തിരയുക

കാന്റർബറി ആർച്ചുബിഷപ്പ് ജസ്റ്റിൻ വെൽബി ഫ്രാൻസിസ് പാപ്പായെ സന്ദർശിച്ചപ്പോൾ  കാന്റർബറി ആർച്ചുബിഷപ്പ് ജസ്റ്റിൻ വെൽബി ഫ്രാൻസിസ് പാപ്പായെ സന്ദർശിച്ചപ്പോൾ   (Vatican Media)

കൃത്രിമബുദ്ധിയുടെ നൈതികമായ ഉപയോഗ കരാറിൽ കാന്റർബറി ആർച്ചുബിഷപ്പ് ഒപ്പുവച്ചു

വത്തിക്കാന്റെ, ജീവനുവേണ്ടിയുള്ള പൊന്തിഫിക്കൽ അക്കാദമിയുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന കൃത്രിമബുദ്ധിയുടെ നൈതികമായ ഉപയോഗകരാറായ ‘റോം കോൾ ഫോർ എ ഐ എത്തിക്സിൽ’ കാന്റർബറി ആംഗ്ലിക്കൻ ആർച്ചുബിഷപ്പ് ജസ്റ്റിൻ വെൽബി ഒപ്പുവച്ചു

ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി

വത്തിക്കാന്റെ, ജീവനുവേണ്ടിയുള്ള പൊന്തിഫിക്കൽ അക്കാദമിയുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന കൃത്രിമബുദ്ധിയുടെ നൈതികമായ ഉപയോഗ കരാറായ ‘റോം കോൾ  ഫോർ  എ ഐ എത്തിക്സിൽ’ കാന്റർബറി ആംഗ്ലിക്കൻ ആർച്ചുബിഷപ്പ് ജസ്റ്റിൻ വെൽബി ഒപ്പുവച്ചു.  ഏപ്രിൽ മാസം മുപ്പതാം തീയതി വത്തിക്കാനിലെ അക്കാദമി കേന്ദ്രത്തിൽ വച്ചാണ് ആർച്ചുബിഷപ്പ് കൃത്രിമ ബുദ്ധിയുടെ നൈതിക വികസനത്തിനുള്ള ആഹ്വാനം എടുത്തു പറഞ്ഞുകൊണ്ട് കരാറിൽ ഒപ്പുവച്ചത്.

ദ്രുതഗതിയിലുള്ള സാങ്കേതിക പുരോഗതിയുടെ പശ്ചാത്തലത്തിൽ മനുഷ്യൻ്റെ അന്തസ്സിനുള്ള പങ്കിട്ട ഉത്തരവാദിത്തബോധം പ്രോത്സാഹിപ്പിക്കാനാണ് രേഖ ലക്ഷ്യമിടുന്നത്. ഓരോ വ്യക്തിക്കും, അവരുടെ പശ്ചാത്തലം പരിഗണിക്കാതെ, ഈ മുന്നേറ്റങ്ങളിൽ നിന്ന് പ്രയോജനം നേടാമെന്ന് ഉറപ്പാക്കാൻ, മതങ്ങൾ, അന്താരാഷ്ട്ര സംഘടനകൾ, സർക്കാരുകൾ, സ്ഥാപനങ്ങൾ, സ്വകാര്യ മേഖലകൾ  എന്നിവ ഒരുമിച്ച് പ്രവർത്തിക്കണമെന്നും കരാർ അടിവരയിടുന്നു. ലാഭത്തേക്കാൾ മാനവികതയെ സേവിക്കുകയും, ജോലിസ്ഥലത്ത് ആളുകളെ ക്രമേണ മാറ്റി യന്ത്രങ്ങൾ സ്ഥാപിക്കുന്നതിനെ പ്രതിരോധിക്കുകയും, നമ്മുടെ പൊതു ഭവനത്തോടുള്ള ബഹുമാനം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന കൃത്രിമ ബുദ്ധിയുടെ നൈതികമായ വികസനം കരാർ  ആവശ്യപ്പെടുന്നു.

ഞങ്ങളുടെ ആംഗ്ലിക്കൻ സഹോദരങ്ങളെ ഉൾപ്പെടുത്തിയതിലൂടെ ഈ കരാറിന്റെ വിപുലീകരണത്തിലുള്ള  ഒരു ഘട്ടം കൂടി അനുഭവിക്കാൻ കഴിഞ്ഞതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ടെന്ന് അക്കാദമിയുടെ പ്രസിഡന്റ് ആർച്ചുബിഷപ്പ് വിൻചെൻസൊ പാല്യ പറഞ്ഞു. സാങ്കേതിക വികസനത്തിൻ്റെ പ്രശ്‌നങ്ങളെക്കുറിച്ചുള്ള ചിന്തയും, സംവാദവും സാഹോദര്യത്തിൻ്റെ മനോഭാവത്തിൽ കൂടിച്ചേരുമ്പോൾ, സമാധാനവും പൊതുനന്മയും കെട്ടിപ്പടുക്കുന്നതിനുള്ള പങ്കിട്ട പാതകളും ഫലപ്രദമായ പരിഹാരങ്ങളും കണ്ടെത്താൻ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നിരവധി ബഹുരാഷ്ട്ര കമ്പനികളും വത്തിക്കാന്റെ ആഹ്വാനം ഏറ്റെടുത്തിട്ടുണ്ട്.  ഇതിനോടകം കരാറിൽ ഒപ്പുവച്ച കമ്പനികളിൽ, മൈക്രോസോഫ്റ്റ്, ഐ ബി എം, ചിസ്‌കോ എന്നിവയും  ഉൾപ്പെടുന്നു. ഐക്യരാഷ്ട്രസഭയുടെ ഭക്ഷ്യകാർഷിക സംഘടനയായ ഫാവോയും കരാറിൽ ഒപ്പുവച്ചിട്ടുണ്ട്. ലോകത്തിലെ നിരവധി സർവകലാശാലകളും വത്തിക്കാൻ മുൻപോട്ടു വച്ച കരാറിലെ ആശയങ്ങൾ ഉൾക്കൊണ്ടുകൊണ്ട്, പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

01 May 2024, 15:31