വത്തിക്കാനിൽ, ശാസ്ത്രങ്ങൾക്കായുള്ള പൊന്തിഫിക്കൽ അക്കാദമിയുടെ ആസ്ഥാനമായ “കസീന പീയൊ ആറാമൻ” മന്ദിരം വത്തിക്കാനിൽ, ശാസ്ത്രങ്ങൾക്കായുള്ള പൊന്തിഫിക്കൽ അക്കാദമിയുടെ ആസ്ഥാനമായ “കസീന പീയൊ ആറാമൻ” മന്ദിരം  (Copyright (c) 2024 Mistervlad/Shutterstock. No use without permission.)

നിർമ്മിതബുദ്ധിയുടെ അപകടങ്ങളിൽ നിന്ന് കുട്ടികളെ രക്ഷിക്കണം, കർദ്ദിനാൾ പരോളിൻ!

“നിർമ്മിതബുദ്ധിയുടെ അപകടങ്ങളും അവസരങ്ങളും കുട്ടികളുടെ സംരക്ഷണത്തിനായുള്ള പൊതു പ്രതിബദ്ധത” , വത്തിക്കാനിൽ നിമ്മിതബുദ്ധിയെ അധികരിച്ച് ഒരു അന്താരാഷ്ട്ര സമ്മേളനം.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

നിർമ്മിതബുദ്ധി വിതയ്ക്കാവുന്ന വിപത്തുകളിൽ നിന്ന് കുട്ടികളെ രക്ഷിക്കുന്നതിന് അടിയന്തര നടപടികൾ ആവശ്യമാണെന്ന് വത്തിക്കാൻ സംസ്ഥാനകാര്യദർശി കർദ്ദിനാൾ പിയെത്രൊ പരോളിൻ.

വത്തിക്കാനിൽ, ശാസ്ത്രങ്ങൾക്കായുള്ള പൊന്തിഫിക്കൽ അക്കാദമിയുടെ ആസ്ഥാനമായ “കസീന പീയൊ ആറാമൻ” മന്ദിരത്തിൽ മാർച്ച് 21-22 തീയതികളിൽ സംഘടിപ്പിക്കപ്പെട്ട ഉന്നതതല സമ്മേളനത്തിൽ വെള്ളിയാഴ്ച (21/03/25) സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശാസ്ത്രങ്ങൾക്കായുള്ള പൊന്തിഫിക്കൽ അക്കാദമിയും വേൾഡ് ചൈൽഡൂഡ് ഫൗണ്ടേഷനും റോമിലെ ഗ്രിഗോറിയൻ പൊന്തിഫിക്കൽ സർവ്വകലാശാലയുടെ ഇൻസ്റ്റിറ്റൂട്ട് ഓഫ് ആന്ത്രപ്പോളജിയും സംയുക്തമായി സംഘടിപ്പിച്ച ഈ ദ്വിദിന അന്താരാഷ്ട്ര ശില്പശാലയുടെ വിചിന്തന പ്രമേയം “നിർമ്മിതബുദ്ധിയുടെ അപകടങ്ങളും അവസരങ്ങളും കുട്ടികളുടെ സംരക്ഷണത്തിനായുള്ള പൊതു പ്രതിബദ്ധത” എന്നതായിരുന്നു.

നിർമ്മിതബുദ്ധി ആവേശജനകവും ഒപ്പം ഭീകരവുമായ ഒരു ഉപകരണമാണെന്നും അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന കൃത്രിമബുദ്ധി ഉയർത്തുന്ന വെല്ലുവിളികളെ നേരിടുന്നതിനുള്ള തന്ത്രങ്ങൾ വികസിപ്പിക്കേണ്ടത് അത്യാവശ്യമാണെന്നും കർദ്ദിനാൾ പരോളിൻ ഓർമ്മിപ്പിച്ചു. ധാർമ്മിക ചട്ടങ്ങളെയും നിയന്ത്രണസംവിധാനങ്ങളെയും  കുറിച്ച് ചർച്ചചെയ്യുന്നതിന് സർക്കാരുകളും സാങ്കേതിക സംരംഭങ്ങളും അദ്ധ്യാപകരും പൗരസമൂഹവും മതസ്ഥാപനങ്ങളുടെ ഒരുമിച്ചു പ്രവർത്തിക്കേണ്ടതിൻറെ ആവശ്യകതയും അദ്ദേഹം ചൂണ്ടിക്കാട്ടി.

കുട്ടികളുടെ സുരക്ഷ, സ്വകാര്യത, അവരുടെ അന്തസ്സിനോടുള്ള ആദരവ് എന്നിവ ഉറപ്പാക്കുക മാത്രമല്ല, കൃത്രിമബുദ്ധി മൂലമുണ്ടാകുന്ന ദോഷങ്ങളിൽ നിന്ന് അവരെ സംരക്ഷിക്കുകയും ചെയ്യണമെന്നും നിർമ്മിതബുദ്ധി ഓരോ കുട്ടിക്കും കൂടുതൽ പ്രയോജനകരമാക്കുന്നതിന് സുതാര്യത, ഉത്തരവാദിത്വം, നീതി എന്നിവ ഉറപ്പാക്കേണ്ടത് ഒരുപോലെ അത്യാവശ്യമാണെന്നും കർദ്ദിനാൾ പരോളിൻ വ്യക്തമാക്കി.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

22 മാർച്ച് 2025, 12:44