യേശുവിൻറെ രൂപാന്തരീകരണം യേശുവിൻറെ രൂപാന്തരീകരണം 

യേശുവിൻറെ അനന്ത സ്നേഹത്തിൻറെ വെളിച്ചം പരത്തുന്ന രൂപാന്തരീകരണം!

ഫ്രാൻസീസ് പാപ്പാ മാർച്ച് 16-ന് ഞായറാഴ്ച വരമൊഴിയായി നല്കിയ മദ്ധ്യാഹ്നപ്രാർത്ഥനാ സന്ദേശം.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ഒരു മാസത്തിലേറെയായി റോമിലെ അഗൊസ്തീനൊ ജെമേല്ലി മെഡിക്കൽ കോളേജാശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനാൽ ഫ്രാൻസീസ് പാപ്പായ്ക്ക് കഴിഞ്ഞ അഞ്ചു ഞായറാഴ്ചകൾ തുടർച്ചയായി ഞായറാഴ്ചകളിൽ പതിവുള്ള മദ്ധ്യാഹ്നപ്രാർത്ഥന നയിക്കാൻ കഴിഞ്ഞില്ല. ഫെബ്രുവരി 14-ന്, വെള്ളിയാഴ്ച ശ്വാസനാള വീക്കത്തെത്തുടർന്നാണ് പാപ്പാ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടത്. പാപ്പായ്ക്ക് ഇരു ശ്വാസകോശങ്ങളിലും ന്യുമോണിയ ബാധിച്ചിരിക്കയാണെന്ന് കൂടുതലായി നടത്തിയ പരിശോധനകളിൽ കണ്ടെത്തുകയായിരുന്നു. പാപ്പായുടെ ആരോഗ്യസ്ഥിതി സാവധാനം മെച്ചപ്പെട്ടുവരുന്നു. പാപ്പായ്ക്ക് മദ്ധ്യാഹ്നപ്രാർത്ഥനാ പ്രഭാഷണം നടത്താനോ ത്രികാലജപം നയിക്കാനോ കഴിയുന്നില്ലെങ്കിലും പാപ്പായുടെ ത്രികാലജപസന്ദേശം കഴിഞ്ഞ വാരത്തിലെന്നപോലെ ഈ ഞായറാഴ്ചയും പരിശുദ്ധസിംഹാസനം പരസ്യപ്പെടുത്തിയിരുന്നു. ഈ വരമൊഴി സന്ദേശത്തിൽ പാപ്പായുടെ വിചിന്തനത്തിന് ആധാരം, ലത്തീൻറീത്തിൻറെ ആരാധനാക്രമനുസരിച്ച്, ഈ ഞായറാഴ്ച (16/03/25) ദിവ്യബലി മദ്ധ്യേ വായിക്കപ്പെട്ട സുവിശേഷഭാഗം, ലൂക്കായുടെ സുവിശേഷം 9:28-36 വരെയുള്ള വാക്യങ്ങൾ അതായത്, പത്രോസ്, യോഹന്നാൻ, യാക്കോബ് എന്നീ ശിഷ്യന്മാരെ കൂട്ടിക്കൊണ്ട് യേശു മലമുകളിലേക്കു പോകുന്നതും അവിടെ വച്ച് അവിടന്ന് രൂപാന്തരപ്പെടുന്നതുമായ സംഭവം ആയിരുന്നു. പാപ്പാ തൻറെ ഹ്രസ്വ വിചിന്തനത്തിൽ ഇപ്രകാരം പറയുന്നു:

 യേശുവിൻറെ രൂപാന്തരീകരണം          

പ്രിയ സഹോദരീ സഹോദരന്മാരേ, ശുഭ ഞായർ

നോമ്പുകാലത്തിലെ രണ്ടാമത്തെ ഞായറാഴ്ചയായ ഇന്ന്, സുവിശേഷം യേശുവിൻറെ രൂപാന്തരീകരണത്തെക്കുറിച്ച് നമ്മോട് പറയുന്നു (ലൂക്കാ 9:28-36). പത്രോസ്, യാക്കോബ്, യോഹന്നാൻ എന്നിവരോടൊപ്പം ഒരു മലമുകളിൽ എത്തിയ യേശു പ്രാർത്ഥനയിൽ ആമഗ്നനാകുകയും പ്രഭാപൂരിതനായിത്തീരുകയും ചെയ്യുന്നു. അപ്രകാരം അവൻ താൻ അവർക്കിടയിൽ ചെയ്യുന്ന പ്രവർത്തികൾക്ക് പിന്നിലുള്ളത് എന്താണെന്ന് ശിഷ്യന്മാർക്ക് കാണിച്ചുകൊടുക്കുന്നു: അതായത് അവൻറെ അനന്ത സ്നേഹത്തിൻറെ വെളിച്ചം. ഈ വാക്കുകളെ തുടർന്ന് പാപ്പാ തൻറെ ആതുരാവസ്ഥയെക്കുറിച്ച് സൂചിപ്പിച്ചുകൊണ്ട് ഇങ്ങനെ സന്ദേശത്തിൽ കുറിക്കുന്നു: 

പ്രത്യാശയുടെ വെളിച്ചം

ഒരു പരീക്ഷണ ഘട്ടത്തിലൂടെ ഞാൻ കടന്നുപോകുന്ന വേളയിൽ ഈ ചിന്തകൾ ഞാൻ നിങ്ങളുമായി പങ്കുവയ്ക്കുകയും ഈ സമയത്ത് എന്നെപ്പോലെ ദുർബ്ബലരായ രോഗികളായ നിരവധി സഹോദരീസഹോദരന്മാരോടൊന്നു ചേരുകയും ചെയ്യുന്നു. നമ്മുടെ ശരീരം ദുർബ്ബലമാണെന്നെരിക്കിലും, സ്നേഹിക്കുന്നതിലും പ്രാർത്ഥിക്കുന്നതിലും നമ്മെത്തന്നെ സമർപ്പണം ചെയ്യുന്നതിലും ഒരാൾ മറ്റൊരാൾക്കുവേണ്ടിയായിരിക്കുന്നതിലും, വിശ്വാസത്തിൽ പ്രത്യാശയുടെ തിളക്കമാർന്ന അടയാളങ്ങളായിരിക്കുന്നതിലും നിന്ന് നമ്മെ തടയാൻ യാതൊന്നിനും കഴിയില്ല. ഈ അർത്ഥത്തിൽ, ആശുപത്രികളിലും പരിചരണ കേന്ദ്രങ്ങളിലും എത്രമാത്രം വെളിച്ചം പരക്കുന്നു! ഏറ്റവും എളിയ സേവനങ്ങൾ നടക്കുന്ന മുറികൾ, ഇടനാഴികൾ, ചികിത്സാലയങ്ങൾ, എന്നിവിടങ്ങളെ സ്നേഹപൂർവ്വമായ കരുതൽ എത്രമാത്രം പ്രകാശിപ്പിക്കുന്നു! ആകയാൽ, നമ്മെ ഒരിക്കലും കൈവെടിയാത്തവനും, വേദനയുടെ നിമിഷങ്ങളിൽ, തൻറെ സ്നേഹകിരണത്തെ പ്രതിഫലിപ്പിക്കുന്ന ആളുകളെ നമ്മുടെ ചാരെ  നിർത്തുന്നവനുമായ കർത്താവിനെ സ്തുതിക്കുന്നതിൽ എന്നോടൊപ്പം ചേരാൻ ഞാൻ ഇന്ന് നിങ്ങളെ ക്ഷണിക്കുന്നു.

പ്രാർത്ഥനകൾക്ക് നന്ദി

നിങ്ങളുടെ എല്ലാവരുടെയും പ്രാർത്ഥനകൾക്ക് ഞാൻ നന്ദി പറയുന്നു, വളരെയേറെ അർപ്പണബോധത്തോടെ എന്നെ ശുശ്രൂഷിക്കുന്നവർക്കും ഞാൻ കൃതജ്ഞത രേഖപ്പെടുത്തുന്നു. ധാരാളം കുട്ടികൾ എനിക്ക് വേണ്ടി പ്രാർത്ഥിക്കുന്നുണ്ടെന്ന്  എനിക്കറിയാം; അവരിൽ ചിലർ ഇന്ന് ഇവിടെ "ജെമേല്ലി"യിൽ വന്നിട്ടുണ്ട്. അത് അവരുടെ സാമീപ്യത്തിൻറെ അടയാളമാണ്. പ്രിയമുള്ള കുഞ്ഞുങ്ങളേ നന്ദി! പാപ്പാ നിങ്ങളെ സ്നേഹിക്കുന്നു, നിങ്ങളെ കാണാൻ എപ്പോഴും കാത്തിരിക്കുന്നു.  ബാലികാബാലന്മാരോടുള്ള ഈ നന്ദിവചസ്സുകളെ തുടർന്ന് പാപ്പാ ഇന്ന് ലോകത്തെ പിച്ചിച്ചീന്തുന്ന യുദ്ധത്തെക്കുറിച്ചും സമാധാനത്തിൻറെ ആവശ്യകതയെക്കുറിച്ചും തൻറെ സന്ദേശത്തിൽ പരാമർശിക്കുന്നു.

സമാധാനത്തിനായി പ്രാർത്ഥന തുടരുക

പാപ്പാ പറയുന്നു: യുദ്ധത്താൽ മുറിവേറ്റ രാജ്യങ്ങളിൽ, പ്രത്യേകിച്ച് പീഡിത ഉക്രൈയിൻ, പലസ്തീൻ, ഇസ്രായേൽ, ലെബനൻ, മ്യാൻമർ, സുഡാൻ, പ്രജാധിപത്യ കോംഗൊ റിപ്പബ്ലിക് എന്നിവിടങ്ങളിൽ, സമാധാനം ഉണ്ടാകുന്നതിനായുള്ള പ്രാർത്ഥന നമുക്ക് തുടരാം. അടുത്തയിടെ നടന്ന സിനഡു സമ്മേളനത്തിൽ ഉണ്ടായ വിവേചനബുദ്ധി മൂർത്തമായ തിരഞ്ഞെടുപ്പുകളാക്കി മാറ്റാൻ വിളിക്കപ്പെട്ടിരിക്കുന്ന സഭയ്ക്കുവേണ്ടി പ്രാർത്ഥിക്കാനും പാപ്പാ തൻറെ സന്ദേശത്തിൽ ക്ഷണിക്കുന്നു. ഇക്കാര്യത്തിൽ അടുത്ത മൂന്ന് വർഷക്കാലം പ്രാദേശിക സഭകളെ പിന്തുണയ്ക്കുന്ന സിനഡിൻറെ പൊതുകാര്യാലയത്തിന് പാപ്പാ  നന്ദി പറയുകയും ചെയ്യുന്നു.

പരിശുദ്ധ അമ്മയുടെ മാദ്ധ്യസ്ഥ്യം

കന്യകാമറിയം നമ്മെ സംരക്ഷിക്കുകയും, അവളെപ്പോലെ, ക്രിസ്തുവിൻറെ പ്രകാശത്തിൻറെയും സമാധാനത്തിൻറെയും സംവാഹകരാകാൻ നമ്മെ സഹായിക്കുകയും ചെയ്യട്ടെ എന്ന പ്രാർത്ഥനയോടെയാണ് പാപ്പാ തൻറെ ത്രികാലജപ സന്ദേശം ഉപസംഹരിക്കുന്നത്.     

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

17 മാർച്ച് 2025, 10:09

ത്രികാലപ്രാര്‍ത്ഥന - ദിവസത്തിൽ മൂന്നു പ്രാവശ്യം ജപിക്കുന്ന സഭയുടെ ഔദ്യോഗിക പ്രാർത്ഥനയാണിത്. സനാതനമായ രക്ഷാകര രഹ്യമാണ് ഇതിന്‍റെ ഉള്ളടക്കം. രാവിലെ
6 മണിക്കും, മദ്ധ്യാഹ്നം 12 മണിക്കും, വൈകുന്നേരം 6 മണിക്കും ദേവാലയമണി മുഴങ്ങുമ്പോഴാണ് ഇത് ഉരുവിടുന്നത്.  

കര്‍ത്താവിന്‍റെ മാലാഖ... എന്നു തുടങ്ങുന്ന ത്രികാലജപം സാധാരണകാലങ്ങളില്‍ ചൊല്ലുമ്പോള്‍ പെസഹാക്കാലത്ത് സ്വര്‍ല്ലോക രാജ്ഞിയേ... എന്ന പ്രാര്‍ത്ഥനയുമാണ് ചൊല്ലുന്നത്. പ്രാര്‍ത്ഥനയുടെ ഇടയ്ക്ക് ചൊല്ലുന്ന നന്മനിറഞ്ഞ മറിയമേ, എന്ന ജപം ക്രിസ്തുവിന്‍റെ രക്ഷാകര ചരിത്രത്തില്‍ മറിയത്തിനുള്ള പങ്ക് വിളിച്ചോതുന്നു. ത്രിത്വസ്തുതിയോടെയാണ് ത്രികാലപ്രാര്‍ത്ഥന അവസാനിക്കുന്നത്.


പൊതുവെ എല്ലാ ഞായറാഴ്ചകളിലും സവിശേഷദിനങ്ങളിലും മദ്ധ്യാഹ്നത്തിലാണ് “ആഞ്ചെലൂസ്…” എന്ന ശീര്‍ഷകത്തില്‍ പാപ്പായുടെ സാന്നിദ്ധ്യത്തില്‍ ത്രികാലപ്രാ‍ര്‍ത്ഥന നടത്തപ്പെടുന്നത്. ഞായറാഴ്ചകളില്‍ മദ്ധ്യാഹ്നം കൃത്യം 12 മണിക്ക് വത്തിക്കാനിലെ അപ്പസ്തോലിക അരമനയുടെ മൂന്നാംനിലയുടെ രണ്ടാം ജാലകത്തില്‍ പ്രത്യക്ഷപ്പെട്ട്, താഴെ വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍ സമ്മേളിച്ചിരിക്കുന്ന തീര്‍ത്ഥാടകര്‍ക്കും സന്ദര്‍ശകര്‍ക്കുമൊപ്പം പാപ്പാ ത്രികാലപ്രാര്‍ത്ഥന ചൊല്ലുന്ന പതിവിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്.

ഏറ്റവും ഒടുവിലത്തെ ത്രികാലപ്രാര്‍ത്ഥന

വായിച്ചു മനസ്സിലാക്കാന്‍ >