തിരയുക

ഗ്രീസിൽനിന്നെത്തിയ ഓർത്തഡോക്സ് സഭാ പ്രതിനിധികളെ പാപ്പാ വത്തിക്കാനിൽ സ്വീകരിച്ചപ്പോൾ ഗ്രീസിൽനിന്നെത്തിയ ഓർത്തഡോക്സ് സഭാ പ്രതിനിധികളെ പാപ്പാ വത്തിക്കാനിൽ സ്വീകരിച്ചപ്പോൾ  (Vatican Media)

പരിശുദ്ധാത്മാവിന്റെ ഫലങ്ങളായ കൂട്ടായ്മയ്ക്കും ഐക്യത്തിനും വേണ്ടി അദ്ധ്വാനിക്കുക: ഫ്രാൻസിസ് പാപ്പാ

ഗ്രീക്ക് ഓർത്തഡോക്സ് സഭയുടെ “അപ്പൊസ്തൊൽസ്കി ദിയാക്കോണിയ” എന്ന വിഭാഗം ഡയറക്ടർ ജെനെറൽ, അത്തേനെ ദൈവശാസ്ത്രകോളേജ് പ്രതിനിധികൾ എന്നിവർക്ക് പാപ്പാ വത്തിക്കാനിൽ അഭിമുഖം അനുവദിച്ചു. കത്തോലിക്കാ-ഓർത്തഡോക്സ് സഭകൾ തമ്മിലുള്ള ഐക്യത്തിനായുള്ള പ്രവർത്തനങ്ങളെ പാപ്പാ ശ്ലാഖിച്ചു. വിശ്വാസത്തിൽ അധിഷ്ഠിതമായ പ്രത്യാശയോടെ, വേർതിരിവുകളുടെയും മുൻവിധികളുടെയും ചങ്ങലകളെ പൊട്ടിച്ചെറിയാൻ യുവജനങ്ങൾക്ക് സാധിക്കട്ടെയെന്ന് പാപ്പാ. പരിശുദ്ധാത്മാവിന്റെ ദാനമായ ഐക്യത്തിനായി പ്രാർത്ഥിച്ച് ഒരുങ്ങാൻ പരിശുദ്ധപിതാവിന്റെ ആഹ്വാനം.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

ന്യായപൂർണ്ണമായ വ്യത്യസ്തതകൾ നിലനിൽക്കുമ്പോഴും, പരിശുദ്ധാത്മാവിന്റെ ഫലങ്ങളായ ഐക്യവും കൂട്ടായ്‌മയും ദൈവത്തിൽനിന്ന് ലഭിക്കുവാൻ വേണ്ടി പ്രാർത്ഥിച്ചും, പ്രവർത്തിച്ചും, ഒത്തൊരുമിച്ച് മുന്നോട്ടുപോകാമെന്ന് ഫ്രാൻസിസ് പാപ്പാ. മെയ് പതിനാറ് വ്യാഴാഴ്ച രാവിലെ, ഗ്രീക്ക് ഓർത്തഡോക്സ് സഭയുടെ അപ്പൊസ്തൊൽസ്കി ദിയാക്കോണിയ എന്ന വിഭാഗം ഡയറക്ടർ ജെനെറൽ, അഭിവന്ദ്യ അഗത്താങ്‌ഗെലോസ് മെത്രാപ്പോലീത്ത, അത്തേനെ ദൈവശാസ്ത്രകോളേജ് പ്രതിനിധികൾ എന്നിവരുൾപ്പെടുന്ന സംഘത്തെ വത്തിക്കാനിൽ സ്വീകരിച്ചു സംസാരിക്കവെയാണ് ഐക്യത്തിനായുള്ള പ്രവർത്തനങ്ങളിൽ മുന്നോട്ട് പോകാൻ ഏവരെയും പാപ്പാ ആഹ്വാനം ചെയ്‌തത്‌.

ഗ്രീക്ക് ഓർത്തഡോക്സ് സഭയുടെ അപ്പൊസ്തൊൽസ്കി ദിയാക്കോണിയ എന്ന വിഭാഗവും, ക്രൈസ്‌തവഐക്യം പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടിയുള്ള വത്തിക്കാൻ ഡികാസ്റ്ററിയുടെ സാംസ്കാരികസഹകരണത്തിനായുള്ള കത്തോലിക്കാസമിതിയും തമ്മിൽ ഒത്തൊരുമിച്ചുള്ള പ്രവർത്തനം ആരംഭിച്ചതിന്റെ ഇരുപതാം വാർഷികം ആഘോഷിക്കുന്ന വേളയിൽ, ഇരുസംഘടനകളും നടത്തുന്ന പ്രവർത്തങ്ങൾക്ക് പാപ്പാ നന്ദി പറഞ്ഞു. ഗ്രീസിലേക്കുള്ള തന്റെ അപ്പസ്തോലികയാത്രയിൽ താൻ കണ്ടുമുട്ടിയ, അത്തേനെ അതിരൂപതാധ്യക്ഷൻ, അഭിവന്ദ്യ യെറോനിമോസ് പിതാവിനെ പരാമർശിച്ച പാപ്പാ, അദ്ദേഹം, ആഴമേറിയ വിശ്വാസമുള്ള വ്യക്തിയും ജ്ഞാനിയായ അജപാലകനുമാണെന്ന് എടുത്തുപറഞ്ഞു. ഐക്യത്തിനായി ഓർത്തഡോക്സ്, കത്തോലിക്കാ സംഘടനകൾ നടത്തിവരുന്ന പ്രവർത്തനങ്ങൾക്ക് അദ്ദേഹം നൽകുന്ന പിന്തുണ പാപ്പാ പ്രത്യേകം അനുസ്മരിച്ചു.

കഴിഞ്ഞ വർഷങ്ങളിൽ ഗ്രീസിനെ ബാധിച്ച സാമ്പത്തിക പ്രതിസന്ധിയുടെയും, മഹാമാരിയുടെയും ഇടയിലും, സാംസ്‌കാരിക, വിദ്യാഭ്യാസരംഗത്ത് പൊതുതാൽപ്പര്യപ്രകാരമുള്ള പദ്ധതികൾക്കായി ഇരുസഭകളുടെയും സമിതികൾ ഒരുമിച്ച് പ്രവർത്തിച്ചുവെന്നത് പാപ്പാ എടുത്തുപറഞ്ഞു. പുതുതലമുറയുടെ, സാംസ്‌കാരിക, ദൈവശാസ്ത്ര, എക്യൂമെനിക്കൽ രംഗങ്ങളിലെ പദ്ധതികൾ പ്രോത്സാഹിപ്പിക്കുന്നതിനായുള്ള തീരുമാനത്തെ പാപ്പാ പ്രത്യേകം അഭിനന്ദിച്ചു. ഇതുവഴി, യുവജനങ്ങൾക്ക്, വിശ്വാസത്തിൽ അധിഷ്ഠിതമായ പ്രത്യാശയുടെ സഹായത്തോടെ, നീരസങ്ങളുടെയും, തെറ്റിദ്ധാരണകളുടെയും, മുൻവിധികളുടെയും ചങ്ങലകൾ പൊട്ടിച്ചെറിയാൻ സാധിക്കുമെന്ന് പാപ്പാ പറഞ്ഞു. നിരവധി നൂറ്റാണ്ടുകളായി, കത്തോലിക്കാരെയും ഓർത്തഡോക്സ് വിശ്വാസികളെയും, വൈവിധ്യങ്ങളിൽപ്പോലും ഐക്യമുള്ള സഹോദരങ്ങളായി പരസ്പരം അംഗീകരിക്കാനും, അതുവഴി ക്രിസ്തുവിന്റെ സ്നേഹം സാക്ഷ്യപ്പെടുത്താനും അനുവദിക്കാതെ, തടവുകാരാക്കാൻ ഇത്തരം ചങ്ങലകൾ കാരണമായിട്ടുണ്ടെന്ന് പാപ്പാ അനുസ്മരിച്ചു.

ഒരുമിച്ച് വിശ്വാസപ്രയാണം നടത്തിയും, അധ്വാനിച്ചും, പ്രാർത്ഥിച്ചും, ദൈവത്തിൽനിന്ന് പരിശുദ്ധാത്മാവിന്റെ ഫലങ്ങളായ ഐക്യവും കൂട്ടായ്മയും സ്വീകരിക്കാൻ നമ്മെത്തന്നെ ഒരുക്കാമെന്ന് പാപ്പാ ആഹ്വാനം ചെയ്‌തു.

നാം ഒരുമിച്ച് പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യണമെന്ന് ആവർത്തിച്ച പാപ്പാ, ഐക്യത്തിന്റെ ദിനം എന്നെത്തുമെന്നതിനെപ്പറ്റി നമുക്ക് അറിയില്ല എങ്കിലും, അതിനായി അധ്വാനിക്കേണ്ടതുണ്ടെന്ന് എല്ലാവരെയും ഓർമ്മിപ്പിച്ചു.

ഒരുമിച്ച് കർത്തൃപ്രാർത്ഥന ചൊല്ലിയാണ് ഇരുകൂട്ടരും തമ്മിലുള്ള കൂടിക്കാഴ്ച അവസാനിച്ചത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

16 May 2024, 17:27