പ്രാർത്ഥനയിൽ പങ്കെടുക്കുന്ന വിശ്വാസികൾ പ്രാർത്ഥനയിൽ പങ്കെടുക്കുന്ന വിശ്വാസികൾ   (VATICAN MEDIA Divisione Foto)

ഫ്രാൻസിസ് പാപ്പായ്ക്കുവേണ്ടി പ്രാർത്ഥനകൾ തുടർന്ന് ദൈവജനം

ഫെബ്രുവരി 14 മുതൽ ജെമെല്ലി ആശുപത്രിയിൽ കഴിയുന്ന ഫ്രാൻസിസ് പാപ്പായ്ക്കുവേണ്ടി ജപമാലയർപ്പിച്ചു പ്രാർത്ഥിക്കുവാൻ ഓരോ ദിവസവും, ഇറ്റാലിയൻ സമയം വൈകുന്നേരം, വത്തിക്കാൻ ചത്വരത്തിൽ വിശ്വാസികൾ ഒരുമിച്ചുകൂടുന്നു.

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

ചികിത്സയിൽ കഴിയുന്ന ഫ്രാൻസിസ് പാപ്പായുടെ ആരോഗ്യനിലയിൽ ഉണ്ടാകുന്ന പുരോഗതി ലോകം മുഴുവനും ഏറെ സന്തോഷം നൽകുന്നു. ഒപ്പം ലോകത്തിന്റെ വിവിധ കോണുകളിൽ ജാതിമത ഭേദമെന്യേ പാപ്പായ്ക്കുവേണ്ടി പ്രാർത്ഥിക്കുന്നുവെന്ന വാർത്തകളും പുറത്തുവരുന്നു. വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ചത്വരത്തിൽ ഓരോ ദിവസവും ഇറ്റാലിയൻ സമയം വൈകുന്നേരം വിശ്വാസികൾ ഒരുമിച്ചുകൂടി ജപമാല ചൊല്ലി പ്രാർത്ഥിക്കുന്നു.

മാർച്ചു മാസം പത്തൊൻപതാം തീയതി നടന്ന പ്രാർത്ഥനയ്ക്ക്, വത്തിക്കാൻ റോമൻ റോട്ട ട്രൈബ്യൂണലിന്റെ ഡീൻ മോൺസിഞ്ഞോർ അലഹാന്ദ്രോ അരെജ്ജാനോ സെദില്ലോ നേതൃത്വം  നൽകി. "സഹോദരങ്ങളെ, പ്രത്യാശയുടെ തീർത്ഥാടകരേ, പരിശുദ്ധ ജപമാല ചൊല്ലാനും പരിശുദ്ധ കന്യകാമറിയത്തിന്റെ ദൃഷ്ടിയിലൂടെ  യേശുവിന്റെ ജീവിതരഹസ്യങ്ങൾ ധ്യാനിക്കാനും നാം പ്രാർത്ഥനയിൽ ഒത്തുകൂടുന്നു." ഈ വാക്കുകളോടെയാണ് മോൺസിഞ്ഞോർ പ്രാർത്ഥന ആരംഭിച്ചത്. തിരുസഭയുടെ മാതാവായ മറിയത്തിന്റെ ചിത്രം ചത്വരത്തിൽ പ്രതിഷ്ഠിക്കപ്പെട്ടിരുന്നു.  പാപ്പായുടെ ആരോഗ്യത്തിനായി പ്രാർത്ഥിക്കാൻ "മുഴുവൻ സഭയെയും" ആർച്ച് ബിഷപ്പ് ക്ഷണിച്ചു.

റോമൻ കൂരിയയിലെയും റോം രൂപതയിലെയും കർദ്ദിനാൾമാർ, മെത്രാന്മാർ, പുരോഹിതന്മാർ, സന്യാസിനിസന്യാസിമാർ, അല്മായർ എന്നിവർ പ്രാർത്ഥനയിൽ പങ്കെടുത്തു. ഒപ്പം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും തീർത്ഥാടകർക്കായി എത്തിയവരും പ്രാർത്ഥനയിൽ പങ്കുചേരുന്നു. നമ്മുടെ ബലഹീനതയിൽ നമ്മെ സഹായിക്കുന്നതിനും, അങ്ങനെ വിശ്വാസത്തിൽ സ്ഥിരോത്സാഹത്തോടെ നിലനിന്നുകൊണ്ട് സ്നേഹത്തിൽ വളരാനും അനുഗ്രഹീതമായ പ്രത്യാശയുടെ ലക്ഷ്യത്തിലേക്ക് ഒരുമിച്ച് നടക്കാനും, പരിശുദ്ധാത്മാവിന്റെ കൃപയ്ക്കായും പ്രത്യേകം പ്രാർത്ഥിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

20 മാർച്ച് 2025, 10:57