സമാധാനം ആഗ്രഹിക്കുന്നവർ, സമാധാനം ഒരുക്കുക: ആർച്ചുബിഷപ്പ് വിശ്വൽദാസ് കുൽബോക്കാസ്
ബെനെദേത്ത കപ്പേല്ലി, ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി
റഷ്യ - ഉക്രൈൻ യുദ്ധം വളരെ രൂക്ഷമായി തുടരുന്നതിനിടെ ഒരിക്കൽ കൂടി സമാധാനത്തിനുള്ള ആഹ്വാനം നൽകിക്കൊണ്ട് കീവിലെ വത്തിക്കാൻ സ്ഥാനപതി ആർച്ചുബിഷപ്പ് വിശ്വൽദാസ് കുൽബോക്കാസ് സംസാരിച്ചു. ഈ ദിവസങ്ങളിൽ ഇറ്റലിയിലെ റിമിനി പ്രവിശ്യയിൽ നടക്കുന്ന മനുഷ്യസൗഹാർദ്ദ സമ്മേളനത്തിലെ വട്ടമേശചർച്ചകൾക്കിടയിലാണ് ആർച്ചുബിഷപ്പ് ഇപ്രകാരം സമാധാനത്തിനായുള്ള അഭ്യർത്ഥനകൾ നടത്തിയത്. നാം യഥാർത്ഥത്തിൽ സമാധാനം ആഗ്രഹിക്കുന്നുണ്ടെങ്കിൽ, ആ സമാധാനം സംസ്ഥാപിക്കുന്നതിനുള്ള ഒരുക്കങ്ങൾ കൂടി ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.
റഷ്യ- ഉക്രൈൻ യുദ്ധം തുടങ്ങിയ നാൾ മുതൽ ഉക്രൈനിലെ ജനതയോട് ലോകം മുഴുവൻ കാണിക്കുന്ന ഐക്യദാർഢ്യവും, ജീവകാരുണ്യത്തിന്റെ വിശാലമനസ്കതയും ഏറെ പ്രധാനപ്പെട്ടതാണെന്ന് അദ്ദേഹം അടിവരയിട്ടു പറഞ്ഞു. ഉക്രൈനിലെ ജനങ്ങളുടെ ഉള്ളിൽ ഇപ്പോഴും അവശേഷിക്കുന്ന പ്രത്യാശയുടെ കിരണങ്ങൾ അവരെ വെല്ലുവിളികൾ തരണം ചെയ്തുകൊണ്ട് മുൻപോട്ടു പോകുവാൻ സഹായിക്കുന്നുവെന്ന് ആർച്ചുബിഷപ്പ് പറഞ്ഞു. ഉക്രൈൻ യുദ്ധം വളരെ നാളുകൾക്കു മുൻപുതന്നെ സാധാരണജനങ്ങൾ മനസിലാക്കിയിരുന്നുവെന്നും, ഒരു നിയമവും പാലിക്കാതെ നടത്തുന്ന ഇത്തരം യുദ്ധങ്ങൾ മനുഷ്യാവകാശങ്ങളുടെ ലംഘനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
2022 ൽ സമാധാനത്തിനായുള്ള നോബൽ സമ്മാനം നേടിയ കീവ് ആസ്ഥാനമായുള്ള പൗരാവകാശ സംഘടനയുടെ നേതാവും ഉക്രേനിയൻ അഭിഭാഷകയുമായ ഒലെക്‌സാന്ദ്ര മാറ്റ്‌വിജ്‌കുക്കും വട്ടമേശചർച്ചയിൽ സംബന്ധിച്ചു സംസാരിച്ചു. മറ്റുള്ളവരുടെ ദുരവസ്ഥയിൽ നിസ്സംഗത പുലർത്താത്ത ഒരു മനുഷ്യത്വത്തിൻ്റെ പ്രകടനമാണ് ഉക്രൈനിൽ കാണുന്നതെന്ന് ഒലെക്‌സാന്ദ്ര പറഞ്ഞു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: