കാരുണ്യമുള്ളവരും സമാധനപ്രവർത്തകരുമാകാൻ എല്ലാവർക്കും സാധിക്കും, പാപ്പാ!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
നവംബർ 27-ന് ബുധനാഴ്ച (27/11/24) ഫ്രാൻസീസ് പാപ്പാ വത്തിക്കാനിൽ പ്രതിവാര പൊതുകൂടിക്കാഴ്ച അനുവദിച്ചു. തണുപ്പും മഴയും കാർമേഘാവൃതാന്തരീക്ഷവും മൂലം പൊതുവെ മോശമായ ഒരു കാലാവസ്ഥയാണ്, റോമിൽ, ഈ ദിനങ്ങളിൽ അനുഭവപ്പെടുന്നതെങ്കിലും കൂടിക്കാഴ്ചാവേദി വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ അങ്കണമായിരുന്നു. വിവിധരാജ്യക്കാരായിരുന്ന തീർത്ഥാടകരും സന്ദർശകരുമായി ആയിരങ്ങൾ ചത്വരത്തിൽ സന്നിഹിതരായിരുന്നു. കൂടിക്കാഴ്ചാ സമയമായപ്പോഴേക്കും വെയിൽ തെളിഞ്ഞു. എല്ലാവർക്കും തന്നെ കാണത്തക്കരീതിയിൽ സജ്ജീകരിച്ചിരിക്കുന്ന വെളുത്ത തുറന്ന വാഹനത്തിൽ, ബസിലിക്കാങ്കണത്തിൽ എത്തിയ പാപ്പായെ ജനസഞ്ചയം കരഘോഷത്തോടെയും ആനന്ദാരവങ്ങളോടെയും വരവേറ്റു.
തന്നോടൊപ്പം, ഏതാനും കുട്ടികളെ വാഹനത്തിൽ കയറ്റി ജനത്തെ അഭിവാദ്യം ചെയ്തുകൊണ്ട് അവർക്കിടയിലൂടെ നീങ്ങിയ പാപ്പാ, പ്രസംഗ വേദിയിലേക്കു നയിക്കുന്ന പടവുകൾക്കടുത്തു വാഹനം എത്തിയപ്പോൾ തന്നോടൊപ്പം ഉണ്ടായിരുന്ന കുട്ടികളെ വണ്ടിയിൽ നിന്നിറക്കി. തുടർന്ന് വാഹനം പടവുകൾ കയറി വേദിക്കരികിലെത്തിയപ്പോൾ പാപ്പാ അതിൽ നിന്നിറങ്ങുകയും റോമിലെ സമയം രാവിലെ 9.00 മണികഴിഞ്ഞപ്പോൾ, ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് 1.30-നു ശേഷം, ത്രിത്വൈകസ്തുതിയോടുകൂടി പൊതുദര്‍ശനപരിപാടിക്ക് തുടക്കം കുറിക്കുകയും ചെയ്തു. തുടർന്ന് വിവിധ ഭാഷകളില്‍ വിശുദ്ധഗ്രന്ഥഭാഗ പാരായണമായിരുന്നു.
തിരുലിഖിതം
“നിങ്ങൾ എപ്പോഴും കർത്താവിൽ സന്തോഷിക്കുവിൻ; നിങ്ങളുടെ ക്ഷമാശീലം എല്ലാവരും അറിയട്ടെ. കർത്താവ് അടുത്തെത്തിയിരിക്കുന്നു. ഒന്നിനെക്കുറിച്ചും ആകുലരാകേണ്ട. പ്രാർത്ഥനയിലൂടെയും അപേക്ഷയിലൂടെയും കൃതജ്ഞതാസ്തോത്രങ്ങളോടെയും നിങ്ങളുടെ യാചനകൾ ദൈവസന്നിധിയിൽ അർപ്പിക്കുവിൻ. അപ്പോൾ നമ്മുടെ എല്ലാ ധാരണകളെയും അതിലംഘിക്കുന്ന ദൈവത്തിൻറെ സമാധാനം നിങ്ങളുടെ ഹൃദയങ്ങളെയും ചിന്തകളെയും യേശുക്രിസ്തുവിൽ കാത്തുകൊള്ളും” പൗലോസപ്പോസ്തലൻ ഫിലിപ്പിയർക്കെഴുതിയ ലേഖനം, അദ്ധ്യായം 4, 4-7 വരെയുള്ള വാക്യങ്ങൾ.
ഈ വായനയ്ക്കു ശേഷം പാപ്പാ, താൻ പരിശുദ്ധാരൂപിയെ അധികരിച്ച് നടത്തിപ്പോരുന്ന പ്രബോധന പരമ്പര തുടർന്നു. "ആത്മാവും മണവാട്ടിയും. നമ്മുടെ പ്രത്യാശയായ യേശുവുമായുള്ള കൂടിക്കാഴ്ചയ്ക്ക് പരിശുദ്ധാരൂപി ദൈവജനത്തെ നയിക്കുന്നു” എന്ന പ്രമേയം വിചിന്തനത്തിനായി സ്വീകരിച്ചിരിക്കുന്ന പാപ്പായുടെ പ്രഭാഷണം ഇത്തവണ പരിശുദ്ധാത്മാവിൻറെ ദാനങ്ങളിലൊന്നായ ആനന്ദത്തെക്കുറിച്ചായിരുന്നു.
പാപ്പായുടെ പ്രഭാഷണം : ആത്മാവിൻറെ ഫലം - സന്തോഷം
പ്രിയ സഹോദരീ സഹോദരന്മാരേ, ശുഭദിനം!
പവിത്രീകരണ വരപ്രസാദത്തെയും സിദ്ധികളെയുംക്കുറിച്ചു പ്രതിപാദിച്ചതിനു ശേഷം ഞാൻ ഇന്ന് അഭിലഷിക്കുന്നത്, പരിശുദ്ധാത്മാവിൻറെ പ്രവർത്തനവുമായി ബന്ധപ്പെട്ടിരിക്കുന്ന മൂന്നാമത്തെ യാഥാർത്ഥ്യത്തെക്കുറിച്ച് ചിന്തിക്കാനാണ്. ഒന്നാമത്തേത്, പവിത്രീകരണ വരപ്രസാദം, രണ്ടാമത്തേത്. സിദ്ധികൾ, ഇനി മൂന്നാമത്തേത് എന്താണ്? അത് പരിശുദ്ധാരൂപിയുമായി ബന്ധപ്പെട്ട യാഥാർത്ഥ്യമാണ്: "ആത്മാവിൻ്റെ ഫലങ്ങൾ". വിശുദ്ധ പൗലോസ് ഗലാത്യർക്കുള്ള കത്തിൽ അവയുടെ ഒരു പട്ടിക അവതരിപ്പിക്കുന്നുണ്ട്. അദ്ദേഹം എഴുതുന്നു: "ആത്മാവിൻറെ ഫലങ്ങൾ സ്നേഹം, സന്തോഷം, സമാധാനം, ക്ഷമ, ദയ, നന്മ, വിശ്വസ്തത, സൗമ്യത, ആത്മസംയമനം എന്നിവയാണ്" (ഗലാത്തിയർ 5,22). ഒമ്പതെണ്ണം. ഇവയാണ് ആത്മാവിൻറെ ഫലങ്ങൾ. എന്നാൽ എന്താണ് ഈ ആത്മാവിൻറെ ഫലം?
സിദ്ധികളിൽ നിന്നു വിഭിന്നമായ ആത്മാവിൻറെ ഫലങ്ങൾ
ആത്മാവ് അവനിഷ്ടമുള്ളവർക്കും സഭയുടെ നന്മയ്ക്കായി അവന് തോന്നുമ്പോഴും നല്കുന്ന സിദ്ധികളിൽ നിന്ന് വ്യത്യസ്തമായി ആത്മാവിൻറെ ഫലങ്ങൾ കൃപയും സ്വാതന്ത്ര്യവും തമ്മിലുള്ള സഹകരണത്തിൻറെ ഫലമാണ്. ഈ ഫലങ്ങൾ എല്ലായ്പ്പോഴും വ്യക്തിയുടെ സർഗ്ഗാത്മകത ആവിഷ്ക്കരിക്കുന്നു, അതിൽ "വിശ്വാസം സ്നേഹത്തിലൂടെ പ്രവർത്തിക്കുന്നു" (ഗലാത്തിയർ 5:6), ചിലപ്പോൾ അതിശയകരവും സന്തോഷകരവുമായ രീതിയിൽ. സഭയിൽ എല്ലാവർക്കും അപ്പോസ്തലന്മാരോ പ്രവാചകന്മാരോ സുവിശേഷകരോ ആകാൻ കഴിയില്ല; എന്നാൽ ഒരുപോലെ എല്ലാവർക്കും കരുണയും ക്ഷമയും വിനയവുമുള്ളവരും സമാധാന പ്രവർത്തകരുമാകാൻ കഴിയും. നാമെല്ലാവരും കരുണയുള്ളവരായിരിക്കണം, ക്ഷമയുള്ളവരായിരിക്കണം, എളിമയുള്ളവരായിരിക്കണം, യുദ്ധങ്ങളുടെയല്ല സമാധാനത്തിൻറെ പ്രവർത്തകരായിരിക്കണം.
ആനന്ദം
അപ്പോസ്തലൻ അവതരിപ്പിച്ചിരിക്കുന്ന ആത്മാവിൻറെ ഫലങ്ങളിൽ ഒന്ന്, ഞാൻ അപ്പോസ്തോലിക പ്രബോധനമായ “ എവഞ്ചേലി ഗൗദിയുമിൻറെ” പ്രാരംഭ വാക്കുകൾ അനുസ്മരിച്ചുകൊണ്ട് എടുത്തുകാണിക്കാൻ ആഗ്രഹിക്കുന്നു: "യേശുവുമായി കണ്ടുമുട്ടുന്നവരുടെ ഹൃദയത്തിലും ജീവിതത്തിലും സുവിശേഷത്തിൻറെ സന്തോഷം നിറയുന്നു. അവനാൽ രക്ഷ പ്രാപിക്കാൻ അനുവദിക്കുന്നവർ പാപത്തിലും ദുഃഖത്തിലും, ആന്തരിക ശൂന്യതയിലും ഒറ്റപ്പെടലിലും നിന്ന് സ്വതന്ത്രരാകുന്നു. യേശുക്രിസ്തുവിനോടു കൂടെ, സന്തോഷം എപ്പോഴും ജനിക്കുകയും പുനർജനിക്കുകയും ചെയ്യുന്നു" ( 1). ചിലപ്പോഴൊക്കെ സാന്തപ വേളകളുണ്ടായിരിക്കാം, എന്നാൽ സമാധാനം എല്ലായ്പോഴുമുണ്ട്. യേശുവിനോടൊപ്പം സന്തോഷവും സമാധാനവുമുണ്ട്.
ആത്മാവിൻറെ ഫലമായ സന്തോഷത്തിന്, മറ്റെല്ലാ മാനവ സന്തോഷങ്ങൾക്കും പൊതുവായുള്ളതും എന്നന്നേക്കുമായി നിലനില്ക്കണമെന്ന് ആഗ്രഹിക്കാൻ പ്രേരിപ്പിക്കുന്നതുമായ, പൂർണ്ണതയുടെയും സംതൃപ്തിയുടെയുമായ ഒരു തരം വികാരമുണ്ട്. എന്നിരുന്നാലും, ഇത് സംഭവിക്കുന്നില്ലെന്ന് അനുഭവത്തിൽ നിന്ന് നമുക്കറിയാം, കാരണം ഇഹത്തിലുള്ളതെല്ലാം ക്ഷിപ്രഗതിയിൽ കടന്നുപോകുന്നു: യുവത്വം, ആരോഗ്യം, ശക്തി, ക്ഷേമം, സൗഹൃദങ്ങൾ, സ്നേഹങ്ങൾ ... ഇനി, ഇവ പെട്ടെന്ന് കടന്നുപോയില്ലയെന്നിരിക്കട്ടെ, കുറച്ചു കഴിയുമ്പോൾ അവ മതിയാകുന്നില്ല, അല്ലെങ്കിൽ വിരസതതന്നെയുണ്ടാകുന്നു, കാരണം, വിശുദ്ധ അഗസ്റ്റിൻ ദൈവത്തോട് പറഞ്ഞതുപോലെ: "കർത്താവേ, നീ ഞങ്ങളെ നിനക്കായി സൃഷ്ടിച്ചു, നിന്നിൽ വിശ്രമിക്കുന്നതുവരെ ഞങ്ങളുടെ ഹൃദയം അസ്വസ്ഥമായിരിക്കും.
സാംക്രമികം സുവിശേഷാനന്ദം
മറ്റേതൊരു സന്തോഷത്തിൽ നിന്നും വിഭിന്നമായി, സുവിശേഷാനന്ദത്തിന് എല്ലാ ദിവസവും നവീകൃതമാകാനും സാംക്രമികമാകാനും സാധിക്കും. "സന്തോഷകരമായ സൗഹൃദമായി മാറുന്ന ദൈവസ്നേഹവുമായുള്ള കണ്ടുമുട്ടലോ - അല്ലെങ്കിൽ പുനഃസമാഗമമോ വഴി നാം, നമ്മുടെ ഒറ്റപ്പെട്ട മനസ്സാക്ഷിയിൽ നിന്നും അവനവനെ കേന്ദ്രമായി കാണുന്നതിൽ നിന്നും നാം വീണ്ടെടുക്കപ്പെടുന്നു. [...] സുവിശേഷ പ്രവർത്തനത്തിൻറെ ഉറവിടം അവിടെയാണ്. കാരണം, ജീവിതത്തിൻറെ അർത്ഥം തിരികെ നൽകുന്ന ഈ സ്നേഹത്തെ ആരെങ്കിലും സ്വാഗതം ചെയ്തിട്ടുണ്ടെങ്കിൽ, അത് മറ്റുള്ളവരുമായി പങ്കുവയ്ക്കുന്നതിൽന്ന് നിന്ന് അവനെങ്ങനെ വിട്ടുനിൽക്കാനാകും? ( എവഞ്ചേലി ഗൗദിയും, 8). ഇത് ആത്മാവിൻറെ ഫലമായ സന്തോഷത്തിൻറെ ഇരട്ട സ്വഭാവമാണ്: അത് കാലത്തിൻറെ അനിവാര്യമായ തേയ്മാനത്തിന് വിധേയമല്ലെന്ന് മാത്രമല്ല, മറ്റുള്ളവരുമായി പങ്കുവയ്ക്കപ്പെടുന്നതിലൂടെ അത് പെരുകുകയും ചെയ്യുന്നു!ർ
വിശുദ്ധ ഫിലിപ്പ് നേരി-ആന്ദത്തിൻറെ വിശുദ്ധൻ
അഞ്ച് നൂറ്റാണ്ടുകൾക്ക് മുമ്പ് ഫിലിപ്പ് നേരി എന്ന വിശുദ്ധൻ ഇവിടെ റോമിൽ താമസിച്ചിരുന്നു. സന്തോഷത്തിൻറെ വിശുദ്ധനായി അദ്ദേഹം ചരിത്രത്തിൽ ഇടം നേടി. തൻറെ ഭവനത്തിലെ ദരിദ്രരും പരിത്യക്തരുമായ കുട്ടികളോട് അദ്ദേഹം പറഞ്ഞു: “മക്കളേ, സന്തോഷമുള്ളവരായിരിക്കുക; വിമുഖതയോ വിഷാദമോ വേണ്ട; നിങ്ങൾ പാപം ചെയ്യാതിരുന്നാൽ മാത്രം മതി എനിക്ക്." വീണ്ടും അദ്ദേഹം. പറയുന്നു: "നിങ്ങൾക്ക് കഴിയുമെങ്കിൽ നല്ലവരാവുക!". എന്നിരുന്നാലും, അദ്ദേഹത്തിൻറെ സന്തോഷത്തിൻറെ ഉറവിടം അധികം അറിയപ്പെട്ടില്ല. ചിലപ്പോൾ വിശുദ്ധ ഫിലിപ്പ് നേരിയുടെ ഹൃദയം നെഞ്ചിൽ പൊട്ടിത്തെറിക്കുന്നതുപോലെ തോന്നത്തക്കവിധം അത്രമാത്രം അദ്ദേഹം ദൈവത്തെ സ്നേഹിച്ചിരുന്നു. അദ്ദേഹത്തിൻറെ സന്തോഷം പൂർണ്ണ അർത്ഥത്തിൽ ആത്മാവിൻറെ ഒരു ഫലമായിരുന്നു. 1575-ലെ ജൂബിലിയിൽ വിശുദ്ധൻ പങ്കെടുത്തു, സപ്ത ദേവാലയ സന്ദർശനത്താൽ അതിനെ അദ്ദേഹം സമ്പുഷ്ടമാക്കി. ഏഴു പള്ളികൾ സന്ദർശിക്കുന്ന സമ്പ്രദായം അതിനുശേഷം നിലനിർത്തിപ്പോരുന്നു. തൻറെ കാലത്ത് അദ്ദേഹം സന്തോഷത്തിലൂടെ സുവിശേഷവത്ക്കരിക്കുന്ന ഒരു യഥാർത്ഥ സുവിശേഷകനായിരുന്നു. എല്ലായ്‌പ്പോഴും ക്ഷമിക്കുന്ന, എല്ലാം ക്ഷമിക്കുന്ന യേശുവിൻറെതായ ഈ ആനന്ദം അദ്ദേഹത്തിനുണ്ടായിരുന്നു. ഒരുപക്ഷേ നമ്മിൽ ചിലർ ചിന്തിച്ചേക്കാം: "എന്നാൽ ഞാൻ ഈ പാപം ചെയ്തു, ഇതിനു മാപ്പുണ്ടാകില്ല..." എന്നാൽ നിങ്ങൾ ഇത് ശ്രശ്രദ്ധിച്ചു കേൾക്കുക: ദൈവം എല്ലാം ക്ഷമിക്കുന്നു, ദൈവം എപ്പോഴും ക്ഷമിക്കുന്നു. ഇതാണ് സന്തോഷം: ദൈവത്താൽ ക്ഷമിക്കപ്പെടുക എന്നത്. വൈദികരോടും കുമ്പസാരക്കാരോടും ഞാൻ എപ്പോഴും പറയുന്നു: “എല്ലാം പൊറുക്കുക, അധികം ചോദ്യം ചോദിക്കരുത്; എന്നാൽ എല്ലാം, എല്ലാം, എപ്പോഴും ക്ഷമിക്കുക.
സദാ സന്തോഷമുള്ളവരായിരിക്കുക
"സുവിശേഷം" എന്ന വാക്കിൻറെ അർത്ഥം സദ്വാർത്ത എന്നാണ്. അതിനാൽ, കൂർപ്പിച്ചു മുഖങ്ങളോടും കറുത്ത വദനങ്ങളോടുംകുടെ അതു പങ്കുവയ്ക്കാനാകില്ല, മറിച്ച് മറഞ്ഞിരിക്കുന്ന നിധിയും വിലയേറിയ മുത്തും കണ്ടെത്തിയവരുടെ സന്തോഷത്തോടെയാണ് അതു ചെയ്യുക. ഫിലിപ്പിയായിലെ സഭയിലെ വിശ്വാസികളെ സംബോധന ചെയ്ത വിശുദ്ധ പൗലോസിൻറെ പ്രബോധനം നമുക്ക് ഓർക്കാം. ഇപ്പോൾ അപ്പോസ്തലൻ നമ്മോടു പറയുന്നു: "നിങ്ങൾ എപ്പോഴും കർത്താവിൽ ആനന്ദിക്കുക, ഞാൻ നിങ്ങളോട് ആവർത്തിക്കുന്നു: നിങ്ങൾ സന്തോഷമുള്ളവരായിരിക്കുക. നിങ്ങളുടെ സ്നേഹശീലം എല്ലാവരും അറിയട്ടെ" (ഫിലി 4:4-5). പ്രിയ സഹോദരീ സഹോദരന്മാരേ, നിങ്ങൾ, നമ്മുടെ ഹൃദയങ്ങളിൽ, യേശുവിൻറെ ആനന്ദത്താൽ, സന്തോഷമുള്ളവരായിരിക്കുക. നന്ദി.
ആശീർവ്വാദാനന്തര അഭിവാദ്യങ്ങൾ
പാപ്പാ ഇറ്റാലിയന്‍ ഭാഷയിൽ നടത്തിയ മുഖ്യ പ്രഭാഷണത്തെ തുടർന്ന് അതിൻറെ സംഗ്രഹം ആംഗലവും അറബിയുമുള്‍പ്പെടെ വിവിധഭാഷകളില്‍ പാരായണം ചെയ്യപ്പെട്ടു. പതിവുപോലെ പൊതുകൂടിക്കാഴ്ചാ പരിപാടിയുടെ അവസാനം ഇറ്റലിക്കാരെ അഭിവാദ്യം ചെയ്യവെ പാപ്പാ യുവജനത്തെയും പ്രായംചെന്നവരെയും രോഗികളെയും നവദമ്പതികളെയും പ്രത്യേകം സംബോധന ചെയ്തു. ക്രിസ്തുവിൻറെ ജനനത്തിരുന്നാളിനായുള്ള ഒരുക്കത്തിൻറെതായ ആഗമനകാലം അടുത്ത ഞായറാഴ്ച ആരംഭിക്കുമെന്നു പാപ്പാ പറഞ്ഞു. "ശക്തമായ സമയമായ" ഈ ആഗമന കാലം ജാഗ്രതയാർന്ന പ്രാർത്ഥനയോടും തീക്ഷ്ണമായ പ്രതീക്ഷയോടും കൂടി ജീവിക്കാൻ പാപ്പാ എല്ലാവരെയും ക്ഷണിച്ചു. അടുത്തയാഴ്ച മുതൽ പൊതുദർശന വേളയിൽ പ്രഭാഷണത്തിൻറെ സംഗ്രഹം ചൈനീസ് ഭാഷയിലും വിവർത്തനം ചെയ്യപ്പെടുമെന്ന് പാപ്പാ സൂചിപ്പിച്ചു.
ഉക്രൈയിനിനും വിശുദ്ധനാടിനും വേണ്ടിയുള്ള അഭ്യർത്ഥന
യുദ്ധത്തിൻറെ ദുരിതം അനുഭവിക്കുന്ന ഉക്രൈയിൻകാരായ ജനതയെ മറക്കരുതെന്നും അവർ ഏറെ യാതനകൾ അനുഭവിക്കുന്നുണ്ടെന്നു പാപ്പാ പറഞ്ഞു. കൊടും ശൈത്യത്തിൽ താപസംവിധാനങ്ങളില്ലാതെ കഷ്ടപ്പെടുന്ന സമപ്രായക്കാരായ കുട്ടികളെ ഓർക്കാനും അവർക്കായി പ്രാർത്ഥിക്കാനും പാപ്പാ പൊതുകൂടിക്കാഴ്ചയിൽ പങ്കെടുത്ത ബാലികാബാലന്മാരെ ക്ഷണിച്ചു. വിശുദ്ധ നാട്ടിൽ, നസ്രത്തിൽ, പലസ്തീനിൽ, ഇസ്രായേലിൽ സമാധാനം ഉണ്ടാകുന്നതിനായി പ്രാർത്ഥിക്കാൻ പാപ്പാ എല്ലാവരോടും അഭ്യർത്ഥിച്ചു. തുടർന്ന് ലത്തീൻഭാഷയിൽ സ്വർഗ്ഗസ്ഥനായ പിതാവേ എന്ന കർത്തൃപ്രാർത്ഥന ആലപിക്കപ്പെട്ടു. തദ്ദനന്തരം പാപ്പാ, എല്ലാവർക്കും തൻറെ അപ്പൊസ്തോലികാശീർവ്വാദം നല്കി.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: