ന രീതിയിൽ ചിന്തിക്കാനും നിശ്ചയദാർഢ്യത്തോടെ മുന്നേറാനും ചിലപ്പോൾ നമ്മെ നിർബന്ധിക്കുകയും   അതുപോലെ തന്നെ വെല്ലുവിളികളും പ്രയാസങ്ങളും നേരിടുമ്പോഴും വിശ്വാസത്തിൽ ഉറച്ചുനിൽക്കാൻ സഹായിക്കുകയും ചെയ്യുന്ന സമ്പന്നതയാണ്. എന്നിരുന്നാലും, പരസ്പരം സ്വാഗതം ചെയ്യുന്ന ആലിംഗനവും അഭയസ്ഥാനവുമായി പരസ്പരം അർപ്പിക്കേണ്ടതിന്, തക്ക സമയത്ത്, പേശികൾക്ക് അയവ് വരുത്താനും കുനിയാനുമുള്ള കഴിവിനോട് കൂട്ടിച്ചേർക്കേണ്ട ഒരു ദാനമാണിത്: വിശുദ്ധ പോൾ ആറാമൻറ വാക്കുകളിൽ, " ഒരു ഭവനം [...] ] സഹോദരങ്ങളുടെ, തീവ്രമായ പ്രവർത്തനശാല, തീക്ഷ്ണമായ ആത്മീയതയുടെ ഒരു കേന്ദ്രം" (Address to the Presidential Council of the C.E.I., 9 May 1974).

തങ്ങളെ സ്നേഹിക്കുന്നവരും തങ്ങൾ പറയുന്നവയോട് ആദരവു പുലർത്തുന്നവരും അവയെ അഭിനന്ദിക്കുന്നവരും അവ കേൾക്കാൻ ആഗ്രഹിക്കുന്നവരുമായ സുഹൃത്തുക്കളുടെ സാന്നിധ്യം അനുഭവവേദ്യമാകുന്നതിന് ആനുപാതികമായി ഇവിടെ, എല്ലാവർക്കും കൂടുതൽ സ്വതസിദ്ധമായും സ്വതന്ത്രമായും സ്വയം ആവിഷ്ക്കരിക്കാൻ സാധിക്കും,                  

നമ്മെ സംബന്ധിച്ചിടത്തോളം ഇത് സംഭാഷണം "സുഗമമാക്കുന്നതിനുള്ള" ഒരു തന്ത്രമോ സംഘാത ആശയവിനിമയത്തിൻറെ ബലതന്ത്രമോ അല്ല: ആശ്ലേഷിക്കുക, സംരക്ഷിക്കുക, പരിപാലിക്കുക എന്നിവ യഥാർത്ഥത്തിൽ സഭയുടെ സ്വഭാവത്തിൻറെ ഭാഗമാണ്. അവളുടെ വിളിയനുസരിച്ച് സമാഗമ വേദിയാണ്. അവിടെ കൂട്ടായ ഉപവി തികഞ്ഞ ഐക്യം വ്യവസ്ഥ ചെയ്യുന്നു, അതിൽ നിന്ന് അതിൻറെ ധാർമ്മിക ശക്തി, ആത്മീയ സൗന്ദര്യം, അതിൻറെ മാതൃകാപരമായ സ്വഭാവം എന്നിവ ഉയർന്നുവരുന്നു". സഭയ്ക്ക് "സമാധാനപരവും തുറന്നതുമായ സ്ഥലങ്ങൾ" ആവശ്യമുണ്ട്, അവിടെ എല്ലാവർക്കും തങ്ങൾ അമ്മയുടെ കരങ്ങൾക്കുള്ളിലാണ് എന്ന  പ്രതിതിയുണ്ടാകണം.

ശിശു

ഇവിടെ നമ്മൾ മൂന്നാമത്തെ പ്രതീകത്തിലെത്തുന്നു: അതായത് ശിശു. യേശു തന്നെ, സുവിശേഷത്തിൽ, ശിശുവിനെ ശിഷ്യരുടെ "മദ്ധ്യത്തിൽ നിർത്തുന്നു", എന്നിട്ട് മാനസാന്തരപ്പെടാനും ആ ശിശുവിനെപ്പോലെ ചെറുതാകാനും അവരെ ക്ഷണിക്കുന്നു. സ്വർഗ്ഗരാജ്യത്തിലെ ഏറ്റവും വലിയവൻ ആരാണെന്ന് അവർ അവനോട് ചോദിച്ചിരുന്നു: ഒരു കുട്ടിയെപ്പോലെ തങ്ങളെത്തന്നെ ചെറുതാക്കാൻ അവർക്ക് പ്രചോദനം പകർന്നുകൊണ്ട് അവൻ പ്രത്യുത്തരിക്കുന്നു. എന്നാൽ അത് മാത്രമല്ല: തൻറെ നാമത്തിൽ ഒരു ശിശുവിനെ സ്വീകരിക്കുന്നവൻ, തന്നെയാണ് സ്വീകരിക്കുന്നതെന്ന് അവിടന്ന് കൂട്ടിച്ചേർക്കുകയും ചെയ്യുന്നു (മത്തായി 18:1-5 കാണുക).

നമ്മെ സംബന്ധിച്ചിടത്തോളം ഈ വിരോധാഭാസം മൗലികമാണ്. സിനഡ്, അതിൻറെ പ്രാധാന്യം കണക്കിലെടുത്ത്, ഒരു പ്രത്യേക അർത്ഥത്തിൽ, നമ്മോട് "വലിയവർ" ആയിരിക്കാൻ ആവശ്യപ്പെടുന്നു, അത് മനസ്സിൽ, ഹൃദയത്തിൽ, കാഴ്ചപ്പാടുകളിൽ ആണ്. കാരണം കൈകാര്യം ചെയ്യേണ്ട വിഷയങ്ങൾ "വലിയതും" ലോലവും, അവയുൾക്കൊള്ളുന്ന സാഹചര്യങ്ങൾ വിശാലവും, സാർവ്വത്രികവുമാണ്. എന്നാൽ കൃത്യമായി ഇക്കാരണത്താൽ, നമ്മുടെ കൂടിക്കാഴ്ചകളുടെയും നമ്മുടെ തൊഴിൽ മേശകളുടെയും മദ്ധ്യത്തിൽ യേശു നിറുത്തുന്നതു തുടരുന്ന ശിശുവിൽ നിന്ന്  കണ്ണെടുക്കാൻ നമുക്കാവില്ല. നമുക്ക് ഭരമേൽപ്പിക്കപ്പെട്ട ദൗത്യത്തിനൊത്തുയരുന്നതിനുള്ള ഏക മാർഗ്ഗം സ്വയാ താഴ്ത്തുകയാണ്, സ്വയം ചെറുതാകുകയാണ്, ആയിരിക്കുന്ന രീതിയിൽ, വിനയത്തോടെ, പരസ്പരം സ്വീകരിക്കുകയാണ് എന്ന് നമ്മെ ഓർമ്മിപ്പിക്കുന്നതിനാണ് യേശു നാഥൻ അപ്രകാരം ചെയ്യുന്നത്. ഏറ്റവും താഴ്മയുള്ളവനാണ് സഭയിൽ ഏറ്റവും ഉയർന്നവൻ.

"യഥാർത്ഥ മഹത്വം എന്താണെന്ന്, ദൈവമായിരിക്കുകയെന്നാൽ എന്താണ്  അർത്ഥമാക്കുന്നത്" (ബെനഡിക്റ്റ് പതിനാറാമൻ, കർത്താവിൻറെ മാമ്മോദീസായുടെ തിരുനാളിലെ സുവിശേപ്രഭാഷണം, 11 ജനുവരി 2009). എന്ന് അവിടന്ന് നമുക്ക് കാണിച്ചുതരുന്നത്, സ്വയം ചെറുതായിക്കൊണ്ടാണ്. കുട്ടികളുടെ മാലാഖമാർ "എപ്പോഴും സ്വർഗസ്ഥനായ പിതാവിൻറെ മുഖം കാണുന്നു [...]" (മത്തായി 18:10) എന്ന് യേശു പറയുന്നത് യാദൃശ്ചികമല്ല: അതായത്, അവർ പിതാവിൻറെ സ്നേഹത്തിൻറെ "ദൂരദർശിനി" പോലെയാണ്. 

വിശ്വശാന്തിക്കായി പ്രാർത്ഥിക്കുക

സഹോദരീസഹോദരന്മാരേ,  ക്രിസ്തീയ സമൂഹം എന്നും മാനവരാശിയുടെ സേവനത്തിലായിരിക്കുന്നതിനും സുവിശേഷാനന്ദം സകലരോടും പ്രഘോഷിക്കുന്നതിനും വേണ്ടി ലോകത്തിലേക്ക് നയനങ്ങൾ തിരിച്ചുകൊണ്ട് നമുക്ക് ഈ സഭാത്മക യാത്ര പുനരാരംഭിക്കാം. നമ്മുടെ ചരിത്രത്തിൻറെ ഈ നാടകീയ വേളയിൽ, യുദ്ധത്തിൻറെ കാറ്റും അക്രമത്തിൻറെ അഗ്നിയും അഖില ജനതകളെയും രാഷ്ട്രങ്ങളെയും അസ്വസ്ഥമാക്കിക്കൊണ്ടിരിക്കുമ്പോൾ, പ്രത്യേകിച്ചും ഇത് ആവശ്യമാണ്. സമാധാനമെന്ന ദാനം പരിശുദ്ധ മറിയത്തിൻറെ മദ്ധ്യസ്ഥത വഴി യാചിക്കുന്നതിന്, അടുത്ത ഞായറാഴ്ച ഞാൻ മേരി മേജർ ബസിലിക്കയിൽ പോകുകയും, ​​ കൊന്തനമസ്കാരം ചൊല്ലുകയും കന്യകയോട് ഹൃദയംഗമമായ ഒരു അഭ്യർത്ഥന നടത്തുകയും ചെയ്യും; സാധ്യമെങ്കിൽ, ആ അവസരത്തിൽ എന്നോടൊപ്പം ചേരാൻ ഞാൻ നിങ്ങളോട്, സിനഡംഗങ്ങളോട് ആവശ്യപ്പെടുകയാണ്.

സമാധാന പ്രാർത്ഥനാ-ഉപവാസദിനം ഒക്ടോബർ 7

ഒക്ടോബർ 7-ന്, ലോകസമാധാനത്തിനായി പ്രാർത്ഥനയുടെയും ഉപവാസത്തിൻറെയും ഒരു ദിവസം ആചരിക്കാൻ ഞാൻ എല്ലവരോടും അഭ്യർത്ഥിക്കുന്നു. നമുക്ക് ഒരുമിച്ച് ചരിക്കാം. നമുക്ക് കർത്താവിനെ ശ്രവിക്കാം. ആത്മാവിൻറെ മന്ദമാരുതനാൽ നയിക്കപ്പെടാൻ നമുക്ക് നമ്മെത്തന്നെ അനുവദിക്കാം.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

02 October 2024, 12:31