തിരയുക

ഫ്രാൻസിസ് പാപ്പാ ഫ്രാൻസിസ് പാപ്പാ 

ഫെല്ലീനിയുടെ "വഴി" എന്ന ചലച്ചിത്രത്തിന്റെ എഴുപതാം വർഷത്തിൽ ആശംസകളോടെ ഫ്രാൻസിസ് പാപ്പാ

ഫെഡറിക്കോ ഫെല്ലീനി എന്ന ഇറ്റാലിയൻ ചലച്ചിത്രസംവിധായകന്റെ "വഴി" (La strada) എന്ന ചലച്ചിത്രം പുറത്തിറങ്ങിയതിന്റെ എഴുപതാം വാർഷികത്തിൽ, ആ സിനിമ തന്റെ ജീവിതത്തിൽ ചെലുത്തിയ സ്വാധീനത്തെക്കുറിച്ച് സംസാരിച്ച് ഫ്രാൻസിസ് പാപ്പാ. ഒരു പാവം പെൺകുട്ടിക്ക് അവളുടെ ജീവിതത്തിന്റെ പ്രാധാന്യം മനസ്സിലാക്കിക്കൊടുക്കുന്ന ഭ്രാന്തൻ കഥാപാത്രത്തെ പ്രത്യേകമായി പാപ്പാ പരാമർശിച്ചു.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

ഫെഡറിക്കോ ഫെല്ലീനി എന്ന ഇറ്റാലിയൻ ചലച്ചിത്രസംവിധായകൻ പുറത്തിറക്കിയ "വഴി" ("ല സ്ത്രാദ") എന്ന ചലച്ചിത്രത്തിന്റെ എഴുപതാം വാർഷികം അനുസ്മരിക്കപ്പെടുന്ന വേളയിൽ, ആ സിനിമ തന്റെ ജീവിതത്തിൽ ചെലുത്തിയ സ്വാധീനത്തെക്കുറിച്ച് വീഡിയോ സന്ദേശം നൽകി ഫ്രാൻസിസ് പാപ്പാ. ചെറുപ്പത്തിൽ ഫെല്ലീനി സംവിധാനം ചെയ്‌ത നിരവധി ചിത്രങ്ങൾ താൻ കണ്ടിട്ടുണ്ടെങ്കിലും "ല സ്ത്രാദ" എന്ന ചിത്രം തന്റെ ഹൃദയത്തിൽ ഇന്നും തങ്ങിനിൽക്കുന്നുവെന്ന് പാപ്പാ പറഞ്ഞു.

കണ്ണീരിൽ ആരംഭിച്ച് കണ്ണീരിൽ അവസാനിക്കുന്ന, കടൽത്തീരത്ത് ആരംഭിച്ച് കടൽത്തീരത്ത് അവസാനിക്കുന്ന ഒരു സിനിമയാണതെന്ന് പാപ്പാ അനുസ്മരിച്ചു. സിനിമയിലെ പ്രധാനകഥാപാത്രങ്ങളിൽ ഒന്നായ പെൺകുട്ടിയെ ഒരു ചെറുകല്ലു കാട്ടി, അവൾക്ക് അവളുടെ ജീവിതത്തിന്റെ പ്രാധാന്യം മനസ്സിലാക്കിക്കൊടുക്കുന്ന ഭ്രാന്തനായ മനുഷ്യന്റെ രംഗം തന്റെ മനസ്സിൽ പ്രത്യേകമായി നിലനിൽക്കുന്നുണ്ടെന്ന് പാപ്പാ എടുത്തുപറഞ്ഞു.

ഫെഡറിക്കോ ഫെല്ലീനിയുടെ "വഴി" എന്ന ചിത്രവുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ സ്റ്റാമ്പ്
ഫെഡറിക്കോ ഫെല്ലീനിയുടെ "വഴി" എന്ന ചിത്രവുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ സ്റ്റാമ്പ്

മെയ് രണ്ടുമുതൽ അഞ്ചുവരെ തീയതികളിൽ, ഇറ്റാലിയൻ നഗരമായ റിമിനിയിൽ നടക്കുന്ന "ചലച്ചിത്ര ആഘോഷത്തിന്റെ” ഭാഗമായി, ഫെഡറിക്കോ ഫെല്ലീനിയുടെ "വഴി" എന്ന ചിത്രം പ്രത്യേകമായി അനുസ്മരിക്കപ്പെടുന്ന അവസരത്തിലാണ്, ഇതിലുള്ള സന്തോഷമറിയിച്ച് ഫ്രാൻസിസ് പാപ്പാ വീഡിയോ സന്ദേശമയച്ചത്.

2013-ൽ അന്തോണിയോ സ്പദാറോ എന്ന ഈശോസഭാവൈദികന് നൽകിയ അഭിമുഖത്തിന്റെ അവസരത്തിലും ഫെല്ലീനിയുടെ "ല സ്ത്രാദ" എന്ന ചിത്രത്തെക്കുറിച്ച് പാപ്പാ എടുത്തുപറഞ്ഞിരുന്നു. തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ചിത്രങ്ങളിൽ ഒന്നാണ് ഫെല്ലീനിയുടെ "വഴി" എന്ന ചിത്രമെന്നും, ആ സിനിമ തന്റെ ജീവിതത്തോട് ചേർന്നുനിൽക്കുന്നതാണെന്നും പാപ്പാ അന്ന് പറഞ്ഞിരുന്നു.

ജെൽസൊമീന എന്ന പെൺകുട്ടിക്ക്, അവളുടെ ജീവിതവും പ്രധാനപ്പെട്ടതാണെന്ന് വയലിൻ വായനക്കാരനായ ഒരു വ്യക്തി പറഞ്ഞുകൊടുക്കുന്ന രംഗത്തെ പരാമർശിച്ചായിരുന്നു പാപ്പാ അന്നും സംസാരിച്ചത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

02 May 2024, 15:34