തിരയുക

ഫാ.പോൾ ടാറ്റു ഫാ.പോൾ ടാറ്റു 

ഫാ.പോൾ ടാറ്റുവിന്റെ കൊലപാതകത്തിൽ ദക്ഷിണാഫ്രിക്കൻ മെത്രാൻ സമിതി അനുശോചനം രേഖപ്പെടുത്തി

ഏപ്രിൽ മാസം ഇരുപത്തിയേഴാം നടന്ന, സ്റ്റിഗ്മാറ്റിൻ സഭയിലെ അംഗമായ ഫാ.പോൾ ടാറ്റുവിന്റെ കൊലപാതകത്തിൽ, ദക്ഷിണാഫ്രിക്കൻ മെത്രാൻ സമിതി അനുശോചനം രേഖപ്പെടുത്തി

ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി

ഏപ്രിൽ മാസം ഇരുപത്തിയേഴാം നടന്ന സ്റ്റിഗ്മാറ്റിൻ സഭയിലെ അംഗമായ ഫാ.പോൾ ടാറ്റുവിന്റെ കൊലപാതകത്തിൽ ദക്ഷിണാഫ്രിക്കൻ മെത്രാൻ സമിതി അനുശോചനം രേഖപ്പെടുത്തി. മോസ്റ്റ് ഹോളി റെഡീമർ പ്രവിശ്യയിലെ അംഗമാണ് മരണമടഞ്ഞ വൈദികൻ. ദക്ഷിണാഫ്രിക്കയിലെ പ്രെറ്റോറിയയിൽ വച്ചാണ് കൊലപാതകം നടന്നത്.

ഒരു സ്ത്രീയെ കൊലപ്പെടുത്തുന്നതിനു ദൃക്‌സാക്ഷിയായ ഫാ. പോളിനെ അക്രമികൾ കാറിൽ കടത്തി കൊണ്ടുപോയി വെടിവച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്ന്, സ്റ്റിഗ്മാറ്റിൻ മിഷനറിയായ ഫാ. ജാന്നി പിക്കോൽബോണി പറഞ്ഞു. നാല്പത്തിയേഴുവയസായിരുന്നു മരണമടഞ്ഞ ഫാ.പോളിന്.  ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയ അദ്ദേഹം മെത്രാൻ സമിതിയുടെ മാധ്യമവിഭാഗം മേധാവിയായി പ്രവർത്തിച്ചിരുന്നു.

അർപ്പണബോധത്തോടെയും, സമർപ്പണത്തോടെയുമുള്ള അദ്ദേഹത്തിന്റെ ജീവിതശൈലി ഏറെ മാതൃകാപരമായിരുന്നുവെന്നു അനുശോചന സന്ദേശത്തിൽ മെത്രാൻ സമിതി അടിവരയിട്ടു. ഇത് ഒരു ഒറ്റപ്പെട്ട സംഭവമല്ല, മറിച്ച് ദക്ഷിണാഫ്രിക്കയിലെ സുരക്ഷയുടെയും ധാർമ്മികതയുടെയും അപചയത്തിൻ്റെ വേദനാജനകമായ ഉദാഹരണമാണെന്നും പ്രസ്താവനയിൽ പറയുന്നു.

1960 നവംബർ 9 ന് ദക്ഷിണാഫ്രിക്കയിൽ പ്രവർത്തനം ആരംഭിച്ച സ്റ്റിഗ്മാറ്റിൻ സഭ പ്രേഷിതപ്രവർത്തനങ്ങളിൽ ഏറെ സംഭാവനകൾ നൽകിയ ഒരു സഭയാണ്. തുടർന്ന് 2014 സെപ്റ്റംബർ 25-ന്  ഒരു പ്രവിശ്യയെന്ന നിലയിൽ സഭാപ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. ദക്ഷിണാഫ്രിക്ക, ലെസോത്തോ, ബോട്സ്വാന, മലാവി, ടാൻസാനിയ തുടങ്ങിയ സ്ഥലങ്ങളിൽ സ്റ്റിഗ്മാറ്റിൻ സഭ നിരവധി പ്രവർത്തനങ്ങളിൽ ഇപ്പോൾ സേവനങ്ങൾ നൽകുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

01 May 2024, 15:22