അനുരഞ്ജനമാണ് സാഹോദര്യത്തിലേക്കുള്ള മാർഗം: കർദിനാൾ മത്തേയോ സൂപ്പി
ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി
'റിമിനി സമ്മേളനം' എന്ന് പൊതുവെ വിളിക്കപ്പെടുന്ന ആളുകൾക്കിടയിലെ സൗഹൃദത്തിനുള്ള സമ്മേളനം 2024 ആഗസ്റ്റ് മാസം 20 മുതൽ ഇരുപത്തിയഞ്ചുവരെ നടത്തപ്പെട്ടു. തദവസരത്തിൽ ഇറ്റാലിയൻ മെത്രാൻ സമിതിയുടെ പ്രസിഡന്റും, ബൊളോഞ്ഞ അതിരൂപതാ ആർച്ചുബിഷപ്പുമായ കർദിനാൾ മത്തേയോ സൂപ്പി ചർച്ചകളിൽ സംബന്ധിക്കുകയും ചോദ്യങ്ങൾക്ക് മറുപടി നൽകുകയും ചെയ്തു. വത്തിക്കാൻ മാധ്യമത്തിനും അദ്ദേഹം അഭിമുഖസംഭാഷണം അനുവദിച്ചു. പ്രധാനമായും യുദ്ധങ്ങളെക്കുറിച്ചും, സഭയുടെ ഭാഗത്തുനിന്നുള്ള സമാധാനശ്രമങ്ങളെക്കുറിച്ചുമാണ് ചോദ്യങ്ങളുന്നയിക്കപ്പെട്ടത്. സമാധാനത്തിലേക്കുള്ള ഏകപാത ക്ഷമയുടെയും, നീതിയുടെയും മാത്രമാണെന്ന് അദ്ദേഹം അടിവരയിട്ടു പറഞ്ഞു.
ജീവിതത്തിൽ മറ്റുള്ളവരെ കണ്ടെത്തിക്കൊണ്ട് , സാഹോദര്യം കെട്ടിപ്പടുക്കുവാനുള്ള മാർഗം അനുരഞ്ജനത്തിന്റേതുമാത്രമാണെന്ന് അദ്ദേഹം ആവർത്തിച്ചു. വിദ്വേഷത്തെയും അക്രമത്തെയും ചെറുക്കുന്നതിൽ മതങ്ങളുടെ മൗലികമായ പങ്കിനെ അദ്ദേഹം എടുത്തുകാണിക്കുകയും സമാധാനം കെട്ടിപ്പടുക്കുന്നതിനുള്ള ചർച്ചകളിലും വിട്ടുവീഴ്ചയിലുമാണ് യഥാർത്ഥ ധൈര്യം കുടികൊള്ളുന്നതെന്ന് അടിവരയിട്ടുപറയുകയും ചെയ്തു.
യുദ്ധം, സംഘർഷം, മുൻവിധി, വിദ്വേഷം, നീരസം, പ്രതികാരം എന്നിങ്ങനെയുള്ള ജീവിതത്തിന്റെ പരുഷതയെ ചെറുക്കാനും, നീതിബോധം വളർത്തിയെടുക്കുവാനും ക്രിസ്ത്യാനികൾക്ക് ധാരാളം കാര്യങ്ങൾ ചെയ്യുവാൻ സാധിക്കുമെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. അപരനെ സഹോദരനായി അംഗീകരിക്കുവാനുള്ള അനുരഞ്ജനത്തിന്റെ പാതയിൽ വിദ്യാഭ്യാസം അടിസ്ഥാനപങ്കു വഹിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിട്ടുവീഴ്ചകൾ ഒരിക്കലും പരാജയമല്ലെന്നും, അത് ധീരതയുടെ ഫലമാണെന്നും കർദിനാൾ പറഞ്ഞു. യഥാർത്ഥ ധൈര്യം ചർച്ചകൾ എങ്ങനെ നടത്തണമെന്ന് അറിയുന്നതാണ് എന്നുള്ള ഫ്രാൻസിസ് പാപ്പായുടെ വാക്കുകൾ ഏറെ അർത്ഥവത്താണെന്നും, ഭാവിയെ നിർണ്ണയിക്കുന്ന വിട്ടുവീഴ്ചകൾ എപ്രകാരം കൈക്കൊള്ളണമെന്നതാണ് യാഥാർത്ഥധൈര്യമെന്നും കർദിനാൾ സൂപ്പി പറഞ്ഞു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: