തിരയുക

പ്രത്യാശ പുലർത്തിയാൽ പോരാ, അത് പ്രസരിപ്പിക്കണം, വിതയ്ക്കണം, പാപ്പാ !

ഫ്രാൻസീസ് പാപ്പായുടെ പ്രതിവാര പൊതുദർശന പ്രഭാഷണം: പരിശുദ്ധാരൂപിയും പ്രത്യാശയും. നരകുലത്തിനു മുഴവനുമേകാൻ സഭയക്കു കഴിയുന്ന ഏറ്റവും മനോഹരമായ ദാനമാണ് പ്രത്യാശ.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ഈ ബുധനാഴ്ചയും (11/12/24) പതിവുപോലെ ഫ്രാൻസീസ് പാപ്പാ വത്തിക്കാനിൽ പ്രതിവാര പൊതുകൂടിക്കാഴ്ച അനുവദിച്ചു.  ഈ ദിനങ്ങളിൽ റോമിൽ പൊതുവെ തണുപ്പും മഴയും ആയതിനാലും പാപ്പായ്ക്ക് ചെറിയ ചുമയും സ്വരമാറ്റവും മറ്റുമുള്ളതിനാലും  കൂടിക്കാഴ്ചാ വേദി വത്തിക്കാനിൽ വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ അങ്കണത്തിനു പകരം ബസിലിക്കയുടെ സമീപത്തുള്ള അതിവിശാലമായ പോൾ ആറാമൻ ശാലയായിരുന്നു. വിവിധരാജ്യക്കാരായിരുന്ന തീർത്ഥാടകരും സന്ദർശകരുമായി ആയിരങ്ങൾ പ്രതിവാരപൊതുദർശന പരിപാടിയിൽ പങ്കുകൊള്ളുന്നതിനെത്തിയിരുന്നു. പാപ്പാ ചക്രക്കസേരയിൽ ശാലയിൽ എത്തിയപ്പോൾ ജനസഞ്ചയം കരഘോഷത്താലും ആരവങ്ങളാലും തങ്ങളുടെ ആനന്ദാദരവുകൾ പ്രകടിപ്പിച്ചു. റോമിലെ സമയം രാവിലെ 9.00 മണികഴിഞ്ഞപ്പോൾ, ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് 1.30-നു ശേഷം, പാപ്പാ ത്രിത്വൈകസ്തുതിയോടുകൂടി പൊതുദര്‍ശനപരിപാടിക്ക് തുടക്കം കുറിച്ചു. തുടർന്ന് വിവിധ ഭാഷകളില്‍ വിശുദ്ധഗ്രന്ഥഭാഗ പാരായണമായിരുന്നു.

ആത്മാവും മണവാട്ടിയും പറയുന്നു: വരുക. കേൾക്കുന്നവൻ പറയട്ടെ. വരുക ദാഹിക്കുന്നവൻ വരട്ടെ. ആഗ്രഹമുള്ളവൻ ജീവൻറെ ജലം സൗജന്യമായി സ്വീകരിക്കട്ടെ.... ഇതു സാക്ഷ്യപ്പെടുത്തുന്നവൻ പറയുന്നു: അതേ, ഞാൻ വേഗം വരുന്നു. ആമേൻ. കർത്താവായ യേശുവേ, വരണമേ!.” വെളിപാടിൻറെ പുസ്തകം, അദ്ധ്യായം 22, 17-ും 20-ും വാക്യങ്ങൾ.

ഈ വായനയ്ക്കു ശേഷം പാപ്പാ, താൻ പരിശുദ്ധാരൂപിയെ അധികരിച്ച് നടത്തിപ്പോരുന്ന പ്രബോധന പരമ്പര തുടർന്നു. "ആത്മാവും മണവാട്ടിയും. നമ്മുടെ പ്രത്യാശയായ യേശുവുമായുള്ള കൂടിക്കാഴ്ചയിലേക്ക് പരിശുദ്ധാരൂപി ദൈവജനത്തെ നയിക്കുന്നു” എന്ന പ്രമേയം വിചിന്തനത്തിനായി സ്വീകരിച്ചിരിക്കുന്ന പാപ്പാ ഇത്തവണ വിശകലനം ചെയ്തത്  പരിശുദ്ധാത്മാവിൻറെ ആഗമനത്തെയും ക്രിസ്തീയ പ്രത്യാശയെയും കുറിച്ചായിരുന്നു. പാപ്പാ ഇറ്റാലിൻ ഭാഷയിൽ ഇപ്രകാരം പറഞ്ഞു:

കർത്താവിൻറെ ആഗമനം പ്രതീക്ഷിച്ച്

പ്രിയ സഹോദരീ സഹോദരന്മാരേ, ശുഭദിനം!

പരിശുദ്ധാത്മാവിനെയും സഭയെയും കുറിച്ചുള്ള പ്രബോധനപരമ്പരയുടെ സമാപനത്തിൽ നാം എത്തിയിരിക്കയാണ്. ഈ പ്രബോധനപമ്പരയ്ക്ക് നാം മൊത്തത്തിലായി നല്കിയ "ആത്മാവും മണവാട്ടിയും. നമ്മുടെ പ്രത്യാശയായ യേശുവുമായുള്ള കൂടിക്കാഴ്ചയിലേക്ക് പരിശുദ്ധാരൂപി ദൈവജനത്തെ നയിക്കുന്നു”എന്ന ശീർഷകത്തെക്കുറിച്ചാകട്ടെ ഈ അവസാനം പരിചിന്തനം. ഈ ശീർഷകം, വെളിപാടിൻറെ പുസ്തകത്തിൽ കാണുന്ന, ബൈബിളിലെ അവസാന വാക്യങ്ങളിലൊന്നിനെ  സൂചിപ്പിക്കുന്നു: "ആത്മാവും മണവാട്ടിയും പറയുന്നു: "വരുക!" (വെളിപാട് 22,17). ഈ  ക്ഷണം ആർക്കുള്ളതാണ്? ഉത്ഥിതനായ ക്രിസ്തുവിന്. വാസ്‌തവത്തിൽ, ആദ്യ ക്രിസ്‌ത്യാനികളുടെ ആരാധനാ യോഗങ്ങളിൽ, “വന്നാലും, വന്നാലും” എന്നർഥമുള്ള അറമായ ഭാഷയയിലുള്ള “മരാന താ!” എന്ന ഉച്ചത്തിലുള്ള അപേക്ഷ ഉയർന്നിരുന്നതായി വിശുദ്ധ പൗലോസും (1 കൊറിന്തോസ് 16.22 കാണുക) അപ്പോസ്‌തോലിക കാലഘട്ടത്തിലെ ഒരു രചനയായ “ദിദക്കെ”യും (Didaché),  സാക്ഷ്യപ്പെടുത്തുന്നു.

ഏറ്റവും പുരാതനമായ ആ ഘട്ടത്തിൽ ഈ ക്ഷണത്തിന് ഒരു പശ്ചാത്തലം ഉണ്ടായിരുന്നു, അതിനെ ഇന്ന് നമ്മൾ യുഗാന്ത്യപരം എന്ന് വിളിക്കും. വാസ്തവത്തിൽ, അത് കർത്താവിൻറെ, മഹത്വപൂർണ്ണമായ തിരിച്ചുവരവിൻറെ തീവ്രമായ പ്രതീക്ഷയുടെ ആവിഷ്കാരമായിരുന്നു. ഈ രോദനവും അത് പ്രകടിപ്പിക്കുന്ന പ്രതീക്ഷയും സഭയിൽ ഒരിക്കലും അസ്തമിച്ചിട്ടില്ല. ഇന്നും, കുർബ്ബാനയിൽ, സ്തോത്രയാഗാനന്തരം, ഉടനെ, അത് ക്രിസ്തുവിൻറെ മരണവും ഉത്ഥാനവും "അവൻറെ വരവിനായുള്ള കാത്തിരിപ്പിൽ" പ്രഖ്യാപിക്കുന്നു. കർത്താവിൻറെ ആഗമനത്തിനായുള്ള കാത്തിരിപ്പിലാണ് സഭ.

എന്നാൽ  ക്രിസ്തുവിൻറെ ഈ അന്തിമാഗമനത്തെക്കുറിച്ചുള്ള ഈ പ്രതീക്ഷ അദ്വിതീയവും ഏകവുമായി തുടർന്നില്ല. സഭയുടെ വർത്തമാനകാല സാഹചര്യത്തിലും തീർത്ഥാടകാവസ്ഥയിലും അവിടത്തെ ആഗമനം തുടരുമെന്ന പ്രതീക്ഷ അതിനോടു ചേർന്നു. പരിശുദ്ധാത്മാവിനാൽ പ്രചോദിതയായി സഭ യേശുവിനോട് "വന്നാലും!" എന്ന് വിളിച്ചപേക്ഷിക്കുമ്പോൾ അവൾ സർവ്വോപരി ചിന്തിക്കുന്നത് ഈ വരവിനെക്കുറിച്ചാണ്.

റൂഹാക്ഷണം

സഭയുടെ അധരത്തിലെ "വരൂ!" എന്ന രോദനവമായി ബന്ധപ്പെട്ട സാരസാന്ദ്രമായ ഒരു മാറ്റം - അല്ലെങ്കിൽ, ഒരു പുരോഗതി -ഉണ്ടായിട്ടുണ്ട്. ഇത് പതിവായി ക്രിസ്തുവിനോടു മാത്രമല്ല, പരിശുദ്ധാത്മാവിനോടുമുള്ളതാണ്! ആർത്തുവിളിക്കുന്നവൻ ഇപ്പോൾ ആർത്തുവിളിക്കപ്പെടുന്നവനുമാണ്. "വന്നാലും!" ഈ ക്ഷണത്തോടെയാണ് പരിശുദ്ധാത്മാവിനോടുള്ള സഭയുടെ മിക്കവാറും എല്ലാ സ്തുതിഗീതങ്ങളും പ്രാർത്ഥനകളും ആരംഭിക്കുന്നത്: "സ്രഷ്ടാവായ ആത്മാവേ, വരൂ" എന്ന് നമ്മൾ “വേനി ക്രെയാത്തോർ”  എന്ന പ്രാർത്ഥനയിലും, "വന്നാലും, പരിശുദ്ധാത്മാവേ," എന്ന് പെന്തക്കോസ്താ ക്രമത്തിലും പ്രാർത്ഥിക്കുന്നു; അങ്ങനെ മറ്റു പല പ്രാർത്ഥനകളിലും. അങ്ങനെയായിരിക്കുന്നതു ഉചിതം തന്നെ, കാരണം, പുനരുത്ഥാനത്തിനുശേഷം, പരിശുദ്ധാത്മാവാണ് ക്രിസ്തുവിൻറെ യഥാർത്ഥ “ഇതര സത്ത” "ആൾത്തെർ ഏഗൊ", അവൻറെ പകരക്കാരൻ, അവനെ സഭയിൽ സന്നിഹിതനാക്കുകയും സജീവനാക്കുകയും ചെയ്യുന്നവൻ. അവനാണ് "ഭാവികാര്യങ്ങൾ അറിയിക്കുകയും" (യോഹന്നാൻ 16:13 കാണുക) അവയെ ആഗ്രഹിക്കത്തക്കവയും പ്രതീക്ഷിക്കത്തക്കവയുമാക്കുകയും ചെയ്യുന്നത്. അതുകൊണ്ടാണ് പരിത്രാണപദ്ധതിയിലും ക്രിസ്തുവും ആത്മാവും അഭേദ്യരാകുന്നത്.

പരിശുദ്ധാത്മാവും ക്രിസ്തീയ പ്രത്യാശയും

പരിശുദ്ധാത്മാവ് ക്രിസ്തീയ പ്രത്യാശയുടെ അനർഗള പ്രവാഹമാണ്. വിശുദ്ധ പൗലോസ് നമ്മോട് ഈ അമൂല്യ വാക്കുകൾ പറയുന്നു: "പ്രത്യാശയുടെ ദൈവം നിങ്ങളുടെ വിശ്വാസത്താൽ സകല സന്തോഷവും സമാധാനവും കൊണ്ട് നിങ്ങളെ നിറയ്ക്കട്ടെ, അങ്ങനെ, പരിശുദ്ധാത്മാവിൻറെ ശക്തിയാൽ നിങ്ങൾ പ്രത്യാശയിൽ സമൃദ്ധി പ്രാപിക്കുകയും ചെയ്യട്ടെ" (റോമ 15:13). സഭ ഒരു നൗകയാണെങ്കിൽ, പരിശുദ്ധാത്മാവ് അതിനെ തള്ളുകയും ചരിത്ര സമുദ്രത്തിൽ, ഗതകാലത്തെന്ന പോലെ ഇന്നും, മുന്നോട്ടുനയിക്കുകയും ചെയ്യുന്ന വഞ്ചിപ്പായ് ആണ്!

പ്രത്യാശ ഒരു ഉറപ്പാണ്

പ്രത്യാശ എന്നത് ശൂന്യമായ ഒരു വാക്കല്ല, അല്ലെങ്കിൽ കാര്യങ്ങൾ മെച്ചപ്പെടുമെന്ന നമ്മുടെ അടിസ്ഥാനരഹിത ആഗ്രഹമല്ല: പ്രത്യാശ ഒരു ഉറപ്പാണ്, കാരണം അത് തൻറെ വാഗ്ദാനങ്ങളിലുള്ള ദൈവത്തിൻറെ വിശ്വസ്തതയെ അടിസ്ഥാനമാക്കിയുള്ളതാണ്. അതുകൊണ്ടാണ് ഇതിനെ ദൈവിക പുണ്യം എന്ന് വിളിക്കുന്നത്: എന്തെന്നാൽ അത് ദൈവത്താൽ സന്നിവേശിപ്പിക്കപ്പെട്ടതാണ് അതിൻറെ ഉറപ്പ് ദൈവമാണ്. കാര്യങ്ങൾ സംഭവിക്കുന്നതും കാത്തിരിക്കുന്നതായ ഒരു നിഷ്ക്രിയ പുണ്യമല്ല ഇത്. അവ സംഭവിക്കാൻ സഹായിക്കുന്ന അത്യധികം സജീവമായ ഒരു പുണ്യമാണ്. ദരിദ്രരുടെ വിമോചനത്തിനായി പോരാടിയ ഒരാൾ ഇങ്ങനെ കുറിച്ചു: "ദരിദ്രരുടെ നിലവിളിയുടെ ഉത്ഭവം പരിശുദ്ധാത്മാവാണ്. ശക്തിയില്ലാത്തവർക്ക് നൽകപ്പെടുന്ന ശക്തിയാണത്. അടിച്ചമർത്തപ്പെട്ട ജനതയുടെ വിമോചനത്തിനും സംപൂർണ്ണ സാക്ഷാത്ക്കാരത്തിനും വേണ്ടിയുള്ള പോരാട്ടത്തിന് അവൻ നേതൃത്വം നൽകുന്നു.

പ്രത്യാശ വിതയ്ക്കുന്നവനാകണം ക്രൈസ്തവൻ

പ്രത്യാശപുലർത്തുന്നതിൽമാത്രം ഒരു ക്രിസ്ത്യാനിക്ക് തൃപ്തിയടയാനാകില്ല; അവൻ പ്രത്യാശ പ്രസരിപ്പിക്കുകയും പ്രത്യാശ വിതയ്ക്കുകയും ചെയ്യണം. നരകുലത്തിനു മുഴവനുമേകാൻ സഭയക്കു കഴിയുന്ന ഏറ്റവും മനോഹരമായ ദാനമാണിത്, പ്രത്യേകിച്ച്, കപ്പൽപായുകൾ താഴ്ത്താൻ സകലവും നമ്മിൽ സമ്മർദ്ദം ചെലുത്തുന്ന നിമിഷങ്ങളിൽ.

പ്രത്യാശയാൽ നിറയുക

അപ്പോസ്തലനായ പത്രോസ് ആദിമ ക്രൈസ്തവരെ ഇങ്ങനെ ഉദ്ബോധിപ്പിച്ചു: "ക്രിസ്തുവിനെ കർത്താവായി നിങ്ങളുടെ ഹൃദയത്തിൽ ആരാധിക്കുവിൻ, നിങ്ങൾക്കുള്ള പ്രത്യാശയെക്കുറിച്ച് വിശദീകരണം ആവശ്യപ്പെടുന്ന ഏവരോടും മറുപടിപറയാൻ സദാ സന്നദ്ധരായിരിക്കുവിൻ." എന്നാൽ അദ്ദേഹം ഒരു ശുപാർശകൂടെ ചേർത്തു: "ഇത് സൗമ്യതയോടും ബഹുമാനത്തോടും കൂടി ചെയ്യണം" (1 പത്രോസ് 3,15-16). കാരണം അത് ആളുകളെ ബോധ്യപ്പെടുത്തുന്ന വാദങ്ങളുടെ ശക്തിയാലല്ല, മറിച്ച് നമുക്ക് അവയിൽ ഉൾപ്പെടുത്താൻ കഴിയുന്ന സ്നേഹത്താലാണ്. സുവിശേഷവത്കരണത്തിൻറെ പ്രഥമവും ഏറ്റവും ഫലപ്രദവുമായ രൂപമാണിത്. അത് എല്ലാവർക്കുമായി തുറന്നിരിക്കുന്നു! പ്രിയ സഹോദരീസഹോദരന്മാരേ, "പരിശുദ്ധാത്മാവിനാൽ പ്രത്യാശയിൽ സദാ സമൃദ്ധമായിരിക്കുന്നതിന്" ആത്മാവ് നമ്മെ എപ്പോഴും സഹായിക്കട്ടെ! നന്ദി.

ആശീർവ്വാദാനന്തര അഭിവാദ്യങ്ങൾ  

പാപ്പാ ഇറ്റാലിയന്‍ ഭാഷയിൽ നടത്തിയ മുഖ്യ പ്രഭാഷണത്തെ തുടർന്ന് അതിൻറെ സംഗ്രഹം ആംഗലം അറബി, ചൈനീസ് തുടങ്ങിയ വിവിധഭാഷകളില്‍ പാരായണം ചെയ്യപ്പെട്ടു.

സിറിയയെ അനുസ്മരിച്ച് പാപ്പാ

സിറിയയിൽ സ്വേച്ഛാധിപത്യഭരണാധികാരിയായിരുന്ന ബഷാർ അൽ അസദ് അധികാരഭ്രാഷ്ടാനക്കപ്പെടുകയും വിപ്ലവകാരികൾ അധികാരം പിടിച്ചെടുക്കയും ചെയ്തിരിക്കുന്നതിനെ തുടർന്നുള്ള അവസ്ഥയെക്കുറിച്ച് പാപ്പാ അനുസ്മരിച്ചു. സിറിയയുടെ ചരിത്രത്തിലെ ലോലമായ ഈ വേളയിൽ അവിടെ നടക്കുന്ന കാര്യങ്ങൾ താൻ നിരീക്ഷിക്കുന്നുണ്ടെന്ന് വെളിപ്പെടുത്തിയ പാപ്പാ കൂടുതൽ സംഘർഷങ്ങളും ഭിന്നതകളും ഇല്ലാതെ, അന്നാടിൻറെ സുസ്ഥിരതയും ഐക്യവും ഉത്തരവാദിത്വപൂർവ്വം പരിപോഷിപ്പിക്കുന്ന ഒരു രാഷ്ട്രീയ പരിഹാരം ഉണ്ടാകുമെന്ന പ്രത്യാശ പ്രകടിപ്പിച്ചു. സിറിയൻ ജനതയ്ക്ക് അവരുടെ പ്രിയപ്പെട്ട നാട്ടിൽ സമാധാനവും സുരക്ഷിതത്വവും അനുഭവിക്കാനും വർഷങ്ങളോളം നീണ്ടുനിന്ന യുദ്ധത്താൽ വലയുന്ന ആ രാജ്യത്തിൻറെ നന്മയ്ക്കായി അന്നാട്ടിലെ ഭിന്ന മതസ്ഥർക്ക് സൗഹൃദത്തോടെയും പരസ്പര ബഹുമാനത്തോടെയും  ഒരുമിച്ച് നീങ്ങാനും മരീക്ക കന്യകാനാഥയുടെ മാദ്ധ്യസ്ഥ്യം പാപ്പാ പ്രാർത്ഥിക്കുകയും ചെയ്തു. പതിവുപോലെ പൊതുകൂടിക്കാഴ്ചാ പരിപാടിയുടെ അവസാനം ഇറ്റലിക്കാരെ  അഭിവാദ്യം ചെയ്യവെ പാപ്പാ യുവജനത്തെയും പ്രായംചെന്നവരെയും രോഗികളെയും നവദമ്പതികളെയും പ്രത്യേകം സംബോധന ചെയ്തു.

യുദ്ധവേദികളിൽ സമാധാനം ഉണ്ടാകുന്നതിനു വേണ്ടി പ്രാർത്ഥിക്കാം

യുദ്ധവേദികളായ ഉക്രൈയിൻ, പലസ്തീൻ, ഇസ്രായേൽ, മ്യന്മാർ എന്നീ നാടുകളെ അനുസ്മരിച്ച പാപ്പാ അവിടങ്ങളിൽ സമധാനം വീണ്ടും പുലരുന്നതിനായി പ്രാർത്ഥിക്കാൻ എല്ലാവരെയും ക്ഷണിക്കുകയും യുദ്ധം എന്നും ഒരു തോൽവിയാണെന്ന തൻറെ ബോധ്യം ആവർത്തിക്കുകയും ചെയ്തു. തുടർന്ന് ലത്തീൻഭാഷയിൽ സ്വർഗ്ഗസ്ഥനായ പിതാവേ എന്ന കർത്തൃപ്രാർത്ഥന ആലപിക്കപ്പെട്ടു. തദ്ദനന്തരം പാപ്പാ, എല്ലാവർക്കും തൻറെ അപ്പൊസ്തോലികാശീർവ്വാദം നല്കി.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

11 December 2024, 11:55

ഏറ്റവും അടുത്ത പൊതുകൂടിക്കാഴ്ച

വായിച്ചു മനസ്സിലാക്കാന്‍ >